Monday, May 6, 2019

ഗ്രാമത്തിലെ പെൺകുട്ടി...

മുൻ അദ്ധ്യായം: സിനിമ
അദ്ധ്യായം 26: പുതിയ തുടക്കം




രാവിൻറെ അവസാനയാമങ്ങളെപ്പോഴോ, അവൾളുടെ കണ്ണുകളിൽ,  മാറാല പോലെ പിഞ്ഞിയൊരുറക്കം നെയ്തെടുത്തു. നിഴലോ നിറങ്ങളോ രൂപങ്ങളോ തിരിച്ചറിയാനാവാത്ത പേക്കിനാവുകളുടെ കൂത്തരങ്ങായിരുന്നു ആ വരണ്ട നിദ്ര.
 
പത്തുമണിയെങ്കിലും ആയപ്പോഴാണ്, അമ്മ അവളെ വിളിച്ചുണർത്തിയത്. ആശുപത്രിയിൽ പോകണം. ശാരദക്കുട്ടിയെ ഇന്നാശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യും. കുഞ്ഞിന് ഒരല്പം മഞ്ഞയുണ്ട് എന്നു പറഞ്ഞ്, അവരെ ഇതുവരെ വിട്ടിട്ടില്ല. ഭർത്താവിൻറെ വീട്ടിലേക്കാണ് അവൾ പോകുന്നത്. മാമൂലുകളൊന്നും വേണ്ടത്രെ; വേണുവിന്. അവൻറെ അമ്മയ്ക്കും അതെ. 

രണ്ടുമൂന്നു കുഞ്ഞുടുപ്പുകളും, ബേബി പൗഡറും, ഓയിലും, ഒരു കൊച്ചു സ്വർണവളയും വാങ്ങി, അവർ ആശുപത്രിയിലെത്തി. സിദ്ധുവിന് കുഞ്ഞിനെ പിരിയാൻ ഒട്ടും ഇഷ്ടമില്ല. അവർ കയറിയ വണ്ടി അകന്നകന്നു പോകുന്നതും നോക്കി, ആ മൂന്നു പേരും ആശുപത്രിമുറ്റത്ത് വിഷാദം നിറഞ്ഞ മുഖവുമായി നിന്നു. 

നാട്ടിലേക്ക് പോകാൻ ആഗ്രഹവുമുണ്ടെന്ന്, സിദ്ധു പറഞ്ഞ കാര്യം, വെയ്കുന്നേരമാണ് അവൾ അമ്മയോട് സൂചിപ്പിച്ചത്. അമ്മയുടെ കണ്ണുകൾ തിളങ്ങുന്നത് കണ്ടു. ആഗ്രഹം അവളുടെ ഉള്ളിലും ഇല്ലാതെയല്ല. എന്നാൽ, പറഞ്ഞറിയിക്കാനാവാത്ത ഒരു പേടിയുണ്ട്. ആ നാട്ടുകാർ എങ്ങിനെയാണ്, സിദ്ധുവിനെ സ്വീകരിക്കുക എന്ന പേടി.

എന്നാലും, ഒന്നു പോയിനോക്കണം. ഇപ്പോൾ ആ വീട് അവിടെ ഉണ്ടാവുമോ ആവൊ? ഇത്രയും കാലമായില്ലേ. ചിതൽ തിന്നു തീർത്തിട്ടുണ്ടാകും. അവരങ്ങനെ ഓരോന്ന് സംസാരിച്ചിരിക്കെയാണ് ബാബു വന്നത്. അവനു പറയാനുണ്ടായിരുന്നത് വിചിത്രമായ ഒരു കാര്യമായിരുന്നു.

ഫെഡറൽ ബാങ്കിൻറെ മാനേജർ, ഒരു സ്ത്രീ, തന്നെ കാണണം എന്നാവശ്യപ്പെട്ടു വിളിച്ചിരിക്കുന്നു. ഇതെന്താ ഇപ്പോളിങ്ങിനെ ഒരു പുതുമ എന്നാണ് അവൾ ആലോചിച്ചത്. അവരെ താനറിയുകയില്ല. വല്ലപ്പോഴും സ്വർണം പണയം വെക്കാനോ, എടുക്കാനോ, അല്ലാതെ ബാങ്കിൽ പോകാറില്ല. എങ്ങിനെയാണാവോ, ആ സ്ത്രീക്ക് തന്നെ അറിയുക? എന്തിനാണാവോ കാണണം എന്ന് പറഞ്ഞത്? എന്തായാലും, രാവിലെ ഒന്ന് അത്രടം വരെ ചെല്ലാൻ തന്നെ അവൾ തീരുമാനിച്ചു.

പത്തുനാല്പത് വയസ്സ് മതിക്കുന്ന സുമുഖിയായൊരു സ്ത്രീ, അവരെ പുഞ്ചിരിയോടെ വരവേറ്റു. ഇരിക്കൂ മാഡം.. ഇരിക്കൂ സാർ.. എന്നൊക്കെ ആ സ്ത്രീ പറഞ്ഞപ്പോൾ, ഒരന്താളിപ്പോടെ അവളും ബാബുവും മുഖത്തോടു മുഖം നോക്കി. ഇതെന്ത് കഥ... ഒരല്പനേരം മാനേജർ പുഞ്ചിരിയോടെ അവരെ മാറിമാറി നോക്കി. അവരുടെ ആ അമ്പരപ്പ് തന്നെയായിരുന്നു അതിനു കാരണം. അവസാനം അതവർ ചോദിക്കുകയും ചെയ്തു...

"എന്തുപറ്റി... രണ്ടാൾക്കും..? ആകപ്പാടെ ഒരു... കൺഫ്യൂഷൻ പോലെ..

അവർ പിന്നെ ബാബുവിനെ നോക്കി ചോദിച്ചു...

"സാറല്ലേ ബാബു? ഞാനിന്നലെ വിളിച്ച..."

പൊട്ടനെ പോലെ ബാബു തലകുലുക്കി...

"ഞാൻ വരാൻ പറഞ്ഞത്, എന്തിനെന്നു മനസ്സിലായില്ല.. അല്ലെ?"

മാനേജർ ചോദിച്ചപ്പോൾ രണ്ടാളും വെളുക്കെ ഒന്നു ചിരിച്ചു കാണിച്ചു...

തൻറെ മേശയുടെ അടിഭാഗത്തെവിടെ നിന്നോ തപ്പിത്തിരഞ്ഞൊരു മഞ്ഞ പ്ലാസ്റ്റിക്ക് കവറെടുത്തു, അതു തുറക്കുന്നതിനിടയിൽ മാനേജർ ചോദിച്ചു.

"ഈ ഗംഗാ വിഷ്വൽ മാജിക്സ് എന്നൊരു സിനിമാ കമ്പനിയിൽ നിന്നുള്ള കൊറിയറാണ് ഇത്. ഇന്നലെയാണ് വന്നത്. മാഡത്തിന് അവരെ അറിയാമോ?"

സിനിമാ കമ്പനി എന്ന് കേട്ടപ്പോൾ അവളും ബാബുവും മുഖത്തോടു മുഖം നോക്കി. ഇപ്പോൾ സംഗതി ലേശം തെളിഞ്ഞു വരുന്നുണ്ട്. ബാബുവാണ് ചോദിച്ചത്...

"ഗ്രാമദേവതയുടെ നിർമാതാക്കളല്ലേ...? അറിയും...."

മാനേജർ അവനെ നോക്കിയൊന്നു പുഞ്ചിരിച്ചു..

"ആ... മാഡത്തിൻറെ പേരിൽ ഇവിടെയൊരു അക്കൗണ്ട് ഓപ്പൺ ചെയ്യണം... ആ ആധാർ ഒന്ന് തരുമോ?"

മാനേജർ കൈ നീട്ടിയപ്പോൾ അവൾ അതെടുത്തു കൊടുത്തു. ബാബുവിനോട്  കൊണ്ടുവരേണ്ടുന്ന രേഖകളുടെ വിവരമൊക്കെ അവർ ഇന്നലെ തന്നെ പറഞ്ഞിരുന്നു. മാനേജർ ബെല്ലടിച്ചപ്പോൾ മെലിഞ്ഞ ഒരു ചെറുപ്പക്കാരൻ വന്നു. അധാർകാർഡും മറ്റുമൊക്കെ അയാൾക്കു നൽകി മാനേജർ അയാളെ പറഞ്ഞയച്ചു. ഒരു മിനിറ്റാകുന്നതിൻറെ  മുൻപേ ചായയും കൊണ്ടൊരു സ്ത്രീ വന്നു. ചായ കുടിച്ചു കൊണ്ടിരിക്കെ മാനേജരുടെ വക ചോദ്യം.... അവളെ നോക്കി..

"ഗംഗാ മാഡത്തെ എങ്ങിനെയാണ് പരിചയം?"

ഗംഗാ മാഡമോ? ഏതു ഗംഗാ മാഡം? അവൾക്കുത്തരം പറയാനായില്ല. അവളുടെ ആ പ്രയാസം നിറഞ്ഞ മുഖഭാവത്തിൽ നിന്നും കാര്യം മാനേജർക്കു മനസ്സിലായി.

"ഈ ഗംഗാ വിഷ്വൽ മാജിക്സിൻറെ MDയാണ് ഗംഗാ മാഡം..."

മാനേജർ ബാബുവിനെ നോക്കിക്കൊണ്ട് തുടർന്നു

"അറിയുമെന്ന് ബാബു സാർ പറഞ്ഞപ്പോൾ ഞാൻ കരുതി നിങ്ങൾക്ക് പരിചയമുണ്ടെന്ന്.. ഒരു മിനിറ്റേ..."

മാനേജർ തൻറെ മൊബൈലിൽ അവരുടെ വീഡിയോ എടുത്തു... എടുക്കുന്നതിനിടയിൽ അവളോട് പറഞ്ഞു...

"സോറി മാഡം.. നിങ്ങൾ പരിചയമില്ല എന്ന് പറഞ്ഞപ്പോൾ, ഈ വീഡിയോ അവർക്കയച്ചു കൊടുത്ത്, എനിക്കവരുടെ കൺഫർമേഷൻ വേണം. അവരുദ്ധ്യേശിക്കുന്ന ആൾ, മാഡം തന്നെയാണെന്ന് ഉറപ്പാക്കണമല്ലോ... അതാണ്... മാഡം.. ആ കണ്ണൊന്നു രണ്ടു പ്രാവശ്യം അടച്ചു തുറക്കാമോ?" 

അവൾക്കൊന്നും മനസ്സിലായി. ബാബുവിന് അത്രയും. അപ്പോഴേക്കും ആ മെലിഞ്ഞ ചെറുപ്പക്കാരൻ അവളുടെ രേഖകളും, കൂടെ വേറെ ചില പേപ്പറുകളുമായി വന്നു. അയാൾ ചൂണ്ടിക്കാണിച്ചിടത്തൊക്കെ ഒപ്പിടാൻ തുടങ്ങിയ അവളോട് മാനേജർ പ്രത്യേകം പറഞ്ഞു.

"എല്ലായിടത്തും ഒരേ ഒപ്പു തന്നെ ഇടണം. അത് ഓർമ്മയും വേണം..."

അവൾക്ക് കൈ വിറയ്ക്കുന്ന പോലെ തോന്നി. എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് ഒരു പിടിത്തവും കിട്ടുന്നില്ല. അയാൾ പോയപ്പോൾ അവൾ മടിച്ചു മടിച്ചു മാനേജരോട് ചോദിക്കുക തന്നെ ചെയ്തു...

"അല്ല... അവർക്കെന്തിനാണ്... ഞാനൊരു അക്കൗണ്ടൊക്കെ തുറക്കുന്നത്..."

"അതവര് മാഡത്തിന് പൈസ തരാൻ... നിയമമൊക്കെ ഇപ്പൊ സ്ട്രിക്റ്റല്ലേ മാഡം.... അവര് മെൻഷൻ ചൈതത്രയും പണം ക്യാഷായി തരാൻ പറ്റില്ല... അത് മാഡത്തിനും റിസ്കാവും..."

അവൾ ബാബുവിൻറെ മുഖത്തേയ്ക്ക് നോക്കിയപ്പോൾ, അവൻ മനോഹരമായി പുഞ്ചിരിക്കുന്നു. അവൻറെ കണ്ണുകളിൽ പുതിയൊരു ജീവൻ തിളങ്ങുന്ന പോലെ. അവളൊന്നും പറഞ്ഞില്ല... മാനേജർ പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. മിക്കതും അവൾക്കു മനസ്സിലായില്ല. അവരൊന്നും മിണ്ടാതെ എല്ലാം കേട്ടിരുന്നു. മാനേജർ പറഞ്ഞ സംഖ്യയുടെ വലിപ്പം കേട്ടപ്പോൾ അവൾക്കും ബാബുവിനും തല  പെരുക്കുന്നുണ്ടായിരുന്നു.

പരവേശം കാരണം തൊണ്ടയിലെ വെള്ളം വറ്റിവരണ്ടാണ് അവർ ബാങ്കിൽ നിന്നിറങ്ങിയത്. ശരിക്കും ഏതോ ഒരു അത്ഭുതലോകത്ത് എത്തപ്പെട്ട പോലെ. ഇതൊരു സ്വപ്നമല്ലല്ലോ എന്നുറപ്പിക്കാൻ അവൾക്ക് ഒരുപാട് സമയമെടുത്തു. നേരെ അടുത്തു കണ്ട കൂൾബാറിൽ കയറി ഓരോ ജ്യൂസ് കുടിച്ചുകൊണ്ടിരിക്കെ അവൾ ബാബുവിനോട് ചോദിച്ചു....

"ഇതെങ്ങിന്യാ വിശ്വാസിക്ക്യാ...? ഇങ്ങിനെയൊക്കെ നടക്കോ...?"

ബാബു അവളെ നോക്കി. കഴിഞ്ഞതെല്ലാം വിശ്വസിക്കാൻ അവനും പ്രയാസപ്പെടുകയാണ്. അവനുത്തരം പറയാൻ പ്രയാസപ്പെടവേ അവൾ പറഞ്ഞു.

"ആളെ എനിക്കറിയാം. ഇന്നലെ ഞാങ്കരുതി, അയാളെൻറെ ജീവിതം മുഴവൻ വിറ്റുതിന്നെന്ന്.  ഇതിപ്പോ എന്താ പറയാ. അയാള് വരും... നീ നോക്കിക്കോ.."

ബാബു അന്തം വിട്ടിരിക്കുകയാണ്..

"ആരെ കാര്യമാ ചേച്ചീ..."

"നമ്മൾ അവസാനം പോയ ആളില്ലേ... അയാള് തന്നെ... അയാളാണിതൊക്കെ ചെയ്തത്...  ആ രാത്രി മുഴുക്കെ അയാളെൻറെ കഥ കേട്ടിരുന്നു... അതിങ്ങനെയൊക്കെയാവൂന്ന് സ്വപ്നത്തിൽ പോലും ഞാങ്കരുതീല.."

തിരികെ മടങ്ങുമ്പോൾ വാഹനത്തിൽ അവളൊന്നും മിണ്ടാതെ ഇരിക്കുകയായിരുന്നു. രണ്ടുമൂന്നു പ്രാവശ്യം ബാബു നോക്കിയപ്പോൾ അവളുടെ ആ ഇരുത്തം കാരണം ഒന്നും ചോദിക്കാനും പറയാനും നിന്നില്ല. അവൻ വണ്ടി ഓടിക്കുന്നതിലേക്ക് തൻറെ മുഴുവൻ ശ്രദ്ധയും കൊടുത്തു.

അവൾ ആലോചിക്കുകയായിരുന്നു. അയാളെ കുറിച്ച്. ഇരുട്ടിലായിരുന്ന തൻറെ ജീവിതം, വെളിച്ചത്തിലേക്ക് മാറ്റുവാനായി അവതരിച്ച ഒരു അവതാരപുരുഷൻ. ഏട്ടാ എന്നു വിളിക്കാൻ പറഞ്ഞപ്പോൾ, അതിൽ പിതുതുല്യനായ ഒരു ജേഷ്ടൻറെ മുഴുവൻ വാത്സല്യവും ഉണ്ടായിരുന്നു എന്നു തിരിച്ചറിയാനായില്ല. അത്തരം ആണുങ്ങളെ ഇതിനു മുൻപ് കണ്ടിട്ടില്ലല്ലോ. ഇനിയെന്നാണ് ഒന്നദ്ദേഹത്തെ കാണുക. ആ ചിന്ത അവളിൽ ഒരു നെടുവീർപ്പുണ്ടാക്കി.

അത്ഭുതം കാരണം അമ്മയുടെയും സിദ്ധുവിൻറെയും കണ്ണുകൾ വല്ലാതെ വികസിച്ചിരുന്നു. അമ്മയുടെ കണ്ണുകൾ എന്തോ, നിറഞ്ഞു വന്നു. സിദ്ധുവിനെ തന്നിലേക്ക് ചേർത്തു പിടിച്ചവൾ അവൻറെ മുടിയിഴകളിലൂടെ വിരലോടിച്ചു. എല്ലാം കണ്ടു കണ്ണുകൾ നിറച്ച്, ബാബു നോക്കി നിന്നു. അവനെന്തോ ചോദിക്കണമെന്നോ പറയണമെന്നോ ഉണ്ടെങ്കിലും, അവനതിനു നിന്നില്ല. മെല്ലെ യാത്ര പറഞ്ഞു പോയി.

രാത്രി ഉറക്കം വരാതെ അവൾ തിരിഞ്ഞും  മറിഞ്ഞും കിടന്നു. അച്ഛനെ കുറിച്ചോർത്ത് വ്യസനിച്ചു. പാവം. പണമില്ലാത്ത കാരണം, അത്യാവശ്യനേരത്ത് മരുന്നും ചികിത്സയും കിട്ടാതെ, ശ്വാസം മുട്ടി മരിച്ചു. ഓർത്തപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. പിന്നൊരു വേള, സിദ്ധുവിനെ കുറിച്ചോർത്തു. അവൻറെ ജീവിതം ഭദ്രമായിരിക്കുന്നു എന്നൊരു തോന്നൽ, നെഞ്ചിലൊരു കുളിരണിയിക്കുന്നുണ്ട്. ചുണ്ടിലൊരു പുഞ്ചിരിയുണ്ട്. 

പതുക്കെ അവളുടെ ചിന്തകളിലേക്ക് അയാൾ വീണ്ടും കടന്നു വന്നു. ഒരു പക്ഷെ, ഇങ്ങിനെയും ഉണ്ടാവാം ആണുങ്ങൾ. പെണ്ണിൻറെ കണ്ണുകൾ നിറഞ്ഞാൽ പൊതിരുന്ന ഹൃദയങ്ങളുള്ളവർ. ഇന്നോളം കണ്ടത്, ശരീരം കൊതിച്ചു വന്നവരെയല്ലേ. ദൈവമേ... ഏത് ജന്മത്തിലാണ് ഞാനയാൾക്ക് പ്രിയപ്പെട്ടവളായിരുന്നത് എന്നൊന്ന് അറിഞ്ഞിരുന്നെങ്കിൽ...  ഏതോ ഒരു ജന്മത്തിൽ അയാളെൻറെ അച്ഛനായിരുന്നോ? ഏട്ടനായിരുന്നു? അതല്ല, സിദ്ധുവിനെ പോലെ ഞാൻ നൊന്തുപെറ്റ എൻറെ മകനായിരുന്നോ?   

അവൾ തുളുമ്പിയ കണ്ണുകൾ മെല്ലെയടച്ചു. അകക്കണ്ണിൻ ആ മുഖം തെളിഞ്ഞു. ആ ചെറിയ കണ്ണുകളും, വെളിച്ചമുള്ള, എന്നാൽ, അങ്ങേയറ്റം ഗൂഢഭാവമുള്ള പുഞ്ചിരിയും.

മൊബൈലിൻറെ നിർത്താതെയുള്ള ബെല്ലവളെ ഉണർത്തി. അറിയാതെ ഒന്ന് മയങ്ങിപ്പോയിരുന്നു. നോക്കിയപ്പോൾ പരിചയമില്ലാത്ത നമ്പർ. സ്വന്തം നമ്പർ, വളരെ വേണ്ടപ്പെട്ട ചിലർക്കല്ലാതെ, ആർക്കും കൊടുക്കാറില്ല. അപ്പോൾ പിന്നെ ഇതാരാണ്? അങ്കലാപ്പോടെയാണ് ഹലോ എന്നു പറഞ്ഞത്.  അപ്പുറത്ത് നിന്നും ആദ്യം വന്നതൊരു ചോദ്യമായിരുന്നു.

"ഉം.. ഉറങ്ങി അല്ലെ? ഉണ്ടാവില്ലെന്ന് കരുതി... ഈ രാത്രി എന്നെ ഒന്ന് കണ്ടെങ്കിലെന്നായിരിക്കും.. നിൻറെ ഏറ്റവും വലിയ ആഗ്രഹം എന്നുറപ്പുണ്ടായിരുന്നു... അപ്പോൾ പിന്നെ വിളിക്കാതിരിക്കാൻ എനിക്കാവില്ലല്ലോ... അല്ലെ.."

പേരറിയാത്തൊരു സുഖമവളുടെ നെഞ്ചിൽ, ഒരു കൊച്ചുകുഞ്ഞിൻറെ കാൽപാദങ്ങൾ പോലെ, സുഖമെഴുന്നൊരു തണുപ്പുണ്ടാക്കി. ഒരു പൂവിടരുന്നത് പോലെ അവളുടെ ചുണ്ടുകൾ വിടർന്നു. ആ കണ്ണുകളിൽ പ്രകാശം പരന്നു.. ഒരു കൊച്ചു കുഞ്ഞിൻറെ കൗതുകം നിറഞ്ഞ, നേർത്ത, കൊഞ്ചുന്ന ശബ്ദത്തിൽ ചോദിച്ചു..

ഏട്ടാ... ഏട്ടനാണോ?

തുടരും 

1 comment:


  1. അവളുടെ ശരീരത്തിലെ ഓരോ അണുവിലൂടെയും രോമാഞ്ചം ഒഴുകി നടന്നു. മഞ്ഞിൽ പതിയെ വിടരുന്ന ഒരു പനനീർ പുഷ്പമായി അവളുടെ മുഖം മാറി. നേർത്ത, വിറയാർന്ന ശബ്ദത്തിൽ അവൾ ചോദിച്ചു..

    ഏട്ടാ... ഏട്ടനാണോ?

    ReplyDelete