Wednesday, April 24, 2019

ഗ്രാമത്തിലെ പെൺകുട്ടി...

മുൻ അദ്ധ്യായം: കഥാന്ത്യം
അദ്ധ്യായം 24: ഇടവേള 




മഴ പെയ്തുതോർന്നിട്ടും പെയ്യുന്ന മരം പോലെയായിരുന്നു അവൾ. സ്വന്തം കൈവെള്ളയിലേക്ക് മുഖം പൂഴ്ത്തിയിരിക്കുന്ന അവളെ നോക്കി അയാൾ ഇരുന്നു. അവളുടെ നേർത്ത തേങ്ങലൊലികൾ മാത്രം മുറിയിലെ കനത്ത മൗനത്തെ അലോസരപ്പെടുത്തി. 

എത്ര നേരം കഴിഞ്ഞു എന്നവൾക്കറിയില്ല. ഏറെ നേരം കഴിഞ്ഞപ്പോൾ, നനഞ്ഞു കുതിർന്ന മുഖമൊന്നുയർത്തി നോക്കി. നേരെ മുൻപിൽ അയാളിരിക്കുന്നുണ്ട്. അവൾക്ക് മനസ്സിലാവാത്ത എന്തോ ഒരു വികാരം, തളം കെട്ടി നിൽക്കുന്ന ആ മുഖം കണ്ടപ്പോൾ അവൾ ചിന്തിച്ചത്; എന്തേ ഇയാൾക്കെന്നെ ഒന്നാശ്വസിപ്പിക്കാൻ പോലും കഴിയാത്തത് എന്നായിരുന്നു. തൂവാലയെടുത്ത് മുഖം തുടച്ചവൾ  ഒരു ദീർഘനിശ്വാസമുതിർത്തു. പിന്നെ ഒന്നും മിണ്ടാനാവാതെ തലകുനിച്ചിരുന്നു. 

ഒരു പരിചയവുമില്ല. ഇവിടന്നു പിരിഞ്ഞാൽ, ഇനിയൊരിക്കലും കാണാനും സാധ്യതയില്ല. എന്നാലും, തൻറെ മുൻപിലിരിക്കുന്ന മനുഷ്യൻ, എന്തെങ്കിലും ഒരാശ്വാസ വചനം തന്നോട് പറഞ്ഞെങ്കിൽ എന്നവൾ അതിയായി ആഗ്രഹിച്ചു. "ഒന്നും സാരമില്ലെടോ" എന്നെങ്കിലും അയാൾക്കെന്നോട് പറയാമല്ലോ എന്നവൾ ഓർത്തു. അയാൾക്കതുകൊണ്ട് നഷ്ടമൊന്നുമില്ലല്ലോ? ഒരു പുരുഷൻ സ്ത്രീയോട് പറയുന്ന പോലെ വേണമെന്നില്ല. ഒരു മനുഷ്യൻ മനുഷ്യനോട് പറയുന്ന പോലെ പറഞ്ഞാലും...

അവളുടെ ചിന്തകൾക്കു വിഘ്നം വന്നത് അയാൾ ഒന്ന് മുരടനക്കിയപ്പോഴാണ്. ആ കണ്ണുകളിലേക്ക് അവൾ പ്രതീക്ഷയോടെ നോക്കി. അയാളുടെ പുഞ്ചിരി കണ്ടപ്പോൾ അവൾക്ക് നേരിയ ഒരു ആശ്വാസം തോന്നി. അയാൾ പറഞ്ഞു

"ഒന്ന് മുഖം കഴുകിക്കൊള്ളൂ. മനസ്സൊന്നു തണുക്കാൻ നന്നാവും. ഞാനോരോ കോഫി പറയാം. പാൽക്കാപ്പി കുടിക്കുമല്ലോ അല്ലെ?"

അവൾ ഒന്നും മിണ്ടാതെ തലയാട്ടി. അയാൾ എഴുനേറ്റു ഫോണെടുത്ത് കോഫിക്ക് ഓർഡർ ചെയ്യവേ, അവൾ നേരെ ബാത്ത് റൂമിലേക്ക് പോയി. നന്നായി ഒന്ന് മുഖം കഴുകി. മുന്നിലെ കണ്ണാടിയിലെ തൻറെ പ്രതിബിംബത്തിൻറെ കണ്ണുകളിലേക്ക് സൂക്ഷിച്ച് നോക്കി. ശോകം നിറഞ്ഞ കറുത്ത കയങ്ങളാണ് ആ കണ്ണുകൾ. ഇറങ്ങുമ്പോൾ താൻ ചെയ്ത നേർത്ത മേക്കപ്പ് ഇപ്പോൾ ഇല്ലാതായിരിക്കുന്നു. കണ്ണിന് ചുറ്റും വരച്ചു വച്ചിരുന്ന കണ്മഷിയും അലിഞ്ഞു പോയിരിക്കുന്നു. അവൾക്ക് ആ പ്രതിബിംബത്തോട് അറപ്പും വെറുപ്പും തോന്നി. ഈ ലോകത്തെ എല്ലാ കണ്ണാടികളും തൻറെ വിദ്വേഷത്താൽ നശിച്ചു പോയെങ്കിൽ എന്നവളാഗ്രഹിച്ചു. 

മുഖം കഴുകി ഫ്രഷായി തിരിച്ചു വന്നപ്പോൾ അയാൾ മൊബൈലിൽ എന്തോ ടൈപ്പ് ചെയ്യുകയായിരുന്നു. അവളൊന്ന് മുരടനക്കി. അയാൾ മൊബൈലിൽ നിന്നും തലയുയർത്തി അവളെ നോക്കി. പിന്നെയും മൊബൈലിലേക്ക് നോക്കുന്നതിനിടയിൽ പറഞ്ഞു.

"കുറെ മെസേജസ് വന്നിരിക്കുന്നു. ഞാൻ ശ്രദ്ധിച്ചതേയില്ല. ഇത്ര നേരം കഴിഞ്ഞു പോയതും ഞാനറിഞ്ഞില്ല. ഒരു മിനിറ്റ്. തീരെ ഒഴിവാക്കാൻ പറ്റാത്ത രണ്ടു മൂന്ന് പേരുണ്ട്." 

ഇതാരാടാ, ഈ പാതിരാവിലും ഇയാളോട് വാട്ട്സ്ആപ്പിൽ കൊഞ്ചിക്കൊണ്ടിരിക്കുന്നത് എന്നവളോർത്തു. അപ്പോഴാണ് വാതിലിൽ മുട്ടുകേട്ടത്. നിന്നിടത്ത് നിന്നും അയാൾ അകത്തേക്ക് വരാൻ അനുവാദം കൊടുത്തപ്പോഴാണ്, ഒരു കാര്യം ശ്രദ്ധിച്ചത്. ആ വാതിൽ ഇതുവരെ ലോക്ക് ചെയ്തിട്ടില്ല. അകത്തേയ്ക്ക് വന്ന റൂം ബോയ് രണ്ടു കപ്പിലേക്ക് കാപ്പിയൊഴിച്ചു, പഞ്ചസാര ക്യൂബ് സ്‌പൂൺ കൊണ്ട് കോരുന്നതിനിടയിൽ അയാളോട് ചോദിച്ചു. 

"സർ, ഷുഗർ...?"

മൊബൈലിൽ നിന്നും തലയെടുക്കാതെ അയാൾ മൂന്നു വിരലുകൾ ഉയർത്തിക്കാണിച്ചു. റൂം ബോയ് അവളെ നോക്കിയപ്പോൾ അവൾ പുഞ്ചിരിയോടെ, കുറച്ച് എന്നാംഗ്യം കാണിച്ചു. റൂം ബോയി പോയിക്കഴിഞ്ഞാണ് അയാൾ ചോദിച്ചത്.

"നിങ്ങൾ തമ്മിൽ പരിചയമുണ്ടെന്ന് തോന്നുന്നു."

അവളൊന്ന് പരുങ്ങി. പിന്നെ എന്തായാലെന്ത് എന്നമട്ടിൽ പറഞ്ഞു. 

"ആ, ഞാൻ രണ്ടു മൂന്ന് പ്രാവശ്യം ഇവിടെ വന്നിട്ടുണ്ട്. പക്ഷെ, ഇതുപോലൊരു വലിയ റൂമിൽ ജീവിതത്തിലാദ്യമായിട്ടാ. ചില്ലറ മണിക്കൂറുകൾക്ക് മാത്രം ആരാ സാറേ ഇക്കണ്ട പൈസയൊക്കെ ചിലവാക്കുക? സത്യത്തിൽ സാറിനെന്താ ജോലി?"

അയാൾ മൊബൈലിൽ ടൈപ് ചെയ്യുന്നത് നിർത്തി അവളെ നോക്കി. പിന്നെ ചോദിച്ചു..

"എന്നെ ഏട്ടാ എന്ന് വിളിച്ചോളൂ എന്ന് പറഞ്ഞിട്ട്? മറന്നു, അല്ലെ? സാരമില്ല.. പിന്നെ ജോലി. പ്രത്യേകിച്ചൊന്നും ഇല്ല. ചില ചില്ലറ കച്ചവടമൊക്കെ ഉണ്ട്. അതൊക്കെ അവിടെയിരിക്കട്ടെ. ലെറ്റസ്‌ കം റ്റു യുവർ സ്റ്റോറി. നിൻറെ കഥയിലേക്ക്. നീയെന്താ കഥ പെട്ടെന്ന് പറഞ്ഞു നിർത്തിയത്? അവസാനം അതൊന്ന് എങ്ങിനെയെങ്കിലും പറഞ്ഞവസാനിപ്പിക്കാനുള്ള ഒരു ധൃതി ഉണ്ടായിരുന്നു." 

അയാൾ കാപ്പിക്കപ്പ് അവൾക്ക് നേരെ നീട്ടി. വാങ്ങിക്കുന്നതിനിടയിൽ അവൾ ചോദിച്ചു: "മടുത്തില്ലേ നിങ്ങൾക്ക്? പറഞ്ഞു പറഞ്ഞ്, എനിക്ക് മടുത്തല്ലോ."

അയാൾ അവളെ ഒന്നും മിണ്ടാതെ കുറച്ച് നേരം നോക്കി. പിന്നെ കയ്യിലെ കപ്പുമായി തൻറെ പഴയ സ്ഥാനത്തിരുന്നു. അവളോട് കണ്ണ് കൊണ്ട് ഇരിക്കാൻ ആംഗ്യം കാണിച്ചു. അല്പം കാപ്പി കുടിച്ചതിൻറെ ശേഷം അയാൾ പറഞ്ഞു 

"ങും. കരളുരുകി പറയുന്നവർക്ക് അതവരുടെ ജീവിതമാണ്. കണ്ണുരുകാതെ കേൾക്കുന്നവർക്ക് അതൊരു കഥ മാത്രമാണ്. പക്ഷെ.." അയാളൊന്ന് നിർത്തി. പിന്നെയും ഒരു മുറുക്ക് കാപ്പി കുടിച്ചതിൻറെ ശേഷം തുടർന്നു.

"ഞാനിപ്പോൾ നിൻറെ ഗ്രാമത്തിലെ നാട്ടുവഴിയിലെവിടെയോ വീണു കിടക്കുകയാണ്. ഒരു നാടൻ പെൺകിടാവിൻറെ ജീവിതം നീർപ്പോള പോലെ വീണുടഞ്ഞ ആ ഇടവഴിയിലെവിടെയോ. എനിക്കവരെ കാണാമായിരുന്നു. അച്ഛൻ, അമ്മ, ശാരദക്കുട്ടി, സിദ്ധു, രാജേട്ടൻ, സുകു, പിന്നെ നിൻറെ നാട്ടുകാരെ. എല്ലാവരെയും എനിക്ക് കാണാമായിരുന്നു."  

സ്വന്തം കയ്യിലെ കാപ്പി ഊതി ഊതി കുടിക്കുമ്പോൾ അയാളെ ശ്രദ്ധിക്കുകയായിരുന്നു. തനിയാളെ ഇതിനു മുൻപ് കണ്ടിട്ടുണ്ടോ? എവിടെയാണ്, ഞാനിയാളെ കണ്ടിരിക്കുന്നത്? വിദൂരമായ ഒരു ഓർമ്മ പോലും കിട്ടിയില്ല എന്നത് അവളെ വിഷമിപ്പിച്ചു. തൻറെ മൊബൈലിൽ നിന്നും കണ്ണെടുത്ത അയാൾ കണ്ടത് തന്നെത്തന്നെ സൂക്ഷിച്ച് നോക്കിയിരിക്കുന്നു അവളെയാണ്. ഒരു പുഞ്ചിരിയോടെ അയാൾ ചോദിച്ചു.

"ഉം.. എന്താ ഇങ്ങിനെ നോക്കുന്നത്? ആണുങ്ങൾ പെണ്ണുങ്ങളെ മാത്രമല്ല, പെണ്ണുങ്ങൾ ആണുങ്ങളെ തുറിച്ചു നോക്കുന്നതും ശരിയല്ല."

"ങ്ഉം" ചൂളിപ്പോയി അവൾ ഒന്നുമില്ലെന്ന് വെറുതെ തലയാട്ടി. തൻറെ സംശയം അയാളോട് ചോദിക്കാൻ, എന്തോ ഒരു ശങ്ക പോലെ. അവളുടെ ആ മുഖഭാവം കണ്ടപ്പോൾ അയാൾ ചിരിച്ചുപോയി. അവൾ ചമ്മിയ മുഖവുമായി മുൻപിലിരിക്കെ, അയാൾ ചിരിച്ചുകൊണ്ടേയിരുന്നു. പതുക്കെപ്പതുക്കെ ആ ചിരി അവളിലേക്കും പടർന്നു.   

കാപ്പി തീർന്നപ്പോൾ തൻറെ കയ്യിലെ കാലിക്കപ്പ് ഉള്ളം കൈകൾക്കിടയിൽ അങ്ങോട്ടുമിങ്ങോട്ടും ഉരുട്ടുന്നതിനിടയിൽ അയാൾ ചോദിച്ചു...

"നേരം ഒരുപാടായില്ലേ? പോകണ്ടേ ഇയാൾക്ക്? എനിക്ക് പോകാനുള്ള സമയമായി...."

അത്ഭുതം കാരണം എന്ത് പറയണം എന്നറിയാതെ അവൾ കുഴങ്ങി. എന്താണ് അയാൾ ഉദ്ധ്യേശിക്കുന്നതെന്നു മനസ്സിലായില്ല. ഇങ്ങിനെ ഒരു അനുഭവം അവൾക്ക് ആദ്യത്തേതാണ്. അതിൻറെ എല്ലാ പങ്കപ്പാടും അവർക്കുണ്ടായി. വേപഥുവോടെ അവൾ ചോദിച്ചു: 

"അപ്പൊ....." 

ആ ചോദ്യം മുഴുവിക്കാനാവാതെ അവൾ കുഴഞ്ഞുപോയി..

അയാളൊരു പുഞ്ചരിയോടെ ചോദിച്ചു: "ഈ കഥ മുഴുവൻ കേട്ടിട്ട്, പിന്നെയും എൻറെ അമ്മയുടെ ഗർഭപാത്രത്തെ അപമാനിക്കണോ ഞാൻ?" 

അവൾക്കൊന്നും മനസ്സിലായില്ല. ഇന്നോളം ഇങ്ങിനെയൊരാളെ അവൾ കണ്ടിട്ടുമില്ല. എന്താണു പറയേണ്ടത് എന്നവൾക്കൊരു തിട്ടമില്ലായിരുന്നു. അവളങ്ങിനെ പകച്ചിരിക്കെ അയാൾ തുടർന്നു..

"ഇത്തവണ എനിക്കു നിൻറെ കണ്ണീരു മാത്രമേ കാണാനായുള്ളൂ. ഇനി നമ്മൾ കാണുമ്പോൾ, നിൻറെ മുഖത്ത് മനോഹരമായ പുഞ്ചിരിയുണ്ടാവണം. കുന്നത്ത് കത്തുന്ന വിളക്ക് പോലെ പ്രശോഭിതമായത്..." 

അവളുടെ ഉള്ളിൽ നിന്നും ഉയർന്നു വന്നൊരു ചോദ്യം ആ ചുണ്ടുകളിൽ തുളുമ്പി.

"ഇനി കാണുമോ?"

അത്ഭുത ഭാവത്തോടെ അയാൾ ചോദിച്ചു...

"എന്താ.. വേണ്ടേ?"

"വേണം..." അവൾക്കധികം ആലോചിക്കാനൊന്നുമില്ലായിരുന്നു. അത് കേൾക്കെ, അയാളുടെ ചുണ്ടിലൊരു നിഗൂഢമായ പുഞ്ചിരിയുണ്ടായി. അയാൾ പതുക്കെ തലവെട്ടിക്കവേ, എന്തെ ചിരിക്കുന്നു എന്ന് ചോദിക്കാതിരിക്കാനായില്ല അവൾക്ക്..

"ഹേയ്.. ഒന്നുമില്ല... ഞാൻ ചുമ്മാ ചിരിച്ചതാ... ഇനി കാണുമ്പോൾ നീയെന്നോട് വേറൊരു കഥ പറയണം. സിൻഡ്രല്ലയുടെ കഥ പോലൊരെണ്ണം. നിൻറെ കഥയിലെ കണ്ണീർ പർവ്വം കഴിഞ്ഞെങ്കിൽ, ഇനി ഇന്നോളം വേറെ ആരും പറയാത്തൊരു കഥകൂടി പറയാൻ കഴിയും തനിക്ക്... കഴിയട്ടെ..." 

അവളൊന്നു പുഞ്ചിരിച്ചു. പിന്നെ നിരാശ കലർന്ന ശബ്ദത്തിൽ പറഞ്ഞു...

"ഞങ്ങൾക്കൊക്കെ എന്നും ഒരേ ഒരു കഥയായിരിക്കും.. മേത്തു മണ്ണു മൂടുവോളം.."

അവളെ നോക്കി ഒരല്പ നേരം ഒന്നും മിണ്ടാതെയിരുന്നു അയാൾ. പിന്നെ മെല്ലെ എഴുനേറ്റു. മേശപ്പുറത്തെ ബ്രീഫ്‌കെയ്‌സ് തുറന്നു. അതിലെന്തൊക്കെയോ തപ്പിത്തിരഞ്ഞു. അവൾക്ക് കാണാനായില്ല. പിന്നെ സാമാന്യം തടിച്ച ഒരു കവർ അവളുടെ നേരെ നീട്ടി.

"നിൻറെസമയത്തിനു വിലയുണ്ട്. അത് നീ നഷ്ടപ്പെടുത്തേണ്ട. പൊയ്ക്കൊള്ളൂ. എന്നും ജീവിതം ഒരേ പോലെ ആയിരിക്കില്ല, എന്ന് മാത്രമേ എനിക്കിപ്പോൾ പറയാനാവൂ. നാളെ നിൻറെ ജീവിതവും മാറാതിരിക്കില്ല.. നമുക്ക് പ്രത്യാശിക്കാം..."

അവൾ ആ കവർ വാങ്ങാൻ മടിച്ചു നിൽക്കെ അയാളത് അവളുടെ വാനിറ്റി ബാഗിലേക്ക് ബലമായി വച്ചു കൊടുത്തു. പിന്നെ രണ്ടു കൈകളും കൂട്ടിപ്പിടിച്ചു. തൻറെ തൊട്ടു മുൻപിലേക്ക്, ഒരു ചാൺ ദൂരത്തിലേക്ക് അവളെ അടുപ്പിച്ചു നിർത്തി. വലങ്കൈ കൊണ്ടാ മുഖം തടിയിൽ പിടിച്ചുയർത്തി. അവളുടെ തുളുമ്പിയ കണ്ണുകളിലേക്കു നോക്കിക്കൊണ്ടയാൾ മന്ത്രിക്കും പോലെ ചോദിച്ചു.

"ദൈവം നിന്നോട് ചോദിക്കുകയാണ്... നിനക്കൊരു വരം തരട്ടെ എന്ന്. നിനക്കിഷ്ടമുള്ള ഒന്ന്..."

ഒന്നും മനസ്സിലാവാതെ, അയാളുടെ കണ്ണുകളുടെ ആഴങ്ങളിലേക്ക് അവൾ തുറിച്ച് നോക്കവേ അയാൾ തുടർന്നു.

"കണാരൻ, എത്ര ശപിക്കപ്പെട്ട മനുഷ്യനാണല്ലേ? അസുരനായ രാജനും, ചെന്നായയെ പോലെ ചതിയനായ സുകുവും. ഇവരിലാരുടെ ജീവൻ വരമായി തരട്ടെ? അതല്ലെങ്കിൽ ഇനിയങ്ങോട്ട് ജീവിക്കാൻ, നിന്നെ സ്നേഹം കൊണ്ടു പുതയ്ക്കുന്നൊരു രാജകുമാരനെ തരട്ടെ? ദൈവം ഇങ്ങിനെ ചോദിച്ചാൽ നീയെന്ത് തിരഞ്ഞെടുക്കും...?"   

ഒരു തമാശ കേട്ടത് പോലെ അവളുടെ മുഖം അത്ഭുതരസം കാരണം വിടർന്നു വികസിച്ചു. ഒരല്പനേരത്തേയ്ക്ക് ആ കണ്ണുകൾ വികസ്വരസുമങ്ങളായി മാറി. പിന്നെ പതുക്കെ പതുക്കെ ആ മുഖത്തേയ്ക്ക് വിഷാദം നിഴൽ വീഴ്ത്തി. അവൾ തല വെട്ടിച്ചു. കാറ്റിൻറെ മർമരം പോലെ പറഞ്ഞു.

"എനിക്കാരുടെയും ജീവൻ വേണ്ട. എനിക്കതുകൊണ്ടൊരു ലാഭവുമില്ല. പിന്നെന്തിനാ? ഒരു രാജകുമാരനും എന്നെ തേടി വരാനുമില്ല. ലോകത്തിലെ ഏറ്റവും സമ്പന്നനായ പെണ്ണുപിടിയൻ, ചിലപ്പോൾ വന്നേക്കാം. അതൊരിക്കലും ജീവിതം നല്കാനായിരിക്കില്ല. ദിവാസ്വപ്നങ്ങളൊന്നും ഞാനിപ്പോൾ കാണാറില്ല..." 

"ങ്ങും..." അവളുടെ കവിളിൽ നിന്നും കണ്ണീർ ചാലുകൾ ചൂണ്ടുവിരൽ കൊണ്ട് മുറിച്ചു കളയുന്നതിനിടയിൽ അയാൾ പറഞ്ഞു. "നിനക്കറിയുമോ? ഞാൻ ദൈവമായിരുന്നെങ്കിൽ, നിനക്കു ഞാനീ നാലു വരവും തരുമായിരുന്നു. പക്ഷെ.. ഞാൻ ദൈവമല്ലല്ലോ..."  

ഒന്നും മിണ്ടാതെ നിറകണ്ണുകളോടെ അവൾ അയാളെ നോക്കി നിന്നു. ഒന്ന് കൈകൂപ്പി തൊഴാൻ അവൾക്കാഗ്രഹമുണ്ടായിരുന്നു. സാധിച്ചില്ല. മെല്ലെ മെല്ലെ വാതിൽക്കലോളം ചെന്ന് അവൾ തിരിഞ്ഞു നോക്കി. അയാൾ അവളെയും നോക്കി അവിടെ നിൽക്കുന്നുണ്ടായിരുന്നു. മെല്ലെ വാതിലടച്ച് അവൾ നടന്നകന്നു. 

ബാബു ഉറക്കച്ചടവോടെയാണ് വന്നത്. എന്താ ചേച്ചീ, മുഖമാകെ വല്ലാതിരിക്കുന്നല്ലോ എന്ന അവൻറെ ചോദ്യത്തിന് അവളൊന്നും മറുപടി പറഞ്ഞില്ല. അവൻ പിന്നെ ഒന്നും ചോദിക്കാനും നിന്നില്ല. വീടിൻറെ മുൻപിൽ അവളെ ഇറക്കി. അവൾ വാതിൽ തുറന്ന് അകത്തു കയറുവോളം കാത്തിരുന്നു.

വാനിറ്റി ബാഗ് കിടക്കയിലേക്കിട്ട് അവൾ കിടക്കയുടെ ഒരു സൈഡിൽ ഇരുന്നു. അവളുടെ ചിന്തകൾ മുഴുവൻ അയാളെ കുറിച്ചായിരുന്നു. ആരാണയാൾ? എന്താണയാൾ? അവൾക്കൊരു എത്തും പിടിയും കിട്ടിയില്ല. അവസാനം, അയാൾ കൊടുത്ത കവർ തുറന്നു. രണ്ടായിരത്തിൻറെ ഇരുപത്തിയഞ്ചു നോട്ടുകൾ. അവൾക്ക് കയ്യും കാലും വിറയ്ക്കുന്ന പോലെ തോന്നി. ആ കവറിൽ ഒരു കൊച്ചു കടലാസ് തുണ്ട് ഉണ്ടായിരുന്നു. കറുത്ത മഷിയിൽ മനോഹരമായ കയ്യക്ഷരം.

"ഇതൊരു ചെറിയ അഡ്വാൻസ് മാത്രമാണ്....."


തുടരും 

1 comment: