Thursday, April 11, 2019

ഗ്രാമത്തിലെ പെൺകുട്ടി...

മുൻ അദ്ധ്യായം: ഒരു ദുരന്തത്തിൻറെ വിളിയാളം
അദ്ധ്യായം 8: ദുഃസ്വപ്‌നം





ഒരുപക്ഷെ, ഇതെല്ലാം ഞാൻ അനുഭവിച്ചേ, തീരൂ എന്നാകണം. ഗ്രാമത്തിലെ ആ വീട്ടുമുറ്റത്തു നിന്നും, ഈ സ്യൂട്ട് റൂമിലേക്ക്, ഒരു നാടൻ പെൺകുട്ടിയിൽ നിന്നും, ഒരു അഭിസാരികയിലേക്ക്, ഒരുപാട് ദൂരമുണ്ട്. അതിന്നിടയിൽ കടുത്ത വേദനയുടെ ഇടുങ്ങിയ ദ്വാരങ്ങളിൽ കൂടി ഞാനിനിയുമേറെ ശ്വാസം മുട്ടി കടന്നു പോകേണ്ടതുണ്ട്. ഏതൊരു മനുഷ്യനും കടന്നു പോകാൻ പ്രയാസപ്പെടുന്ന, വേദനയുടെ അങ്ങേയറ്റം ഇടുങ്ങിയ ഇടനാഴികളിലൂടെ കാല് വെന്തോടേണ്ടതുണ്ട്. പതുക്കെ പതുക്കെ തല്ലിത്തല്ലിയെന്നെ ജീവിതം പതം വരുത്തിയതാവാം. അന്യൻറെ മുൻപിൽ വസ്ത്രമഴിക്കുമ്പോൾ, ഉള്ളിൽ തിളയ്ക്കുന്ന ആത്മനിന്ദയുടെ കണികകൾ കണ്ണുകളിൽ തെളിയാതെ മറച്ചു പിടിക്കാൻ ജീവിതമെന്നെ പഠിപ്പിച്ചതാവാം. അല്ലെങ്കിൽ അന്ന് ആ രാത്രി ഞാനാ വീട്ടിൽ ഒറ്റയ്ക്കു എങ്ങിനെ കഴിച്ചുകൂട്ടി എന്നോർത്ത്, എനിക്കിപ്പോഴും അത്ഭുതപ്പെടാനാവുമായിരുന്നില്ല.

അന്ന് രാവിരുണ്ടു. പാടത്ത് നിന്നും ഊളന്മാരുടെ ഓലിയിടലും കേൾക്കാതായിരിക്കുന്നു. വീടിൻറെ അടുത്തെവിടെ നിന്നോ ഒരു കൂമൻ മൂളുന്നത് കേൾക്കാം. സിദ്ധു നല്ല ഉറക്കമാണ്. പിന്നെയും പിന്നെയും അടച്ചോ ഇല്ലയോ എന്ന് സംശയിച്ചപ്പോഴൊക്കെ പരിശോധിച്ചുറപ്പാക്കിയ വാതിലിലേക്ക് മിഴികൾ തറച്ച് ഞാൻ കാത്തിരുന്നു. എനിക്ക് പേടിയായിരുന്നു. ജീവിതത്തിൽ ആദ്യമായിട്ടാണ് ഒറ്റയ്ക്ക്. അതും അച്ഛനെന്താണ് പറ്റിയത് എന്നറിയാത്ത ശൂന്യമായ മനസ്സും കൂടിയായപ്പോൾ പേടിയും സങ്കടവും എൻറെ മനസ്സിൽ പരസ്പരം മത്സരിച്ചു. അയല്പക്കത്തെ രാധേച്ചി ഉണ്ടായിരുന്നെങ്കിൽ അവർ എന്തായാലും ഇന്ന് എനിക്കിവിടെ കൂട്ട് കിടക്കാൻ വരുമായിരുന്നു. അവരേതോ ചാർച്ചക്കാരുടെ വീട്ടിലേക്ക് വിരുന്നിന് പോയതാണ്. എന്നാലും എന്തിനാണമ്മേ, എന്നെ ഒറ്റയ്ക്കാക്കി നിങ്ങൾ പോയത്? എൻറെ ഉള്ളിൽ ആ ചോദ്യം നിരന്തരം തേങ്ങിക്കൊണ്ടിരുന്നു.

വീടിൻറെ പുറത്ത് ആടുകൾ അപശബ്ദങ്ങൾ ഉണ്ടാക്കുന്നത് കേട്ട് ഞാൻ ഭയന്നു. ഇടയ്ക്കിടയ്ക്ക് ഇടവഴിയിലൂടെ ആരൊക്കെയോ നടന്നടുക്കുന്നതിൻറെ കാലൊച്ച കേൾക്കാം. പിന്നെ അത് അകന്നകന്ന് പോയി ശൂന്യതയിൽ അലിഞ്ഞു ചേർന്നില്ലാതാവും. വീടിൻറെ മുറ്റത്ത് ആരെങ്കിലും പതുങ്ങി നിൽക്കുന്നുണ്ടോ എന്ന് ഭയന്നു. പിന്നെ ആരുമില്ലെന്ന് വെറുതെ ആശ്വസിച്ചു. അങ്ങിനെ ആലില പോലെ വിറച്ചു വിറച്ച് ഞാൻ നിമിഷങ്ങൾ എണ്ണിയെണ്ണി കഴിച്ചു കൂട്ടി.

രാവിൻറെ അവസാന യാമങ്ങളോടടുത്തിരിക്കുന്നു. പ്രകൃതി ആകെ ഉറക്കത്തിലേക്ക് ആണ്ട് പോയിരിക്കുന്നു. വിദൂരതയിൽ നിന്നെങ്ങോ ഒരു കാലൊച്ച കേൾക്കാം. അത് അടുത്തടുത്തു വരുന്നു. ഇടവഴിയും കഴിഞ്ഞ് അത് മുറ്റത്തേക്ക് നടന്നടുക്കുന്നത് ഒരു ഭയപ്പാടോടെ ഞാനറിഞ്ഞു. മുറ്റത്ത് ആ കാലൊച്ച നിന്നു. കുറച്ചു നേരം കഴിഞ്ഞപ്പോൾ വാതിലിൽ ആരോ മെല്ലെ തട്ടുന്ന ശബ്ദം കേട്ടു. പേടിച്ചരണ്ട് ഞാൻ വാതിലിലേക്ക് തുറിച്ചു നോക്കവേ വാതിലിൻറെ അപ്പുറത്ത് നിന്നും ആ ശബ്ദം കേൾക്കുകയായി.

"മോളെ.. മോളെ.. വാതിൽ തുറക്ക്. ഇത് ഞാനാ.. കണാരേട്ടൻ.. നമുക്കൊന്ന് തണുപ്പ് മാറ്റം.. നീ വാതിൽ തുറക്ക്.."

എൻറെ നെഞ്ചിൽ നിന്നൊരു നിലവിളി തൊണ്ടയിൽ വന്നു പിടഞ്ഞു. ശ്വാസം മുട്ടുന്ന പോലെ തോന്നി. ഒന്നുറക്കെ നിലവിളിക്കാനായി കഠിനമായി പരിശ്രമിച്ചെങ്കിലും ആയില്ല. പെട്ടന്നാണ് സിദ്ധു ഉണർന്നു കരഞ്ഞത്. ആ കരച്ചിൽ കേട്ടാണ് ഞാൻ ഉണർന്നത്. രാത്രിയിൽ എപ്പോഴോ ഞാൻ പോലുമറിയാതെ ഉറങ്ങിപ്പോയിരുന്നു. കണ്ടത് കേവലമൊരു സ്വപ്നമായിരുന്നു എന്നറിഞ്ഞിട്ട് പോലും എൻറെ നടുക്കം മാറിയിരുന്നില്ല. 

ഞാൻ കാതോർത്തു നോക്കി. മുറ്റത്ത് നിന്ന് എന്തെങ്കിലും അപശബ്ദം കേൾക്കുന്നുണ്ടോ? ഇല്ല. അങ്ങിനെ ഒരല്പ നേരം കഴിഞ്ഞപ്പോൾ സൈക്കിൾ ബെല്ലടിക്കുന്ന ശബ്ദം കേട്ടു. കരടിച്ചേട്ടൻ പാലുമായി പോവുകയാണ്. അപ്പോൾ നേരം പുലർച്ചെ അഞ്ചുമണിയായിരിക്കുന്നു എന്നർത്ഥം. ഒരു ഭീകര രാത്രി കഴിഞ്ഞു കിട്ടിയല്ലോ എന്നൊരാശ്വാസത്തിൻറെ നെടുവീർപ്പ് എന്നിൽ നിന്നുതിർന്നു വീണു. 

ആറു മണിയായിട്ടുണ്ടാവില്ല. അപ്പോഴാണ് വിനോദിൻറെ അമ്മ വിലാസിനിച്ചേച്ചി വന്നത്. വിനോദ് പുലർച്ചെയാണ് ആശുപത്രിയിൽ നിന്നും വന്നത്. അച്ഛന് വേണ്ടത്ര സുഖമില്ല. കുറച്ച് ദിവസം കിടക്കേണ്ടി വരും.  ജില്ലാശുപത്രിയിലാണ്. ഉച്ചയ്ക്ക് കഴിക്കാനെന്തെങ്കിലും ഉണ്ടാക്കി കൊണ്ടു ചെല്ലാൻ പറഞ്ഞയച്ചിട്ടുണ്ട് അമ്മ. കൂടെ മാറിയുടുക്കാൻ എന്തെങ്കിലും. ഒരൽപം ആശ്വാസമായെങ്കിലും, അച്ചൻറെ അവസ്ഥ ശരിക്കറിയാത്തതിൻറെ ഒരു വിഷമം എൻറെ ഉള്ളിൽ കനത്ത് നിന്നു. എങ്കിലും ഞാൻ വേഗം പണികളൊക്കെ തീർത്തു. പത്തര മണിക്കുള്ള പുഞ്ചിരിയിൽ കേറി ഞാൻ പട്ടണത്തിലെത്തി. ജില്ലാശുപത്രിയിലേത് വാർഡിലാണ് അച്ഛനെ കിടത്തിയത് എന്നൊന്നും എനിക്കറിയില്ലായിരുന്നു. ഭാഗ്യത്തിന് ഗേറ്റിൻറെ മുൻപിൽ തന്നെ നാട്ടുകാരനായ ഒരാളോട് സംസാരിച്ച് കൊണ്ടിരിക്കുന്ന ചെമ്പകത്തെ രാജേട്ടനെ കണ്ടു. ഞാൻ അടുത്തു ചെന്നപ്പോൾ എന്നെ കണ്ട രാജേട്ടൻ ആദ്യം ഒരു വല്ലാത്ത നോട്ടം നോക്കി. പിന്നെ ഒന്ന് ചിരിച്ചു കാണിച്ചു. 

"ഹല്ലാ... ഇപ്പോഴാ വരുന്നത്.. വാർഡിലേക്ക് ഇപ്പൊ മാറ്റിയിട്ടെ ഉള്ളൂ.. നീ ചെല്ല്.. രണ്ടാം വാർഡിലാട്ടൊ.."

അമ്മയെ കണ്ടപ്പോൾ എൻറെ കണ്ണുകൾ നിറഞ്ഞു. ചുണ്ടുകൾ വിതുമ്പി. പതറിയ ഒച്ചയിൽ ഞാൻ അമ്മയോട് ചോദിച്ചു.. 

"എന്താമ്മേ.. എന്നെ ഒറ്റക്കാക്കി പോന്നു.. ഞാൻ പേടിച്ച് ചത്തില്ലാന്നെ ഉള്ളൂ..."

കരഞ്ഞു കലങ്ങിയ അമ്മയുടെ കണ്ണുകൾ എന്നോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അച്ഛൻറെ കിടപ്പ് കണ്ടപ്പോൾ സങ്കടമായി. പുറമെ വലിയ പരിക്കൊന്നും കണ്ടില്ലെങ്കിലും, അച്ഛന് അനങ്ങാൻ പോലും വയ്യത്രെ. 

എന്ത് ചെയ്യണം എന്നറിയാത്ത ഒരു അവസ്ഥ ആയിരുന്നു ഞങ്ങൾക്ക്. ഞാൻ അച്ഛൻറെ കാലിൽ മെല്ലെ ഉഴിഞ്ഞു കൊടുത്ത് ആ കട്ടിലിൻറെ അടുത്തു തന്നെ നിന്നു. സിദ്ധു പുതിയ ഒരു ലോകത്തെത്തിയ പോലെ അവിടെ കളിച്ചു നടക്കാൻ തുടങ്ങി. 

ആശുപത്രിയിൽ അച്ഛൻറെ അടുത്ത് ആരാണ് നിൽക്കുക എന്നൊരു ചോദ്യം ഞങ്ങൾക്കിടയിൽ ഉരുത്തിരിഞ്ഞു വന്നപ്പോൾ ആരും വേണ്ടെന്ന് ആദ്യമേ അച്ഛൻ പറഞ്ഞു.  അച്ഛൻ സങ്കടം കൊണ്ട് പറയുന്നതാണ്. സ്വന്തമായി ഒന്ന് എഴുനേൽക്കാൻ പോലും അച്ഛനാവില്ല. അമ്മ നിൽക്കാമെന്ന് വച്ചാൽ ഞാനും ശാരദക്കുട്ടിയും മാത്രമായി രാത്രി വീട്ടിൽ തനിച്ച് കഴിയേണ്ടി വരും. അത് ചിന്തിക്കാൻ കൂടി വയ്യ. അന്ന് ആദ്യമായി തനിക്കൊരു ആൺകുട്ടിയില്ലല്ലോ എന്ന് അമ്മ പരിഭവം പറയുന്നത് കേട്ടു. അവസാനം ഞാൻ പറഞ്ഞു. 

"ഞാൻ നിന്നോളം. നിങ്ങൾ സിദ്ധുവിനെയും കൊണ്ട് പൊയ്‌ക്കോ. നാളെ ശാരദക്കുട്ടി സ്കൂളിൽ പോയിക്കഴിഞ്ഞാൽ അമ്മയ്ക്ക് ഇങ്ങോട്ട് വരാമല്ലോ."

അമ്മ മനസ്സില്ലാ മനസ്സോടെയാണ് സമ്മതിച്ചത്. അച്ഛനും അതെ. എന്ത് തന്നെയായാലും അമ്മയോളം വരില്ലല്ലോ ഞാൻ. അച്ഛനാണെങ്കിൽ ഒന്ന് മൂത്രമൊഴിക്കണമെങ്കിൽ പോലും പരസഹായം വേണം. പക്ഷെ, ഇതല്ലാതെ വേറെ നിവർത്തിയില്ല. അങ്ങിനെ വൈകുന്നേരമായപ്പോൾ അവർ പോയി. ജനിച്ചതിൽ പിന്നെ സിദ്ധു എന്നെ പിരിഞ്ഞു നിന്നിട്ടേ ഇല്ല. എങ്കിലും ശാരദക്കുട്ടിയോടൊത്ത് അവൻ പരിഭവമൊന്നും കൂടാതെ ചിരിച്ചു കളിച്ചു പോയി. ഉള്ളിലൊരു വിങ്ങലോടെ ഞാൻ അത് നോക്കി നിന്നു. 

അവർ പോയിക്കഴിഞ്ഞതിൽ പിന്നെ അച്ഛനെ നനഞ്ഞ മുണ്ട് കൊണ്ട് ആകെയൊന്ന് തുടച്ചു കൊടുത്തു. എനിക്ക് തോന്നി, ഈ ഒരു പുണ്യമെങ്കിലും എനിക്ക് കിട്ടുമല്ലോ. സന്തോഷവും സങ്കടവും ഒക്കെയുണ്ടായിരുന്നു എനിക്ക്. ആണുങ്ങളുടെ വാർഡാണ്. ചില ചില്ലറ മുന കൂർത്ത നോട്ടങ്ങളെ ഞാൻ കണ്ടില്ലെന്നു നടിച്ചു. ലോഹ്യം ചോദിച്ചു വന്നവരെ അവഗണിച്ചു. 

ആശുപത്രിയിലെ ബഹളങ്ങൾക്കിടയിൽ ഉറങ്ങാനാവാതെ ഞാൻ അച്ഛൻറെ കട്ടിലിലിൽ, ആ കാൽഭാഗത്ത്, വെറുതെ ഓരോന്നാലോചിച്ചിരുന്നു. 

സിദ്ധു ഉറങ്ങിക്കാണുമോ? അതല്ല കരയുന്നുണ്ടാവുമോ? ആദ്യമായാണ് അവനെ പിരിഞ്ഞിരിക്കുന്നത്. മാറാത്തെ രണ്ട് മുലകൾ പാൽ നിറഞ്ഞ് വിങ്ങിപ്പൊട്ടനായ പോലെ നോവുന്ന മനസ്സുമായി ഞാൻ നിമിഷതുരങ്കങ്ങളിലൂടെ ഞെങ്ങിഞെരുങ്ങി കടന്നു പോയി. 

നേരം വെളുത്തു. പറഞ്ഞ പോലെ അമ്മ സിദ്ധുവുമായി വന്നു. അവനു കുഴപ്പമൊന്നും ഇല്ലായിരുന്നു. രാത്രി കരഞ്ഞതുമില്ലത്രേ. എനിക്ക് എന്തെന്നില്ലാത്ത സന്തോഷമായി. ഡോക്ടർ വന്നപ്പോൾ ഒന്ന് സ്കാൻ ചെയ്യാൻ പറഞ്ഞു. പണമൊന്നും കയ്യിലില്ല. 

എന്ത് ചെയ്യും? തത്ക്കാലം എൻറെ കാതിലെ ഈ പൊടി സ്വർണം വിൽക്കാം. അങ്ങിനെ ആലോചിച്ചിരിക്കുന്ന നേരത്താണ് ചെമ്പകത്തെ രാജേട്ടൻ വന്നത്. സ്കാൻ ചെയ്യാൻ പറഞ്ഞിരിക്കുന്നു എന്നറിഞ്ഞപ്പോൾ പെയ്‌സിൽ നിന്നും എണ്ണിനോക്കുക പോലും ചെയ്യാതെ കുറെ പണം എടുത്ത് അമ്മയുടെ കയ്യിലേക്ക് കൊടുത്തു. അച്ഛനെയും അമ്മയെയും എന്നെയും മാറി മാറി നോക്കി രാജേട്ടൻ പറഞ്ഞു. 

"ഒരു വിഷമവും തോന്നേണ്ട. എന്ത് ആവശ്യമുണ്ടെങ്കിലും ചോദിക്കാൻ മടിക്കരുത്. ആവശ്യം വരുമ്പോൾ സഹായിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ എന്തിനാ ഈ സ്വന്തവും ബന്ധവുമൊക്കെ.."

ആ പണം കയ്യിൽ പിടിച്ച് അമ്മ വിഷമത്തോടെ അച്ഛനെ നോക്കി. അച്ഛൻറെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്. സങ്കടം കൊണ്ടാണോ അതല്ല വേറെ എന്തെങ്കിലും വിഷമം കൊണ്ടാണോ എന്നറിയില്ല. രാജേട്ടൻ പിന്നെ അവിടെ നിന്നില്ല. 

പിറ്റേ ദിവസം സ്കാനിങ് റിസൽറ്റിലേക്ക് നോക്കി ഒന്നും മിണ്ടാതെ ഡോക്ടർ പോയി. കൂടെയുണ്ടായിരുന്ന നെയ്സിനോട് അമ്മ ചോദിച്ചു, എന്താ ഒന്നും പറയാതെ പോയതെന്ന്. സാറ് പറഞ്ഞോളും എന്നും പറഞ്ഞു നെയ്‌സും പോയി. പിന്നെ ഒരു അറ്റൻഡർ വന്ന് എന്നെ വിളിച്ചപ്പോൾ ഞാൻ ചെന്നു. വലിയ മുഖവുരയൊന്നുമില്ലാതെ ഡോക്ടർ പറഞ്ഞു. 

"ഒരു ഡോക്ടർക്ക് പറഞ്ഞുകൂടാത്തതാണ്.. പക്ഷെ, പറഞ്ഞില്ലെങ്കിൽ പാവങ്ങളായ നിങ്ങൾ ആ വഴി വെറുതെ പണം ചിലവാക്കും എന്ന് പേടിച്ചാണ് പറയുന്നത്. ഒട്ടും പ്രതീക്ഷ വേണ്ട. അച്ഛൻ ഇനി ഒരിക്കലും എഴുനേൽക്കില്ല. എൻറെ അറിവിൽ ഒരു ചികിത്സയും ഇനി ഗുണം ചെയ്യില്ല. ഇനി നിങ്ങൾക്ക് വേണമെങ്കിൽ വേറെ നോക്കാം. വേറെ വിശേഷമൊന്നുമില്ല.. മുറിവുകൾ ഭേദമായാൽ വീട്ടിൽ പോകാം."

ആ ആശുപത്രി ആകെപ്പാടെ ഇടിഞ്ഞു പൊളിഞ്ഞു എൻറെ തലയിൽ വീണ പോലെയാണ് എനിക്ക് തോന്നിയത്. തല മിന്നുന്ന പോലെ. ഭാവി ഒരു വൃത്തികെട്ട ജന്തുവിനെ പോലെ എന്നെ നോക്കി ഇളിച്ചു കാണിക്കുന്നു. കാറ്റു പിടിച്ച ആലില പോലെ വിറച്ച് കൊണ്ടാണ് ഞാൻ അച്ഛൻറെ കട്ടിലിൻറെ അരികിലെത്തിയത്. എൻറെ കണ്ണുകൾ നിറഞ്ഞൊലിക്കുന്നുണ്ടായിരുന്നു. എന്ത് പറ്റി, എന്താ ഡോക്ടർ പറഞ്ഞത് എന്ന അമ്മയുടെ ചോദ്യത്തിൽ ഒരു കടലോളം ആധിയുണ്ടായിരുന്നു. വിറയ്ക്കുന്ന ചുണ്ടുകളോടെ ഞാൻ അമ്മയോട് അതെങ്ങിനെയൊക്കെയോ പറഞ്ഞു. 

ഒരു തേങ്ങൽ കേട്ട് നോക്കിയപ്പോൾ അച്ഛൻറെ കണ്ണുകൾ രണ്ടു കടലായി മാറിയിട്ടുണ്ടായിരുന്നു. 

അമ്മ ഒരു അമർത്തിയ കരച്ചിലോടെ കയ്യിൽ തല താങ്ങി നിലത്ത് തളർന്നിരുന്നു. ചുറ്റും കൂടിയ ആളുകൾ എന്തൊക്കെയോ ചോദിക്കുകയും പറയുകയും ചെയ്യുന്നുണ്ടായിരുന്നു. ഞങ്ങൾ ഒന്നും കേട്ടില്ല. ഒന്നും പറഞ്ഞുമില്ല.

തുടരും 

1 comment: