Wednesday, July 24, 2019

ഗ്രാമത്തിലെ പെൺകുട്ടി...

അദ്ധ്യായം 36: പുതിയ അദ്ധ്യായങ്ങൾ 


അതൊരു നിലാവുള്ള രാത്രിയായിരുന്നു. തുറന്നിട്ട ജാലകത്തിലൂടെ അവളുടെ മിഴികൾ ആകാശത്ത് എന്തൊക്കെയോ തിരഞ്ഞു നടന്നു. അവസാനം പാതി കീറിയ അമ്പിളിയിൽ ചെന്നുനിന്നു. ഇടയ്ക്കിടയ്ക്ക്, വെള്ളിമേഘങ്ങളുടെ മാറിലേക്ക് മുഖം പൂഴ്ത്തിയും, അല്ലാത്തപ്പോൾ അവളെ നോക്കിച്ചിരിച്ചും അർദ്ധചന്ദ്രൻ അവളുടെ മുൻപിലൊരു ശിശുവിനെ പോലെ കളിച്ചു.

പൊള്ളുന്ന ഗ്രീഷ്മം കഴിഞ്ഞിരിക്കുന്നു. നാടാകെ മുക്കിത്തോർത്തി ശരത്കാലവും കഴിയാറായി. ഋതുകന്യക ശിശിരത്തലേക്ക് നോക്കിത്തുടങ്ങിയിരിക്കുന്നു. ഇനി മരങ്ങൾ ഇലപൊഴിക്കും. പഴകിയ ഇലകൾ. അവൾ കൊതിക്കുന്നുണ്ട്. മനസ്സിലൊരു മഞ്ഞുകാലമുണ്ടായെങ്കിലെന്ന്. പഴകിയ ഓർമ്മകളെ പൊഴിച്ചുകളയുന്നൊരു മഞ്ഞുകാലം. എല്ലാം മറക്കാൻ... അങ്ങിനെ ഒരു കുറുക്കുവഴിയുണ്ടോ?

എല്ലാവരും ഉറങ്ങിയിട്ടുണ്ടെന്ന് തോന്നുന്നു. അവൾക്കു മാത്രം ഉറക്കം വന്നില്ല. ഈ രാത്രി എങ്ങിനെ അവൾക്കുറങ്ങാനാവും? അത്രയും മോശമായിരുന്നു, ഇന്നത്തെ അനുഭവം.

ഇന്ന് വെള്ളിയാഴ്ച. വൈകുന്നേരം, വേണുവും ശാരദക്കുട്ടിയും വന്നപ്പോൾ, സിദ്ധുവിനൊരു മോഹം. ഒരു സിനിമയ്ക്ക് പോകാമെന്ന്. എല്ലാവരും കൂടി സിനിമ കണ്ട് മടങ്ങുന്ന വഴി, ഒരു ബേക്കറിയിൽ കയറി ലഘുഭക്ഷണം കഴിച്ചു കൊണ്ടിരിക്കെയാണ്, അവളുടെ കണ്ണിൽ അയാളുടക്കിയത്.

അവൾക്കു നേരെ എതിരെ തനിച്ചിരിക്കുന്ന ഒരാൾ. അയാൾ അവളെ സൂക്ഷിച്ച് നോക്കുന്നുണ്ടായിരുന്നു. അവളെ വിയർക്കാൻ തുടങ്ങി. അത് അവളുടെ ഒരു പഴയ ഇടപാടുകാരനായിരുന്നു. അയാൾ അവളെ നോക്കി പുഞ്ചിരിച്ചപ്പോൾ സർവ്വാംഗങ്ങളും തളർന്നു പോകുന്ന പോലെയാണ് തോന്നിയത്. ഏതു ശപിക്കപ്പെട്ട നേരത്താണാവോ സിനിമയ്ക്ക് വരാൻ തോന്നിയത്. അല്ലെങ്കിൽ ഇവിടെ തന്നെ കയറാൻ തോന്നിയത്. ഒന്നു വേഗം രക്ഷപ്പെട്ടാൽ മതിയായിരുന്നു. അവൾ തലതാഴ്ത്തിയിരുന്നു. അവളെ കുറച്ച് നേരം സൂക്ഷിച്ച് നോക്കി അയാൾ വേഗം കഴിക്കുന്നത് നിർത്തി. എഴുനേറ്റ് കൈകഴുകാൻ പോയി. അപ്പോഴാണ് അവളുടെ ശ്വാസമൊന്ന് നേരെ വീണത്.

പക്ഷെ, അവളെ ഞെട്ടിച്ചുകൊണ്ട്, അയാൾ  കൈകഴുകി തിരിച്ചവരുടെ ടേബിളിൻറെ അടുത്തേയ്ക്കു വന്നു. ചെകുത്താനെ കണ്ടത് പോലെ വിളറി വെളുത്ത മുഖവുമായി ഇരിക്കുന്ന അവളോട് പുഞ്ചിരിയോടെ ചോദിച്ചു.

"താനിപ്പോൾ, തമ്പിസ്സാറിൻറെ ഓഫിസിലെ ജോലി നിർത്തിയോ?"  

ഒരു വിളറിയ പുഞ്ചിരിയോടെ ഉവ്വെന്ന് തലയാട്ടിയപ്പോൾ അയാൾ കൂടെയുള്ളവരെ നോക്കി. 

"കുടുംബവുമായി എവിടെ പോയി വരുന്നതാ?"

"ഒരു സിനിമയ്ക്ക്.." അവൾ ഒരു വിധം പറഞ്ഞൊപ്പിച്ചു.

"ഓ.. അത് ശരി.. എന്നാൽ നടക്കട്ടെ.. എന്തായാലും... താനാ ജോലി ഒഴിവാക്കേണ്ടായിരുന്നു. ഇപ്പോളൊരു കാര്യത്തിനുമാ ഓഫീസിലേക്ക് ചെന്നിട്ട് കാര്യമില്ല. പ്രാപ്തിയുള്ള ഒരാളുമില്ല. ശരി പോട്ടെ. കാണാം."

അവൾ മന്ദത ബാധിച്ച തലയാട്ടി. പ്രകാശം വറ്റിയ അവളുടെ കണ്ണുകൾ അയാളോട് യാചിക്കുന്നുണ്ടായിരുന്നു. ഒന്ന് പോയിത്തരൂ എന്ന്. അതയാൾ തിരിച്ചറിഞ്ഞിരിക്കാം. തിരിഞ്ഞു നടക്കാൻ തുടങ്ങിയ അയാൾ ഒന്ന് നിന്നു. പിന്നെ അവരോട് എല്ലാവരോടുമായി ചോദിച്ചു.

"ആ... ബില്ല് ഞാൻ കൊടുക്കട്ടെ..."

"വേണ്ടാ.. വേണ്ട സാർ... സന്തോഷം..." ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞത് വേണുവാണ്. അയാൾ തലയാട്ടിക്കൊണ്ട് പോവുകയും ചെയ്തു. അയാൾ പോയിട്ടും, ആ സംഭവം അവളെ വരിഞ്ഞു മുറുക്കുന്നുണ്ടായിരുന്നു. പേരറിയാത്തൊരു ഭയം അവളുടെ അസ്ഥികൾക്കുള്ളിലൂടെ ഇഴഞ്ഞു നടന്നു. ഒരു ചെകുത്താനുമായി മുഖാമുഖം നിന്ന പോലെ. കണ്ണുകൾ പരസ്പരം കൂട്ടിമുട്ടാതിരിക്കാൻ അവളും അമ്മയും ഒരുപാട് പ്രയാസപ്പെട്ടു.

പിന്നീടങ്ങോട്ട് വീടെത്തുവോളം അവൾ മൗനത്തിലായിരുന്നു. വീട്ടിലേക്ക് കയറിയപാടെ വേണുവിനോട് ഗ്രാമത്തിലെ വീടിൻറെ പണി എത്രയും പെട്ടെന്ന് തീർക്കണമെന്നു പറഞ്ഞു. വീടിൻറെ പണി നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ അവശ്യസാധനങ്ങൾ കിട്ടാൻ പ്രയാസം. മണൽ നോക്കണ്ട. എം സാന്റും പ്രയാസമായി. അതുകൊണ്ട്, പണി ഒരൽപം മന്ദതയിലാണ്.

രാവേറെയായിട്ടും, ഉറങ്ങാനാവാതെ തിരിഞ്ഞും മറിഞ്ഞും കുറെ കിടന്നു. ഒന്നുറങ്ങിക്കിട്ടിയെങ്കിൽ എന്ന് വല്ലാതെ കൊതിച്ചു. കൺപോളകൾ വേദനയെടുക്കുമാറ് ഇറുക്കെയടച്ചു കിടന്നു. എന്നിട്ടും ഉറക്കം മാത്രം വന്നില്ല.

ഉള്ളു നിറയെ അയാളായിരുന്നു. ഇനിയും ഏതു നിമിഷവും, അത് പോലുള്ള ആളുകളെ എവിടെ വച്ചും കണ്ടുമുട്ടാം. ഇനിയൊരിക്കലും അവരെയൊന്നും കണ്ടുമുട്ടാതിരിക്കണമെങ്കിൽ ഇവിടെ നിന്നും പോകണം. അത് കൊണ്ടാണ് വേണുവിനോട് വീടിൻറെ കാര്യം എത്രയും വേഗം നടത്താൻ പറഞ്ഞത്.

ചിലർ ജീവിതത്തിലേക്ക് വിളിക്കാതെ വരുന്നു. അവരിൽ ചിലർ പറയാതെ പോകുന്നു. മറ്റു ചിലർ ആട്ടിയകറ്റിയാലും പോകാതെ നിൽക്കുന്നു. ചിലർ ഉഷ്ണബാഷ്പങ്ങളൂതുന്നു. വേറെചിലർ കുളിർതെന്നലായി മാറുന്നു. ചിലരെ കാണുമ്പോൾ തന്നെ ഭയന്നു പോകുന്നു. അങ്ങിനെ ഒരുപാട് ചിലർ....

അവളറിയാതെ ഓർമ്മകൾ, സുകുവിലേക്ക് വഴുതിവീണു. ആഴ്ചകളെടുത്തു, ഹൃദയം സുകുവിൻറെ മരണമേല്പിച്ച ആഘാതത്തിൽ നിന്നും പുറത്തുവരാൻ. ഇന്ന്, മൂന്ന് നിർദ്ധരരായ വിദ്യാർത്ഥിനികളുടെ മുഴുവൻ പഠന ചിലവും സ്പോൺസർ ചെയ്യുന്നുണ്ട്. അത് സുകുവിനുള്ള ഒരു സ്മാരകമാണ്. ഹൃദയത്തിലെ സ്മാരകം കൂടാതെ.

അവളാകാശത്തിലൂടെ വീണ്ടും കണ്ണുകളോടിച്ചു. അവിടെ നിന്നൊരു നക്ഷത്രം, തന്നെ നോക്കി ചിരിക്കുന്നുണ്ടോ? ഇല്ല.. എവിടെയും കാണുന്നില്ല.  സുകൂ... എൻറെ ഹൃദയജാലക വാതിലിൽ... ഒരു താരകമായെങ്കിലും നീയെത്തിയെങ്കിൽ...

അവളുടെ നെടുവീർപ്പുകൾ പൊടിഞ്ഞു വീണ, സമയത്തിൻറെ നേരിയ ഇടനാഴിയിലൂടെ വിളറി വെളുത്തൊരു പുലരി പിറന്നു. ഒട്ടും ഉറങ്ങാനാവാതെ നേരം വെളുപ്പിച്ച, അവളുടെ മുഖം ചുവന്നു തൂങ്ങിയിരുന്നു. ഒരൊറ്റ ദിവസം കൊണ്ട് വർദ്ധക്ക്യമായ പോലെ.

എന്ത് പറ്റി എന്ന അമ്മയുടെ ചോദ്യത്തിന് നല്ല സുഖമില്ല, ചെറിയ തലവേദന പോലെ എന്നൊരു കള്ളം പറഞ്ഞു. ഒന്നുമാലോചിക്കാനാവാതെ വെറുതെ ഇരിക്കവെയാണ് വിനോദിൻറെ  മോട്ടോർ സൈക്കിളിൻറെ ശബ്ദം കേട്ടത്. ഓ.. ഇന്ന് ശനിയാഴ്ചയാണല്ലേ?

വെയിലേറ്റ് വിണ്ടു വരണ്ട, നിർജീവമായ മണ്ണിനെ പുനരുജ്ജീവിപ്പിക്കുന്ന പുതുമാരി പോലെയാണ്, വിനോദ്, ഇന്നവൾക്ക്. വന്നാൽ പിന്നെ പഴയതും പുതിയതുമായ നാട്ടുവർത്തമാനങ്ങളൊക്കെ പറഞ്ഞിരിക്കും. അതൊക്കെ കേട്ടിരിക്കാൻ അവൾക്കൊരുപാടിഷ്ടമാണ്. അവൻറെ സാമീപ്യത്തിൽ, താൻ ദുഃഖങ്ങൾ മറക്കുന്നല്ലോ എന്നവൾ, ഇടയ്ക്കിടെ ഓർക്കാറുണ്ട്.

സുകുവിന് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണം എന്നവൾ  പറഞ്ഞപ്പോൾ, അവനാണ് പറഞ്ഞത്; നമുക്കൊരു വിദ്യാർത്ഥിനിയെ സ്പോസർ ചെയ്യാമെന്ന്. വേണുവിനോട് കൂടിയാലോചിച്ചപ്പോൾ അവനും സമ്മതം. സ്ഥാപനത്തിൻറെ ലാഭവിഹിതത്തിൽ നിന്നും ഒരല്പം അതിനായി മാറ്റിവെക്കാമെന്നു പറഞ്ഞത് അവനാണ്. രണ്ടു കുട്ടികളെയാണ് ഉദ്ധ്യേശിച്ചത്. പക്ഷെ മൂന്നു കുട്ടികളായി. ദരിദ്രനാരായണന്മാരുടെ മക്കൾ. പഠിക്കട്ടെ.. പഠിച്ചു രക്ഷപ്പെടട്ടെ. പേരിനും പെരുമയ്ക്കുമൊന്നും വേണ്ടിയല്ല. മനസ്സിനൊരു സമാധാനം കിട്ടാൻ. നാളെ സുകുവിനെ കുറിച്ചുള്ള ഓർമ്മകൾക്കൊന്നു പുഞ്ചിരിക്കാൻ. പൊള്ളുന്ന നെഞ്ചിനൊരിത്തിരി ആശ്വാസം കിട്ടാൻ.

വിനോദിൻറെ കൂടെ മോളുമുണ്ടായിരുന്നു. രണ്ടുമൂന്നാഴ്ച മുൻപ് വന്നപ്പോൾ, അമ്മ ചോദിച്ചിരുന്നു; നിനക്കാ കുഞ്ഞിനെ അവിടെ ഇട്ടിട്ട് പോരാതെ, കൂടെ കൊണ്ടു വന്നൂടെ എന്ന്. സിദ്ധു രാവിലെ തന്നെ വേണുവിൻറെ വീട്ടിലേക്ക് പോയതാണ്. അവൻ കുഞ്ഞിനെ കാണാൻ പോകുന്നതാണ്. അവളെ കൊഞ്ചിച്ചും കളിപ്പിച്ചും അവനൊരിക്കലും മതിവരാറില്ല.

കാര്യങ്ങൾ പറയുന്ന കൂട്ടത്തിൽ വിനോദ് രാജേട്ടൻറെ ഭാര്യ മാളുവേട്ടത്തിയുടെ കാര്യം പറഞ്ഞു. അവർക്ക് നല്ല സുഖമില്ലത്രേ. ആസ്മയുടെ ഉപദ്രവമുണ്ട്. പിന്നെ പേരറിയാത്ത എന്തൊക്കെയോ ദീനങ്ങളും. അമ്പലത്തിൽ വച്ചു കണ്ടപ്പോൾ, അവരുടെ വിശേഷമൊക്കെ ചോദിച്ചത്രെ. രാജേട്ടൻ അവളോട് ചെയ്ത തെറ്റിന് ക്ഷമിക്കണം എന്ന് പറയാൻ, വിനോദിനെ ചട്ടം കെട്ടിയിട്ടുണ്ട്. മിനിമോളുടെ കല്ല്യാണം കഴിഞ്ഞിട്ട് വർഷങ്ങളായി. കുഞ്ഞുങ്ങളായിട്ടില്ല. സമ്പത്തും ക്ഷയിച്ചുതുടങ്ങി. ചെമ്പകത്തു തറവാടിൻറെ അടിത്തറയിളകിത്തുടങ്ങിയിരിക്കുന്നു. പരമ്പര കാക്കാൻ ഒരാൺതരി ഏതായാലുമില്ല. മിനിക്കൊരു കുഞ്ഞുണ്ടായില്ലെങ്കിൽ... അതോർക്കാൻ കൂടി വയ്യ. എല്ലാം അവളുടെ ശാപം കൊണ്ടാണെന്നാ മാളുവേട്ടത്തി വിശ്വസിക്കുന്നത്. ദ്രോഹം ചെയ്ത രാജേട്ടൻ മണ്ണോടു ചേർന്നില്ല? ഇനിയെങ്കിലും ക്ഷമിക്കാൻ പറയണം അവളോടെന്ന്, പറഞ്ഞേൽപ്പിച്ചിട്ടുണ്ട്.

കേട്ടപ്പോൾ അവളൊന്നു ചിരിച്ചു. വേദന കലർന്നൊരു ചിരി.

"എനിക്കെന്തിനാ അവരോടു ദേഷ്യം? ഞാനാരെയും ശപിച്ചിട്ടില്ല. ശപിക്കാനൊന്നും എനിക്കറിയില്ല. ഇത്രയൊക്കെ അനുഭവിക്കാൻ ഞാനെന്ത് തെറ്റാണ് ചെയ്തതാവോ? അതറിയാത്തൊരു സങ്കടമുണ്ട്.... ഉള്ളിൻറെയുള്ളിൽ. അതേയുള്ളൂ...."

"അവനെൻറെ ശാപമാ... ബന്ധുവല്ലെ.. അങ്ങിനെയല്ലെ ഞാൻ... ഞങ്ങളോനെ കണ്ടത്? ഒരത്താണിയാകേണ്ടവൻ...."

അമ്മയ്ക്ക് പറഞ്ഞു മുഴുവനാക്കാൻ കഴിഞ്ഞില്ല.... ശ്വാസം തിക്കിയപ്പോൾ പറച്ചിൽ നിർത്തി. നിറഞ്ഞു വന്ന മിഴികൾ തുടച്ചുകൊണ്ടവർ, ഒരല്പനേരം ഒന്നും മിണ്ടാതെയിരുന്നു. പിന്നെ വിതുമ്പലോടെ പറഞ്ഞു...

"ന്നിട്ടും... ൻറെ കുട്ടിനെ കൊല്ലാൻ വന്നില്ലേ?"

"അതൊക്കെ കഴിഞ്ഞില്ലേ...?" വിനോദ് ചോദിച്ചു.

"ഒക്കെ കഴിഞ്ഞില്ലേ.. അയാളും പോയി.. ഇനിയിപ്പോളതൊന്നും പറഞ്ഞിട്ടൊരു കാര്യവുമില്ല. ഒക്കെ കഴിഞ്ഞു."

ഉം... അമ്മയൊരു മൂളലിൽ എല്ലാം നിർത്തി. മൗനം പൂണ്ടിരിക്കുന്ന അവളെ നോക്കി വിനോദ് തുടർന്നു.

"നീ നല്ലവളാ.. നിനക്ക് നല്ല മനസ്സാ. മാനത്തൂന്ന് ഭൂമിയിലേക്ക് വഴി തെറ്റി വന്നൊരു ദേവതയെ പോലെ. ഗ്രാമദേവത എന്ന പേര് ആ സിനിമയ്ക്കിട്ടതാരായാലും, അയാളെ നമിക്കണം."

അവളൊന്ന് പുഞ്ചിരിച്ചു..

"ഹും.. ദേവത... കണ്ണീരിൻറെ ദേവതയാവും. ഈശ്വരൻ കണ്ണീരെല്ലാവർക്കും ഓഹരി വച്ചപ്പോൾ.. എല്ലാരെ വീതവും കൊടുത്ത്... കുറെ ബാക്കിവന്നു കാണും. അതൊക്കെ എനിക്ക് തന്നതാവും. ദേവതയൊന്നുമാവണ്ട വിനോദെ... ഒരു പച്ചയായ പെണ്ണായാൽ മതി.... ഇടയ്ക്കൊക്കെ ചിരിക്കാൻ കഴിയുന്നൊരു പെണ്ണ്..."

വിനോദെന്തൊക്കെയോ ആലോചിച്ച്, ഒരല്പനേരം മിണ്ടാതിരുന്നു..

"നീ സമാധാനിക്കെടോ. എല്ലാവർക്കും ഒരു ജീവിതക്രമമുണ്ട്. നീ.. ചിത്ര ശലഭത്തെ കണ്ടിട്ടുണ്ടോ? ആദ്യമത് വെറുമൊരു പുഴുവായിരിക്കും. പിന്നെ കുറെ കാലം... ഒരു പ്യുപ്പയിൽ സമാധിയാവും. പിന്നെയാണതിന്... വർണ്ണചിറകുകൾ കിട്ടുന്നത്. നാളെ നിനക്ക്.... ചിരിക്കാനും ചിരിപ്പിക്കാനുമാവും. ഉറപ്പാണ്."

മുഖം തെളിഞ്ഞൊരു പുഞ്ചിരിയുണ്ടായി, അവളിൽ.

"ആഹാ... സമാധാനിപ്പിക്കാൻ പറഞ്ഞതാണെങ്കിലും... കേൾക്കാൻ രസമുണ്ടായിരുന്നു. ൻറെ സിദ്ധു വലുതാവട്ടെ... അവനൊരു കരയ്‌ക്കെത്തട്ടെ... അവനൊരു കല്യാണമൊക്കെ കഴിക്കട്ടെ. ഞാനും ചിരിക്കുമായിരിക്കും. അവനൊരു കുഞ്ഞൊക്കെയുണ്ടാവുമ്പോൾ... ഞാനും ചിരിപ്പിക്കുമായിരിക്കും...അല്ലെ?"

വിനോദ് ഒന്നും പറഞ്ഞില്ല. അവനെന്തൊക്കെയോ ആലോചനയിൽ മുഴുകി അങ്ങിനെയിരുന്നു. വെയ്ക്കുന്നേരം ബാബു വന്നു. പിന്നെ സംസാരിക്കാൻ അവനും കൂടി. സന്ധ്യക്ക് മുൻപേ വിനോദും മോളും പോവുകയും ചെയ്തു. ബാബു സിദ്ധുവിനെ കൂട്ടിക്കൊണ്ടു വരാൻ പോയി. അമ്മ അടുക്കളയിൽ എന്തോ പാചകം ചെയ്യുന്ന തിരക്കിലായിരുന്നു. അപ്പോഴാണ് വിനോദിൻറെ വിളി വന്നത്. ഇപ്പോഴങ്ങ് പോയല്ലേ ഉള്ളൂ എന്നോർത്തുകൊണ്ടാണ്, അവൾ ഫോണെടുത്തത്. മുഖവുരയൊന്നും കൂടാതെ വിനോദ് ചോദിച്ചു.

"അടുത്തരെങ്കിലും ഉണ്ടോ?"

"ഇല്ല.. എന്തെ?" അവൾക്കത്ഭുതമായിരുന്നു.

"അല്ല... എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു..."

"അതിനെന്താ... പറഞ്ഞോളൂ.."

"അതല്ല... അത്... നേരിട്ട് പറയേണ്ടതായിരുന്നു."

"ന്നാ പറഞ്ഞൂടായിരുന്നോ?"

"ഒരു... ഒരു പ്രൈവസി വേണമായിരുന്നു... ഒറ്റയ്‌ക്കൊന്ന് കാണാൻ പറ്റുമോ? നാളെ...?"

അവൾക്ക് പെട്ടെന്നൊന്നും പറയാൻ കിട്ടിയില്ല. നെഞ്ചിലെന്തോ, ഒരു വല്ലാത്ത ഭാരം. അരുതാത്തതെന്തോ സംഭവിക്കാൻ പോകുന്ന പോലെ... ഒരു ഭയം നെഞ്ചിൽ ചുരമാന്തുന്നു.

"എന്താണൊന്നും മിണ്ടാത്തത്?"

വിനോദിൻറെ ചോദ്യത്തിൽ ഒരു പരിഭ്രമമുണ്ടായിരുന്നു.

"ഊഹും... ഒന്നൂല്ല... എന്താ വിനോദെ? എന്താ കാര്യം?"

"നാളെ ഒരു പതിനൊന്നു മണിക്ക്, ബീച്ചിലൊന്നു വരുമോ? തനിയെ?"

പതറിയ ശബ്ദത്തിലുള്ള അവൻറെ ചോദ്യം കേട്ടപ്പോൾ അവൾ കൂടുതൽ ആശയക്കുഴപ്പത്തിലായി. നിവർത്തിയില്ലാതെ ഒരു മൂളലിൽ സമ്മതമറിയിച്ചു. അവനോടെന്തോ, പറ്റില്ലെന്നു പറയാനൊരു മടി.

"ശരി... നാളെ കാണാം..."

വിനോദ് ഫോൺവെച്ചു. അവളുടെ മനസ്സിൽ പൂർവ്വകലാനുഭവങ്ങൾ മദം പൊട്ടിയ ആനയെപ്പോലെ ചിന്നം വിളിക്കാൻ തുടങ്ങി.. ദൈവമേ.. ഇനി ഇതെന്ത് പരീക്ഷണമാണ്. വിനോദിനൊരു ദുഷ്ടലാക്കുണ്ടോ? മാംസദാഹം കൊണ്ടവൻറെ ആത്മാവ്, വരണ്ടുണങ്ങിയോ? അവളുടെ മനസ്സിൽ പിന്നെയും പിന്നെയും ആ ചോദ്യം മുഴങ്ങിക്കൊണ്ടിരുന്നു....

തുടരും 

1 comment: