Monday, July 29, 2019

ഗ്രാമത്തിലെ പെൺകുട്ടി...

മുൻ അദ്ധ്യായം: മകൻ  
അദ്ധ്യായം 42: പരൽമീൻ  


പുലരിയുടെ രജത കിരണങ്ങളെക്കാൾ പ്രശോഭിതമായിരുന്നു, അമ്മയുടെ മുഖം. നേരം പുലരും മുൻപേ അവർ വേണുവിനേയും, ശാരദയയേയും, ബാബുവിനേയും ഒക്കെ വിളിച്ചു. സിദ്ധു അവളോട് കാര്യം അവതരിപ്പിച്ചിരിക്കുന്നു. അവൾ എതിർപ്പൊന്നും പറഞ്ഞിട്ടില്ല, എന്ന് പറയാൻ. അവരുടെ സന്തോഷം പറഞ്ഞറിയിക്കാവുന്നതല്ല.

എഴുന്നേറ്റപ്പോൾ തന്നെ അമ്മ അവളുടെ മുറിയിൽ ചെന്നു നോക്കിയതാണ്. ഒരു കൊച്ചു കുഞ്ഞ് ഉറങ്ങുന്ന പോലെ വളഞ്ഞു കുത്തിയുറങ്ങുന്ന അവളെയും നോക്കി അവരിത്തിരി നേരം അവിടെ നിന്നു.

നോക്കി നിൽക്കെ മാതൃവാത്സല്ല്യം അവരുടെ മാറിടം ചുരത്തി. അവർ അവളുടെ നെറ്റിയിൽ പുറങ്കൈ വച്ച് പനിയെങ്ങിനെയുണ്ടെന്ന് നോക്കി. അവളൊന്ന് അനങ്ങി. അവർ വേഗം കൈ പിൻവലിച്ചു. ആ ഉറക്കത്തിന് ഭംഗമുണ്ടാക്കാൻ അവരാഗ്രഹിച്ചില്ല. അവരുടെ മനോമുകുരത്തിൽ ഒരു ചിത്രമുണ്ടായിരുന്നു. ഒരു പിഞ്ചു പൈതലിൻറെ ചിത്രം. പതുക്കെ പതുക്കെ ആ സ്ഥാനത്ത്, താലിയണിഞ്ഞ് നിൽക്കുന്ന, സീമന്ത രേഖയിൽ സിന്ദൂരമണിഞ്ഞു നിൽക്കുന്ന അവളുടെ ചിത്രം തെളിഞ്ഞു. ആ സുഖദമായ ചിത്രം അമ്മയുടെ ചുണ്ടിൽ  ഒരു പുഞ്ചിരിയുടെ കർപ്പൂര ദീപം കത്തിച്ചു വച്ചു.

അവളെഴുന്നേറ്റപ്പോഴേക്കും വേണുവും ശാരദയും വന്നിരുന്നു. സിദ്ധുവും കുഞ്ഞോളും ടിവിയിൽ കുട്ടികൾക്കുള്ള ഏതോ ആനിമേഷൻ സിനിമ കാണുന്നു. സിദ്ധുവിൻറെ മടിയിലിരുന്ന് TV സ്ക്രീനിലേക്ക് തുറിച്ചുനോക്കുന്ന കൊച്ചുകുഞ്ഞിനെ, ഇടയ്ക്കിടയ്ക്ക് കൗതുകത്തോടെ നോക്കുന്ന കുഞ്ഞോളെ കണ്ടപ്പോൾ അവൾക്കൊരു പുഞ്ചിരിയുണ്ടായി. അവൾ പല്ലു തേച്ചു കൊണ്ടിരിക്കെയാണ് ബാബു വന്നത്. ഇതെന്താ ഇന്നിവിടെ ഒരു പ്രത്യേകത എന്നവൾ ആലോചിക്കുകയും ചെയ്തു. പ്രാതൽ കഴിക്കാനിരുന്നപ്പോൾ വേണുവാണ് തുടക്കം കുറിച്ചത്? 

"ചേച്ചീ, ഒരു കാര്യമുണ്ടായിരുന്നു..."

എന്താണ് എന്നർത്ഥത്തിൽ അവൾ അവനെ നോക്കി. ചെറു പുഞ്ചിരിയുടെ മേമ്പൊടി ചാർത്തി വേണു ചോദിച്ചു.

"ഇന്നലെ സിദ്ധു ചേച്ചിയോടൊരു കാര്യം പറഞ്ഞിരുന്നില്ലേ? നമുക്കതൊന്ന് സീരിയസായി ചിന്തിച്ചാലോ?"

അവളുടെ ഉള്ളിൻറെ ഉള്ളിൽ ലജ്ജയിൽ കുതിർന്നൊരു പുഞ്ചിരി വിടർന്നെങ്കിലും പുറത്തു കാണിച്ചില്ല. അപ്പോൾ അതാണ് കാര്യം. എല്ലാവരും രാവിലെ തന്നെ ഓടിക്കൂടിയത് പിടിച്ചപിടിയാലേ തൻറെ കെട്ട് നടത്താനാണ്. അവൾ ഓരോരുത്തരെയായി മാറിമാറി നോക്കി. അമ്മയുടെ മുഖത്ത് തളം കെട്ടി നിൽക്കുന്നു വാത്സല്യം നിറഞ്ഞൊരു അപേക്ഷ. നീ സമ്മതിക്കെടീ എന്ന്.

പാവങ്ങൾ. അവർക്കറിയില്ലല്ലോ എൻറെ ഉള്ള്. ഇന്നലെ രാത്രി മുതൽ എന്നിൽ വസന്തം വിരുന്നെത്തിയെന്ന്. ദൈവമേ, എത്ര പെട്ടെന്നാണ് ജീവിതത്തിൻറെ നിറങ്ങൾ മാറുന്നത്? സ്വപ്നങ്ങളുടെ നിറങ്ങൾ മാറുന്നത്? ഓർമ്മയുടെ തീച്ചൂളയിൽ, ചൂരോ ചൂടോ ഇല്ലാത്തൊരു ഇരുണ്ട നിഴൽ മാത്രമായിരുന്നു വിനോദ്. ഓടിക്കിതച്ചെത്തി ഒരു ദുരന്തത്തിൻറെ വിളംബരത്തിനു ശേഷം ഇരുട്ടിലേക്ക് തന്നെ ഓടിയകന്നൊരു വെറും നിഴൽ. ഗ്രാമത്തിൻറെ ഇടവഴികളിൽ, പാടവരമ്പുകളിൽ, കാണുമ്പോഴെല്ലാം സുന്ദരമായ പുഞ്ചിരികൾ തന്ന്, ഒതുങ്ങി നിൽക്കാറുണ്ടായിരുന്ന, വെറുമൊരു നിഴൽ. ഇന്നാ നിഴലൊരു മേഘമായി ജീവനിൽ വാർഷിക്കൻ ഒരുങ്ങി നിൽക്കാറായിരിക്കുന്നു. ജീവിതമേ, നിന്നോളം വലിയ ജാലവിദ്യക്കാരില്ല.

"ചേച്ചി എന്താ ആലോചിക്കുന്നത്?" വേണുവിൻറെ ചോദ്യം അവളെ ചിന്തകളിൽ നിന്നും തിരിച്ചു കൊണ്ടുവന്നു. അവൾ ആരുടെയും മുഖത്ത് നോക്കാതെ, മുന്നിലെ പാത്രത്തിലേക്ക് നോക്കി വെറുതെ പറഞ്ഞു.

"അതൊന്നും ശരിയാവില്ല. സിദ്ധു ഓൻറെ പൊട്ടബുദ്ധിക്ക് എന്തോ പറഞ്ഞൂന്ന് വച്ച്.."

അങ്ങിനെ പറയുമ്പോൾ ചുണ്ടിൻറെ കോണുകളിൽ തുള്ളിത്തുളുമ്പാൻ വെമ്പുയ പുഞ്ചിരിയെ അവരിൽ നിന്നും മറച്ചുവെക്കാൻ അവൾ നന്നേ പാടുപെട്ടു. അവൾക്ക് അത് അങ്ങേയറ്റം രസകരമായ ഒരു വിനോദമായി തോന്നി.

"അതിലൊരു ശരികേടും ഇല്ല. ഇനി ഞങ്ങളാരും കാണാത്ത ആ ശരികേട്... അത് കണ്ടില്ലാന്നങ്ങോട്ട് വെക്കണം. ഇന്നാള് ഞാൻ കൊണ്ടുവന്ന ആലോചന... സിദ്ധുവിൻറെ പേരും പറഞ്ഞ് ചേച്ചി തട്ടി. ഇതിപ്പോ അത് പറ്റില്ല. ഞാനിത് വിനോദേട്ടനോട് ചോദിക്കാൻ പോകുവാ. അല്ല. പുള്ളിക്ക് സമ്മതക്കുറവൊന്നും ഉണ്ടാവൂല. മൂപ്പർക്കാണെങ്കിൽ ഇപ്പോഴാണ് ശരിക്കും ഒരു തുണയുടെ ആവശ്യം..."

വേണുവങ്ങിനെ ഒറ്റയടിക്ക് പറഞ്ഞപ്പോൾ അവൾക്ക് അന്ധാളിപ്പായി. വിനോദിനോട് അത് പറയേണ്ട ആൾ താനല്ലേ? ആ കണ്ണിൽ നോക്കി, ആ ഹൃദയത്തിൻറെ മുകളിൽ കൈ വച്ച് ഞാനല്ലേ അത് പറയേണ്ടത്? അത് എൻറെ അവകാശവുമല്ലേ? ആഹ.. അങ്ങിനെയിപ്പോൾ അത് വേറെ ആരും പറയണ്ട...

"വേണ്ട... വിനോദിനോടാരും ഇപ്പൊ ഒന്നും ചോദിക്കണ്ട..... സമയമാകട്ടെ... "

അമ്മയാണ് ഇടയ്ക്ക് കയറി ചോദിച്ചത്

"സമയമാകട്ടെന്നോ..? എപ്പോ? മൂക്കീ പല്ല് വന്നിട്ടോ?"

അവളമ്മയെ നോക്കിയൊന്നു പുഞ്ചിരിച്ചു. കഴിച്ചുകഴിഞ്ഞ പാത്രവുമെടുത്ത് വാഷ്ബേസിനടുത്തേക്ക് പോകവേ അവൾ ആരോടെന്നില്ലാതെ പറഞ്ഞു...

"പിന്നേ... ഇനിയീ വയസ്സാം കാലത്തല്ലേ മൂക്കീ പല്ലു വരുന്നത്..."

അവൾ പത്രം കഴുകി, കയ്യും വായയും കഴുകി തിരിഞ്ഞ് അമ്മയോട് പറഞ്ഞു...

"എനിക്ക് കൊറച്ച് സമയം കൊണ്ടമ്മാ... ഞാനൊന്ന് ആലോചിക്കട്ടെ...  നിങ്ങളൊക്കെ ഇതെന്തറിഞ്ഞിട്ടാ... വിനോദിനെ ഇങ്ങോട്ട് കൊണ്ട് വരാനല്ലേ നമ്മള് നിക്കുന്നത്. ഇപ്പൊ പോയി ഈ കാര്യം പറഞ്ഞാ... ചെലപ്പോ വിനോദിങ്ങോട്ട് വന്നില്ലാന്ന് വരും. അതൊന്ന് രണ്ടു കാലിൽ എണീറ്റ് നിന്നോട്ടെ... എന്നിട്ട് മതി ഈ ജാതി കൂത്തും കൂടിയാട്ടവും.. ഒരു കല്ല്യാണക്കാര് വന്നിരിക്കുന്നു.. തലേം വാലുമില്ലാത്ത ചെക്കനെന്തോ ചോദിച്ചീന്...."

മറ്റുള്ളവരുടെ മറുപടിക്കായി കാത്തുനിൽക്കാതെ സ്വന്തം മുറിയിലേക്ക് നടക്കവേ, അവളുടെ ഉള്ളിൽ ഗൂഢമായൊരു സുഖമുണ്ടായിരുന്നു. അവളുടെ മനസ്സൊരു പരല്മീനാവുകയായിരുന്നു. പിടിക്കാൻ കൈനീട്ടുന്നവരുടെ വിരലുകൾക്കിടയിലൂടെ അതിവേഗം തെന്നിമാറി രക്ഷപ്പെടുന്ന ഒരു പരൽമീൻ. ചുണ്ടുകളിൽ വിടർന്ന പുഞ്ചിരി മറ്റുള്ളവരിൽ നിന്നൊളിപ്പിച്ച്, അവൾ നേരെ തൻറെ മുറിയിലേക്ക് വന്നു. തുറന്നിട്ട ജാലകത്തിലൂടെ പുറത്തേക്ക് നോക്കി നിന്നു.

വിനോദിനെ കണ്ടിട്ട് മൂന്ന് ദിവസമാകുന്നു. മൂന്ന് കൊല്ലങ്ങൾ നീളമുള്ള മൂന്ന് ദിവസങ്ങൾ. ഒരു പനികൊണ്ട്   മനുഷ്യരിത്രയും ദുർബലരാവുമോ? ഒന്ന് പോയി നോക്കിയാലോ? ഒന്ന് കാണാൻ കൊതിയാവുന്നു. ഒരു കുളിർക്കാറ്റായി അവനെ പുണരണം. ഇതളുകളിൽ ഉഷ്ണമുള്ള ഒരായിരം ചുംബനപ്പൂക്കളവനു നൽകണം. ഇന്നോളം മറ്റാർക്കും നൽകാത്തത്...

അവളുടെ മുഖം മങ്ങി.. ഇന്നോളം മറ്റാർക്കും നൽകാത്തത്.... എന്തുണ്ട് തൻറെ കയ്യിൽ... വിഷാദത്തിൻറെ മേഘഭാരങ്ങൾ നിശബ്ദമായി ആ മിഴികളിൽ പെയ്തിറങ്ങി. കവിളിലൂടെ ചാലിട്ടൊഴുകി താടിയിലൊന്നുചേരുന്ന  രണ്ടരുവികൾ.  അവളുടെ ഉള്ളിൽ ആ ചോദ്യം അഷ്ടദിക്കുകളും ഭേദിക്കുമാറുച്ചത്തിൽ മുഴങ്ങിക്കൊണ്ടിരുന്നു. ഇന്നോളം മറ്റാർക്കും നൽകാത്തത്, എന്തുണ്ട് കയ്യിൽ?

പിന്നിലൊരു മുരടനക്കം കേട്ടാണ് മുഖം തുടച്ചു തിരിഞ്ഞു നോക്കിയത്. ബാബുവായിരുന്നു. പ്രസന്നമായിരുന്ന അവൻറെ മുഖം അവളുടെ മുഖഭാവം കണ്ടപ്പോൾ മാറി. അവനെ നോക്കി പുഞ്ചിരിയോടെ അവൾ ചോദിച്ചു..

"എന്താ ബാബു...?"

അവനൊന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. വിജയിച്ചില്ല.

"ചേച്ചി വെറുതെ ആവശ്യമില്ലാത്തതൊന്നും ആലോചിക്കണ്ട. വിനോദേട്ടന് ചേച്ചിയെ ഇഷ്ടമാണ്. അതെനിക്കറിയാം. ചേച്ചിക്കും ഇഷ്ടാണെന്ന് എനിക്കറിയാം. കൊറേ കാലായില്ലേ ഞാൻ ചേച്ചിയെ കാണുന്നു. ചേച്ചിയങ്ങ് സമ്മതിച്ചേക്ക്.. ആർക്കും പ്രശ്നാവാത്ത വിധം വിനോദേട്ടനോട് ഞാൻ ചോദിച്ചോളാം...."

അവന് മനസ്സിലായിരുന്നു ആ കണ്ണുനീരിൻറെ ഉറവ അവളുടെ മനസ്സിൻറെ ഏതു കോണിലാണെന്ന്. അല്ലെങ്കിലും അവനു മാത്രമല്ലേ അത് മനസ്സിലാവൂ.. അവളൊന്നും പറയാതെ നിൽക്കെ കുറച്ചു നേരം അവൻ വെറുതെ അവളുടെ മുൻപിൽ നിന്നു. അവളുടെ കണ്ണുകളിലേക്ക് നോക്കാനാവാതെ. പിന്നെ, "ഞാൻ പോട്ടെ" എന്ന് മാത്രം പറഞ്ഞു തിരിഞ്ഞു നടക്കവേ അവൾ അവനെ വിളിച്ചു. തിരിഞ്ഞു നോക്കിയ അവനോടവൾ  ചോദിച്ചു..

"ബാബു നിനക്കോർമയുണ്ടോ അയാളെ..?"

ബാബു അമ്പരന്നു.. "ആരെ?"

അവളൊന്നും പറഞ്ഞില്ല. വേഗം മുറിയുടെ വാതിൽക്കൽ വന്നു നോക്കി. ഇല്ല. അടുത്തെങ്ങും ആരുമില്ല. അടുക്കളയുടെ ഭാഗത്ത് നിന്നും ശാരദയുടെയും അമ്മയുടെയും ശബ്ദം കേൾക്കാം. മുൻഭാഗത്ത് ടിവിയുടെ ശബ്ദം. മക്കൾ അവിടെയാണ്. വേണു എവിടെയാണാവോ?

അവൾ വേഗം പകച്ച് നിൽക്കുന്ന ബാബുവിൻറെ അരികിലെത്തി.. സ്വകാര്യം പോലെ അവനോട് ചോദിച്ചു...

"അയാളെ... വെളുക്കുവോളം എൻറെ കഥ കേട്ടിരുന്നില്ലേ.....? അയാളെ...."

ബാബുവിന് ആളെ മനസ്സിലായെങ്കിലും പകപ്പ് മാറിയിട്ടില്ലായിരുന്നു. അവൻ അന്തം വിട്ടു നോക്കി നിൽക്കെ അവൾ വീണ്ടും ശബ്ദം താഴ്ത്തി പറഞ്ഞു...

"എടാ... എനിക്കയാളെ ഒരിക്കൽ കൂടി ഒന്ന് കാണണം.. ഒരു വട്ടം മാത്രം.... കാണാതെ വയ്യ.."

തുടരും

1 comment:

  1. വായന മുന്നിൽ നിന്നും പിന്നിലേക്കാണ് കേട്ടോ ഭായ്

    ReplyDelete