Tuesday, April 30, 2019

ആധിയുടെ അത്താഴം



രണ്ടായിരാമാണ്ടിലെ നവംബർ മാസം. റമദാനിലെ ആദ്യത്തെ രാത്രി. സൗദി അറേബ്യയുടെ ആകാശത്തെവിടെയോ പുഞ്ചിരിച്ചെത്തിയ ചന്ദ്രക്കല ഇപ്പോൾ ഇരുളിലെവിടെയോ മറഞ്ഞിരിക്കുന്നു. ഇരുൾ തിങ്ങിയ ആകാശത്ത് നക്ഷത്രങ്ങളൊന്നുമില്ലായിരുന്നു. അല്ലെങ്കിലും സൗദിയുടെ ആകാശം നക്ഷത്രങ്ങളുടെ കാര്യത്തിൽ പരമ ദരിദ്രമാണ്. കാറ്റ് മണ്ണിൽ നിന്നും അടിച്ച് പറത്തുന്ന പൊടി നിറഞ്ഞ അന്തരീക്ഷത്തിലൂടെ ആകാശത്തിൻറെ അങ്ങേ അറ്റത്തോളം സഞ്ചരിക്കാൻ നഗ്നനേത്രങ്ങൾക്ക് സാധിക്കാറില്ല. തളർന്നു തങ്ങളിലേക്ക് തന്നെ മടങ്ങുന്ന കണ്ണുകളിൽ നക്ഷത്രങ്ങൾ ചിരിക്കാറുമില്ല. അന്ന്, ആ അർദ്ധ രാത്രി, മക്കയെന്ന മഹാനഗരത്തിലെ, മിസ്ഫല എന്ന പ്രദേശത്തെ തിരക്കേറിയ പാതയോരത്ത്, വയറ്റിലാളുന്ന വിശപ്പും, മനസ്സ് നിറയെ ആധിയും, കൺകോണുകളിൽ മറ്റാർക്കും കാണാനാവാത്ത രണ്ട് നീർമുത്തുകളുമായി ഞാൻ ആലിയെ കാത്തിരിക്കുകയാണ്.

നോക്കിയാൽ കാണുന്ന ദൂരെയാണ്,  ലോക മുസ്ലിമീങ്ങൾ ദിനേനെ അഞ്ചു നേരം മുഖം തിരിക്കുന്ന വിശുദ്ധ കഅബാലയം സ്ഥിതി ചെയ്യുന്ന മസ്ജിദുൽ ഹറം. അതിൻറെ മിനാരങ്ങൾ എനിക്ക് കാണാം. മിനാരങ്ങളിൽ നിന്നും മിനാരങ്ങളിലേക്ക് പറക്കുന്ന പറവകളെ കാണാം. ആ പറവകളോട് പലപ്പോഴും എനിക്കസൂയ തോന്നാറുണ്ട്. തങ്ങളുടെ ചിറകിൽ  നിന്നെത്ര തൂവലുകൾ പൊഴിഞ്ഞു പോകുന്നെന്നോ, ഇനിയെത്ര ബാക്കിയുണ്ടെന്നോ, ഇനിയെത്ര ദൂരം പറക്കാനാവുമെന്നോ, അവർ ഒരിക്കലും ആശങ്കപ്പെടാറില്ലല്ലോ? ഒഴിഞ്ഞ വയറുമായി അവ കൂട് വിട്ടകലുന്നു. നിറഞ്ഞ വയറുമായി അവ കൂട്ടിലേക്ക് തിരിച്ചെത്തുന്നു. ഞാനോ, ഭൂതകാലത്തെ ഓർത്ത് വ്യസനിക്കുന്നു. വർത്തമാനസാഗരത്തിൽ പ്രാരാബ്ധങ്ങളുമായി കൈകാലിട്ടടിക്കുന്നു. ഭാവിയെ ഓർത്ത് ആകുലപ്പെടുന്നു. ഭാഗ്യനിർഭാഗ്യങ്ങളുടെ ത്രാസിൽ, എൻറെ നിർഭാഗ്യത്തിൻറെ തുലാത്തട്ട് അങ്ങ് പാതാളത്തോളം താഴ്ന്നിരിക്കുക്കുന്നു. അപ്പോൾ എനിക്കെങ്ങനെ അവയോട് അസൂയ തോന്നാതിരിക്കും?

ഹറമിൽ നിന്നും പ്രാർത്ഥന കഴിഞ്ഞ് സത്രങ്ങളിലേക്ക് മടങ്ങുന്നവരും, സത്രങ്ങളിൽ നിന്നും പ്രാർത്ഥനയ്ക്കായി ഹറമിലേക്ക് പോകുന്നവരും കൂട്ടം കൂട്ടമായി ധൃതിയോടെ തിക്കിത്തിരിക്കി റോഡ് നിറഞ്ഞ് നടക്കുകയാണ്. പക്ഷെ ആ ജനമഹാസാഗരത്തിലും ഞാൻ അങ്ങേയറ്റം ഒറ്റപ്പെട്ടവനാണ്. ആ റോഡിൻറെ വലതു ഭാഗത്തേയ്ക്കും, ഇടത് ഭാഗത്തേയ്ക്കും മാറി മാറി അക്ഷമയോടെ നോക്കി നിൽക്കുന്ന ഞാൻ, ആ ജനസാഗരത്തെ തീരെ ശ്രദ്ധിക്കുന്നില്ലായിരുന്നു. ഇന്നലെ വരെ ഞാനാ ജനക്കൂട്ടത്തെ കൗതകത്തോടെ ശ്രദ്ധിച്ചിരുന്നു. അവർക്കിടയിലെ സുന്ദരികളെയും വൃദ്ധരെയും കുട്ടികളെയും ശ്രദ്ധിച്ചിരുന്നു. എന്നാലിപ്പോൾ അതൊന്നും എന്നെ തെല്ലും സ്പർശിക്കാതെ കടന്നു പോകുന്നു. എൻറെ മനസ്സിൽ ഒരേ ഒരു ചിന്ത മാത്രം. പത്തു പതിനാല് മണിക്കൂറായി എന്തെങ്കിലും ഒന്ന് കഴിച്ചിട്ട്. നല്ല പോലെ വിശക്കുന്നുണ്ട്. ആലി വന്നാലെ ഇനി എന്തെങ്കിലും ഒന്ന് കഴിക്കാനാവൂ. വന്നില്ലെങ്കിൽ ഇല്ല. കയ്യിൽ ഒരു റിയാൽ പോലുമില്ല. നാളെ നോമ്പാണ്. സുബഹി ബാങ്ക് വിളിക്കുന്നതിൻറെ  മുൻപ് ആലി വന്നില്ലെങ്കിൽ നാളെ അത്താഴമൊന്നും കഴിക്കാതെ നോമ്പ് പിടിക്കേണ്ടി വരും. ആ ചിന്തയാണ് എന്നെ ആധി പിടിപ്പിക്കുന്നത്. വിശപ്പും ആധിയും കൂടി എൻറെ മറ്റെല്ലാ വികാരങ്ങളെയും കൗതുകങ്ങളെയും തിന്നു തീർത്തിരിക്കുന്നു. 

മക്കയിലേക്ക് ഞാൻ വന്നിട്ട് നാല്പത് ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു. ജിദ്ധയിലായിരുന്നു. തൊണ്ണൂറ്റി എട്ടിൽ പ്രാരാബ്ധങ്ങളുടെ ഭാണ്ഡവും മുറുക്കി സൗദിയിലേക്ക് വന്നതാണ്. കയ്യിലുള്ളത് ഒരു കമ്പ്യൂട്ടർ ഡിപ്ലോമ മാത്രം. അമ്മാവൻ ആദ്യമേ പറഞ്ഞിരുന്നു. അതൊക്കെ വല്ല കുപ്പയിലേക്കും ഇട്ടിട്ട് പോന്നാൽ മതി, ഇവിടെ സൂപ്പർമാർക്കറ്റിൽ ക്ലീനറായി ജോലി ചെയ്യാൻ സർട്ടിഫിക്കറ്റിൻറെ ഒന്നും ആവശ്യമില്ല എന്ന്. ഒരു വർഷം ആ ജോലി ചെയ്തു. പിന്നെ സ്പോസർ കട വിറ്റപ്പോൾ ജോലിയില്ലാതായി. സ്‌പോൺസർഷിപ്പ് മാറ്റാം എന്നൊരു സാധ്യത വന്നപ്പോൾ ആഗ്രഹിച്ച ജോലി, ഒരു കമ്പ്യൂട്ടർ പ്രോഗ്രാമറാവുക എന്ന സ്വപ്നം, പിന്നെയും മനസ്സിൽ അങ്കുരിച്ചു. അവിടന്നങ്ങോട്ട് ഒരലച്ചിലായിരുന്നു. സൗദിയിൽ ഇനി ഞാൻ ചെയ്യാൻ ജോലി വല്ലതും ബാക്കിയുണ്ടോ എന്ന് സംശയം തോന്നാവുന്ന അത്രയും വൈവിധ്യമായ ജോലികൾ ചെയ്തു. കിട്ടുന്ന ഏത് ജോലിക്കും കയറി, അവിടെ നിന്നുകൊണ്ട് ആഗ്രഹിക്കുന്ന ജോലിക്ക് ശ്രമിക്കുക എന്നതായിരുന്നു രീതി. വെറുതെയിരിക്കാൻ ഒരു നിർവാഹവും ഇല്ലായിരുന്നു. മാസാമാസം ഞാനും ഉപ്പയും ചേർന്ന് നാട്ടിലേക്കയക്കുന്ന പണം കിട്ടിയില്ലെങ്കിൽ അവിടെ അവർക്ക് നേരിടാൻ ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു. പക്ഷെ, എവിടെ ജോലിക്ക് കയറിയാലും അല്പായുസായിരിക്കും. ഒന്നുകിൽ അവർക്ക് എന്നെ പറ്റില്ല. അല്ലെങ്കിൽ എനിക്കവരെ പറ്റില്ല. ഇനി ഇത് രണ്ടുമല്ലെങ്കിലോ അവർ സ്പോസർഷിപ്പ് ചോദിക്കും. കമ്പ്യൂട്ടർ പ്രോഗ്രാമാറായി ജോലി കിട്ടിയാൽ മാത്രമേ സ്പോസർഷിപ്പ് കൊടുക്കൂ എന്നൊരു തീരുമാനമുണ്ടായിരുന്നത് കൊണ്ട് എനിക്ക് അതിനാവുകയുമില്ല. അങ്ങിനെ അവസരം കാത്ത് അലഞ്ഞു നടന്നു. ചില അവസരങ്ങൾ വന്നു. കൗശലവും സാമർത്ഥ്യവും എന്നും എനിക്ക് കുറവായിരുന്നു. കിട്ടിയ ജോലിയിൽ ജോയിൻ ചെയ്യാൻ ചെന്നപ്പോഴേക്കും വേറെ ഒരാൾ കയറിയിരുന്നത് കണ്ട്, നിറഞ്ഞ കണ്ണുകളോടെ ഇറങ്ങേണ്ടി വന്നിട്ടുണ്ട്. അപ്പോഴും മനസ്സിൽ ഒരു ഉറപ്പുണ്ടായിരുന്നു. നഷ്ട്ടപെട്ടതിനേക്കാൾ ആയിരമിരട്ടി നല്ലത് എനിക്ക് പടച്ചവൻ തരും. ഉറപ്പാണ്. ആ ഉറപ്പ് തന്നെയാണ് എന്നെ മുന്നോട്ട് ചലിപ്പിക്കുന്ന ചാലകം. അന്നും, ഇന്നും.

നാൾക്കു നാൾ ജിദ്ദ എനിക്കൊരു ചൂള പോലെയായി മാറിക്കൊണ്ടിരുന്നു. പരിഹസിക്കുന്ന കൂട്ടുകാർ. മുഖം കറുപ്പിക്കുന്ന അമ്മാവൻ. എൻറെ ജീവിതം ദുസ്സഹമായി. എനിക്ക് കമ്പ്യൂട്ടർ ഒന്നും അറിയില്ല, ജോലി ചെയ്യാൻ മടിയായത് കൊണ്ടാണ് ഒരിടത്തും ഉറച്ച് നിൽക്കാത്തത് എന്നതായിരുന്നു ചിലരുടെ കണ്ടു പിടുത്തം. മക്കയിലെ ബദർ ബേക്കറിയിൽ ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന ഉപ്പ, ഫോണിലൂടെ എൻറെ നനഞ്ഞ ശബ്ദം കേട്ടപ്പോൾ പറഞ്ഞു. നീയെന്തിനാടാ വിഷമിക്കുന്നത്. ഇങ്ങോട്ട് പോരൂ. നമുക്കി ഇവിടെയങ്ങ് കൂടാം. അതൊരു മഞ്ഞു മഴയായിരുന്നു. 

മക്കയിൽ താമസിക്കാൻ സൗകര്യം കിട്ടിയത് മിസ്ഫലയിൽ ലോഡ്ജ് നടത്തുന്ന അമ്മാവൻറെ അളിയൻ ആലിയുടെ കൂടെ. ആലിയെ  സഹായിച്ചും, ജോലി അന്വേഷിച്ചുമൊക്കെ ഞാൻ അവിടെ കൂടി. എന്നും അസർ കഴിഞ്ഞാൽ സർട്ടിഫിക്കറ്റുകളുമായി ജോലി തെണ്ടി പോകുന്ന ഞാൻ ആദ്യമൊക്കെ അവർക്കൊരു കൗതുകവും. പിന്നെ പിന്നെ ഒരു വഷളൻ ചിരിക്കുള്ള വകയുമായി.  എന്നും രാത്രി ഉപ്പയെ കാണും. ഹറമിൽ വച്ച്. പാവം, മക്കൾക്ക് വേണ്ടി പടച്ചവനോട് പ്രാർത്ഥിക്കാൻ മുന്ന് നാല് കിലോമീറ്റർ നടന്ന്, എന്നും അദ്ദേഹം ഹറമിലേക്ക് വരാറുണ്ടായിരുന്നു. ഒരു മകൻറെ അസുഖം മാറണം.  അവൻ അവൻറെ മക്കളോടൊത്ത് സുഖമായി ജീവിക്കണം. മറ്റൊരു മകന് നല്ല ജോലി കിട്ടണം. ഇതല്ലാതെ അദ്ദേഹം വേറെ വല്ലതും പ്രാർത്ഥിച്ചിരുന്നോ? ഉണ്ടെന്ന് തോന്നുന്നില്ല. ഉപ്പ എപ്പോഴും പറയും. എനിക്കൊക്കെ വയസ്സായില്ലേ. പക്ഷെ നീ അങ്ങിനെയല്ല. ചെറുപ്പമാണ്. നീ പ്രാർത്ഥിക്കണം. നിൻറെ പ്രാർത്ഥനയ്ക്ക് പടച്ചവൻ പ്രത്യേക പരിഗണന തരും. ചോരത്തിളപ്പിൽ പടച്ചവനെ വേണ്ടാതെ നടക്കാൻ തോന്നുന്ന പ്രായത്തിൽ, പടച്ചവനെ വിളിക്കുന്നവരെ പടച്ചോൻ പ്രത്യേകം പരിഗണിക്കും.  ആ വാക്കുകൾ ആ കാലങ്ങളിലെ എൻറെ പ്രാർത്ഥനകൾക്ക് പ്രത്യേക മാനങ്ങൾ നൽകിയിരുന്നു.

ആലിക്ക് ലോഡ്ജ് നടത്തിപ്പ് മാത്രമല്ല, വേറെ ചെറിയൊരു സൈഡ് ബിസിനസ് കൂടിയുണ്ടായിരുന്നു. അന്നൊക്കെ ആളുകൾ ഉംറ വിസയ്ക്ക് മക്കയിലേക്ക് വരും. കാലാവധി കഴിഞ്ഞാലും തിരിച്ചു പോകാതെ അവിടെ നിൽക്കും. കിട്ടുന്ന ജോലി ചെയ്ത്, പിടിക്കപ്പെടുന്നത് വരെ അവിടെ കൂടും. അങ്ങിനെ വന്ന, ടൈലർമാരെ വച്ച് നടത്തുന്ന ഒരു അനധികൃത തയ്യൽ കട. ലോഡ്ജിലെ ഒരു റൂമു തന്നെയാണത്. അവിടെ അന്ന് മൂന്ന് ചെറുപ്പക്കാരുണ്ടായിരുന്നു. അവരായിരുന്നു എൻറെ കമ്പനി. 

മക്കയിലെ ഒരു സീസൺ സമയമാണ് റമദാൻ. ഒരു കിടക്കയ്ക്കാണ് വാടക. അത് കൊണ്ട് തന്നെ ഈ ടൈലറിംഗ് യൂണിറ്റ് അവർ വേറെ എങ്ങോട്ടോ മാറ്റുകയാണ്. ഇന്ന് ഉച്ചയ്ക്ക് കേട്ടറിഞ്ഞ ഒരു ജോലിസാധ്യത അന്വേഷിച്ച് ഞാൻ പോയതായിരുന്നു. തിരിച്ചു വന്നപ്പോൾ അവിടെ ആലിയുടെ സിൽബന്തിയായ ബംഗാളി മാത്രമേ ഉള്ളു. ആലി തയ്യൽകാരെ ഒക്കെ കൂട്ടി പുതിയ സ്ഥലത്തേയ്ക്ക് പോയത്രെ. അങ്ങിനെ ആലിയെയും കാത്തിരിക്കുകയാണ് ഞാൻ. ശഅബാൻ മാസം ഇരുപത്തി ഒൻപതിന് മാസപ്പിറ കണ്ടത് കൊണ്ട് നാളെ നോമ്പാണ്. എല്ലാവരും കരുതിയിരുന്നത് നോമ്പ് മറ്റന്നാളെയായിരിക്കും എന്നാണ്. ഇതിപ്പോൾ കയ്യിൽ കാശില്ല, കഴിക്കാൻ ഭക്ഷണമില്ല, ആലിയെ കാണുന്നുമില്ല. എൻറെ ഇന്നത്തെ അത്താഴം എവിടെ ആരുടെ കയ്യിലാണെന്ന് എനിക്ക് യാതൊരു നിശ്ചയവും ഇല്ല. സമയം അർദ്ധ രാത്രി കഴിഞ്ഞിട്ടുണ്ട്. വയറ്റിൽ വിശപ്പും, മനസ്സിൽ ആധിയും കൂടിക്കൂടി വരവെ, എനിക്ക് സങ്കടം കൂടി വരുന്നുണ്ടായിരുന്നു.

സമയം ഏകദേശം ഒരുമണിയായപ്പോഴേക്കും കടകളൊക്കെ അടച്ചു തുടങ്ങി. നിരത്തിൽ തിരക്ക് കുറവായി വരുന്നു. ആലിയുടെ ലോഡ്ജിൽ താമസിക്കുന്ന കാശ്മീരി കുടുംബം, വയസ്സായ പിതാവും മാതാവും ചെറുപ്പക്കാരിയായ ഒരു മകളും, ഹറമിലേക്ക് പോകാൻ വേണ്ടി ഇറങ്ങിയത് അപ്പോഴാണ്. മായിൻ എന്ന എൻറെ കൂട്ടുകാരനോടും എന്നോടുമൊക്കെ നല്ല അടുപ്പമുണ്ടായിരുന്നു ആ കാശ്മീരി യുവതിക്ക്. എപ്പോഴും എന്തെങ്കിലും വളവാളാന്ന് സംസാരിച്ചു കൊണ്ടേയിരിക്കും. രണ്ടീസം മുൻപ് തമാശ രൂപത്തിൽ പറഞ്ഞതാണ്. നീയും മായിനുമൊക്കെ വല്ല്യ ഷൈക്കുമാർ അവാൻ വേണ്ടി അവൾ പ്രാർത്ഥിച്ചിട്ടുണ്ടെന്ന്. നല്ല കാര്യമായി. ഷെയ്ക്കുമാരൊന്നും ആവണ്ട. എൻറെ ഉമ്മ പറയുന്ന പോലെ കടങ്ങളൊന്നുമില്ലാതെ ഒരു ദിവസമെങ്കിലും ഒരു ദിവസം ജീവിച്ചിട്ട് മരിച്ചാലും വേണ്ടില്ല. അത്രയേ ഉള്ളൂ.

അവളെ കണ്ടപ്പോൾ ഒരു പത്തു റിയാൽ കടം ചോദിച്ചാലോ എന്നാണ് ഞാനാദ്യം ആലോചിച്ചത്. കിട്ടാതിരിക്കില്ല. വല്ലതും വാങ്ങിക്കഴിക്കാമല്ലോ. അങ്ങിനെ ഓരോന്നാലോചിച്ച് വിഷണ്ണനായി നിൽക്കുന്ന എന്നെ കണ്ടപ്പോൾ അവളാദ്യം ഒന്ന് പുഞ്ചിരിച്ചു. പിന്നെ കണ്ണു കൊണ്ട് എന്താ എന്നൊരു ചോദ്യം. ഒന്നുമില്ല എന്ന് ഞാൻ കണ്ണ് കൊണ്ട് തന്നെ മറുപടി പറഞ്ഞു. ഞാനവളോടൊന്നും ചോദിച്ചില്ല. എന്തോ, ചെറുപ്പക്കാരിയായ ഒരു സ്ത്രീയോട്  പൈസ കടം ചോദിക്കാൻ എനിക്ക് മനസ്സ് വന്നില്ല. അവർ ഹറമിലേക്ക് പോകുന്നതും നോക്കി നിൽക്കവയെയാണ് സൗദി ഫാബ്രിക്സ് എന്ന തുണിക്കടയിൽ ജോലി ചെയ്യുന്ന ഒരാൾ എൻറെ അടുത്തേയ്ക്ക് വന്നത്. ആലിയുടെ ലോഡ്ജിൻറെ മുകളിൽ പ്രത്യേകം തയ്യാറാക്കിയ ഷെഡിലാണ് സൗദി ഫാബ്രിക്സിലെ തൊഴിലാളികൾ താമസിക്കുന്നത്.  അത് കൊണ്ട് ഞങ്ങൾക്ക് പരസ്പരം കണ്ടു പരിചയമുണ്ട്. എൻറെ ആ നിർത്താമോ, മുഖഭാവമോ കണ്ടാവണം അദ്ദേഹം ചോദിച്ചു.

"എന്താ ചങ്ങാതീ ഇവിടെ നിൽക്കുന്നത്?"

ഞാൻ ഒരു വിളറിയ പുഞ്ചിരിയോടെ പറഞ്ഞു. "ആലിയെ കാത്തു നിൽക്കുകയാണ്." 

അദ്ദേഹം തലകുലുക്കി. പോകാന്നേരമാണ് ചോദിച്ചത്. "അത്താഴം കഴിച്ചോ നീയ്...?"

ഇല്ലെന്ന് ഞാൻ തലയാട്ടി. "ആലി വരട്ടെ.. ആലി വന്നിട്ട് കഴിച്ചോളാം" 

അദ്ദേഹം പറഞ്ഞു. "ഉം.. നല്ല കാര്യായി.. ഓൻറെ വരവും പോക്കുമൊക്കെ ഒരു കണക്കാ.. ഒരു കാര്യം ചെയ്യ്. ഇയ്യ്‌ വാ.. അത്താഴം ഇന്ന് ഞങ്ങളെ കൂടെ കൂടിക്കോ..."

സത്യത്തിൽ അതിനേക്കാൾ സന്തോഷമുണ്ടാക്കുന്ന മറ്റൊന്നും ആ നിമിഷം എനിക്കുണ്ടാവേണ്ടതല്ല. എന്നിട്ടും എന്നിലെ അല്പത്തരം പിടിച്ച ദുരഭിമാനം ആ ക്ഷണം സ്വീകരിക്കാൻ കൂട്ടാക്കിയില്ല. ഏയ്, അതൊന്നും വേണ്ട. ആലി കൊണ്ട് വരുന്ന ഭക്ഷണം വേസ്റ്റാവും എന്നാണു ഞാനതിന് മറുപടി പറഞ്ഞത്. ഒരല്പ നേരം എന്തോ ആലോചിച്ചു നിന്ന അദ്ദേഹം ഒരു പത്തു റിയാലെടുത്ത എൻറെ നേരെ നീട്ടി.

"എന്നാലൊരു കാര്യം ചെയ്യ്. ആലി വന്നില്ലെങ്കിൽ വല്ലതും വാങ്ങിക്കോ..." 

എനിക്കറിയില്ല, എൻറെ കയ്യിൽ കാശൊന്നും ഉണ്ടാവില്ലെന്ന് അദ്ദേഹത്തിന് എങ്ങിനെ മനസ്സിലായെന്ന്. ആവശ്യമുണ്ടായിട്ടും, ഞാനത് വാങ്ങിയില്ല. 

"അതിൻറെയൊന്നും ആവശ്യമില്ല. ആലി എന്തായാലും വരാതിരിക്കില്ല."

ഞാനങ്ങനെ പറഞ്ഞപ്പോൾ ചെറുചിരിയോടെ തലയാട്ടിക്കൊണ്ട് ആദ്ദേഹം പോയി. ഞാൻ പിന്നെയും ആലിയെ കാത്തിരുന്നു. സമയം ഇഴഞ്ഞു നീങ്ങവേ, ഓരോ നിമിഷം കഴിയുന്തോറും എനിക്ക് വിശപ്പും, ആധിയും, സങ്കടവും മാത്രമല്ല, ഇപ്പോൾ എന്നോട് തന്നെ ദേഷ്യവും കൂടി വരുന്നുണ്ട്. ആ പാവം മനുഷ്യൻ വിളിച്ചപ്പോൾ പോയില്ല. അത് പോട്ടെ എന്ന് വച്ചാലും അയാൾ നീട്ടിയ പൈസ എന്ത് പണ്ടാരം കരുതിയാണ് ഞാൻ നിരസിച്ചത്. ചെകുത്താൻ കയറിയ ബുദ്ധി എന്നല്ലാതെ വേറെ എന്താണ് അതിനൊക്കെ പറയേണ്ടത്. അനുഭവിച്ചോ. നല്ലോണം അനുഭവിച്ചോ. ഞാൻ എന്നെ തന്നെ ശകാരിച്ചു. 

സമയം രണ്ടു മണി കഴിഞ്ഞു.. ആലി ഇനി വരവൊന്നും ഉണ്ടാവില്ല. രണ്ടര മൂന്ന് മണിക്കൂർ കൂടിക്കഴിഞ്ഞാൽ   സുബ്ഹിക്ക് ബാങ്ക് വിളിക്കും. സാരമില്ല. ഈ ഒരു നോമ്പ് ഇങ്ങിനെയങ്ങ് പോകട്ടെ. എന്നാലും എനിക്ക് സങ്കടമുണ്ട്. മുന്നിൽ വന്ന ഭക്ഷണം ഞാൻ തട്ടിത്തെറിപ്പിച്ചില്ലേ. അത് ചെയ്യരുതായിരുന്നു. തൊട്ടടുത്ത ലോഡ്ജിൽ നിന്നും ഒരു പാകിസ്താനി കുടുംബം ഹറമിലേക്ക് പോകാൻ വേണ്ടി ഇറങ്ങിയിട്ടുണ്ട്. അവരുടെ കൂട്ടത്തിൽ ഇരട്ടകളായ രണ്ടു പെൺകുട്ടികളുണ്ടായിരുന്നു. തലേന്ന് പോലും ഞാനും മായിനും അവരെ നോക്കി കണ്ണും കയ്യുമൊക്കെ കാണിച്ചതാണ്. എൻറെ ചകിരി മാന്തിപ്പറിച്ച പോലുള്ള മുടി നോക്കി അവർ എന്തോ സ്വകാര്യം പറഞ്ഞ് ചിരിക്കുന്നത് കാണാം.   അവരെ കുറ്റം പറയാൻ പറ്റില്ല. ആരാണെങ്കിലും ചിരിച്ചു പോകും. അവരങ്ങനെ മെല്ലെ മെല്ലെ നടന്നു പോകുന്നത് നോക്കി നിൽക്കെയാണ് എനിക്ക് ഹറമിലേക്കൊന്നു പോയാലോ എന്നൊരു ചിന്തയുണ്ടാവുന്നത്. ഇന്നിനി എന്തായാലും ആലി വരില്ല. എന്നാൽ പിന്നെ ഹറമിൽ പോയി ഒന്ന് നിസ്കരിച്ച്, ഒരു ത്വവാഫൊക്കെ ചെയ്ത് സംസം വെള്ളവും കുടിച്ച്, സുബഹി നിസ്കാരം കഴിഞ്ഞ് വന്നു കിടക്കാം. നാളെ നോമ്പായതോണ്ട് ഉച്ചയ്ക്ക് എഴുന്നേറ്റാൽ മതിയല്ലോ. ഞാൻ ആ പാകിസ്താനി കുടുംബത്തിൻറെ പിന്നാലെ മെല്ലെ ഹറമിലേക്ക് നടന്നു. 

ഹറമിൽ പാകിയ ശുഭ്രശിലകൾ ഉള്ളം കാൽ മാത്രമല്ല, ശിരസ്സ് കൂടി തണുപ്പിക്കും. ദാഹിച്ച് തൊണ്ട വരണ്ടിരുന്ന ഞാൻ ആദ്യം കുറെ സംസം വെള്ളം കുടിക്കുകയാണ് ചെയ്തത്. മനസ്സിലേക്കൊരു കുളിർകാറ്റ് വീശുന്നുണ്ട്. ഹറം ഏറെക്കുറെ വിജനമാണ്. നാളെ പകൽ നോമ്പായത് കൊണ്ട് ആളുകളിൽ മിക്കവരും അത്താഴം കഴിക്കാൻ സത്രങ്ങളിലേക്ക് തിരികെ പോയിട്ടുണ്ടാവും. എന്നാലും മത്വാഫിൽ കഅബയ്ക്ക് ചുറ്റും ആയിരങ്ങൾ ഇപ്പോഴും പ്രദക്ഷിണം ചെയ്യുന്നുണ്ടായിരുന്നു. ഞാനും അവരിലൊരാളായി മാറി.  

എൻറെ മനസ്സാകെ പ്രഷുബ്ധമായിരുന്നു. നിരാശയെന്ന ക്രൂരമൃഗം ഒരു കൈപാടകലെ പല്ലിളിച്ച് കാണിക്കുന്നു. ഇനിയെന്ത് എന്ന് ചോദിക്കുന്ന ജീവിതം. ജോലിയില്ല. സഹായിക്കാൻ അധികമൊന്നും ആളുകളുമില്ല. ആഗ്രഹിക്കുന്ന തൊഴിൽ മേഖലയിൽ പരിചക്കാരാരുമില്ല. എത്രയെത്ര അവസരങ്ങൾ കപ്പിനും ചുണ്ടിനുമിടയ്ക്ക് നഷ്ടപ്പെട്ടു. എത്രയെത്ര പരിഹാസ ശരങ്ങളെൻറെ ഹൃദയത്തിൻറെ ഉൾഭിത്തികളിൽ തൊട്ടു. എന്നിലിപ്പോൾ ആകെ അവശേഷിക്കുന്നത് പടച്ചവൻറെ കാരുണ്യത്തിലുള്ള പ്രതീക്ഷ ഒന്ന് മാത്രമാണ്. എൻറെ രക്ഷിതാവ് എന്നോട് കരുണ കാണിക്കാതിരിക്കില്ല എന്ന പ്രതീക്ഷ ഒന്ന് മാത്രം. ആ ഇത്തിരി വെട്ടം മാത്രം ഒരിക്കലും കെടാതെ ഞാനെൻറെ ഹൃദയത്തിൽ സൂക്ഷിച്ചു പോന്നിട്ടുണ്ട്. 

വളരെ യാദൃച്ഛികമായാണ് എൻറെ കണ്ണിൽ ഒരു അറബ് പെൺകുട്ടിയുടെ മുഖം പെട്ടത്. അവൾ ചെറുപ്പക്കാരിയും സുന്ദരിയുമായിരുന്നു. കുന്നത്ത് വച്ച വിളക്ക് പോലെ പ്രഭാമയമായ മുഖം. പക്ഷെ, ആ കണ്ണുകളും കവിളുകളും കണ്ണുനീരിൽ തിളങ്ങുന്നുണ്ടായിരുന്നു. തൻറെ ഉള്ളിലെ ആത്മസംഘർഷം അവൾ തൻറെ രക്ഷിതാവിൻറെ മുൻപിൽ ഇറക്കി വെക്കുകയാവാം. 

ഞാനൊന്ന് ചുറ്റിലും നോക്കി. ഏറെക്കുറെ എല്ലാവർക്കും ഒരേ മുഖഭാവം. അതിൽ പാപമോചനം തേടിയെത്തിയവരുണ്ടാവും. രോഗശമനം തേടിയെത്തിയവരുണ്ടാവും. എത്രയോ കഠിനമായ പ്രശനങ്ങൾ നേരിടുന്നവരുണ്ടാവും. ആശ്രയത്തിൻറെ അവസാന വാതിലിൽ മുട്ടിവിളിക്കാൻ വന്നവരാണ് അവരെല്ലാം. ഒരു വൃദ്ധനായ മനുഷ്യൻറെ പ്രാർത്ഥന എൻറെ കാതുകളിൽ വീണു. "രക്ഷിതാവേ, ഞങ്ങളുടെ മാതാപിതാക്കളോട് നീ  കരുണ ചെയ്യേണമേ,  ചെറുപ്പത്തിൽ അവർ ഞങ്ങളോട് കരുണ ചെയ്ത പോലെ." അദ്ദേഹം അത് ആവർത്തിക്കുകയായിരുന്നു. ഞാൻ എൻറെ മാതാപിതാക്കളെ കുറിച്ചോർത്തു. പിന്നെ ഞാൻ എന്നിലേക്കും, എൻറെ രക്ഷിതാവിലേക്കും ചുരുങ്ങി. അല്ലാഹുവെ, നിൻറെ അനുഗ്രഹത്തിന് ഞാൻ അങ്ങേയറ്റം ആവശ്യമുള്ളവനാകുന്നു. തീർച്ചയായും ഞാൻ അതിന് വളരെ ധൃതിയുള്ളവനുമാകുന്നു. 

അന്ന് കഅബയെ തൊട്ടു നിന്ന് ഞാനൊരുപാട് നേരം പ്രാർത്ഥിച്ചു. ഒരു നല്ല ജോലിക്ക് വേണ്ടി. എൻറെ മാതാപിതാക്കൾക്ക് വേണ്ടി. എൻറെ സഹോദരനും അവൻറെ കുടുംബത്തിനും വേണ്ടി. ഒരുപാട് നേരം പ്രാർത്ഥിച്ചിട്ടും, ആ നിമിഷം വയറ്റിലാളുന്ന വിശപ്പൊന്നു ശമിപ്പിക്കാൻ ഒരു മാർഗം കാണിച്ച് തരണമേ എന്ന് പ്രാർത്ഥിക്കാൻ എനിക്ക് ധൈര്യമുണ്ടായില്ല. സത്യത്തിൽ എനിക്ക് മുൻപിൽ ഭക്ഷണത്തിൻറെ മാർഗങ്ങളൊക്കെ വന്നതായിരുന്നില്ലേ. പിന്നെയും എല്ലാമറിയുന്ന പടച്ച തമ്പുരാനോട് ഭക്ഷണത്തിനായി പ്രാർത്ഥിക്കാൻ ലജ്ജ തോന്നി. കുറെ നേരം പ്രാർത്ഥിച്ചപ്പോൾ മനസ്സിന് ഒരാശ്വാസം കിട്ടി. പിന്നെയും  വയറു നിറയെ സംസം വെള്ളം കുടിച്ചു. ഹറമിലെമ്പാടും സൗജന്യമായി കിട്ടുന്ന സംസം, സ്വന്തം മകൻറെ ദാഹം കൊണ്ടുള്ള കരച്ചിൽ കേട്ട് സഹിക്ക വയ്യാതെ ഒരമ്മയുടെ ഹൃദയം പൊട്ടിയൊഴുകിയ ഉറവയാണ്. ഹറമിലെ ശുഭ്രശിലയിൽ ചമ്രം പടിഞ്ഞിരിക്കെയാണ് ഉള്ളിലിരുന്ന് ആരോ ചോദിക്കുന്ന പോലെ തോന്നിയത്. ആലി ഇതിനകം തിരിച്ചു വന്നിട്ടുണ്ടെങ്കിലോ? മൂപ്പർ എനിക്കുള്ള ഭക്ഷണം കൊണ്ട് വന്നിട്ടുണ്ടെകിലോ?  സമയം സുബഹി ബാങ്ക് കൊടുക്കാൻ ഒരു മണിക്കൂർ കഷ്ടിച്ചേ ഉള്ളൂ. ആളുകൾ കൂട്ടം കൂട്ടമായി ഹറമിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. പോയാൽ പിന്നെ തിരിച്ച് വരൻ നേരമില്ല. എന്നിട്ടും എൻറെ ഉള്ളിലെ ആ വിളിയാളം എന്നെ ലോഡ്ജിലേക്ക് നയിച്ചു.

ലോഡ്ജിലെത്തി ഉറങ്ങുന്ന ബംഗാളിയെ വിളിച്ചുണർത്തി ആലി വന്നോ എന്ന് ചോദിച്ചപ്പോൾ, ഇഷ്ടപെടാത്ത ഭാവത്തിൽ ഇല്ല എന്ന് പറഞ്ഞു. എൻറെ ചുണ്ടിൽ നിരാശയും പുച്ഛവും കലർന്നൊരു വികൃത ചിരിയുണ്ടായി. അവിടെ ഹറമിലിരുന്നിരുന്നെങ്കിൽ സുബഹി അവിടെ നമസ്കാരികമായിരുന്നു. അതെങ്കിലും കിട്ടിയേന്നെ. ഇതിപ്പോൾ വയറു നിറച്ച് വെള്ളം കുടിച്ച് നടന്നിട്ടാണെന്ന് തോന്നുന്നു, പള്ള കൊളുത്തിപ്പിടിക്കുന്നുണ്ട്. മാത്രമല്ല, മൂത്രമൊഴിക്കാൻ മുട്ടിയിട്ട് വയ്യ. ബാത്ത് റൂമിൽ ചെന്ന് വിശാലമായി ഒന്ന് മൂത്രമൊഴിച്ചപ്പോൾ, ഹാവൂ, എന്തൊരാശ്വാസം. മുഷിഞ്ഞ വസ്ത്രങ്ങൾ അഴിച്ചു മാറ്റാനാണ് മുറിയിലേക്ക് കയറിയത്. അവിടെ മേശപ്പുറത്ത് മൂടിവച്ച രണ്ടു പാത്രങ്ങൾ കണ്ടു. ഇതെന്താണെന്ന കൗതുകത്തോടെ തുറന്നു നോക്കിയപ്പോൾ എനിക്കെൻറെ കണ്ണുകളെ വിശ്വസിക്കാൻ പോലുമായില്ല. ഒരാൾക്ക് കഴിക്കാനുള്ള ചപ്പാത്തിയും  ഒരല്പം വെജിറ്റബിൾ കുറുമയും ആയിരുന്നു അത്. 

ഇതാരാണ് ഇവിടെ കൊണ്ട് വന്നു വച്ചത് എന്ന് ഞാനത്ഭുതപ്പെട്ടു. ആലി വന്നിട്ടില്ലല്ലോ. ബംഗാളി എന്തായാലും അല്ല. ആണെങ്കിൽ എന്നോട് പറയുമല്ലോ. പിന്നെ ഇതാര്? സമയം അരമണിക്കൂർ കൂടിയെ ഉള്ളൂ. അധികമൊന്നും ആലോചിച്ച് നിൽക്കാൻ നേരമില്ല. പിന്നെ, ഒന്നും നോക്കിയില്ല. നിറഞ്ഞൊഴുകുന്ന കണ്ണുകൾ പുറങ്കയ്യാൽ തുടച്ചു കൊണ്ട്, ഞാനത് പതുക്കെ കഴിക്കാൻ തുടങ്ങി. ഒരിക്കലും നാവിൽ നിന്നോ മനസ്സിൽ നിന്നോ മാഞ്ഞുപോവാത്ത അത്രയും രുചിയോടെ...

*ശുഭം* 

1 comment:

  1. അധികമൊന്നും ആലോചിച്ച് നിൽക്കാൻ നേരമില്ല. പിന്നെ, ഒന്നും നോക്കിയില്ല. നിറഞ്ഞൊഴുകുന്ന കണ്ണുകൾ പുറങ്കയ്യാൽ തുടച്ചു കൊണ്ട്, ഞാനത് പതുക്കെ കഴിക്കാൻ തുടങ്ങി. ഒരിക്കലും നാവിൽ നിന്നോ മനസ്സിൽ നിന്നോ മാഞ്ഞുപോവാത്ത അത്രയും രുചിയോടെ...

    ReplyDelete