Tuesday, May 21, 2019

ഗ്രാമത്തിലെ പെൺകുട്ടി...

മുൻ അദ്ധ്യായം: പുതിയ തുടക്കം
അദ്ധ്യായം 27: ഗ്രാമത്തിലേക്ക് മടങ്ങുന്നവർ 



"ഹ.. ഈ ഏട്ടാനുള്ള വിളിക്ക്.. എത്ര ചന്തമുണ്ടെന്നറിയുമോ നിനക്ക്?" 

മറുതലയ്ക്കൽ നിന്നുള്ള ചോദ്യത്തിന് മറുപടിയൊന്നും പറയാനായില്ല. അവളാകെ ഒരു അമ്പരപ്പിലായിരുന്നു. 

"എന്താ ഒന്നും മിണ്ടാത്തത്....?"

"എനിക്ക്,,, എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല...  ഒന്നു കാണാൻ എത്ര കൊതിയുണ്ടെന്നറിയാമോ?"

"ശരിക്കും.... എന്നെ കാണണോ?"

ആ ചോദ്യത്തിന് ആലിപ്പഴത്തിൻറെ  തണുപ്പുണ്ടായിരുന്നു. 

"പിന്നെ.. കാണണ്ടെ?" അവളുടെ ശബ്ദം ഇടറിയിരുന്നു... 

"എന്നാൽ മുറ്റത്തൊന്ന് വന്നു നോക്കൂ.. ഞാനിവിടെയുണ്ട്...."

അവൾ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. വിശ്വസിക്കാനായില്ല. ഓടിച്ചെന്ന് വാതിൽ തുറന്നു നോക്കിയപ്പോൾ, നല്ല നിലാവെളിച്ചത്തിൽ തൻറെ കറുത്ത കാറിലേക്ക് ചാരി അയാൾ നിൽക്കുന്നു. ചുണ്ടിൽ കൊതിപ്പിക്കുന്ന ആ പുഞ്ചിരിയുമായി. അവൾ ഫോൺ വലിച്ചെറിഞ്ഞ് ഓടിച്ചെന്ന്, അയാളുടെ നെഞ്ചിലേക്കൊരു പൈതലിനെ പോലെ വീണു. എൻറെ ഏട്ടൻ വന്നൂലോ.. ന്നെ കാണാൻ... എന്നിങ്ങനെ അവൾ പുലമ്പിക്കൊണ്ടിരുന്നു. ആ നെഞ്ച് പിളർന്ന്, അകത്തേയ്ക്ക് കയറാണെന്ന വണ്ണം അവൾ അയാളെ പിന്നെയും പിന്നെയും തന്നിലേക്ക് ഞെരുക്കിച്ചേർത്തു. അപ്പോൾ, അയാൾ അവളുടെ തോളിൽ തട്ടി വിളിച്ചു. 

"എഴുന്നേൽക്ക്... മോളെ... എന്തൊരൊറക്കമാ ഇത്..." 

അവളെഴുനേറ്റ് കണ്ണു മിഴിച്ച് നോക്കുമ്പോൾ അമ്മയായിരുന്നു. "നേരം വെളുത്തു. എന്തൊരൊറക്കമാ ഇത്. എന്തൊക്കെയോ പിച്ചും പേയും പറയുന്നുണ്ടായിരുന്നു. വല്ല അലവലാതി കിനാവും കണ്ടോ?"   

അവൾ കിടക്കയിൽ എഴുന്നേറ്റിരുന്നു. എപ്പോഴാ ഉറങ്ങിയത്? അപ്പൊ, ഈ കണ്ടതൊരു സ്വപ്നമായിരുന്നോ? ഒരു പുലർകാല സ്വപ്നം. ദൈവമേ എന്തൊരു സ്വപ്നം. എത്ര സുന്ദരമായ സ്വപ്നം. അവൾ അറിയാതെ ഒന്ന് നെടുവീർപ്പിട്ടു.

പിന്നെയും സംശയം തീരാതെ, അവൾ മെല്ലെ മൊബൈൽ ഫോൺ എടുത്തു നോക്കി. മിസ്സ്ഡ് കാളൊന്നും ഇല്ല. കാൾ ഹിസ്റ്ററിയിൽ ആരും വിളിച്ചിട്ടുമില്ല. അതെ. ഇതൊരു കേവല സ്വപ്നം മാത്രം. ഉണരുമ്പോൾ കുളിരറ്റ് പോകുന്ന, ഓർക്കാൻ സുഖമുള്ള ഒരു പേക്കിനാവ് മാത്രം.

കഥ കേട്ട വേണു വായും പൊളിച്ചിരുന്നു. കഥ എന്ന് പറയുമ്പോൾ, അവൾ വേണുവിനോട് എല്ലാം പറഞ്ഞിട്ടില്ല. പലതും മറച്ചു വെക്കേണ്ടി വന്നു. അല്ലെങ്കിലും, ജീവിതത്തിൻറെ  പകുതി മറച്ചു വച്ചാണല്ലോ, അവൾ സ്വന്തക്കാർക്ക് മുൻപിൽ വേഷമാടുന്നത്.

വേണു ആലോചിക്കുകയായിരുന്നു. കൂട്ടുകാരൊക്കെ പറഞ്ഞു. ഗ്രാമദേവത ഒരു അസാമാന്യ പടമാണെന്ന്. കാണണം എന്നു കരുതിയിരുന്നതാണ്. ഇതിപ്പോൾ, ഇങ്ങിനെ ഒരു ട്വിസ്റ്റ് ഒട്ടും പ്രതീക്ഷിച്ചില്ല. താൻ ഏറെ ബഹുമാനത്തോടെ, ഒരല്പം ആരാധനയോടെ കണ്ടിരുന്ന ഒരാളാണ് ചേച്ചി. ഈ ചേച്ചിയുടെ കഥയാണോ, ആ സിനിമ?

ചേച്ചി എന്നും വേണുവിന് ഒരു അത്ഭുതം തന്നെയായിരുന്നു. ശാരദക്കുട്ടിയെ പരിചയപ്പെട്ട ആദ്യനാളുകളിലൊന്നിൽ, പ്രണയം അവർക്കിടയിൽ പൂചൂടി നിന്നൊരു വെയ്ക്കുന്നേരം, ഇരമ്പുന്ന കടൽക്കരയിലിരുന്ന്, അതിനേക്കാൾ ഇരുമ്പുന്ന കണ്ണുകളുമായി, ശാരദക്കുട്ടി പറഞ്ഞുകൊടുത്തതാണത്. അവളെ കുറിച്ച്... തൻറെ ചേച്ചിയെ കുറിച്ച്... ചേച്ചിയുടെ ജീവിതം വീണുടഞ്ഞ ഗ്രാമവും, അച്ഛൻറെ രോഗം മരണമായിമാറിയ വീടും, പിന്നെ അവരുടെ ജീവിതം പുക പാളിയ അടുക്കളയിലെ  അർദ്ധപട്ടിണിയുടേയുമൊക്കെ  നീറുന്ന കഥകൾ... അന്ന് തൊട്ടിന്നോളം, തനിക്കും അമ്മയ്ക്കും സിദ്ധുവിനും വേണ്ടി മാത്രം ജീവിക്കുന്ന ചേച്ചി എന്ന അത്താണിയെ കുറിച്ച്...  ആ കഥ പറഞ്ഞവൾ അന്നേറെ വിതുമ്പിയിരുന്നു. അന്നുമുതൽ വേണുവിന് ആ ചേച്ചിയോട് ഒരു ആരാധനയായിരുന്നു. വലിയ ബഹുമാനമായിരുന്നു.

ഇന്നവരിതാ, ഒരത്ഭുത കഥയിലെ കഥാപാത്രം പോലെ, ഒന്നിരുട്ടി വെളുത്തപ്പോൾ, സമ്പന്നയായിരിക്കുന്നു. ഇതൊക്കെ ലോകത്ത് നടക്കുന്ന കാര്യമാണോ? അറിയില്ല. ചില മനുഷ്യരുടെ ജീവിതത്തിൽ നടക്കുന്നത് ഫിക്ഷനെക്കാൾ വിചിത്രമായ സംഗതികളാണല്ലോ? അതിവിചിത്രമായ സംഗതികൾ.

ഇപ്പോഴവർ വന്നിരിക്കുന്നത്, ആ പണം എങ്ങിനെ കൈകാര്യം ചെയ്യണം എന്ന് തന്നോട് ചോദിക്കാനാണ്. അത്രയും ഭീമമായ ഒരു സംഖ്യ എങ്ങിനെ കൈകാര്യം ചെയ്യണം എന്ന് അവർക്കൊരിക്കലും അറിയാൻ സാധ്യതയില്ല. അവരിപ്പോഴും ആ ഗ്രാമത്തിലെ പെൺകുട്ടി മാത്രമാണ്. ആയിരങ്ങൾ, മേലേ തല പോയാൽ പതിനായിരങ്ങൾ മാത്രം കൈകാര്യം ചെയ്തു പരിചയമുള്ളവൾ.

വേണുവിൻറെ നിർദേശം വളരെ കൃത്യമായിരുന്നു. ഉള്ളതിൽ നേർപകുതി സിദ്ധുവിൻറെ പേരിൽ ഒരു പത്തു വർഷത്തേയ്ക്ക് ഫിക്സഡ് ഡെപ്പോസിറ്റ് ഇടുക. അപ്പോൾ അവനൊരു ഇരുപത്തഞ്ച് വയസ്സാകുമ്പോൾ അവൻറെ ജീവിതം സെറ്റിലാവാൻ അത് മതി. ആ കാര്യം പിന്നെ ചിന്തിക്കുകയെ വേണ്ട. ബാക്കിയുള്ളതു കൊണ്ട്, ചെറിയ എന്തെങ്കിലും ബിസിനസ്സ് ചെയ്യുക.

എന്ത് ബിസിനസാണ് ചെയ്യുക എന്നതായി പിന്നെ ചർച്ച. ബാബുവും, അവളും, വേണുവും, ശാരദക്കുട്ടിയും, എന്തിനധികം, സിദ്ധു പോലും ഓരോ അഭിപ്രായങ്ങൾ പറയാൻ തുടങ്ങി. രണ്ടമ്മമാർക്ക് മാത്രം അതിൽ അഭിപ്രായമൊന്നും ഇല്ലായിരുന്നു. മക്കൾ വലിയ വലിയ കാര്യങ്ങൾ ചർച്ച ചെയ്യുന്നത് കൗതുകത്തോടെ നോക്കിയിരിക്കുകയായിരുന്നു ആ അമ്മമാർ.

അവസാനം വേണു തന്നെയാണ്, ഒരു ചെറിയ ടൈലറിംഗ് യൂണിറ്റ് എന്ന ആശയം മുന്നോട്ട് വച്ചത്. നഗരത്തിലെ വലിയ വലിയ തുണിക്കടകളിലേക്ക്, നൈറ്റിയും, ചെറിയ കുട്ടികളുടെ ഉടുപ്പുകളും തയ്ച്ചുകൊടുക്കുന്ന, ഒരു ചെറിയ യൂണിറ്റ്. വലിയ ചിലവില്ല. അത്യാവശ്യം ഒന്ന് ഓടി നടന്നാൽ നല്ല നല്ല ഓർഡറുകൾ കിട്ടും. കേട്ടപ്പോൾ അവൾക്കും അത് താല്പര്യമായി.

നിറഞ്ഞ കണ്ണുകളോടെ അവൾ വേണുവിനെയും ബാബുവിനെയും നോക്കിപ്പറഞ്ഞു..

"എന്നാ പിന്നെ നമുക്ക് അതങ്ങുറപ്പിക്കാം... നിങ്ങള് വേണം എല്ലാറ്റിനും കൂടെ.. ഇതിപ്പോ വീണുകിട്ട്യ പോലത്തെ കുറെ പൈസയുണ്ടെന്നെല്ലാതെ... എനിക്കൊന്നും അറിയൂല... നമുക്കിത് മൂന്ന് ഷെയറായിട്ട് നടത്താം... നിങ്ങളും ഞാനും.. മൂന്നാൾക്കും ഒരേ പോലെ..."

അവൾ അവരെ മാറി മാറി നോക്കി....

"അയ്യോ ചേച്ചീ...." അന്താളിപ്പോടെ ബാബു വിളിച്ചു... ഒരു വലിയ ശ്വാസം എടുത്തു വിട്ടാണ് അവൻ തുടർന്നത്..

"എനിക്ക് ചേച്ചീടെ ഡ്രൈവറായാ മതി...."

ആദ്യം ഒന്നമ്പരന്ന വേണു, ആലോചിച്ചിട്ട് പറയാമെന്നായി. പക്ഷെ അവൾ സമ്മതിച്ചില്ല. പിടിച്ച പിടിയാലേ, അവരെക്കൊണ്ട് അവളെല്ലാം സമ്മതിപ്പിച്ചു. അമ്മമാരും, ശാരദക്കുട്ടിയും സിദ്ധുവുമൊക്കെ ഇടം വലം നിന്ന് നിർബന്ധിച്ചപ്പോൾ, അവർക്ക് മറ്റു മാർഗങ്ങളൊന്നും ഇല്ലായിരുന്നു.

ഇനി സൗകര്യം പോലെ നാട്ടിലേക്കൊന്നു പോകണം എന്നവൾ, പറഞ്ഞപ്പോൾ വേണുവിന് അത്ഭുതമായി. ഇത്രയും കാലമായിട്ടും ആ ഗ്രാമത്തെ കുറിച്ച് അവരാരും സംസാരിച്ചിട്ട് പോലുമില്ല.  അന്ന് ശാരദക്കുട്ടി കഥപറഞ്ഞതിൽ പിന്നെ ഒരിക്കലും വേണു അതേപറ്റി ചോദിച്ചിട്ടേ ഇല്ല. ആ ഗ്രാമത്തെ എല്ലാവരും മറന്നിരിക്കും എന്നാണ് അവൻ കരുതിയത്. ഇന്നിപ്പോൾ അവർക്കെല്ലാവർക്കും ആ ഗ്രാമത്തിലേക്ക് പോകാനാഗ്രഹമുണ്ട്.

ദുരങ്ങളെത്ര താണ്ടിയാലും സ്വന്തം കൂടു തേടി തിരികെ പറക്കുന്ന ദേശാടനപ്പക്ഷിയാകുന്നു മനസ്സ്. അത് ഗ്രാമത്തിലേക്ക് തിരികെ പറക്കുകയാണ്.  മുറ്റത്തെ ചെമ്പരത്തിപ്പൂക്കളും, തൊടിയതിരിലെ കോളാമ്പിപ്പൂക്കളും, കിണറ്റു കരയിലെ കുറ്റിമുല്ലയും, കുറുക്കൻകുണ്ടിലെ തണുത്ത തെളിവെള്ളവും, നട്ടുച്ചയ്ക്കും കുളിർപുതയ്ക്കുന്ന ആശാരിക്കവും, പിന്നെയാ ഗ്രാമത്തിൽ ശലഭങ്ങളെ പോലെ പറന്നു നടക്കുന്ന ഒരായിരം ഓർമകളും തിരികെ വിളിക്കുകയാണ്. ഒരു തിരിച്ചു മടക്കം പ്രതീക്ഷിച്ചതല്ല. മുമ്പൊന്നും ആഗ്രഹിച്ചതുമല്ല. പക്ഷെ ഇന്ന്, ഇപ്പോളെന്തോ വല്ലാത്തൊരാഗ്രഹം. തിരികെ പോകുവാൻ. ചെറുപ്പത്തിലെന്ന പോലെ വീടിൻറെ ഇറയത്തിരുന്ന്, പാടത്തെ കാഴ്ച്ചകൾ കാണാൻ.   ആ ആഗ്രഹം അവളുടെ നെഞ്ചിൽ അടയിരിക്കാൻ തുടങ്ങിയിട്ട് ഏതാനും ദിവസങ്ങളായിരിക്കുന്നു.

വേണു അതിസമർത്ഥനായിരുന്നു. കൃത്യമായ ആസൂത്രണത്തോടെ അവൻ കാര്യങ്ങൾ മുന്നോട്ട് നീക്കാൻ തുടങ്ങി. സ്ഥാപനത്തിനൊരു പേരിടണം. എന്നാലെ ലൈസൻസ് കിട്ടൂ. ഒരു രാത്രി അവൻറെ വീട്ടിൽ എല്ലാവരും കൂടിയിരുന്ന് ആലോചിച്ച്, "സിദ്ധാർത്ഥ സ്റ്റിച്ചസ്"  എന്ന പേരിൽ അതുറപ്പിച്ചു. പേപ്പറുകളൊക്കെ ശരിയാക്കി. വാടക വീടിൻറെ ഒരു ഭാഗത്ത് ഉടമസ്ഥനോട് പറഞ്ഞ് ഒരു ഷെഡുണ്ടാക്കി.  അഞ്ച് തയ്യൽകാരികളെയും ഒരു ഫാഷൻ ഡിസൈനറേയും ജോലിക്കെടുത്തു. ഇന്ത്യയിലെ പല പല സ്ഥലങ്ങളിൽ പോയി റോ മെറ്റീരിയൽ വാങ്ങിച്ചു. നഗരത്തിലെ നാലഞ്ച് തുണിക്കടകളിൽ നിന്നും മോശമല്ലാത്ത ഓർഡറും കിട്ടി. ഇതൊക്കെ വളരെ പെട്ടെന്ന് തന്നെ വേണു മുന്നോട്ട് നീക്കി. അവൾക്ക് അത്ഭുതമായിരുന്നു. ശാരദക്കുട്ടി ശരിക്കും ഭാഗ്യം ചെയ്ത കുട്ടിയാണെന്ന് അവൾ മനസ്സിലോർത്തു.

വേനൽ കടുത്ത് കത്തുകയാണ്. വർഷകാലത്തേയ്ക്ക് രണ്ടുമൂന്നാഴിച്ച മാത്രമേ ഉള്ളൂ.  സിദ്ധുവിൻറെ റിസൽറ്റ് അറിഞ്ഞ ദിവസം ആ വീട്ടിൽ ഉത്സവമായിരുന്നു. മുഴുവൻ വിഷയങ്ങളിലും A+. ജീവിതം അതിൻറെ വെള്ളി വെളിച്ചം കാണിച്ച് തുടങ്ങിയിരിക്കുന്നു. അച്ഛനുണ്ടായിരുന്നെങ്കിൽ എന്നവൾ വേദനയോടെ ഓർത്തു. സന്തോഷവും സങ്കടവും കൂടിക്കലർന്നപ്പോൾ അവളുടെ മിഴികളിൽ ഊറിയ നീർത്തുള്ളിക്ക് വൈഡൂര്യം പോലെ പ്രഭയുണ്ടായിരുന്നു. ആകസ്മികമായാണ് വേണു ചോദിച്ചത്.

"മറ്റന്നാൾ ഞായറായിച്ചയല്ലേ? നമുക്ക് നിങ്ങളുടെ നാട്ടിലേക്കൊന്നു പോയാലോ? അവിടെ എന്തായാലും കുറച്ച് സ്ഥലമൊക്കെ ഇല്ലേ? തീരെ തിരിഞ്ഞു നോക്കാതിരുന്നാൽ അതാരെങ്കിലും കയ്യേറും."

ഒരു പിടച്ചിലോടെ അവൾ വേണുവിനെ നോക്കി. പകച്ച് നോക്കുന്ന ശാരദക്കുട്ടിയും, അമ്മയും, ബാബുവും. എന്നാൽ, മുഷ്ടി ചുരുട്ടി കൈമടക്കി താഴോട്ട് വലിച്ച് സിദ്ധു മാത്രം വിളിച്ചു പറഞ്ഞു..

യെസ്.. അങ്കിൾ... യു ആർ സൊ ഗ്രേറ്റ്...

തുടരും

1 comment:

  1. യാദൃച്ഛികമായി ഒരാൾ അവളുടെ ജീവിതം മനസിലാക്കുന്നു. അയാളിലൂടെ അത് സിനിമാക്കാരിലെത്തുന്നു. ആ സിനിമ ഒരു വലിയ ഹിറ്റായി മാറുന്നു. ഏതോ ഒരത്ഭുത കഥയിലെ കഥാപാത്രം പോലെ, ഒന്നിരുട്ടി വെളുത്തപ്പോൾ അവൾ സമ്പന്നയായിരിക്കുന്നു. ഇതൊക്കെ ലോകത്ത് നടക്കുന്ന കാര്യമാണോ? അറിയില്ല. ചില മനുഷ്യരുടെ ജീവിതത്തിൽ നടക്കുന്നത് ഫിക്ഷനെക്കാൾ വിചിത്രമായ സംഗതികളാണല്ലോ?

    ReplyDelete