Monday, June 24, 2019

പുനർ ജന്മ മോഹങ്ങൾ!


നാളെയെൻ കരിന്തിരി
കെട്ട് പോയേക്കാം.
ഞാൻ വെറുമൊരു
നാമമായ് മാത്രം മാറിയേക്കാം.
അന്നോളമെൻ വെളിച്ചത്തിലീ- 
വഴി നടന്നവർ പിന്നെ,
വിസ്മൃതിയിലേക്കെന്നെ
വലിച്ചെറിങ്ങോ മറഞ്ഞേക്കാം!
എങ്കിലും, പിന്നേയുമിരുളിലെന്നെ 
ഓർത്തോർത്തു നീറുന്ന കണ്ണുമായ്
നീ മാത്രം വെറുതെ കാത്തിരിക്കും!
നീ മാത്രം തേങ്ങി തളർന്നിരിക്കും!

ശിരോശിലയ്ക്കരികിലൊരുപിടി
ഓർമപ്പൂവുകൾ വച്ചെനിക്കായ്
രണ്ടു നീർതുള്ളികളേകുവാൻ നീ
വരില്ലൊരിക്കലുമെന്നറിയാമെങ്കിലും,
വെറുതെ കൊതിച്ചു ഞാൻ നിന്നെയും
കാത്തിരുക്കുമന്നും; ഇന്നുമെന്ന പോലെ!
ഇന്നെൻറെ ജാലകത്തിന്നപ്പുറം
മഴവീണ മീട്ടുമീ രാത്രിക്ക് പോലും
വിരഹ കനലിനാരുകിയോരെൻ
ഉള്ളം തണുപ്പിക്കാനാവതില്ല!
അത്രമേൽ വിരഹത്തിൻ കനലുകൾ
ഊതുന്നുള്ളിലീ കടുത്തയേകാന്തത!   

ഒറ്റയ്ക്ക് നടക്കുവാൻ മടിയാണെനിക്കെങ്കിലും
ഈ വഴിത്താരയിൽ, ഞാനിന്നേകനായ്,
പതറിയ മിഴികളെമ്പാടും നിന്നെ,
തേടിത്തളർന്നിരുട്ടിൽ വീണു പോയി!
ഇനിയൊരു ജന്മമുണ്ടെങ്കിലെനിക്ക്
നീയായ്‌ ജനിക്കുവാനാണ് മോഹം!
നിൻറെ നോവിൻറെ ശൂലമുനകളിൽ
നീയായ്‌ ശയിക്കുവാൻ; നിന്നെയറിയുവാൻ!
കടുത്ത മൗനത്തിലന്ന് നീ മുക്കിക്കൊന്ന
നിൻറെ നോവിൻറെ വാക്കൊന്നറിയുവാൻ! 
ഇന്ന് നീ പുതയ്ക്കാതെ പോയൊരെൻ
പ്രണയപ്പുതപ്പിൽ നിന്നെയുറക്കുവാൻ!

ഇനിയൊരു ജന്മമുണ്ടെങ്കിലിവിടെ
ഞാനായ് ജനിക്കേണം നീ.
എങ്കിലേ നീയെൻറെ പ്രണയത്തിന്നാഴവും
പരപ്പും മുഴുവനുമറിയുകയുള്ളൂ!
നീയെന്ന മോഹത്തിൻ ജ്വാലാമുഖികൾ
തീയൂതുമെന്നുള്ളമറിയുകയുള്ളു!
തപ്തമോഹങ്ങളെ ശയ്യാതലമാക്കിയൊരെൻ
നിദ്രാവിഹീന രാവുകളറിയുകയുള്ളൂ!
മഴയിൽ നനഞ്ഞൊരു കാറ്റുപോലെന്നിൽ
നിന്നോർമകൾ ഈറനുടുത്തു നിൽക്കേ;
നീയെന്ന ദാഹവും ചുമന്നു ഞാനീ
ഈഷരഭൂമിയിലലഞ്ഞതറിയുകയുള്ളൂ!

* ശുഭം *


1 comment:

  1. ഇനിയൊരു ജന്മമുണ്ടെങ്കിലിവിടെ
    ഞാനായ് ജനിക്കേണം നീ.
    എങ്കിലേ നീയെൻറെ പ്രണയത്തിന്നാഴവും
    പരപ്പും മുഴുവനുമറിയുകയുള്ളൂ...!

    ReplyDelete