മുൻ അദ്ധ്യായം: പേറ്റുനോവ്
അദ്ധ്യായം 7: ഒരു ദുരന്തത്തിൻറെ വിളിയാളം
അദ്ധ്യായം 7: ഒരു ദുരന്തത്തിൻറെ വിളിയാളം
ഒറ്റവാക്കിലേക്ക് ഒതുക്കിപ്പറയാവുന്നതൊന്നും എൻറെ ജീവിതത്തിൽ സംഭവിച്ചില്ല. അന്നും അതങ്ങിനെയായിരുന്നു. ഒരു സുഖപ്രസവത്തിനുള്ള ആരോഗ്യമൊന്നും എൻറെ ഉടലിൽ ബാക്കിയില്ലായിരുന്നു. എന്നെയുംചുമന്ന്, അച്ഛനും അമ്മയും ഏതാനും അയൽവാസികളും പട്ടണത്തിലെ ആശുപത്രിയിലെത്തി. വഴിനീളെ ഞാൻ രക്തം കൊണ്ട് അടയാളം കുറിച്ചിരുന്നു. ഒരു സിസേറിയൻ ആയിരുന്നു ആശുപത്രിക്കാരുടെ മുന്നിലെ പോവഴി. അങ്ങിനെ പതിനാറാമത്തെ വയസ്സിൽ അവർ എൻറെ ഉദരം കീറി എൻറെ കുഞ്ഞിനെ എന്നിൽ നിന്നും മുറിച്ചെടുത്തു.
ബോധം വീണപ്പോൾ എൻറെ ചുറ്റിലും വിഷാദ മുഖവുമായി നിൽക്കുന്ന അച്ഛനെയും അമ്മയെയും കണ്ടു. അമ്മയുടെ നിഴൽ പറ്റി ശാരദക്കുട്ടിയും. അവളുടെ കയ്യിൽ പാതി തൊലിച്ച ഒരു ഓറഞ്ചും. എനിക്ക് അസഹ്യമായ വേദനയുണ്ടായിരുന്നു. ഉദരം തുരന്നുണ്ടാക്കിയ മുറിവ് തുന്നിക്കൂട്ടിയ ഭാഗമാകെ വലിഞ്ഞു മുറുകുന്ന പോലെ.
എങ്കിലും ഞാൻ അമ്മയുടെ കയ്യിലെ വെളുത്ത തുണിപ്പൊതിയിലേക്ക് ആർത്തിയോടെ നോക്കി. എന്ത് രാസപ്രവർത്തനം എൻറെ തലച്ചോറിൽ നടക്കുന്നത് കൊണ്ടാണ് ആ കുഞ്ഞിൻറെ മുഖമൊന്നു കാണാൻ ഞാനേറെ കൊതിച്ചത് എന്നറിയില്ല. ദൈവം എൻറെ ഹൃദയത്തോട് തുന്നിച്ചേർത്ത മാതൃസ്‌നേഹത്തിൻറെ അടക്കാനാവാത്ത ദാഹമായിരുന്നു അത്. അമ്മ എൻറെ നേരെ ആ മുഖം തിരിച്ചു. അവൻ സുന്ദരനായിരുന്നു. തീരെ ശരീരമില്ലാത്ത അവൻ ചുവന്ന ചുണ്ടുകൾ കൂർപ്പിച്ച് കുഞ്ഞിക്കൈകൾ കൊണ്ട് അന്തരീക്ഷത്തിൽ എന്തോ തപ്പിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു.
എങ്കിലും ഞാൻ അമ്മയുടെ കയ്യിലെ വെളുത്ത തുണിപ്പൊതിയിലേക്ക് ആർത്തിയോടെ നോക്കി. എന്ത് രാസപ്രവർത്തനം എൻറെ തലച്ചോറിൽ നടക്കുന്നത് കൊണ്ടാണ് ആ കുഞ്ഞിൻറെ മുഖമൊന്നു കാണാൻ ഞാനേറെ കൊതിച്ചത് എന്നറിയില്ല. ദൈവം എൻറെ ഹൃദയത്തോട് തുന്നിച്ചേർത്ത മാതൃസ്‌നേഹത്തിൻറെ അടക്കാനാവാത്ത ദാഹമായിരുന്നു അത്. അമ്മ എൻറെ നേരെ ആ മുഖം തിരിച്ചു. അവൻ സുന്ദരനായിരുന്നു. തീരെ ശരീരമില്ലാത്ത അവൻ ചുവന്ന ചുണ്ടുകൾ കൂർപ്പിച്ച് കുഞ്ഞിക്കൈകൾ കൊണ്ട് അന്തരീക്ഷത്തിൽ എന്തോ തപ്പിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു.
പരീക്ഷണങ്ങൾ പിന്നെയും ബാക്കിയായിരുന്നു. കുഞ്ഞിൻറെ അച്ഛനെപ്പറ്റിയുള്ള ചോദ്യം ആശുപത്രി അധികൃതരിൽ നിന്നുണ്ടായി. പതിനാറു വയസ്സുള്ള പെൺകുട്ടിയാണ് പ്രസവിച്ചിരിക്കുന്നത്. ഡോക്ട്ടറുടെ മുൻപിൽ ഒരപരാധിയെ പോലെ കൈ കൂപ്പി കരഞ്ഞു കൊണ്ട് അച്ഛന് ആ വൃത്തികെട്ട കഥ പറയേണ്ടി വന്നു. അങ്ങിനെ പോലീസുകാരെത്തി. ഒരു ചെറുപ്പക്കാരനായിന്നു SI. സംഭവം പോലീസിലറിയിക്കാതെ ഇത്രയും കാലം മറച്ചു വച്ചതിനു അച്ഛനും അമ്മയ്ക്കുമെതിരെ കേസെടുക്കാൻ വകുപ്പുണ്ട് എന്ന് പറഞ്ഞാണ് അയാൾ തുടങ്ങിയത് തന്നെ. പക്ഷെ എന്തോ, അയാൾ അത് ചെയ്തില്ല. പകരം കണാരേട്ടനെതിരെ ഒരു പരാതി എഴുതിക്കൊടുക്കാൻ പറഞ്ഞു. ആ ഭൂകമ്പം അവിടെ അവസാനിക്കുകയും ചെയ്തു. ഇപ്പോഴുമുണ്ടാകും ഏതോ ഒരു പോലീസ്സ്റേഷനിൽ ചിതൽ തിന്നു തീർത്തിട്ടില്ലെങ്കിൽ ആ പരാതി എഴുതിയ കടലാസ്സ്.
കുഞ്ഞിനൊരു പേര് വേണം എന്ന് പറഞ്ഞതും ആശുപത്രിക്കാരാണ്. ജനനസർട്ടിഫിക്കറ്റുണ്ടാക്കാനും മറ്റുമൊക്കെ ഉപദേശിച്ചതും അവരായിരുന്നു. ശരിക്കും പറഞ്ഞാൽ ഡോക്ടർ. അതൊരു ചെറുപ്പക്കാരിയായ ഡോക്ടർ ആയിരുന്നു. മഞ്ഞയും, നീലയും, ചുവപ്പും നിറങ്ങുള്ള ചെറിയ ചെറിയ പൂക്കളുടെ ചിത്രപ്പണികളുള്ള സാരികൾ മാറി മാറി ഉടുത്ത്, സദാ പുഞ്ചിരി തൂകി ഒരു മാലാഖയെ പോലെ നടക്കുന്ന, ഒരു ഡോക്ടർ. അവരാണ് അച്ഛനോട് ചോദിച്ചത്, കുഞ്ഞിന് പേരെന്താണ് ഇടുന്നതെന്ന്. അച്ഛൻ കൈമലർത്തി. അമ്മ അച്ഛൻറെ മുഖത്തേക്ക് അന്ധാളിച്ച് നോക്കി. ആ ലേഡി ഡോക്ടർ എന്നെ നോക്കി. എന്താണ് പറയേണ്ടതെന്ന് എനിക്കുമറിയില്ലായിരുന്നു. ആരുമൊന്നും മിണ്ടാതിരുന്നപ്പോൾ, തൻറെ ചുണ്ടിലെ ചെറുചിരിയോടെ അവർ ഞങ്ങളോട് ചോദിച്ചു.
"വിരോധമില്ലെങ്കിൽ ഞാൻ ഒരു പേര് പറയട്ടെ?"
ഞങ്ങൾ ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കവേ അവർ തുടർന്നു.
"സിദ്ധാർത്ഥൻ. നിങ്ങൾക്കിഷ്ടമാണെങ്കിൽ അവനെ സിദ്ധാർത്ഥൻ എന്ന് വിളിച്ചോളൂ. എനിക്കൊരു മോനുണ്ടാവുമ്പോൾ അവനിടാൻ വേണ്ടി ഞാൻ കണ്ടു വച്ചിരുന്ന പേരാണത്. പക്ഷെ.."
അത് പറഞ്ഞവസാനിപ്പിക്കുമ്പോൾ അവരുടെ മുഖം വിഷാദച്ഛവിയാൽ നിറഞ്ഞിരിന്നു. പരസ്പരം മുഖത്തോട് മുഖം നോക്കുന്ന അമ്മയോടും അച്ചനോടുമായി അവർ മന്ത്രിക്കും പോലെ പറഞ്ഞു.
"നിങ്ങൾക്കിവനെ വേണ്ടാന്നു തോന്നുമ്പോൾ എവിടെയെങ്കിലും കൊണ്ട് കളഞ്ഞേക്കരുത്. എനിക്ക് തന്നാൽ മതി. ഞാൻ പൊന്നു പോലെ നോക്കിക്കോളാം."
ഞാനെൻറെ കുഞ്ഞിനെ എൻറെ മാറിലേക്ക് കൂടുതൽ അമർത്തി വച്ചു. അമ്പരന്ന് നിൽക്കുന്ന അമ്മയെയും അച്ഛനെയും കണ്ടപ്പോൾ അവരെങ്ങാനും എൻറെ മോനെ എൻറെ നെഞ്ചിൽ നിന്നും പറിച്ചെടുത്ത് അവർക്ക് നൽകുമോ എന്ന് ഞാൻ ഭയപ്പെട്ടു. ഭാഗ്യം അതുണ്ടായില്ല.
ഇരുപത് ദിവസങ്ങൾക്ക് ശേഷം ഞങ്ങൾ ഞങ്ങളുടെ കൊച്ചു കൂരയിലേക്ക് തന്നെ തിരിച്ചെത്തി. അച്ഛൻ ഒരു തൊട്ടിൽ കെട്ടിത്തന്നു. കുഞ്ഞിനെ കാണാനാണോ, അതല്ല ഞങ്ങളുടെ ഹൃദയത്തിൽ കുത്തി നോവിക്കാനാണോ എന്നറിയില്ല; അയൽവാസികളും അല്ലാത്തവരുമായ ഒരുപാട് പെണ്ണുങ്ങൾ ആ കൊച്ചു കൂരയിലേക്ക് വന്നു. വന്നവരിൽ ചിലർക്ക് കുഞ്ഞിന് കണാരേട്ടൻറെ മുഖച്ഛായ ഇല്ലാത്തതിൽ വലിയ വിഷമമുണ്ടായിരുന്നു. ചിലർ കുട്ടിക്ക് ആ മുഖം തന്നെ കൽപ്പിച്ചു നൽകി. വേറെ ചിലർ തരാതരം പോലെ, എൻറെ മുഖവും, അമ്മയുടെ മുഖവും, അച്ചൻറെ മുഖവും, എന്തിനധികം ശാരദക്കുട്ടിയുടെ മുഖം വരെ കണ്ടെത്തി. വന്നവരൊക്കെ അറിഞ്ഞോ അറിയാതെയോ നല്ലോണം കുത്തിനോവിച്ച് തിരിച്ചു പോയി.
ദിവസങ്ങൾ അങ്ങിനെ കഴിഞ്ഞു പോയി. പകൽ മുഴുവനുറങ്ങിയും രാത്രി മുഴുവൻ ഉണർന്നു കരഞ്ഞും സിദ്ധു എന്നെ തളർത്തി. പതുക്കെ പതുക്കെ ഞാൻ താരാട്ട് പാടാൻ പഠിച്ചു. കുഞ്ഞിന് മുല കൊടുക്കാൻ പഠിച്ചു. അവനെ കുളിപ്പിക്കാനും കണ്ണെഴുതിക്കടുക്കാനും പഠിച്ചു. അവനോ, ചിരിക്കാനും, കുഞ്ഞിക്കൈ നീട്ടി എൻറെ ചുണ്ടിൽ നുള്ളാനും പഠിച്ചു. അച്ഛൻ കൊണ്ട് വന്ന ആട് പെറ്റു. രണ്ടു കുട്ടികൾ. ശാരദക്കുട്ടി സ്കൂൾ വിട്ടു വന്നാൽ സിദ്ധുവിനെയും ആട്ടിൻ കുട്ടികളെയും മാറിമറിക്കളിപ്പിച്ച് രസിച്ചു. ജീവിതം ഇരുണ്ട ഒരു ഗർത്തത്തിൽ നിന്നും പതുക്കെ പുറത്തേക്ക് വരുന്നത് പോലെ ഞങ്ങൾ എല്ലാവര്ക്കും തോന്നിത്തുടങ്ങി.
കാലം തണുത്ത് വിറച്ചും, പൂക്കൾ വിരിയിച്ചും, ഉരുകിയൊലിച്ചും, മഴ കൊണ്ട് നനഞ്ഞുകുതിർന്നും കടന്നു പോയി. വീണ്ടും ഒരു മഴക്കാലമെത്തി. നാലു വർഷമായി ഇതിന്നിടയിൽ, സിദ്ധു ജനിച്ചതിൽ പിന്നെ അധികം താമസിയാതെ തന്നെ, കണാരേട്ടൻറെ ഭാര്യ ദേവേച്ചി മകൻ സുന്ദരനെയും കൂട്ടി, വീട് പൂട്ടി എങ്ങോട്ടോ പോയിരുന്നു. അവരുടെ വീട്ടിലേക്കാണെന്ന് ചിലർ പറഞ്ഞു. അതല്ല, ഏതോ രഹസ്യ സ്ഥലത്ത് നിന്നും കണാരേട്ടൻ അറിയിച്ചതനുസരിച്ച് അങ്ങോട്ട് പോയതാണെന്ന് വേറെ ചിലരും പറഞ്ഞു. ആ വീട് മാത്രം എൻറെ ജീവിതം പോലെ ചിതലരിച്ചൊരു സ്മാരകമായി, ഇടിഞ്ഞു പൊളിയാറായി അവിടെ ബാക്കിയായി. വീട്ടിൽ ആടുകളുടെ എണ്ണം നാലഞ്ചായി. ആടിൻറെ പാൽ ഇത്തിരി വിൽക്കാനും തുടങ്ങിയിരിക്കുന്നു അമ്മ. ശാരദക്കുട്ടിയെ അമ്മ പൊതിഞ്ഞു നടക്കുകയായിരുന്നു. അത് അവളുടെ സ്വാതന്ത്ര്യത്തെ പാടെ അവഗണിച്ചു കളഞ്ഞു. ഇടയ്ക്കിടയ്ക്ക് അതിൻറെ പൊട്ടലും ചീറ്റലുമൊക്കെ ഉണ്ടാകാറുണ്ടായിരുന്നു ആ കൊച്ചു വീട്ടിൽ.
അന്നൊരു മാനം തെളിഞ്ഞു നിന്ന ഞായറാഴ്ച. മുറ്റത്ത് മണ്ണ് വരിക്കളിക്കുന്ന സിദ്ധുവിനെ ഒരു ചെറു ചുള്ളിയെടുത്ത് വെറുതെ പേടിപ്പിക്കാൻ നോക്കുകയായിരുന്നു ഞാൻ. തിണ്ണയിൽ പുസ്തകം വായിച്ചിരിക്കുന്ന ശാരദക്കുട്ടിയും, അവളുടെ അടുത്തിരുന്ന് ഏതോ ഒരു പിഞ്ഞിയ വസ്ത്രം തുന്നിക്കൊണ്ടിരിക്കുന്ന അമ്മയും. വൈകുന്നേരമാവുന്നെ ഉള്ളൂ. അപ്പോഴാണ് കുറച്ചപ്പുറത്തെ വീട്ടിലെ ചെറുപ്പക്കാരനായ വിനോദ് ഓടിവനത്. കിതച്ചു കൊണ്ടാണ് അവൻ പറഞ്ഞത്:
"അങ്ങാടിയിൽ വച്ച് വാസ്വേട്ടനെ വണ്ടിയിടിച്ചു. എല്ലാവരും കൂടി മൂപ്പരെ ആശുപത്രിയിലേക്ക് കൊണ്ടോയിട്ടുണ്ട്."
"അങ്ങാടിയിൽ വച്ച് വാസ്വേട്ടനെ വണ്ടിയിടിച്ചു. എല്ലാവരും കൂടി മൂപ്പരെ ആശുപത്രിയിലേക്ക് കൊണ്ടോയിട്ടുണ്ട്."
നെഞ്ചത്തടിച്ച് നിലവിളിച്ചുകൊണ്ട് അമ്മ ഇറങ്ങിയോടി. കൂടെ ശാരദക്കുട്ടിയും. അമ്മ എന്നെ വിളിച്ചില്ല. തിരിഞ്ഞു നോക്കിയതും ഇല്ല. സിദ്ധുവിനെ വാരിയെടുത്ത്, അഴുക്കൊക്കെ തട്ടി, ഒരു കുഞ്ഞു കുപ്പായം ഇട്ടു കൊടുത്ത് ഞാനും പിന്നാലെ ഓടി. ഇടവഴി കഴിഞ്ഞ് തോടിൻറെ അരികിലെത്തിയപ്പോൾ ഒന്ന് രണ്ടു പരിചയക്കാരായ പെണ്ണുങ്ങൾ അവിടെ കൂടി നിൽക്കുന്നുണ്ടായിരുന്നു. അവരാണ് പറഞ്ഞത്. വിനോദ് വന്ന ഓട്ടോ റിക്ഷയിൽ തന്നെ അമ്മയും ശാരദയും പോയെന്ന്. എന്തെ അമ്മ എന്നെ കാത്തു നിന്നില്ല. എൻറെ നെഞ്ചിൽ ഒരു നെടുവീർപ്പ്, തീവണ്ടിയുടെ ചൂളം വിളിയുമായി പാഞ്ഞു നടന്നു.
എൻറെ കണ്ണുകൾ നിറഞ്ഞൊഴുകി. ആരൊക്കെയോ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. ഞാനൊന്നും കേട്ടില്ല. എൻറെ കാതുകൾ കൊട്ടിയടച്ചിരുന്നു. ഞാൻ തിരിച്ച് വീട്ടിലേക്ക് നടന്നു. വീടിൻറെ തിണ്ണയിൽ മുറ്റത്തിൻറെ അപ്പുറം വിജനമായ ഇടവഴിയിലേക്ക് കണ്ണുകൾ നട്ട് കാത്തിരുന്നു. സൂര്യൻ വിട വാങ്ങുകയാണ്. ഇരുൾ പരക്കുകയാണ്. നിഴൽ മായുകയാണ്. നെഞ്ചിൽ ഭാരം വർദ്ധിച്ച് വരുന്നു. ആധിയുടെ ഒരു മഹാപർവ്വതം നെഞ്ചിന് മുകളിൽ പൊട്ടിമുളച്ചിരിക്കുന്നു. നിമിഷങ്ങളെണ്ണി ഞാൻ ആ ഏകാന്ത വീടിൻറെ ഇറയത്ത് ഭീതിയും സങ്കടം കൂട്ടിക്കലർത്തി സമയം തള്ളി നീക്കി.
തുടരും
ജീവിത വിസ്മയങ്ങൾ ...
ReplyDelete