Wednesday, July 24, 2019

ഗ്രാമത്തിലെ പെൺകുട്ടി...

മുൻ അദ്ധ്യായം: പുതിയ അദ്ധ്യായങ്ങൾ 
അദ്ധ്യായം 37: കാത്തിരിപ്പ്


കടലിൻറെ ഇരമ്പൽ, അവൾ കേട്ടില്ല. കടൽക്കരയിൽ ബഹുജനങ്ങളുടെ ശബ്ദകോലാഹലങ്ങളും കേട്ടില്ല. സമയം ഉച്ചയായതിനാൽ വലിയ ജനക്കൂട്ടമൊന്നും ബീച്ചിൽ ഇല്ല. കാറ്റാടി മരങ്ങളുടെ തണലിൽ, കടലിൻറെ അങ്ങേയറ്റത്തേക്ക് മിഴികൾ പാകി അവളിരിന്നു. ആ മനസ്സ് കടലോളം, അല്ല; കടലിനേക്കാൾ പ്രഷുബ്ധമാണ്. 

വിനോദെന്തേ വൈകുന്നു? പതിനൊന്നു മണിക്ക് വരാമെന്ന് പറഞ്ഞയാൾ, ഇപ്പോൾ പന്ത്രണ്ടരയായിട്ടും വന്നിട്ടില്ല. അവനെന്താണ് തന്നോട് പറയാനുള്ളത്? മറ്റാരും കേൾക്കാൻ പാടില്ലാത്തത്? അതറിയാഞ്ഞിട്ടാണവാൾക്ക് കൂടുതൽ പിരിമുറുക്കം. മാത്രമല്ല, ഇനി ഇവിടെ വച്ച് പരിചയമുള്ള ആരെങ്കിലും കാണുമോയെന്ന ഭയം. അതും താനും അവനും ഒരുമിച്ചുണ്ടാവുന്ന സന്ദർഭത്തിൽ.

അവളുടെ മനസ്സിലെ ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ലായിരുന്നു. ഇഴഞ്ഞു നീങ്ങുന്ന സമത്തിനോട് അവൾക്കസഹ്യമായ വെറുപ്പ് തോന്നി. എഴുനേറ്റു വീട്ടിൽ പോയാലോ? അവൾ വീണ്ടും വിനോദിൻറെ നമ്പറിലേക്ക് ഡയൽ ചെയ്തു. 

താങ്കൾ വിളിക്കുന്ന നമ്പർ ഇപ്പോൾ സ്വച്ച് ഓഫ് ചെയ്യപ്പെട്ടിരിക്കുകയാണ്, എന്ന കിളിനാദം കഴിഞ്ഞ കുറച്ച് സമയമായി കേൾക്കാൻ തുടങ്ങിയിട്ട്. അതവളുടെ ഹൃദയഭാരം കൂട്ടുന്നുമുണ്ട്. ഈ വിനോദ് ഇതെന്ത് പരിപാടിയാണ് ചെയ്യുന്നത്? മനുഷ്യനെ ഇങ്ങിനെ പറഞ്ഞു പോസ്റ്റാക്കണോ?

തിരയിൽ നനഞ്ഞൊരു കടൽകാറ്റ്, അവളുടെ മുഖം തഴുകി കടന്നു പോകവേ; ഇനി പോകാം, വിനോദ് പിന്നെ വിളിച്ചോളും എന്ന് കരുതി എഴുനേൽക്കാൻ തുടങ്ങുകയായിരുന്നു. അപ്പോഴാണ് ഒരു ചെറുപ്പക്കാരൻ മുൻപിൽ വന്നു ശങ്കയോടെ ചോദിച്ചത്?

"മാഡം, നിങ്ങൾ വിനോദ് സാറിനെ കാത്തിരിക്കുകയാണോ? അല്ലെങ്കിൽ സോറി... ട്ടോ." 

അവളവനെ സൂക്ഷിച്ചു നോക്കി. ഹെൽത്ത് കെയർ ഹോസ്‌പിറ്റൽ എന്നൊരു പേര് അവൻറെ ഇളം നീല കുപ്പായത്തിൽ തുന്നിപിടിപ്പിച്ചിട്ടുണ്ട്. കുറച്ചായി ഇവിടെ ചുറ്റിത്തിരിയുന്നത് കാണുന്നുണ്ട്. രണ്ടു മൂന്നു പ്രാവശ്യം അടുത്തുകൂടി കടന്നു പോയതാണ്. അവൾ ആകെ ആശയ കുഴപ്പത്തിലായി. എങ്കിലും ധൈര്യം സംഭരിച്ച്, പരുഷമായി ചോദിച്ചു? 

"ആണെങ്കിൽ?" 

അവൻറെ മുഖത്തൊരു ആശ്വാസ ഭാവം. 

"സാറിന് ചെറിയൊരു അപകടം പറ്റി, ഇവിടെ ഹെൽത്ത് കെയർ ആശുപത്രിയിലെ കാഷ്വാലിറ്റിയിലുണ്ട്. മൂപ്പരെ ഫോൺ നഷ്ടപ്പെട്ടു എന്നാണു തോന്നുന്നത്? നിങ്ങളിവിടെ കാത്തിരിക്കുന്നുണ്ടാവും, ഒന്നു ചെന്ന് വിവരം പറയാമോ എന്നെന്നോട് ചോദിച്ചപ്പോൾ, പറ്റില്ലാന്ന് പറയാൻ കഴിഞ്ഞില്ല. അതാ വന്നത്?"

അവളെന്തോ ചോദിക്കാനായി ആഞ്ഞപ്പോഴേക്കും അവൻ തുടർന്നു.

"പേടിക്കാനൊന്നുമില്ല, വല്ല്യ പരിക്കൊന്നുമില്ല. കാലിനെന്തോ പറ്റിയിട്ടുണ്ട്.  പിന്നെ ചെറിയ ചെറിയ മുറിവുകളും. എന്നാ... ഞാൻ പോട്ടെ."

അവൾ സമ്മതഭാവത്തിൽ തലയാട്ടി. മുടികളിൽ പിടിച്ചു വലിക്കുന്ന കടൽക്കാറ്റേറ്റ് അവളൊരു പ്രതിമ പോലെ നിന്നു. പിന്നെ പെട്ടെന്നു വെളിപാടുണ്ടായ പോലെ, ഒരു ഓട്ടോയിൽ നേരെ ആശുപത്രിയിലേക്ക് പോയി. കാഷ്വാലിറ്റിയിൽ ചെന്നപ്പോൾ ആളെ വാർഡിലേക്ക് മാറ്റിയിട്ടുണ്ട് എന്നറിയിച്ചു. ഇതിന്നിടയിൽ അവൾ വേണുവിനെ വിളിച്ച് വിവരം പറഞ്ഞിരുന്നു.

അതൊരു പ്രീ ഓപ്പറേഷൻ വാർഡായിരുന്നു. ചെന്നപ്പോൾ, അങ്ങേയറ്റത്ത് ഒരു കട്ടിലിൽ കിടക്കുന്ന വിനോദിനെ കണ്ടു. വലതു കാൽ മുഴുവനും ബാൻഡേജ് ആയിരുന്നു. നല്ല മയക്കത്തിലാണെന്ന് തോന്നുന്നു. അവൾ മെല്ലെ അവൻറെ കട്ടിലിൻറെ അരികിലുണ്ടായിരുന്ന ഒഴിഞ്ഞ ഒരു സ്റ്റൂളിൽ ഇരുന്നു. അവൻറെ നെറ്റിയിലും കൈമുട്ടിലുമൊക്കെ മുറിവുകൾ ഉണ്ടായിരുന്നു. അതൊക്കെ കാണെ എന്തെന്നില്ലാത്ത സങ്കടം തോന്നി. അവളവൻറെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി. 

ശാന്തമായ ഉറക്കമാണ്. മയക്കാനുള്ള മരുന്ന് കാരണമാവും. ഏതോ ഒരു സുഖമുള്ള സ്വപ്നം കാണുന്നുണ്ടോ? ആ ചുണ്ടിലൊരു ഇളം പുഞ്ചിരിയുള്ള പോലെ. അങ്ങിനെ നോക്കി നിൽക്കെ വേണു വന്നു. അത് വലിയ ആശ്വാസമായി. എന്താ പറ്റിയത് എന്ന ചോദ്യത്തിന് ഒന്നുമറിയില്ല, അസിക്സിഡന്റ് ആണെന്ന് മാത്രമേ അറിയൂ എന്നവൾ മറുപടി പറഞ്ഞു. ഞാനൊന്ന് അന്വേഷിക്കട്ടെ എന്ന് പറഞ്ഞ് വേണു പോവുകയും ചെയ്തു. 

കുറച്ച് കഴിഞ്ഞപ്പോൾ വേണു തിരിച്ച് വന്നു. വിനോദിൻറെ കാലിന് ഒന്നിലധികം ഒടിവുകൾ ഉണ്ട്. അസ്ഥിയുടെ നില കുറച്ച് ഗുരുതരമാണ്. ഉടനെ ഒരു ഓപ്പറേഷൻ വേണ്ടി വരും.  അവൾ എല്ലാം വെറുതെ കേട്ടു നിന്നു. ഇതൊരു പ്രൈവറ്റ് ഹോസ്പിറ്റലല്ലേ. പണം കെട്ടിവെക്കണം. എന്നാലെ ഓപ്പറേഷൻ ചെയ്യൂ. വേണുവിനോട് പറഞ്ഞപ്പോൾ അവൻ തന്നെ പോയി പണമൊക്കെ കെട്ടിവച്ചു. വിനോദ് അപ്പോഴും നല്ല മയക്കത്തിലായിരുന്നു. 

കുറച്ച് കഴിഞ്ഞപ്പോൾ ആശുപത്രി അധികൃതർ വന്ന് അവരോട് പറഞ്ഞു. ഉത്തരവാദിത്വപ്പെട്ട ഒരാൾ ഓപറേഷനുള്ള സമ്മത പത്രത്തിൽ ഒപ്പിട്ടു കൊടുക്കണം. അവൾ വേണുവിൻറെ മുഖത്തേക്കു നോക്കവേ, വേണു പറഞ്ഞു.

"ഞാൻ ഒപ്പിടാം. ഹി ഈസ് മൈ ബ്രദർ."

ഓപ്പറേഷൻ തീയേറ്ററിൻറെ മുൻപിൽ നിൽക്കുമ്പോഴാണ്, അമ്മയും സിദ്ധുവും  ബാബുവും വന്നത്. അപ്പോൾ തന്നെ ബാബുവിനെ നാട്ടിലേക്ക് വിട്ടു. രാധേച്ചിയോട് വിവരം പറയാൻ. വിനോദിൻറെ മോൾ അവരുടെ കൂടെയാവുമല്ലോ? 

മണിക്കൂറുകൾ നീണ്ട ഓപ്പറേഷന് ശേഷം ഡോക്ടർ പുറത്ത് വരുമ്പോൾ എല്ലാരും അദ്ദേഹത്തിൻറെ ചുറ്റും കൂടി. വേണുവിൻറെ മുഖത്ത് നോക്കിയാണ് അദ്ദേഹം പറഞ്ഞത്. 

"പേടിക്കാനൊന്നുമില്ല. ഒരു ദിവസം ഒബ്സർവേഷനിൽ കഴിയട്ടെ. വാർഡിലേക്ക് എന്നിട്ട് മാറ്റാം. കുറച്ച് ദിവസത്തേയ്ക്ക് എന്തിനും ഏതിനും ഒരാളുടെ സഹായം വേണ്ടിവരും. ഭാര്യ... അമ്മ.... അങ്ങിനെ ആരുടെയെങ്കിലും."

ഡോക്ടർ പോയപ്പോൾ അവർ പരസ്പരം മുഖത്തോട് മുഖം നോക്കി. അമ്മ പറഞ്ഞു. 

"ഞാൻ നോക്കിക്കൊള്ളാം.  ഞാൻ നിക്കാം... ഞാനറിയാത്ത കുട്ടിയല്ലല്ലോ? "

വേണു ഇടയ്ക്ക് കയറിപ്പറഞ്ഞു.

"രാത്രി ഞാനോ ബാബുവോ നിൽക്കാം. പിന്നെ പകലല്ലേ. അത് സാരമില്ല. ഇവിടെ നമുക്കൊരു പ്രൈവറ്റ് റൂമെടുക്കാം. അതാ നല്ലത്. അതാകുമ്പോളൊരു പ്രൈവസി കിട്ടുമല്ലോ?"

ആരും വേറെ അഭിപ്രായമൊന്നും പറഞ്ഞില്ല. വൈകുന്നേരമായപ്പോഴേക്കും രാധേച്ചി വിനോദിൻറെ മോളെയും കൊണ്ട് ബാബുവിൻറെ കൂടെ വന്നു. കൂടെ നാലഞ്ച് ചെറുപ്പക്കാരും. വിനോദിനെ ചില്ലു വാതിലിൻറെ ഇപ്പുറം നിന്ന് ഒരു നോക്ക് കാണാൻ മാത്രമേ സാധിക്കുമായിരുന്നുള്ളൂ. വന്ന ചെറുപ്പക്കാർ രാത്രി ആശുപത്രിയിൽ കൂട്ടിരിക്കാൻ തയ്യാറായായിരുന്നു വന്നിരുന്നത്. 

രാധേച്ചി തിരികെ പോയപ്പോൾ മോളെ അവളെ ഏല്പിച്ചാണ് പോയത്. മോളുടെ ക്ലാസ് പോകും. എന്നാലും, വിനോദ് ഉണരുമ്പോൾ, അവനെ പുറത്ത് കൊണ്ട് വരുമ്പോൾ, അവനാദ്യം കാണേണ്ടത് മോളെ തന്നെ അല്ലെ. 

നാട്ടിൽ നിന്നും വന്ന ചെറുപ്പക്കാരിൽ രണ്ടു പേര് ഇപ്പോഴും അവിടെ ഉണ്ട്. അവരെന്തായാലും വിനോദിനെ പുറത്തേക്ക് കൊണ്ട് വന്നിട്ടേ പോകുന്നുള്ളൂവത്രെ. സിദ്ധു മെല്ലെ മോളുടെ അടുത്ത് പറ്റിക്കൂടി. അത് കണ്ടപ്പോൾ വേണു പറഞ്ഞു.

"മോനൊരു കാര്യം ചെയ്യ്. മോൾക്ക് വിശക്കുന്നുണ്ടാവും. അവിടെ കാന്റീനിൽ ചെന്ന് മോൾക്ക് ചായയും പലഹാരവുമൊക്കെ വാങ്ങിക്കൊടുക്ക്. ചെല്ല്."

വേണു നീട്ടിയ പൈസ വാങ്ങി സിദ്ധു മോളുടെ നേരെ കൈ നീട്ടിയപ്പോൾ പകച്ച കണ്ണുകളോടെ ആ കുഞ്ഞ് അവളെ നോക്കി. പുഞ്ചിരിച്ച് കൊണ്ട് അവൾ പറഞ്ഞു. 

"ചെല്ല് മോളെ. ചെന്ന് വല്ലതുമൊക്കെ കഴിച്ച് വാ."

സിദ്ധുവിൻറെ കൈപിടിച്ച് അനുസരണയോടെ അവൾ നടന്നു പോകുന്നത് അവർ നോക്കി നിന്നു. ഇടയ്ക്ക് സിദ്ധു എന്തോ ചോദിച്ചപ്പോൾ അവൾ ചിരിച്ചു കൊണ്ട് മറുപടി പറയുന്നത് കണ്ടപ്പോൾ, അവളുടെ മുഖത്ത് നോക്കി വേണു പറഞ്ഞു.

"സിദ്ധുവിന്, ഒരു അനിയനെയോ അനിയത്തിയേയോ ഒക്കെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടെന്ന് തോന്നുന്നു. പാവം.."

അവളുടെ മുഖം വല്ലാതായി. ആ കണ്ണുകളിലെ പ്രകാശം കെട്ടു പോയി. നിർജീവമായൊരു നോട്ടം കൊണ്ടവൾ വേണുവിനെ നേരിട്ടു. അപ്പോൾ അവൻറെ ഉളിലും, അയ്യേ, ഇത് ഞാനിപ്പോൾ പറയാൻ പാടില്ലാത്തതായിരുന്നല്ലോ എന്നൊരു ചിന്തയുണ്ടായി. അവളുടെ ദൈന്യത നിറഞ്ഞ നോട്ടം നേരിടാനാവാതെ അവൻ മുഖം തിരിച്ചു.

പതുക്കെ ആൾക്കൂട്ടത്തിലേക്ക് അലിഞ്ഞുചേരുന്ന സിദ്ധുവിനെയും അവൻറെ കൈപിടിച്ച് പോകുന്ന ആ മോളെയും നോക്കി അവളിരുന്നു. ഉള്ളിൽ ഹൂങ്കാരം മുഴക്കിയലയുന്ന  നെടുവീർപ്പുമായി.

തുടരും  

1 comment: