Tuesday, April 16, 2019

ഗ്രാമത്തിലെ പെൺകുട്ടി...

മുൻ അദ്ധ്യായം: ബന്ധുവിൻറെ ഊഴം
അദ്ധ്യായം 15 : പക 


സീതാ ദേവി ഭാഗ്യവതിയായിരുന്നു. ആഗ്രഹിച്ചപ്പോൾ ഭൂമി പിളർന്ന് മണ്ണിലൊളിക്കാൻ വരസിദ്ധി നേടിയവൾ. ഞാൻ കേവലം ഒരു ഗ്രാമീണ പെൺകുട്ടി മാത്രമായിരുന്നു. അതിനാൽ ഒരു ചെന്നായ എൻറെ അസ്ഥികളിൽ നിന്നും മാംസം ഉരിഞ്ഞെടുത്ത് ഭക്ഷിക്കുമ്പോൾ, എനിക്ക് ഹൃദയം നുറുങ്ങിപ്പോവുന്ന വേദനയോടെ കരയാനല്ലാതെ വേറൊന്നിനും ആയില്ല..

ഈ ലോകത്ത് ഒന്നും വെറുതെ കിട്ടുന്നില്ലെന്ന് തിരിച്ചറിയാത്തത് എൻറെ തെറ്റ് തന്നെയാണ്. അയാൾ സ്നേഹം നടിച്ചു വച്ചു നീട്ടിയ പണം മുഴുവൻ, എൻറെ ശരീരത്തിൻറെ വിലയായിരുന്നെന്ന് തിരിച്ചറിയാൻ കഴിയാതെ പോയത് എൻറെ തെറ്റല്ലെങ്കിൽ പിന്നെ മറ്റെന്താണ്? 

ബലാത്കാരമായി ഒരു പുരുഷൻ പ്രാപിച്ച് ഗർഭിണിയാക്കിയാലും അത് പെണ്ണിൻറെ തെറ്റ് തന്നെയാണെന്ന് ജല്പിക്കുന്ന സമൂഹത്തിൽ ജീവിക്കേണ്ടി വരുന്ന ഏതൊരു പെണ്ണിനേയും പോലെ ഞാനും ക്രൂശിക്കപ്പെടേണ്ടവളാണ്. കല്ലെറിഞ്ഞ് കൊല്ലപ്പെടേണ്ടവളാണ്. അവൾക്ക് ജീവിച്ചിരിക്കാൻ എന്തർഹതയാണ് ഈ സമൂഹത്തിലുള്ളത്?

ഈ ഭാരം ശരീരത്തിൽ നിന്നൊന്നൊഴിഞ്ഞിട്ടു വേണം, എനിക്ക് മരണത്തിലേക്ക് ഒളിച്ചോടാൻ. ആ നിമിഷം... ആ ശപിക്കപ്പെട്ട നിമിഷം... എൻറെ മനസ്സിൽ വേറെ ഒരു ചിന്തയുമില്ലായിരുന്നു.

അവസാനം ആ ഭാരം എൻറെ മേനിയിൽ നിന്നൊഴിഞ്ഞപ്പോൾ ഞാൻ കമഴ്ന്നു കിടന്നു കരഞ്ഞു. തൊണ്ടപൊട്ടിക്കരഞ്ഞു.. മുറിവിട്ട് പുറത്തേയ്ക്കു പോയ അയാൾ വേഗം തിരികെ വന്നു. എൻറെ ചുമലിൽ തട്ടിക്കൊണ്ട് പറഞ്ഞു...

"ഇത്ര കരയാനൊന്നും സംഭവിച്ചിട്ടില്ല... തേഞ്ഞുപോകുന്നതൊന്നും നിൻറെ കയ്യിലില്ലല്ലോ...?"

ഈർഷ്യയോടെ ഞാൻ മുഖമുയർത്തി അയാളെ നോക്കി... എൻറെ നോട്ടം കൊണ്ട് അയാൾ കരിഞ്ഞു ഭസ്മമായെങ്കിൽ എത്ര നന്നായിരുന്നേനെ... ദേഷ്യവും വെറുപ്പും സങ്കടവും കൂട്ടിക്കുഴച്ച എൻറെ മുഖത്തേയ്ക്ക് അയാളൊരു വിജയിയെ പോലെ നോക്കി. ഇപ്പോഴെന്തായെടീ എന്ന മട്ടിൽ.... ആ മുഖം ക്രമേണെ ക്രൂരഭാവം പൂണ്ടു. നിവർന്നു നിന്ന അയാൾ, തൻറെ പോക്കറ്റിൽ നിന്നും ഒരു ചെറിയ പൊതിയെടുത്ത് കിടക്കയിലേക്കിട്ടു. ഒഴിഞ്ഞൊരു ടിന്നിൽ കുറെ കുപ്പിച്ചില്ലുകളിട്ടു കിലുക്കും പോലെയായിരുന്നു  അയാളുടെ ശബ്ദം....

"ഇന്നാ.. ഇതിലൊരെണ്ണം കുടിച്ചാൽ മതി. ഇനി രാജൻറെ കൊച്ചിനെ വയറ്റിലിട്ട് നടക്കണ്ട. നീയിത്രയ്ക്ക് മോങ്ങാനുള്ളതൊന്നും ഇവിടെ നടന്നില്ല. വേറെ ആരോടെങ്കിലും പറഞ്ഞാൽ, കണാരനെ പോലെ ഞാൻ നാട് വിട്ടു പോകാനൊന്നും പോകുന്നില്ല. എല്ലാറ്റിനേം ചേർത്ത് ഒരു കൊള്ളി കൊണ്ട് കൊളുത്തും. നല്ലോണം നിന്നാൽ നിനക്ക് കൊള്ളാം. ഇന്നാ.. പൈസ ഇവിടെ വച്ചിട്ടുണ്ട്."

അയാൾ പോയി. മുൻവശത്തെ വാതിലടയ്ക്കുന്ന ശബ്ദം കേട്ടു. എനിക്ക് മതിവരുന്ന വരെ അവിടെ കിടന്നു കരഞ്ഞു. ഇനി വയ്യ. ഇനി ഒന്നും സഹിക്കാൻ വയ്യ. മതിയായി.. 

കിടക്കയിൽ നിന്നെഴുനേറ്റപ്പോൾ ശരീരമാസകലം വേദനിച്ചു. ഞൊണ്ടി ഞൊണ്ടി അടുക്കളയിലെത്തി. വേസ്റ്റ് ബക്കറ്റിൽ നിന്നും ഒരു ഗ്ലാസിൻറെ കഷ്ണമെടുത്തു. പിന്നെ അതെൻറെ കൈത്തണ്ടയിൽ അമർത്തുമ്പോൾ മനസ്സിലേക്ക് സിദ്ധുവിൻറെ മുഖമോടിയെത്തി. ശാരദക്കുട്ടിയും അമ്മയുമെത്തി. എല്ലാ മുഖങ്ങളിലും ദൈന്യത മാത്രം.. വിശപ്പാളുന്ന നോട്ടം മാത്രം.. ഞാൻ മരിച്ചാൽ അവരുടെ ഗതിയെന്താവും? ആ ചോദ്യമൊരു വൃത്തികെട്ട ജന്തുവായി നെഞ്ചിൽ ചുരമാന്തുന്നു...

അപ്പോൾ, ആരോ മനസ്സിൽ നിന്നും ഉറക്കെ വിളിച്ചു ചോദിച്ചു... ചാവേണ്ടത് നീയാണോ... അതല്ല.. ചെമ്പകത്തെ രാജനാണോ???

ഒരു നിമിഷം കണ്ണുകൾ ഇറുക്കെ അടച്ചു... അറുക്കേണ്ടത് എൻറെ കൈതണ്ടയിലെ ഞരമ്പാണോ??? അതല്ല... ചെമ്പകത്തെ രാജൻറെ കഴുത്തിലെ ഞരമ്പാണോ???      

എൻറെ കയ്യിലെ മൂർച്ചയുള്ള ചില്ലിലേക്ക് നോക്കി ഞാനാലോചിച്ചു. എന്തിനാണ് ഞാൻ ചാവുന്നത്? ഒരു പേപിടിച്ച നായ എന്നെ കടിച്ചാൽ അതിൻറെ പേരിൽ ഞാൻ ചാവാണോ? വേണ്ട.. ഞാൻ ജീവിക്കണം. ആ പേപ്പട്ടിയെ കൊല്ലണം... വേറാരെയും ഇനിയത് കടിക്കരുത്....  

വൈകുന്നേരം വരെ ഞാൻ അവിടെയിരുന്ന് ഓരോന്നാലോചിച്ചു. എന്താണ്  ചെയ്യേണ്ടത്? അമ്മയോട് പറഞ്ഞാലോ? പാവം അമ്മയെ കൂടി വിഷമിപ്പിക്കാനോ? നേരെ പോലീസ്സ്റേഷനിൽ ചെന്ന് പറഞ്ഞാലോ? പൊലീസുകാരെ എനിക്ക് പേടിയാണ്. അല്ല, ഇതൊന്നുമല്ല... എനിക്ക് തൃപ്തിയാവണമെങ്കിൽ അവൻ ചാവണം... പക്ഷെ എങ്ങിനെ... എന്നെ കൊണ്ടതിനാവുന്നതെങ്ങിനെ.. 

ഞാനെഴുനേറ്റു. അയാൾ കൊണ്ടു വന്ന് കട്ടിലിലേക്കിട്ട പായ്ക്കറ്റ് തുറന്നു. കരച്ചിൽ നിന്നിരുന്നു. കരഞ്ഞിട്ട് കാര്യമില്ല. ജീവിക്കാനും മരിക്കാനും വയ്യാത്തവർ കരഞ്ഞിട്ടെന്ത് കാര്യം. ജീവിതത്തിൽ കുറച്ച് കാലങ്ങളായി നല്ലതൊന്നും നടക്കുന്നില്ലല്ലോ? ഞാൻ ഒരു ഗുളികയെടുത്തു. എന്തിനുള്ളതാണാവോ? വല്ല വിഷവുമാണോ? ആണെങ്കിലെന്ത്? വന്നതിനേക്കാൾ കൂടുതൽ ഇനിയെന്ത് വരാൻ? വരുന്നത് വരട്ടെ..

അയാൾ വച്ചിട്ട് പോയ പൈസയിലേക്ക് നോക്കി കുറെ നേരം വെറുതെ നിന്നു. മനസ്സിൽ പകയല്ലാതെ വേറൊന്നുമില്ല. എൻറെ ഉടലിന് അയാൾ വച്ച പിച്ച. വിറയ്ക്കുന്ന കൈകളോടെ ഞാനത് എടുത്തു. ആ പണം എൻറെ കൈവെള്ളയിൽ കനൽ പോലെ ചുട്ടുപഴുത്തു. മനസ്സ് ഒരു വെണ്ണീർകുഴി ആയിട്ടുണ്ട്. അവിടെ നായയെ പോലെ ചുരുണ്ടുകൂടി കിടക്കുന്നത് എൻറെ ജീവിതം തന്നെയാണ്. 

വീട്ടിലെത്തിയപ്പോൾ ഇരുട്ടിത്തുടങ്ങിയിരുന്നു. മുറ്റത്ത് തന്നെ അമ്മ പതിവ് പോലെ ആധി പിടിച്ച് കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ചങ്കൊന്ന് പിടച്ചു. എൻറെ മുഖഭാവം കണ്ടപ്പോൾ അമ്മ പരിഭ്രമിച്ചിരിക്കണം. എന്ത് പറ്റി? എന്താ നേരം വൈകിയത്? ഒരു ശ്വാസത്തിൽ നിറയെ ചോദ്യങ്ങൾ. 

എല്ലാം പറയണം എന്നുണ്ടെങ്കിലും ഞാനൊന്നും പറഞ്ഞില്ല. അമ്മയോടൊരു നുണ പറഞ്ഞു. ഈ നെരിപ്പോടിൽ എൻറെ ഹൃദയം മാത്രമുരുകിയാൽ മതിയല്ലോ? അതായിരുന്നു എൻറെ തീരുമാനം. തലവേദനിക്കുന്നു, വിശപ്പില്ല എന്നൊരു കള്ളം പറഞ്ഞ് ഞാൻ വേഗം എൻറെ പായയിലേക്ക് ചുരുണ്ടു. അമ്മ പിന്നെ കുത്തിക്കുത്തി ഒന്നും ചോദിച്ചില്ല. കണ്ണുകളടച്ച് ഒരു പുഴുവിനെ പോലെ ഞാൻ പായയിൽ ചുരുണ്ടു കൂടി.

അർദ്ധ രാത്രി ഇരുട്ടിലേക്ക് ഞാനെൻറെ മിഴികൾ തുറന്നു വച്ചു. കണ്ണടച്ചാൽ ആ വൃത്തികെട്ട, ശപിക്കപ്പെട്ട നിമിഷങ്ങളാണ്. ചോരചുവപ്പുള്ള കാമം കത്തുന്ന അയാളുടെ കണ്ണുകളാണ്. ആ മുഖമാണ്. പുഴുത്ത പേപ്പട്ടിയുടെ മുഖം പോലെ വികൃതമായ, ആ മുഖം....

ആ ഇരുട്ടിൽ മനസ്സ് ആണയിട്ട് ആവർത്തിച്ച് കൊണ്ടിരുന്നു... അയാൾ ഇതിൻറെ പേരിൽ ചാവും.. ചാവണം... ചത്തെ തീരൂ... ഞാൻ ജീവിക്കും.. അവൻറെ ചാവ് കഴിഞ്ഞിട്ടും ഒന്നും പറ്റാത്തവളെ പോലെ... എൻറെ അമ്മയോടൊത്ത്. എൻറെ മകനോടൊത്ത്.. എൻറെ ശാരദക്കുട്ടിയോടൊത്ത്...

ആ രാത്രി ചെമ്പകത്തെ രാജൻറെ ചാവ് മാത്രമായിരുന്നു എൻറെ മനസ്സിൽ... പുഴുത്ത പട്ടിയെ പോലെ അയാൾ ചാവുന്നത്... വേദനിച്ച് വേദനിച്ച് നിന്ദ്യനായി അയാൾ ചാവുന്നത്... ചാവും... ഞാൻ മരിക്കുന്നതിൻറെ മുൻപ് അയാൾ ചാവും... ഞാൻ തന്നെ അതിന് കാരണമാവുകയും ചെയ്യും... എൻറെ മനസ്സിൽ അയാളോടുള്ള പക പിന്നെയും പിന്നെയും ഞാനണച്ച് മൂർച്ച കൂട്ടി വച്ചു.

പുലരുന്നത് വരെ ഉറങ്ങാനായില്ല. രാവിലെ കരടിച്ചേട്ടൻറെ സൈക്കിൾ ബെൽ കേട്ടു. അമ്മ ഉണർന്നിരിക്കുന്നു. ഞാനും പായയിൽ എഴുന്നേറ്റിരുന്നു. ശരീരമാസകലം വേദനിക്കുന്നുണ്ട്. ഒരു രാത്രിയുടെ മുഴുവൻ ഉറക്കവും കൺപോളകളിൽ ഭാരം കൊടുക്കുന്നുണ്ട്. എന്നിട്ടും ഞാൻ എഴുന്നേറ്റിരുന്നു. ജീവിക്കണം എന്ന ഉറച്ച മനസ്സോടെ. ചെമ്പകത്തെ രാജൻറെ മരണവാർത്ത കേൾക്കാണെങ്കിലും എനിക്ക് ജീവിക്കണം. ജീവിച്ചേ പറ്റൂ.

തുടരും.

***      ****      ****   ***


അദ്ധ്യായം 16: നാട്ടുകാർ


ചിന്താഗ്നിയുടെ കനലുകളിൽ, നഗ്നപാദങ്ങളോടെ ദിനങ്ങൾനടന്നു. വീണ്ടുമൊരു ഞായറാഴിച്ച വന്നു. ഞാനിതുവരെ വീട്ടിൽ നിന്നും പുറത്തേക്കിറങ്ങിയിരുന്നില്ല. കരടിച്ചേട്ടന് പുല്ലരിഞ്ഞു കൊടുക്കാൻ പോകുന്നില്ലേ എന്നമ്മ ഒന്ന് രണ്ടു വട്ടം ചോദിച്ചു. സുഖമില്ലെന്ന് കള്ളം പറഞ്ഞു. ഒരു നെടുവീർപ്പുമായി അമ്മ എൻറെ അരികിൽ കുറെ നേരം എന്നെ നോക്കി നിൽക്കും. പിന്നെ പോകും. അമ്മ ഒന്നും ചോദിച്ചില്ല. ഞാനൊന്നും പറഞ്ഞുമില്ല.  

പുറത്തിറങ്ങിയാൽ സുകുവിനെ കാണുമോ എന്നെനിക്ക് പേടിയുണ്ട്. അവനെ അഭിമുഖീകരിക്കാൻ ഒരു പേടി. എന്തോ പോലെ. ഇപ്പോൾ ഞാൻ കണാരേട്ടൻറെ മാത്രം എച്ചിലല്ല. ചെമ്പകത്തെ രാജൻറെ കൂടിയാണ്. അതുകൊണ്ടുതന്നെ സുകുവിൻറെ മുഖത്ത് നോക്കാനൊരു ഭയം. വേണ്ട. അതൊന്നും വേണ്ട. അത്തരം സ്വപ്‌നങ്ങൾ കാണാനൊന്നും എനിക്ക് യോഗമില്ല. എനിക്കിപ്പോൾ വേണ്ടത് ചെമ്പകത്തെ രാജൻറെ പ്രാണനാണ്. അത് മാത്രമാണ്. ഉറങ്ങാനാവുന്നില്ല എനിക്ക്. കണ്ണടച്ചാൽ ആ വൃത്തികെട്ട നിമിഷങ്ങളാണ്.. ആ ശപിക്കപ്പെട്ട നിമിഷങ്ങൾ...

കണാരേട്ടൻറെ നെഞ്ചിൽ കുത്തിയിറക്കാൻ അച്ഛൻ ഒരു പിച്ചാത്തി തയ്യാർ ചെയ്തു വച്ചിരുന്നു. അത് ഞാൻ തേടിക്കണ്ടെത്തി. ഇടയ്ക്കിടയ്ക്ക് ഞാനതിൻറെ മൂർച്ച നോക്കി. ഞാനിനിയും ആ വീട്ടിൽ പോകും. അയാളെയും കാത്തിരിക്കും. എന്നിട്ട് ആ വീട്ടിൽ വച്ച് തന്നെ ഈ കത്തി ഞാനയാളുടെ നെഞ്ചത്ത് കുത്തിയിറക്കും. ഒറ്റക്കുത്തിന്... കൊല്ലൻറെ ആലയിലെ മൂശ പോലെ എൻറെ നെഞ്ചകം ജ്വലിച്ചു കൊണ്ടിരുന്നു.

രാവിലെ അമ്മ ചോദിച്ചു, ഇന്ന് പോകുന്നില്ലേ, ഉച്ചയ്ക്ക് കഴിക്കാൻ പൊതിച്ചോറ് കെട്ടട്ടെ എന്ന്. പോകണം.. പോയെ പറ്റൂ.. ആ ജോലി എൻറെ സർവ്വ നാശത്തിലേക്കുള്ള ഇടുങ്ങിയ പാതയാണെങ്കിലും, അത് കൊണ്ട് മാത്രമാണ് ഈ വീട്ടിൽ അടുപ്പെരിയുന്നത്. നാലു ദിവസമായി ശാരദക്കുട്ടി പുതിയ യൂണിഫോം വേണം എന്ന് പറയുന്നു. ഇപ്പോഴുള്ളത് കീറിയത്രെ. 

ഈ ലോകത്തെവിടെയും എനിക്കിപ്പോൾ സമമാണ്. എവിടെ എന്ത് സുരക്ഷയാണ് കിട്ടുക. ഒരിടത്തും ഇല്ല. ഏതു നിമിഷവും ഒരു പ്രതികൂല സാഹചര്യത്തിലെത്തിപ്പെടാം. എപ്പോൾ വേണമെങ്കിലും എൻറെ സമ്മതമില്ലാതെ എൻറെ മേനിയിലേക്ക് ഒരു പുരുഷൻ അത്രിക്രമിച്ച് കയറാം. അതാരുമാവാം. 

ഇന്നയാൾ വന്നാൽ കൊല്ലും എന്ന് തന്നെ മനസ്സിലുറപ്പിച്ചു. ശേഷമെന്താവും? അറിയില്ല.. എനിക്കയാളെ കീഴ്‌പ്പെടുത്താൻ കഴിഞ്ഞില്ലെങ്കിലോ? അയാൾ പിന്നെയും ജയിക്കില്ലേ? ഇല്ല.. കയ്യിലൊരു കത്തി കണ്ടാൽ അയാൾ പേടിച്ച് പിന്മാറും.. എനിക്ക് പേടിയില്ല എന്ന് അയാൾക്ക് തോന്നിയാൽ പിന്നെ അയാൾക്ക് എന്നെയാവും പേടി. 

നമ്മൾ ഭയപ്പെടുന്നില്ല എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തിയാൽ നമ്മൾ പകുതി ജയിച്ചു എന്നാണ് അച്ഛൻ പറയാറുണ്ടായിരുന്നത്. അതെ. എനിക്ക് ഭയമുണ്ട്. പക്ഷെ ഞാനാ ഭയം ആരെയും കാണിക്കില്ല. ഒരിക്കലും. അച്ഛൻറെ കത്തി മാത്രമല്ല, ആത്മാവും എൻറെ കൂടെയുണ്ട്...

ഇടവഴിയിലേക്കിറങ്ങിയ ഞാൻ കനലിലേക്കാണ് കാലെടുത്ത് വച്ചത്. കുറച്ച് ദൂരെ എന്നെ കാത്തിരിക്കുന്നു സുകു. ഈ നിമിഷം പ്രാണൻ പോയെങ്കിൽ എത്ര നന്നയിരുന്നേനെ. എന്തൊക്കെയായാലും അവനെ അഭിമിഖീകരിക്കാൻ വയ്യെനിക്ക്. തലതാഴ്ത്തി സുകുവിന് മുഖം കൊടുക്കാതെ പതുക്കെ മുന്നോട്ട് നടന്നു. എന്നാൽ ഞാൻ മുൻപിലെത്തിയതേ സുകു ചോദിച്ചു. 

"എന്താ.. കണ്ടിട്ട് കുറച്ചീസായല്ലോ?"

ഞാൻ സുകുവിനെ നോക്കിയില്ല. പതുക്കെ പറഞ്ഞു. "നല്ല സുഖമില്ലായിരുന്നു." അപ്പോൾ എന്തായിരുന്നു അസുഖം എന്നായി സുകു. ഞാൻ മെല്ലെ, "തിരക്കുണ്ട്, പോട്ടെ" എന്ന് പറഞ്ഞ് മുന്നോട്ട് നടന്നു. എൻറെ കണ്ണുകൾ രണ്ടരുവികളായി ഒഴുകുന്നുണ്ടായിരുന്നു. തിരിഞ്ഞു നോക്കാൻ നിന്നില്ല. അവിടെ ശില പോലെ നിൽക്കുന്ന സുകുവിനെ തിരിഞ്ഞു നോക്കാതെ തന്നെ കാണാമായിരുന്നു. ഞാൻ വേഗം വേഗം നടന്നു. 

കവലയിലെത്തി ബസ്സ് കാത്തു നിൽക്കെ റോഡിൻറെ അപ്പുറത്ത് നിന്നും സുകു എന്നെ നോക്കി നിൽക്കുന്നത് കണ്ടു. എൻറെ നെഞ്ചിൽ തിരിച്ചറിയാനാവാത്ത ഒരു വികാരം ഭാരമായി മാറി. ഹൃദയം പടപടാ മിടിക്കുന്നു. ഭാഗ്യത്തിന് ബസ്സ് വന്നു. അതിൽ നിന്നും വെറുതെ ഒന്ന് തിരിഞ്ഞു നോക്കി. ഇലക്ട്രിക് പോസ്റ്റിൽ കയ്യൂന്നി സുകു അവിടെ തന്നെ ബസ്സിലേക്കും നോക്കി നിൽക്കുന്നുണ്ടായിരുന്നു.

ഉള്ളു വിറച്ചു കൊണ്ടാണ് ഞാനാ വീടിൻറെ അകത്തേയ്ക്ക് കയറിയത്. അടിച്ചു വരാനൊന്നും നിന്നില്ല. കഴിഞ്ഞ തവണ അയാൾ കൊണ്ടുവന്ന ഭക്ഷണം അവിടെ ഇരുന്ന് കേടുവന്ന് മണക്കുന്നുണ്ട്. പക്ഷെ ഞാൻ അതൊന്നും ശ്രദ്ധിച്ചില്ല. ഗേറ്റിങ്കലേക്ക് കണ്ണുനട്ട് ജാലകത്തിൻറെ അരികിൽ തന്നെ നിന്നു. കത്തി മുറുക്കിപ്പിടിച്ച് എൻറെ ഉള്ളം കൈ വിയർത്തു കുതിർന്നു. ഞാൻ കാത്തിരുന്നു. അയാൾ വരും. വരാതിരിക്കില്ല. വരട്ടെ. വന്നിട്ട് വേണം...

വൈകുന്നേരം വരെ നിന്നെങ്കിലും ആരും ആ വഴി വന്നില്ല. നേരിയ നിരാശയാണോ അതല്ല വലിയ ആശ്വാസമാണോ ഉള്ളിൽ അങ്കുരിച്ചതെന്ന് തിരിച്ചറിയാനായില്ല. ഞാൻ പുറത്തിറങ്ങി. 

ഇടവഴിയിൽ കാത്തു നിൽക്കുന്ന സുകുവിനെ കണ്ടു. ആ മുഖത്ത് നോക്കാനുള്ള പ്രയാസം അപ്പോഴും എന്നെ വിട്ട് പോയിട്ടുമില്ല. എങ്കിലും സുകുവിനെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു. ഒരു വികൃതമായ പ്രഹസനമായി അത് മാറി. അടുത്തെത്തിയതേ സുകു ചോദിച്ചു.

"എന്തായിരുന്നു ഇത്ര തിരക്ക്? അസുഖമെന്താണ് എന്ന് പോലും പറഞ്ഞില്ല.."

ആ ചോദ്യം  നിറയെ നീരസമുണ്ടായിരുന്നു. ഒരു പകൽ മുഴുവൻ കാത്തു നിന്നിട്ടും അയാൾ വരാത്തത് കൊണ്ടാണോ, അതല്ല സുകു എന്നൊരു മൃദല സ്വപ്നം ഹൃദയത്തിൽ ആധിപത്യമുറപ്പിക്കുന്നത് കൊണ്ടാണോ,  ഉള്ളിലെ പകയുടെ ചൂട് കുറഞ്ഞോ? എന്തോ, അവനെ പാടെ അവഗണിക്കാൻ എനിക്കായില്ല. 

ഞാനൊരു ഒഴുക്കൻ മറുപടി പറഞ്ഞു. "പനിയായിരുന്നു.. വയ്യെങ്കിലും പണിക്കു പോയാലല്ലേ അടുപ്പ് കത്തൂ.. അതോണ്ടാ തിരക്ക് കൂട്ടിയത്.."

സുകു ഒന്നും മിണ്ടിയില്ല. എന്തെങ്കിലും പറഞ്ഞ് ഒന്നാശ്വസിപ്പിക്കും എന്ന് കരുതി. എന്നാൽ അതുണ്ടായില്ല. കുറച്ച് നേരം കഴിഞ്ഞപ്പോൾ ചോദിച്ചു.

"നീ ചോദിച്ചാലിപ്പോൾ രാജേട്ടൻ എന്തും തരുമല്ലോ.. പിന്നെന്തിനാ ഇത്ര കഷ്ടപ്പെടുന്നത്?"

ഹൃദയത്തിലേക്കൊരു കാരമുള്ള് തുളഞ്ഞു കയറി. ഉള്ളൊന്നു പിടഞ്ഞു. ആ പിടച്ചിലോടെ അവനെ തുറിച്ച് നോക്കിയപ്പോൾ എൻറെ ചുണ്ടൊന്ന് വിതുമ്പിയോ? നിസംഗതയോട് കൂടി അവൻ തുടർന്നു..

"നാട്ടുകാരൊക്കെ പറഞ്ഞു തുടങ്ങിയിട്ടുണ്ട്. ചെമ്പകത്തെ രാജേട്ടൻ വച്ചോണ്ടിരിക്കുന്നതാ നിന്നെയെന്ന്. ചങ്ങാതിമാരൊക്കെ ഓരോന്ന് പറയുന്നു... കേൾക്കുമ്പോൾ ഉള്ളു കത്തുകയാണ്..."

എനിക്ക് ശ്വാസം വിലങ്ങി. നാലഞ്ച് നിമിഷം എന്ത് പറയണം എന്നാലോചിച്ചു... അവനോട് എല്ലാം പറഞ്ഞാലോ? വേണ്ട.. പറഞ്ഞിട്ടെന്തിനാ? 

"നാട്ടുകാരെന്തോ പറഞ്ഞോട്ടെ... സുകു അത് വിശ്വസിക്കുന്നുണ്ടോ? ഞാൻ അത്രയ്ക്ക് ചീത്തയാണെന്ന് സുകു കരുതുന്നുണ്ടോ?" 

എൻറെ ചോദ്യത്തിൻറെ അവസാനം ഒരു തേങ്ങലായിരുന്നു. ഒരു നെടുവീർപ്പോടെ സുകു പറഞ്ഞു.

"എനിക്കറിയില്ല. രാജേട്ടൻ ആള് ശരിയല്ല എന്നറിയാം. അയാളൊരു മൂത്ത കോഴിയാണ്. പിന്നെ ഞാനെന്താ പറയാ. ആ പണി വേണ്ടാന്ന് വച്ചൂടെ..?"

കണ്ണീർ തുടച്ച് കൊണ്ട് ഞാൻ ചോദിച്ചു... 

"എന്നാ സുകു ഒരു ജോലി ശരിയാക്കിത്താ.. എന്തെങ്കിലും ജോലി ചെയ്യാതെ പറ്റൂല സുകു.."

പരിഹാസ പൂർവ്വം അവൻറെ ചുണ്ട് ഒരു ഭാഗത്തേക്ക് കോടിപ്പോയി. പിന്നെ തന്നെത്താൻ പറഞ്ഞു. "ഹും.. ഇവിടെ ആണുങ്ങൾക്ക് മാത്രം ജോലിയില്ല. പെണ്ണായിപ്പിറന്നാൽ മതി. ജോലിയോ കൂലിയോ ഒക്കെ റെഡിയാണ്." 

മുഖത്തടിയേറ്റ പോലെയാണ് എനിക്ക് തോന്നിയത്. സുകുവിൽ നിന്നും അങ്ങിനെ ഒരു പ്രതികരണം ഞാൻ പ്രതീക്ഷിച്ചതല്ല. ഉള്ളിൽ കലമ്പുന്ന ദേഷ്യത്തോടെ ഞാൻ തിരിച്ച് പറഞ്ഞു. 

"പെണ്ണായിപ്പിറന്നതിൻറെ സകല ദൂഷ്യങ്ങളും തിന്നു തീർക്കുകയാണ് ഞാൻ. സുകുവിനതറിയാമോ? ഞാൻ... ഞാൻ..."

കിതപ്പ് കാരണം എനിക്ക് പിന്നെ വാക്കുകൾ കിട്ടിയില്ല. പിന്നെയും എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു. സാധിക്കുന്നില്ല. പിന്നെ നിന്നില്ല. ഒഴുകുന്ന കണ്ണുകളുമായി വേഗം നടന്നകന്നു. 

വീട്ടിലെത്തിയപ്പോഴേക്കും സങ്കടം കാരണം എനിക്കൊന്ന് പൊട്ടിക്കരയണം എന്നുണ്ടായിരുന്നു. മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്ന സിദ്ധു എന്നെ കണ്ടപ്പോൾ ചിരിച്ചു കൊണ്ട് ഓടിവന്നു. കനൽക്കട്ടയിൽ മഞ്ഞ് പെയ്ത പോലെ ഉള്ളമൊന്നു തണുത്തു. 

കണ്ണ് നിറഞ്ഞിരിക്കുന്നത് കണ്ടപ്പോൾ എന്താ കാര്യമെന്ന് അമ്മ ചോദിച്ചു. ഞാൻ അമ്മയോട് പറഞ്ഞു. "നാട്ടുകാർ ഓരോന്ന് പറയാൻ തുടങ്ങിയിരിക്കുന്നു." 

പാവം അമ്മ. വിഷാദം പൂണ്ട് ഒന്നും മിണ്ടാതെ കുറെ നേരം അടുക്കളയിൽ ഒറ്റയ്ക്കിരുന്ന് കരഞ്ഞു. രാത്രി എൻറെ പായയുടെ അരികിൽ വന്നിരുന്ന് എൻറെ മുടിയിഴകളിൽ തലോടിക്കൊണ്ട് പറഞ്ഞു. 

"നാട്ടുകാരുടെ തൊള്ളയിൽ നമുക്ക് കയറിയിരിക്കാൻ പറ്റില്ലല്ലോ.. നമ്മളെന്തെങ്കിലും തിന്നോ ഇല്ലയോ എന്നാരും നോക്കില്ല. നമ്മളെങ്ങോട്ടാ പോകുന്നത്, ആരോടാ വർത്തമാനം പറയുന്നത് എന്നൊക്കെ നോക്കാൻ തിരക്കായിരിക്കും. നീ അതൊന്നും നോക്കണ്ട. നോക്കിയിട്ട് കാര്യമില്ല. പെണ്ണൊരുത്തി വീണു പോയാൽ, അവളെ പിടിച്ചെണീപ്പിക്കാനല്ല ആളുകൾക്ക് താല്പര്യം. അവൾ എണീക്കാൻ നോക്കുമ്പോൾ, പിന്നെയും തള്ളിയിടാനാണ്. എന്നിട്ട് അവളുടെ മേലേക്ക് കയറാനാണ്. നീ വിഷമിക്കണ്ട. തീരെ നിവർത്തിയില്ലാതെ വന്നാൽ നമുക്കെല്ലാവർക്കും കൂടി അച്ഛൻറെ അടുത്തേക്കങ്ങു പോകാം. അവിടെ ഒരുത്തനും ഒന്നും പറഞ്ഞു വരൂല്ലല്ലോ..."

അമ്മയുടെ തൊണ്ടയിൽ ഒരു തേങ്ങൽ ചത്തു വീണത് ഞാനറിഞ്ഞു. ഞാൻ എഴുന്നേറ്റിരുന്നു. എല്ലാര്ക്കും കൂടി ഒരു പത്രം കഞ്ഞി. അതിലെല്ലാം തീർത്താൽ അവിടെ എല്ലാം തീരുമോ? ഇല്ല. ഒരിക്കലും ഇല്ല. അമ്മയുടെ മുഖത്ത് നോക്കിപ്പറഞ്ഞു. 

"വേണ്ടമ്മേ. നമ്മള് ചത്താൽ അതിനു ഈ നാട്ടുകാര് വേറെ കഥയുണ്ടാക്കും. നമ്മൾക്ക് ജീവിക്കണം. നമ്മൾക്ക് ജീവിക്കണം."

ഞാൻ ഒരു തേങ്ങലോടെ അമ്മയുടെ ചുമലിലേക്ക് ചാഞ്ഞു. അമ്മ എൻറെ മുതുകിലൂടെ വിരലോടിച്ച് കൊണ്ടേ ഇരുന്നു. ആ രാത്രി ഞങ്ങൾ അങ്ങിനെ എത്ര നേരം ഇരുന്നു എന്നെനിക്കറിയില്ല. രാവിൻറെ അവസാനയാമങ്ങളിലേതിലോ ഞങ്ങൾ അറിയാതെ മയക്കത്തിലേക്ക് വീണു പോയി.

തുടരും 

No comments:

Post a Comment