Monday, June 24, 2019

ഗ്രാമത്തിലെ പെൺകുട്ടി...

മുൻഅദ്ധ്യായം : മരണം
അദ്ധ്യായം 32: ഉണങ്ങിയ പുഴയുടെ നാമം


S.I.-യുടെ കണ്ണുകൾ അങ്ങേയറ്റം തീഷ്ണമായിരുന്നു. മിഴികളിലൂടെ അയാൾ നോക്കുന്നത് ഹൃദയത്തിലേക്കാണെന്ന് അവർക്ക് തോന്നി. നെറ്റിയിലും മൂക്കിൻ തുമ്പത്തും പൊടിഞ്ഞ വിയർപ്പുകണങ്ങൾ തുടക്കാൻ മറന്ന്, അവളിരുന്നു. ജീവിതത്തിലിന്നോളം ഇത്തരം നിമിഷങ്ങളിലൂടെ കടന്നു പോയിട്ടില്ല.  അവൾ മാത്രമല്ല. വേണുവും. ബാബുവും. ഇതേ സമയം സ്റ്റേഷൻ വളപ്പിൻറെ പുറത്ത്, ചീനിമരത്തിൻ്റെ തണലിൽ പാർക്ക് ചെയ്ത വാഹനത്തിൽ പ്രാർത്ഥനയോടെ ഇരിക്കുന്നു മൂന്നാത്മാവുകൾ. സ്റ്റേഷൻറെ ഗേറ്റിങ്കലേയ്ക്ക്നീട്ടിയ, ഇമ വെട്ടാത്ത മിഴികളുമായി.

S.I.-യുടെ ക്യാബിനിൽ അവരെ കൂടാതെ റൈറ്ററും വിനോദും ഉണ്ടായിരുന്നു. ആദ്യം തന്നെ വേണുവിനോടാണ് കാര്യങ്ങൾ ചോദിച്ചത്. ഇടയ്ക്കു കയറി എന്തോ പറയാൻ തുനിഞ്ഞ ബാബുവിനോട്, കർക്കശ സ്വരത്തിലാണ് അദ്ദേഹം ഇടയ്ക്ക് കയറി സംസാരിക്കരുത്, എന്നു പറഞ്ഞത്. ആ സ്വരം കേട്ടപ്പോൾ തന്നെ അവരെല്ലാം ചൂളിപ്പോയി. പിന്നെ ബാബുവിൻറെ ഊഴമായിരുന്നു. തത്ത പറയുന്ന പോലെ ബാബു നടന്നത് മുഴുവൻ പറഞ്ഞു. S.I.-യുടെ കണ്ണുകൾ അവസാനം അവളുടെ പേടിച്ചരണ്ട കണ്ണുകളെ ചൂഴ്ന്നെടുത്തു.

അദ്ദേഹത്തിൻ്റെ ആദ്യചോദ്യം, ആ സിനിമയിൽ പറയുന്ന കാര്യങ്ങൾ സത്യമാണോ എന്നായിരുന്നു. അവൾ തല കുലുക്കി. റൈറ്റർക്ക് എഴുതിയെടുക്കാനായി അതൊന്നു പറയാൻ പറഞ്ഞപ്പോൾ, അവൾക്കാകെ വിഷമമായി. വേണുവിൻറെ സാനിധ്യത്തിൽ എങ്ങിനെയാ അതൊക്കെ പറയുക. അവളുടെ ആ വിമ്മിഷ്ടം അദ്ദേഹം തിരിച്ചറിഞ്ഞെന്ന് തോന്നുന്നു. വേണുവിനോടും ബാബുവിനോടും വിനോദിനോടും പുറത്തു നിൽക്കാൻ പറഞ്ഞു. ഒരു വനിതാ കോൺസ്റ്റബിളിനെ അകത്തേയ്ക്ക് വിളിപ്പിച്ചു.  അങ്ങിനെ ഒരിക്കൽ കൂടി ആ കഥ അവളുടെ മുഖം നനച്ചു കടന്നു പോയി. പറഞ്ഞു കഴിഞ്ഞപ്പോൾ കുറെ നേരം S.I. ഒന്നും മിണ്ടാതെ ഇരുന്നു. പിന്നെ അവളെയും കൂട്ടി സ്വന്തം ക്യാബിനിൻറെ പുറത്തു വന്നു. അവരെ ഒരു കഠാരി കാണിച്ചു കൊടുത്തു. അത് തിരിച്ചറിയുമോ എന്ന് ചോദിച്ചു. അവർക്കത് തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നു. രാജേട്ടൻറെ കയ്യിൽ ഉണ്ടായിരുന്ന കഠാരിയായിരുന്നു അത്. ഇന്ന്, ഈ പകൽ വെളിച്ചത്തിൽ അത് വ്യക്തമായി കണ്ടപ്പോൾ, അവളുടെ മുഖം രക്തശുന്യമായിപ്പോയി. അവളുടെ മനസ്സിലൂടെ അച്ഛനും, കണാരേട്ടനും, രാജേട്ടനും, ആ നശിച്ച വീടുമൊക്കെ മിന്നൽപിണർ പോലെ കടന്നുപോയി. ഒന്നും പറയാനാവാതെ അവൾ തരിച്ചു നിൽക്കെ S.I.-യുടെ വാക്കുകൾ  കേട്ടു.

"സ്റ്റേറ്റ്മെന്റിൽ ഒപ്പിട്ട്, ഇപ്പോഴത്തെ അഡ്രസ്സും കൊടുത്ത്..  വേണുവിനും ബാബുവിനും പോകാം. C.I. സാറു വന്നു കണ്ടിട്ട് ഇവൾക്കും പോകാം... ആ.. പിന്നെ വിളിക്കുമ്പോൾ വരണം. നാളെ നിങ്ങളുടെ അടുത്ത പോലീസ് സ്റ്റേഷനിൽ ചെന്ന് റിപ്പോർട്ട് ചെയ്യണം. ജില്ല വിട്ട് പുറത്തു പോകുമ്പോൾ അവിടെ പറഞ്ഞിട്ട് വേണം പോകാൻ. കുറച്ചു കാലത്തേയ്ക്ക് ഈ ബുദ്ധിമുട്ട് സഹിച്ചേ പറ്റൂ. മനസ്സിലായോ?"

അവർ തലയാട്ടി. ചീനിമരത്തിൻറെ തണലിൽ വാഹനത്തിൻറെ പുറത്ത് അവരെല്ലാവരും കൂടിയിരുന്നാലോചിച്ചു. അവൾ കൂടി ഫ്രീയായിട്ട് ഒരുമിച്ച് പോയാൽ മതി എന്നമ്മയും വേണുവും ബാബുവും സിദ്ധുവും പറഞ്ഞെങ്കിലും, വിനോദ് സമ്മതിച്ചില്ല.  അതിൻറെ ആവശ്യമില്ലെന്നവൻ പറഞ്ഞു. മാത്രമല്ല, T.B. യിൽ റവന്യു മന്ത്രി വരുന്നുണ്ട്. C.I. അവിടത്തെ തിരക്കൊക്കെ കഴിഞ്ഞ് എപ്പോഴാനെത്തുക എന്നൊരു വിവരവുമില്ല.  അതുവരെ ആ കൊച്ചു കുഞ്ഞിനേയും കൊണ്ട് ഇവിടെ നിൽക്കേണ്ട ഒരു കാര്യവുമില്ല. ഇവിടെ ഒരു പ്രശ്നവും ഇല്ല.  C.I. യ്ക്ക് ആളെ ഒന്ന് നേരിട്ട് കാണാനാണ്. അവളെ പ്രതിയാണല്ലോ ഇതൊക്കെ നടന്നത്. അതാണ് കാര്യം. ഒരു പ്രശ്നവും കൂടാതെ, അവളെ ഞാൻ വീട്ടിലെത്തിച്ചോളാം എന്നവൻ പറഞ്ഞപ്പോൾ, അവളും വിനോദിനെ പിന്താങ്ങുകയാണ് ചെയ്തത്. അതിൻറെ കാരണം. ഇനി C.I. വേണുവിൻറെ മുൻപിൽ വച്ച്, വല്ലതും ചോദിക്കുമോ എന്ന ഭയമായിരുന്നു.

ഒട്ടും സമ്മതിക്കാതിരുന്ന അമ്മയുടെ കാതിൽ അവൾക്ക് പറയേണ്ടി വന്നു. വേണുവിൻറെ മുൻപിൽ വച്ച് അവരെന്തെങ്കിലും ചോദിച്ചാൽ, എനിക്കത് ബുദ്ധിമുട്ടാണമ്മേ എന്ന്. അപ്പോൾ മാത്രമാണ് അമ്മയ്ക്കത് മനസ്സിലായത്. അകന്നു പോകുന്ന ആ വാഹനത്തെ നോക്കിനിൽക്കുമ്പോൾ അവൾക്ക് വല്ലാത്ത സങ്കടം വരുന്നുണ്ടായിരുന്നു. ആ വാഹനം കണ്ണിൽ നിന്നും മറഞ്ഞപ്പോൾ കണ്ണുകൾ തുടച്ചു കൊണ്ടവൾ അരികിൽ നിൽക്കുന്ന വിനോദിനെ നോക്കി. പിന്നെ ഒന്നും മിണ്ടാതെ സ്റ്റേഷൻറെ വരാന്തയിലെ ബഞ്ചിൽ വന്നിരുന്നു. കുറച്ചുനേരം കഴിഞ്ഞപ്പോൾ വിനോദുമെത്തി. വിനോദിൻറെ സാമീപ്യം അവൾക്കെന്തോ അസ്വസ്ഥത ഉണ്ടാക്കി. എങ്കിലും, അവനവിടെ ഉള്ളത് ഒരാശ്വാസം തന്നെ. സ്റ്റേഷനിലൊക്കെ നല്ല പിടിപാടുണ്ടെന്ന് തോന്നുന്നു. പോലീസുകാർക്കൊക്കെ നല്ല പരിചയം. നാട്ടിലെ ഒരു പൊതുകാര്യ പ്രവർത്തകനാവും. അവളൊന്നും അങ്ങോട്ടു മിണ്ടാൻ പോയില്ല. ഇടയ്ക്കവൾ ഇടങ്കണ്ണിട്ട് നോക്കുമ്പോൾ തല ചുമരിലേക്ക് ചാരി, കണ്ണടച്ചിരുന്ന്, എന്തോ ആലോചിക്കുകയാണവൻ. വിനോദ് ചെറുപ്പത്തിലും തന്നോടധികം മിണ്ടാറില്ലായിരുന്നല്ലോ എന്നവളോർത്തു. താനങ്ങോട്ടും...

ചെറുപ്പകാലത്തെ കുറിച്ചുള്ള ചിന്തകൾ സുകുവിലെത്തി. നോവിൻറെ തീപ്പൊരികൾ വീണു പൊള്ളിയ മനസ്സിലേക്ക്, രാജേട്ടൻറെ ഓർമ്മകളെത്തിയപ്പോൾ, അവൾക്ക് മനസ്സിലായില്ല... മനസ്സിനെ ഭരിക്കുന്ന വികാരമേതാണെന്ന്. ആ മനുഷ്യൻ മരിച്ചുപോയി. ആ സിനിമയാണ് രാജേട്ടനെ ഭ്രാന്തനാക്കിയത്. നാട്ടിലും വീട്ടിലും രാജേട്ടൻ ശരിക്കും അപമാനിതനായി. മിനിയെ കെട്ടിച്ചു വിട്ടിടത്തും ആ സിനിമ ഒരു പ്രശ്നം തന്നെയായിരുന്നു. കൂടെ മാളുവേട്ടത്തിയുടെ ബ്ലേഡ് പോലെ മൂർച്ചയുള്ള നാവു കൂടിയായപ്പോൾ അയാൾ ശരിക്കും ഭ്രാന്ത് പിടിച്ച പോലെയായി. അതവസാനം ഇങ്ങിനെയൊക്കെയായി. അവൾക്കതിൽ ഒട്ടും സങ്കടം തോന്നുന്നില്ല. സങ്കടം മുഴുവൻ സുകുവിനെ ഓർത്തായിരുന്നു. പറഞ്ഞു കേട്ടിടത്തോളം ഇനിയൊരിക്കലും അവനൊരു രക്ഷയുണ്ടാവില്ല. ഒരു സർക്കാർ ഭ്രാന്താശുപത്രിയിലെ ഇരുണ്ട അറയിൽ ഒടുങ്ങും അവൻറെ ജീവിതം. അങ്ങിനെ ആവരുതായിരുന്നു അവൻറെ വിധി. അവനേൽപ്പിച്ച മുറിവിൽ നിന്നും ഇന്നും രക്തം കിനിയുണ്ടെങ്കിലും, അവനെ പാടേ വെറുക്കാനാവുന്നില്ലല്ലോ തനിക്കെന്നവൾ അത്ഭുതപ്പെട്ടു. തൊട്ടടുത്ത് വിനോദിൻറെ മുരടനക്കം കേട്ടാണ് ചിന്തകളിൽ നിന്നുണർന്നത്. അവൾ നോക്കിയപ്പോൾ വിനോദ് പറഞ്ഞു..

"നേരം ഒന്നരയായില്ലേ.. നമുക്ക് വല്ലതും കഴിച്ചിട്ട് വരാം..."

"ഒന്നും വേണ്ട... വെശപ്പില്ല.. വിനോദ് പോയിട്ട് വാ..."

"ആ.. എന്നാ എനിക്കും വേണ്ട..." 

പുറങ്കൈ കൊണ്ട് വായ മറച്ചൊരു കോട്ടുവായിട്ടു വിനോദ്. ശേഷം പഴയ പോലെ കണ്ണടച്ച് ചുമരിലേക്ക് തല ചായ്ചിരുന്നു. അതവളിൽ വല്ലാത്തൊരു അസ്വസ്ഥതയുണ്ടാക്കി. ഒന്നുരണ്ടുമിനിറ്റങ്ങിനെ  ഇരുന്നിട്ടവൾ പതുക്കെ വിനോദിനെ വിളിച്ചു...

"അതേയ്... എന്നാ നമുക്കെന്തെങ്കിലും കഴിക്കാം..."

കണ്ണ് തുറന്നവളെ നോക്കിയ വിനോദ് ഒന്ന് പുഞ്ചിരിച്ചു. അവർ നേരെ പോയത് സ്‌റ്റേഷൻറെ എതിർവശത്തുള്ള ഒരു ഹോട്ടലിലേക്കാണ്. ക്യാഷ് കൗണ്ടറിലിരിക്കുന്നയാൾ വിനോദിനോടൊന്നു പുഞ്ചിരിച്ചു.

"അല്ല മാഷെ? കഴിഞ്ഞില്ലേ?" 

"C.I. സാറിനെ ഒന്ന് കാണണം.." 

ഒരു ജീവനക്കാരൻ കാണിച്ചു കൊടുത്ത ഫാമിലി ക്യാബിനിലിരിക്കുമ്പോൾ അവൾ കൂടുതൽ  അസ്വസ്ഥയാണ്. അതെന്ത് കൊണ്ടാണെന്ന് അവൾക്കൊട്ടു മനസ്സിലായതുമില്ല. രണ്ട് ഊണാണ് വിനോദ് ആവശ്യപ്പെട്ടത്. കൂടെ അയക്കൂറ പൊരിച്ചതും. അതാ ഹോട്ടലിലെ സ്‌പെഷ്യൽ ആണത്രേ. ഭക്ഷണം മുന്നിലെത്തി. അവൾക്ക് രുചിയൊന്നും തോന്നിയില്ല. കഴിക്കുന്നതിനിടയിൽ വിനോദ് അവളെ ശ്രദ്ധിച്ചു. 

"ഹ... താനെന്താ ഇങ്ങിനെ ആലോചിച്ചിരുന്നത്.. കഴിക്കാൻ നോക്ക്... ഒരു കാര്യത്തെ കുറിച്ചും ആലോചിക്കേണ്ട..  കഴിക്ക്..."

അവൾ അവനെ നോക്കി. ഒരൽപം നന്ദിയോടെ തന്നെ.ഒന്ന് നെടുവീർപ്പിട്ടു. ഒരു ഉരുള ചോറ് ചവച്ചു കൊണ്ടിരിക്കെയാണ് അവൻ ചോദിച്ചത്...

"സത്യം പറഞ്ഞാൽ രാജേട്ടൻ മരിച്ചതിൽ നിനക്ക് സന്തോഷമില്ലേ? ആ സിനിമ കണ്ട അന്നൊക്കെ എനിക്കയാളെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു. എന്തായാലും എനിക്ക് സന്തോഷമായി... ഒരുപാട്..."

അവൾ അത്ഭുതത്തോടെ അവനെ നോക്കി. ഒന്ന് പുഞ്ചിരിച്ചെന്നു വരുത്തി. പിന്നെ പറഞ്ഞു..

"എനിക്കറിയില്ല..." 

അവളവിടെ നിർത്തിയപ്പോൾ പെട്ടെന്നാണ് വിനോദ് ചോദിച്ചത്...

"സുകു ഇപ്പോഴും നെഞ്ചിൽ ഒരു കനലാണ്. അല്ലെ...?"

അവൾക്ക് ശ്വാസം വിലങ്ങുന്ന പോലെയായി. അവളുടെ മുഖത്തു നിന്നും തൻറെ പാത്രത്തിലേക്ക് കണ്ണുകൾ മാറ്റി അവൻ തുടർന്നു..

"അതവൻറെ വിധിയാണ്...  രണ്ടു പ്രാവശ്യം ഞങ്ങൾ ഹോസ്‌പിറ്റലൈസ്‌ ചെയ്തതാണ്. ഒരു കാര്യവുമില്ല. അവനോടിപ്പോരും. പിന്നെ ആർക്കും താല്പര്യമില്ലാതായി. ഈ സിനിമ ഇറങ്ങിയതിൻറെ ശേഷമാണു അവനെന്തിനാണ് നിൻറെ വീടിൻറെ അവിടെ വന്നു കിടക്കുന്നത് എന്നെനിക്ക് മനസ്സിലായത്. അല്ല, നിങ്ങൾ തമ്മിലിഷ്ടമായിരുന്നു എന്ന് അന്നേ അറിയാമായിരുന്നു... അവനോടൊരല്പം അസൂയയുമുണ്ടായിരുന്നു എന്ന് കൂട്ടിക്കോ.. പാവം.. അവനെ ആരും മനസ്സിലാക്കിയില്ല.. അവൻ പോലും... എപ്പോഴോ അവനവൻറെ വേദനകളിൽ നിന്നും ഭ്രാന്തിൻറെ ലോകത്തേയ്ക്ക് ഓടിപ്പോയി... ഇനിയിപ്പോൾ ഒരു തിരിച്ചു മടക്കം അവനുണ്ടാവില്ല... ഒരിക്കലും..." 

പറഞ്ഞു കഴിഞ്ഞാണ് വിനോദ് മുഖമുയർത്തിയത്.. നോക്കുമ്പോൾ അവളുടെ കവിളിൽ രണ്ടു നീർചാലുകളുണ്ടായിരുന്നു. അവൻ വല്ലാതായി. പെട്ടെന്ന് ഇടങ്കൈ നീട്ടി, വിരൽ കൊണ്ട്, ആ നേർരേഖകൾ മുറിച്ചു കളഞ്ഞു. അടുത്ത നിമിഷം കൈ പിൻവലിച്ചു. അതൊരു അറിയാതെ ചെയ്ത പ്രവർത്തിയെന്ന  പോലെ. ആ പ്രവർത്തി കാരണം അമ്പരന്നുപോയ അവളുടെ മുഖത്തേയ്ക്ക് നോക്കാതെ തലതാഴ്ത്തി പറഞ്ഞു...

"സോറി... ഞാൻ അറിയാതെ... കരയുന്ന കണ്ടപ്പോ.... സോറി..."

ആരുമൊന്നും മിണ്ടാതെ കുറെ സമയം കഴിഞ്ഞുപോയി. ചവയ്ക്കുന്ന ശബ്ദം പോലും കേൾപ്പിക്കാതെ വിനോദ് കഴിക്കുന്നത് അവൾ കൗതുകത്തോടെ നോക്കിയിരുന്നു. ഒരുവേള തൻറെ പാത്രത്തിൽ നിന്നും മുഖമുയർത്തിയ വിനോദ് കണ്ടത് തന്നെ നോക്കിയിരിക്കുന്ന അവളെയാണ്. അവൻ പുഞ്ചിരിയോടെ പറഞ്ഞു.. 

"കഴിക്ക്.. പോണ്ടെ നമുക്ക്... C.I വന്നോ ആവൊ...?"

അവൾ വീണ്ടും കഴിക്കാൻ തുടങ്ങി.. അവനുമായിപ്പോൾ ഒരു പരിചയമുണ്ടായ പോലെ. ഇതുവരെ ഏതോ ഒരു അപരിചിതനായ മനുഷ്യനെ പോലെയായിരുന്നു വിനോദ്. തന്നെക്കുറിച്ചൊരുപാട് കാര്യങ്ങളറിയുന്ന, ഒരു അപരിചിതൻ. ഒരു മര്യാദ എന്ന നിലയിലാണ് അവൾ ചോദിച്ചത്... ഒരു വെറും ചോദ്യം...

"ഇന്നലെ കണ്ടപ്പോൾ ചോദിക്കാൻ മറന്നു... മോളെ പേരെന്താ...?"

അവളൊരു ഉരുള ചോറ് വായിലേക്ക് കൊണ്ട് പോകവെയാണ് വിനോദ് പറഞ്ഞത്... അത് പറയുമ്പോൾ അവനൊരു ചമ്മലുണ്ടായിരുന്നു..

"അത്... അത് നിൻറെ പേരാണ്.."

ആ ഉരുള ചോറ് വായിലേക്ക് വെക്കാതെ അവൾ പാത്രത്തിലേക്ക് തന്നെയിട്ടു. അത്ഭുതരസം തുളുമ്പുന്ന കണ്ണുകളോടെ അവനെ നോക്കി. മനസ്സിലെ മുഴുവൻ അമ്പരപ്പും അവളുടെ ചോദ്യത്തിൽ മുഴച്ചു നിന്നിരുന്നു..

"എൻറെ പേരോ...?"

"ഉം.."

വിനോദ് തല കുലുക്കി.. അവൾക്കൊന്നും പറയാനായില്ല. എന്താണ് സംഭവിക്കുന്നത് എന്നും അവൾക്ക് മനസ്സിലായില്ല. പറഞ്ഞറിയിക്കാനാവാത്ത ഒരത്ഭുതത്തോടെ അവൾ നോക്കവേ, വിഷാദം കലർന്ന ശബ്ദത്തോടെ വിനോദ് പറഞ്ഞു...

"അതെ... വറ്റി വരണ്ട് പോയാലും പുഴകളുടെ പേര് മാത്രം പിന്നെയും ബാക്കിയാവില്ലേ? അത് പോലെ, തുറന്നു പറയാൻ കഴിയാതെ പോയ ഒരു പ്രണയ സ്വപ്നത്തിൻറെ പേര് മാത്രമേ എനിക്ക് ബാക്കി കിട്ടിയുള്ളൂ.. ഒരു പേരു മാത്രം..." 

പിന്നെ ഒന്നും പറയാതെ ഇരുന്നു. ഒന്നും പറയാനാവാതെ അവളും.  അവരുടെ കൗമാരം കാൽമുദ്രകൾ ചാർത്തിയ ഗ്രാമവീഥികളെ തേടിപ്പറക്കുന്ന ഓർമ്മകൾ, ഉഷ്ണമൗനങ്ങൾ വീണുടഞ്ഞ നിമിഷങ്ങൾ, അവർക്കിടയിലൂടെ കടന്നു പോയി. അവൻറെ കണ്ണുകളുടെ ആഴങ്ങളിൽ ഉറങ്ങി മടുത്തൊരു സ്വപ്നത്തിൻറെ ക്ഷീണവും തളർച്ചയും അവൾ കണ്ടുവോ?

തുടരും.

1 comment:

  1. "അതെ... വറ്റി വരണ്ട് പോയാലും പുഴകളുടെ പേര് മാത്രം പിന്നെയും ബാക്കിയാവില്ലേ? അത് പോലെ, തുറന്നു പറയാൻ കഴിയാതെ പോയ ഒരു പ്രണയ സ്വപ്നത്തിൻറെ പേര് മാത്രമേ എനിക്ക് ബാക്കി കിട്ടിയുള്ളൂ."

    ReplyDelete