Tuesday, April 16, 2019

ഗ്രാമത്തിലെ പെൺകുട്ടി...

മുൻ അദ്ധ്യായം: നാട്ടുകാർ
അദ്ധ്യായം 17: കാഞ്ഞിരം 




പക, ഭയം, ദൈന്യത, നിസ്സഹായാവസ്ഥ.. ഇവയ്ക്കിടയിലൂടെ ഞെങ്ങിഞെരുങ്ങി ആഴ്ചകൾ നാലഞ്ച് കഴിഞ്ഞു പോയി. പരസ്പരം കോർത്തെടുക്കുന്ന അണപ്പല്ലുകൾക്കിടയിൽ ചെമ്പകത്ത് രാജൻറെ ഹൃദയമുണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചുപോയ കറുത്ത ദിനങ്ങൾ.. 

ഓരോ ഞായറാഴ്ചയ്ക്കും ഞാൻ കാത്തിരുന്നു... അതും ഒരു തരം ഭയത്തോടെ.. തരിപ്പോടെ... പകയോടെ... 

ഓരോ ഞായറാഴ്ചയും പുലർച്ചെ ഞാൻ സിദ്ധുവിനെ കെട്ടിപ്പിടിച്ചു കിടക്കും. അമ്മ ശബ്ദമുയർത്തുമ്പോൾ മാത്രം മനസില്ലാ മനസ്സോടെ എഴുന്നേൽക്കും. പോത്ത് പോലെ വലുതായിട്ടും പെണ്ണിനിപ്പോഴും കുട്ടിക്കളിയാണെന്ന് അമ്മ ദേഷ്യപ്പെടും. അമ്മയ്‌ക്കെന്തറിയാം. ഇനിയെനിക്ക് ഇതേ പോലെ എൻറെ മകനെ പുണർന്ന് കിടക്കാനായില്ലെങ്കിലോ എന്ന് ഞാൻ പേടിക്കുന്നുണ്ട് എന്ന് അമ്മയ്ക്കറിയില്ലല്ലോ? ആ തീ എൻറെ നെഞ്ചിൽ  പുകഞ്ഞു കൊണ്ടിരുന്നു... ആരും അത് കണ്ടില്ല... അതല്ല.. കണ്ടിട്ടും കാണാത്ത മാതിരി നടിച്ചോ?

അച്ഛൻറെ കത്തി ഇടയ്ക്കിടയ്‌ക്കെടുത്ത് മൂർച്ച നോക്കും. ഇതുകൊണ്ട് ഒരൊറ്റക്കുത്ത് മതിയാവുമോ? അറിയില്ല...  മനുഷ്യനെ കൊല്ലാൻ എനിക്കാവുമോ? അറിയില്ല... മനുഷ്യനെ വേണ്ട, ഒരു കോഴിക്കുഞ്ഞിനെയെങ്കിലും കൊല്ലാൻ എനിക്കാവുമോ? അതും അറിയില്ല... എനിക്കൊന്നുമറിയില്ലല്ലോ ഈശ്വരാ... പിന്നെ എന്തിനാണ് ഞാനീ വിഢിവേഷം കെട്ടുന്നത്..? അതിനും എനിക്കിപ്പോൾ ഉത്തരമൊന്നുമില്ല.... ഇതിനെല്ലാം ചിലപ്പോൾ ജീവിതം നാളെ എനിക്കൊരുത്തരം തന്നേക്കാം... അതൊരു വലിയ പ്രതീക്ഷയാണ്... ഇന്നത്തെ കണ്ണീർ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടുന്ന ഒരു നാളെയിലേക്കുള്ള പ്രതീക്ഷ....

എന്നാൽ, ഭയപ്പെട്ടത് പോലെ അയാൾ വന്നില്ല. കാത്തിരുന്നു മുഷിഞ്ഞിട്ടും പകയുടെ കനൽ മനസ്സിൽ കെട്ടതുമില്ല. ഇതിന്നിടയിൽ, അയാൾ കൊടുത്തയച്ച പണവുമായി, അന്നു വന്നയാൾ രണ്ടു പ്രാവശ്യം വീട്ടിൽ വന്നു. രണ്ടു പ്രാവശ്യവും, സാധാരണ തരുന്നതിൽ കൂടുതൽ ഉണ്ടായിരുന്നു അത്. നന്ദിയോടെ അമ്മ, ചെമ്പകത്തെ രാജനെ വാനോളം പുകഴ്ത്തുമ്പോൾ, എൻറെ മനസ്സ് പാതാളത്തോളം താന്നില്ലാതാവുകയായിരുന്നു. എനിക്ക് ചിലപ്പോഴൊക്കെ അറപ്പും വെറുപ്പും തോന്നി. എന്നോട് തന്നെ. എൻറെ ജീവിതത്തോട് തന്നെ. എൻറെ വേദനകളും വിഷമങ്ങളും ഞാൻ ഉള്ളിൽ തന്നെ ഒതുക്കി. ചിലപ്പോഴൊക്കെ അതെന്നെ ഭ്രാന്ത് പിടിപ്പിക്കുന്നുണ്ടായിരുന്നു. ചിലപ്പോഴൊക്കെ പാവം സിദ്ധുവും ശാരദക്കുട്ടിയും എൻറെ ആ ഭ്രാന്തിൻറെ ഇരകളായി മാറി. ശേഷം അതോർത്ത് കരയുന്ന എന്നെ അമ്മ എപ്പോഴും വഴക്ക് പറയാറുമുണ്ടായിരുന്നു.  

ഇതെല്ലാം ഒരു വഴി നടക്കുമ്പോൾ, സുകു എന്നൊരു സ്വപ്നം മനസ്സിനോടെത്ര വിലക്കിയിട്ടും, ഉള്ളിൻറെ ഉള്ളിൽ പതുക്കെ പടർന്നു പന്തലിക്കുന്നുണ്ടായിരുന്നു. അനുഭവങ്ങളിൽ വെന്തുരുകിയ ബുദ്ധി അരുതെന്ന് എത്ര പറഞ്ഞിട്ടും കേൾക്കാത്ത മനസ്സിൻറെ ചാപല്ല്യം എന്നല്ലാതെ അതിനെ വിളിക്കാൻ വേറെ പേരുകളൊന്നും കിട്ടുന്നില്ല.  

പട്ടണത്തിലേക്കു പോകുമ്പോഴും വരുമ്പോഴും മാത്രമല്ല, മറ്റു പലസമയത്തും സുകുവിനെ കാണാറുണ്ടായിരുന്നു. അതെനിക്കൊരു ആശ്വാസമായിരുന്നു. പറഞ്ഞറിയിക്കാൻ കഴിയാത്ത ആശ്വാസം. 

അവൻറെ നീരസം കുറഞ്ഞു കുറഞ്ഞു വന്നിരിക്കുന്നു. ഇപ്പോൾ മങ്ങലില്ലാതെ പുഞ്ചിരിക്കാനും, കുത്തുവാക്കുകളില്ലാതെ സംസാരിക്കാനും തുടങ്ങിയിരിക്കുന്നു. സിദ്ധുവിൻറെ കാര്യങ്ങൾ അവൻ അന്വേഷിക്കുമ്പോഴൊക്കെ, എൻറെ കാതുകളിൽ ആലിപ്പഴത്തോട് കൂടിയ മഴ പെയ്യും. മനസ്സ് കുളിരും. 

എന്നാലും.. ഉള്ളിൻറെ ഉള്ളിൽ ഒരു പേടിയുണ്ട്.. ലോകത്തുള്ള എല്ലാ പുരുഷൻറെ നിഴലിനോടും എനിക്കിപ്പോളാ പേടിയുണ്ട്.. സുകു ശരിക്കും എന്നെ സ്നേഹിക്കുന്നുണ്ടോ? ഇക്കഴിഞ്ഞ ഞായറായിച്ച രണ്ടും കൽപ്പിച്ച് ഞാൻ സുകുവിനോട് ചോദിച്ചു. "സുകൂ, എന്നെ ഇഷ്ടാണോ? ശരിക്കും? അതല്ല..."

സുകു ഒന്ന് ചിരിച്ചു. വേദന കലർന്നൊരു ചോദ്യം കൊണ്ട് അവനെൻറെ കണ്ണുകൾ നിറച്ചു കളഞ്ഞു.

"അപ്പൊ, നിനക്കിപ്പോഴും ഉറപ്പില്ല അല്ലെ?"

ഒന്നുമൊന്നും പറയാനാവാതെ നിന്ന ഞാൻ ഞങ്ങൾക്കിടയിലെ കനത്ത മൗനത്തിൻറെ നിസ്സഹായതയിൽ എന്തൊക്കെയോ അവനോട് ചോദിക്കണം എന്നാഗ്രഹിച്ചു. എന്തൊക്കെയോ പറയണം എന്നാഗ്രഹിച്ചു. എനിക്കൊന്നിനും ആയില്ല. നിറഞ്ഞ കണ്ണുകളോടെ പറഞ്ഞറിയിക്കാനാവാത്ത വികാരവായ്പോടെ അവനെയും നോക്കി നിന്നു. ഒന്നടുത്തു ചെല്ലാനും, ആ മാറിലേക്ക് ചേരാനും കൊതിച്ചു. പിന്നെ കണ്ണുകൾ തുടച്ചു കൊണ്ട്, ഒന്നും പറയാതെ മെല്ലെ തിരിഞ്ഞു നടക്കാൻ തുടങ്ങി. 

അവൻ പിന്നിൽ നിന്നും വിളിച്ചു ചോദിച്ചു. "നമുക്ക് എങ്ങോട്ടെങ്കിലും പോയാലോ? ഈ നശിച്ച നാട്ടിൽ നിന്നും. നമ്മളാരാന്ന് ആരുമറിയാത്ത എവിടെയെങ്കിലും പോയി ജീവിക്കാം. നമുക്ക് സിദ്ധുവിനെയും കൊണ്ട് പോകാം."

മണ്ണിൽ കാൽ കുഴിച്ചിട്ട പോലെ ഞാൻ നിന്നു. ആ സമയത്ത് അതിനേക്കാൾ നല്ലതെന്തെങ്കിലും കേൾക്കാൻ എനിക്കായിട്ടുണ്ടോ? തിരിഞ്ഞു നോക്കി വിറയ്ക്കുന്ന ശബ്ദത്തോടെ ചോദിച്ചു.

"അപ്പൊ, അമ്മയും ശാരദക്കുട്ടിയുമോ? സുകുവിൻറെ സുഖമില്ലാത്ത അമ്മയോ? അവരൊക്കെ? അവർക്ക് വേറെ ആരാ ഉള്ളത് സുകൂ?"

അവനൊന്നും മറുപടി പറഞ്ഞില്ല. പതുക്കെ തിരിഞ്ഞു നടക്കവേ എൻറെ നെഞ്ചിലൊരു പുകച്ചിലുണ്ടായിരുന്നു.  ഞാനെന്താ ഇങ്ങിനെ എന്ന് ഞാനാലോചിച്ചു. സുകുവിൻറെ കൂടെ ഏതെങ്കിലും ഒരു നാട്ടിൽ ചെന്ന്, അത്താഴപ്പട്ടിണിയാണെങ്കിലും അത് പങ്കു വെച്ച്, ഒരു പിടി അരി അടുപ്പത്തിട്ട് തിളപ്പിച്ച്, അത് വേവുമ്പോൾ ഒരിത്തിരി ഉപ്പിട്ട്, ഒരു പച്ചമുളകും കൂട്ടി, സുകുവിൻറെ കൂടെ ഒരുമിച്ച് കഴിച്ച്, രാത്രി ഒരു പായയിൽ അവൻറെ നെഞ്ചിലേക്ക് പറ്റിച്ചേർന്ന് കിടക്കാൻ കൂടെ പോകാനെനിക്ക് കഴിയാത്തതെന്താണ്? രണ്ടു കൈകളും നീട്ടി മാറത്തെ ചൂടുമായി ജീവിതം വിളിക്കുമ്പോൾ, ഞാനെന്താണ് ഓടിച്ചെല്ലാത്തത്? 

ജീവിക്കാനാണല്ലോ അവൻ വിളിക്കുന്നത്. ഈ നശിച്ച നാട്ടിൽ നിന്നും, ഇവിടെ തളം കെട്ടി നിൽക്കുന്ന ഈ ദുർഗന്ധമുള്ള അഴുക്കിൽ നിന്നും രക്ഷപ്പെടാനാണല്ലോ അവൻ വിളിക്കുന്നത്. നാളെ സിദ്ധുവിന് അച്ഛാ എന്ന് വിളിക്കാൻ ഒരാളാവുമല്ലോ? 

എല്ലാം ശരിയാണ്. എല്ലാം. പക്ഷെ, അമ്മയേയും ശാരദക്കുട്ടിയെയും ഈ അരപ്പട്ടിണിയിൽ തനിച്ച് വിട്ട് പോകാൻ എനിക്കാവുന്നില്ലല്ലോ? എനിക്കതിനാവുന്നില്ലല്ലോ.... 

ആ രാത്രിയും എനിക്കുറക്കമില്ലാത്ത രാത്രിയായിരുന്നു. സ്വന്തം കാര്യം മാത്രം നോക്കുന്നവർ വിജയിക്കുന്ന ഈ ലോകത്ത് പരാജയപ്പെട്ടു പോകാനാണ് എൻറെ വിധിയെങ്കിൽ, അങ്ങിനെ തോൽക്കുന്നതാണ് എനിക്കിഷ്ടമെന്ന് ഞാൻ തിരിച്ചറിഞ്ഞത് ആ രാത്രിയായിരുന്നു. അമ്മയെയും ശാരദക്കുട്ടിയെയും അവരുടെ വിധിക്ക് വിട്ടുകൊടുത്ത്, എൻറെ മാത്രം സുഖത്തിലേക്ക് ഓടിപ്പോകാനാവാത്തതിൻറെ ദുഃഖം ഒരു വശത്ത്. ഒരിക്കൽ എനിക്കും സുകുവിന് ഒരുമിച്ച് ജീവിക്കാനാകും എന്നൊരു പ്രതീക്ഷയുടെ നേരിയ ഒരു വെട്ടം, വിദൂരത്തെവിടെയോ തെളിയുന്ന ഒരിത്തിരിവെട്ടം, അത് വേറൊരു വശത്ത്..   

രാവിൻറെ ഏതോ ഒരവസാനയാമത്തിൽ ഉറക്കത്തിലേക്ക് വഴുതി വീണ ഞാനൊരു പുലർകാല സ്വപ്നത്തിൻറെ സുന്ദരമായ താഴ്വരയിലെത്തി. പനയോല മേഞ്ഞ കൊച്ചു കുടിലിൻറെ മുറ്റത്ത് ഓടിക്കളിക്കുന്നു, മൂന്ന് മുയൽക്കുഞ്ഞുങ്ങളെ പോലുള്ള ഉണ്ണികൾ. അവരെയും നോക്കി പടിഞ്ഞാറ് നിന്നും അസ്തമയ സൂര്യൻറെ കനകകിരണങ്ങളെയും വഹിച്ചു വരുന്ന ഇളം തെന്നലേറ്റ് വാതിൽക്കട്ടിളയിലേക്ക് ചാരി നിൽക്കുന്ന സുകുവും, സുകുവിൻറെ മാറിലേക്ക് ചാഞ്ഞ ഞാനും. എങ്ങു നിന്നോ ഒരു വെളുത്ത പൂച്ച അങ്ങോട്ട് വന്നു. അതെൻറെ കാലിൽ ഉരുമ്മി സ്നേഹം പ്രകടിപ്പിച്ചു. ഞാനതിനെ അങ്ങിനെ നോക്കി നിൽക്കെ പെട്ടന്ന് അതൊരു ഉഗ്രസർപ്പമായി മാറി. ഞാൻ സുകുവിനെ കരഞ്ഞു വിളിച്ചപ്പോൾ സുകു അവിടെ ഇല്ലായിരുന്നു. ഞാൻ ചാരിയിരിക്കുന്നത് കട്ടിളയിലേക്കായിരുന്നു. മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുഞ്ഞുങ്ങളെയും ഞാൻ കണ്ടില്ല. ആ സർപ്പം അതിവേഗം എൻറെ മേലേക്ക് പാഞ്ഞുകയറി. എൻറെ കഴുത്തിൽ ചുറ്റി. പിന്നെ എൻറെ മുഖത്ത് ആഞ്ഞു കൊത്തി.

ഒരു നിലവിളിയോടെ ഞാനുണർന്ന നോക്കുമ്പോൾ എൻറെ കവിളിൽ നുള്ളി എന്നെ ഉണർത്താൻ ശ്രമിക്കുന്നു സിദ്ധു. ഞെട്ടിപ്പിടഞ്ഞുള്ള എൻറെ എഴുനേൽക്കൽ കാണ്ടാവണം അവനാകെ അമ്പരന്ന് കണ്ണുമിഴിച്ചെന്നെ നോക്കി. നേരം ഒരുപാട് വെളുത്തിരുന്നു. പായയിൽ ഇരുന്നു കൊണ്ട് ഞാൻ ആലോചിച്ചു. ഹൊ, വല്ലാത്തൊരു സ്വപ്നം തന്നെ. അടുക്കളയിൽ നിന്നും അമ്മ അങ്ങോട്ട് വന്നു. 

"എന്താ, കിനാവ് വല്ലതും കണ്ടോ? എന്തൊക്കെയോ പിച്ചും പേയും പുലമ്പുന്നുണ്ടായിരുന്നു."

"ആ.. പേടിപ്പിക്കുന്ന ഒന്ന്... ഒരു പാമ്പിനെ.." 

എളിയിൽ കൈകുത്തി അമ്മ ഒന്ന് രണ്ടു നിമിഷം നിന്നു. പിന്നെ അടുക്കളയിലേക്ക് തിരിഞ്ഞു നടക്കുന്നതിനിടയിൽ പറഞ്ഞു. 

"ശത്രുക്കളുണ്ടായിട്ടാ പാമ്പിനെ കാണുന്നത്. ആശാരിക്കാവിൽ ഒരു വിളക്ക് വെച്ചേക്ക്. ഈശ്വരാ, ൻറെ കുട്ടിനെ കാത്തോണേ..."

അന്ന് പകൽ മുഴുവനും ആ സ്വപ്നമെന്നിൽ ആളുന്ന ഭയം നിറച്ചു. വൈകുന്നേരം സിദ്ധുവിനെയും ശാരദക്കുട്ടിയെയും കൂട്ടി ആശാരിക്കാവിൽ പോയി. എണ്ണയൊഴിച്ച് തിരി കത്തിച്ചു. മനസ്സ് തണുക്കുവോളം പ്രാർത്ഥിച്ചു. മനസ്സ് തണുക്കുവോളം...

തിരിച്ചു വരുമ്പോൾ എതിരെ വരുന്നു സുകുവും അവൻറെ സുഖമില്ലാത്ത അമ്മയും. എന്നെ കണ്ടപ്പോൾ അമ്മയുടെ മുഖം ഒരു കുന്നോളം ഇരുണ്ടു. ഇഷ്ടമായില്ല എന്ന് തോന്നുന്നു. സുകു കൈകൊണ്ട് എവിടെ പോയിരുന്നു എന്ന് ചോദിച്ചു. ഞാൻ കൈകൂപ്പി കാണിച്ചപ്പോൾ ആ ചുണ്ടിൽ ഒരു ചിരിയൂറി. 

എനിക്കാഗ്രഹമുണ്ടായിരുന്നു, ആ സ്വപ്നം അവനോട് പറയാൻ. അന്ന് ഇരുട്ടുവോളം ഞാൻ മുറ്റത്ത് അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഇടവഴിയിൽ നിന്നൊരു ചൂളം വിളിയും പ്രതീക്ഷിച്ച്. എന്തോ, അവൻ വന്നില്ല. നാട്ടുവെളിച്ചത്തോടൊപ്പം എൻറെ മനസ്സുമിരുണ്ടു. പേരറിയാത്തൊരു വിഷാദം പുതച്ച് ആ രാത്രി ഞാനെൻറെ പായയിൽ എൻറെ മൃദുല വികാരങ്ങളെ കെട്ടിപ്പിടിച്ച് കിടന്നു. ചെമ്പകത്ത് രാജനും, അയാളോടുള്ള പകയും എൻറെ മനസ്സിൻറെ ഏതോ ഒരു ഇരുണ്ട മൂലയിൽ പോയൊളിച്ചിട്ടുണ്ട്..

എല്ലാ ഞായറാഴ്ചയും എൻറെ അടിവയറ്റിൽ നിന്നൊരു തീ നെഞ്ചിലേക്കാളിക്കൊണ്ടിരിക്കും. ഇപ്പോഴിപ്പോൾ അതിൻറെ ചൂടിനിത്തിരി കുറവുണ്ടെന്നേ ഉള്ളൂ. പക്ഷെ ആ തീ അണഞ്ഞിട്ടൊന്നുമില്ല. അന്ന് ഞാനിടവഴിയിൽ സുകുവിനെ കണ്ടില്ല. എന്നാൽ തോടിൻറെ അരികിലെ വീതി കൂടിയ വഴിയിൽ, കൂട്ടം കൂടി നിൽക്കുന്ന സുകുവിനെയും കൂട്ടുകാരെയും കണ്ടു. എന്നെ കണ്ടപ്പോൾ അശ്ലീലച്ചുവയോടെ നോക്കുന്നു ചിലർ. ചൂളം വിളിക്കുന്നു മറ്റു ചിലർ. അഭിപ്രായപ്രകടനങ്ങൾ നടത്തുന്നു വേറെ ചിലർ. 

ഏതോ ഒരു ചീഞ്ഞ മനസുള്ളവൻ ചെമ്പകത്തെ രാജൻറെ വെടിപ്പുരയ്ക്കിന്ന് തീ പിടിക്കുമോ ആവൊ എന്ന് ചോദിക്കുന്നത് കേട്ടപ്പോൾ നെഞ്ച് പൊടിഞ്ഞു പോയി. തിരിഞ്ഞു നോക്കാൻ നിന്നില്ല. ഏറ്റവും വേദനിപ്പിച്ചത് അത് സുകു കേൾക്കെയാണല്ലോ എന്നോർത്തായിരുന്നു. 

അങ്ങാടിയിൽ ബസ്സ് കാത്തു നിൽക്കുമ്പോൾ എന്നെ തന്നെ തുറിച്ചു നോക്കി നിൽക്കുന്ന ആൺപെൺമുഖങ്ങളെ കണ്ടില്ലെന്ന് നടിച്ചു. അതിപ്പോൾ പതിവുള്ളതാണല്ലോ. പല മുഖങ്ങളിലും കടും പരിഹാസത്തിൻറെ കറുത്ത അടയാളങ്ങളുണ്ടായിരുന്നു. ബസ്സു വന്നു. ഞാനതിൽ കയറി പട്ടണത്തിലേക്ക് പോന്നു. അതൊരു തരം രക്ഷപ്പെടലായിട്ടാണ് എനിക്ക് തോന്നുന്നത്. എന്നെ ആരും അറിയാത്ത പട്ടണം ഒരു കണക്കിന് എനിക്ക് സുഖമുള്ള ഇടമാണ്.

പതിവ് പോലെ ഞാൻ എന്തൊക്കെയോ ചെയ്തുവച്ചു. ഓടിച്ചൊരു അടിച്ചുവാരൽ. ഇവിടെ ആരും താമസിമില്ലെന്ന് പറഞ്ഞിട്ടെന്താ. എല്ലാ ആഴ്ചയും ഒരുപാട് ഭക്ഷണ സാധനങ്ങളുടെ അവശിഷ്ടങ്ങളുണ്ടാകും. ഇവിടെ ആരൊക്കെയോ വരവും പോക്കുമുണ്ടെന്ന് ഉറപ്പാണ്. മദ്യക്കുപ്പികൾ യഥേഷ്ടം കാണാം. സിഗരറ്റു കുറ്റികളും. കുത്തഴിഞ്ഞ ശീട്ടുകളും കാണാം. പട്ടണമല്ലേ. മാത്രമല്ല വലിയൊരു വളപ്പിലല്ലേ വീട്. തൊട്ടടുത്തൊന്നും അധികം അയല്പക്കക്കാരില്ല. ഉള്ളവർക്കൊന്നും അപ്പുറത്തേയ്ക്കും ഇപ്പുറത്തേയ്ക്കും നോക്കാൻ നേരമില്ല. 

അടുക്കള ഒന്ന് അടുക്കിപ്പെറുക്കി വൃത്തിയാക്കി കഴിയുന്നതേ ഉള്ളൂ. അപ്പോഴാണ് ഇടിമുഴക്കം പോലെ മുറ്റത്ത് മോട്ടോർ സൈക്കിളിൻറെ ശബ്ദം കേട്ടത്. ഞെട്ടിവിറച്ച് ചൂളിപ്പോയി ഞാനാദ്യം. ആദ്യത്തെ ഏതാനും നിമിഷങ്ങൾ അങ്ങിനെ ചൂളി നിന്നെങ്കിലും പെട്ടെന്ന് സമനില വീണ്ടെടുത്തു. ഓടിച്ചെന്ന് കത്തി കയ്യിലെടുത്തു. 

ഞാനത് മുറുകെ പിടിച്ചു കൊണ്ട് പതുക്കെ പതുക്കെ അടിവച്ചടിവച്ച് ആകമുറിയിലേക്ക് ചെന്നു. പേടിക്കരുത്. അഥവാ പേടിച്ചാലും പേടി മുഖത്ത് കാണിക്കരുത്. ഇന്ന്, ഇന്നാണ് നീ കാത്തിരുന്ന ആ ദിവസം. മനസ്സിൽ പ്രിയപ്പെട്ടവരുടെ മുഖം മാറി മാറി വന്നു. വേണ്ട.. ഒന്നും ഓർക്കേണ്ട..  മനസ്സ് അങ്ങിനെ മന്ത്രിക്കുന്നുണ്ട്. 

അകമുറിയുടെ വാതിൽക്കലെത്തിയപ്പോൾ കണ്ടു. ആശാരിക്കാവിലെ കാഞ്ഞിര മരം പോലെ നിൽക്കുന്ന അയാളെ.. 

ഞാൻ കത്തിയുടെ പിടി ഒന്ന് കൂടി മുറുക്കിപ്പിടിച്ചു. കുറുക്കൻറെ കണ്ണുകൾ പോലെ കുറുകിയ, കൗശലം നിറഞ്ഞ കണ്ണുകളോടെ അയാൾ നോക്കി നിൽക്കുകയാണ്. തോറ്റു കൊടുക്കാൻ ഒട്ടും മനസ്സില്ലാതെ ഞാനും... 

കൊല്ലണോ? 
ചാവണോ? 
ജീവിക്കണോ? 

മൂന്ന് ചോദ്യങ്ങൾ ഞങ്ങൾക്കിടയിൽ വൃത്തികെട്ട രൂപം പൂണ്ട് ഇളിച്ചു കാണിക്കുന്നുണ്ട്... 

തുടരും 

No comments:

Post a Comment