Monday, July 29, 2019

ഗ്രാമത്തിലെ പെൺകുട്ടി...

മുൻ അദ്ധ്യായം: പരൽമീൻ
അദ്ധ്യായം 43: അജ്ഞാതനിലേക്കുള്ള പാത 


അതൊരു തിരക്ക് കുറഞ്ഞ ഹോട്ടലാണ്. അവൾക്ക് അഭിമുഖമിരിക്കുന്ന മനുഷ്യൻറെ മുഖത്തൊരു വഷളൻ ചിരിയുണ്ട്. അതവൾ കണ്ടില്ലെന്ന് നടിച്ചെങ്കിലും, ഉള്ളിൻറെയുള്ളിൽ ഒരു കനലായി പൊള്ളിക്കുന്നുണ്ട്. 

അയാൾ ആ നഗരത്തിലെ അറിയപ്പെടുന്ന ബിസിനസുകാരനാണ്. വലിയ പണക്കാരൻ. അവളിലേക്ക് ആവർത്തിച്ചെത്തിയിരുന്ന അപൂർവം ചിലരിൽ ഒരാൾ. അവരെയൊന്നും ഇനിയൊരിക്കലും കാണരുത് എന്നവൾക്ക് ആഗ്രഹമുണ്ട്. ഈ മഹാനഗരത്തിൽ നിന്നും, ഗ്രാമത്തിലേക്ക് തിരികെ പോകാൻ ആഗ്രഹിച്ചത് തന്നെ, അതിനാലാണ് പക്ഷെ, ഇന്ന്, ഇതവളുടെ നിവർത്തി കേടാണ്. കുറച്ചപ്പുറത്തായി ബാബുവുണ്ട്. ഒറ്റയ്ക്ക് ഒരു ചായ ഊതി തണുപ്പിച്ച് കുടിക്കുന്നു. 

അജ്ഞാതനായ ആ മനുഷ്യനെ തേടി ബാബുവിന് പോകാൻ വേറേ പാതകളൊന്നും ഇല്ലായിരുന്നു. ഇയാളാണ് അന്ന് ബാബുവിനെ വിളിച്ച്, ഒരു രാത്രിയിലേക്ക് തൻറെ ഒരു ഗസ്റ്റിന് വേണ്ടി അവളെ ചട്ടം കെട്ടിയത്. അയാൾ അങ്ങിനെ അതിന് മുൻപും ചെയ്തിട്ടുണ്ട്. അയാളുടെ വിവരങ്ങൾ അന്വേഷിച്ചു ബാബു നേരിൽ വന്നപ്പോൾ, ഈ മനുഷ്യൻ പറഞ്ഞത്, അവൾ വരട്ടെ എന്നായിരുന്നു. അങ്ങിനെ ഒരിക്കൽ കൂടി, ഇഷ്ടമില്ലാഞ്ഞിട്ടു പോലും അവൾക്ക് ഈ വൃത്തികെട്ട കൂടിക്കാഴ്ചയ്ക്ക് വരേണ്ടി വന്നു.

അവളെ ആകെയൊന്ന് ചുഴിഞ്ഞു നോക്കി അയാൾ പറഞ്ഞു...

"നീയാകെയൊന്ന് മിനുങ്ങി." പിന്നെ കൊഴുപ്പു നിറഞ്ഞ മേനികുലുക്കി ഒരു ചിരിയും, തുളച്ചു കയറുന്ന നോട്ടവും.. 

ആ നോട്ടം അവൾക്ക് അസഹ്യമായിരുന്നു. എങ്ങിനെയെങ്കിലും താൻ തേടുന്ന ആളിനെ കുറിച്ചുള്ള വിവരങ്ങൾ കരസ്ഥമാക്കി രക്ഷപെടാൻ അവൾ കൊതിച്ചു. പക്ഷെ മുന്നിലിരിക്കുന്ന മനുഷ്യൻ ഇറച്ചിക്കടയിലെ മാംസത്തിലേക്ക് തേറ്റയിളിച്ചു നോക്കുന്ന പട്ടിയെ പോലെ, കാമാർത്തി പൂണ്ട മിഴികളോടെ തന്നെ നോക്കിക്കൊണ്ടിരിക്കുകയാണ്. അവളുടെ മുഖത്തെ അസഹ്യഭാവം കണ്ടപ്പോൾ അയാൾ തൻറെ ശരീരഭാഷ ഒന്ന് മയപ്പെടുത്തി. 

"എന്നാലും പൊന്നൂ... നീയെന്തൊരു പണിയാ കാണിച്ചത്? ഒരു ദിവസം ആരോടും പറയാതെ ഒറ്റയടിക്ക് ഒക്കെയങ്ങട്ട് നിർത്തി പോവുക. എവിടെയാണെന്നോ എന്താണെന്നോ ഒരു വർത്തമാനവുമില്ല. മനുഷ്യനിവിടെ പട്ടിണിയായിപ്പോയി. എനിക്കീ തട്ടുകടയിൽ കയറി തിന്ന് ശീലമില്ല. അതോണ്ട്.... ഇപ്പൊ ശരിക്കും പട്ടിണിയാണ്. "

അവൾ അയാളെ തുറിച്ചു നോക്കി. "സാർ പ്ലീസ്...." അവളുടെ സ്വരത്തിന് നല്ല മൂർച്ചയുണ്ടായിരുന്നു. 

" ഉം.. ഉം... മനസ്സിലായി... അപ്പൊ നീ പരിപാടി പറ്റെ നിർത്തി..."

അയാൾ ഒന്ന് നിർത്തി എന്തോ ആലോചിച്ചു കുറച്ച് നേരം മിണ്ടാതിരുന്നു. 

"പിന്നെ, ഇപ്പൊ എന്തിനാ നീ അവനെ കാണുന്നത്?" 

ആ ചോദ്യം അവൾ ആദ്യമേ പ്രതീക്ഷിച്ചിരുന്നതിനാൽ, അതിനുള്ള മറുപടിക്ക് ഒട്ടും താമസമുണ്ടായിരുന്നില്ല. 

"അതൊക്കെ ഉണ്ട്. എല്ലാ കാര്യവും സാറിനോട് പറയാമ്പറ്റുവോ..?"

അയാൾ തലയാട്ടി. "ഓ.. അങ്ങിനെ.. സീക്രട്ട്... ശരി... എന്നാ പിന്നെ അങ്ങിനെയാവട്ടെ... ഫോൺ നമ്പർ ഞാൻ തരാം.... ഫ്രീയാകുമ്പോ.. നമ്മളേം കൂടിയെന്ന് ഗൗനിക്കണം...." വീണ്ടും ആ മാംസഗോപുരം ഇളകിച്ചിരിച്ചു...

അയാൾ എഴുതിക്കൊടുത്ത ഫോൺനമ്പറും വാങ്ങി ഒരു യാത്രപോലും പറയാതെ അവൾ പോകുമ്പോൾ അയാളുടെ നെറ്റി ചുളിഞ്ഞിരുന്നു. ആ മുഖത്ത് ഗാഢമായൊരു ചിന്തയുടെ മുറുക്കം വന്നു. പിന്നെ മൊബൈൽ ഫോനെടുത്ത് ഡയൽ ചെയ്തു. അപ്പുറത്ത് നിന്നും ഹലോ കേൾക്കേണ്ട താമസം, മുഖവുരയൊന്നും കൂടാതെ അയാൾ പറഞ്ഞു..

"ആളിവിടെ വന്നിരുന്നു... നമ്പറു കൊടുത്തിട്ടുണ്ട്... മട്ടും മാതിരിയും കണ്ടിട്ട് ഇപ്പോൾ തന്നെ വിളിക്കും.. നോക്കിക്കോ... എന്ത് മന്ത്രവാദമാണെടോ താൻ കാണിച്ചത്...? അവളിപ്പോൾ ഞാനറിയുന്ന ആളെ അല്ല. ഞാൻ കുറെ ഇളക്കി നോക്കി.. ഇനിയിപ്പോ കഴുത്തിൽ കയറിട്ടു വലിച്ചാലും അവളെ കിട്ടുമെന്ന് തോന്നുന്നില്ല... ദുഷ്ടനാ നീ.. പരമ ദുഷ്ടൻ...."

അപ്പുറത്തു നിന്നും അമർത്തിപ്പിടിച്ചൊരു ചിരിയുടെ നേർത്ത അലകൾ കേൾക്കാം..... അതവസാനിക്കുന്നതിനു മുൻപേ ഫോൺ ഡിസ്കണറ്റായി...

തൻറെ മൊബൈലിൽ ഡയൽ ടോൺ കേൾക്കവേ അവളുടെ നെഞ്ചൊരു തീവണ്ടിയെഞ്ചിൻ പോലെ ച്ഛക് ച്ഛക് ശബ്ദമുയർത്തുന്നുണ്ടായിരുന്നു. ഇന്നോളം താനിത്രയും പരവശയായിട്ടില്ലല്ലോ എന്നവളോർത്തു. കുറെ നേരം ബെല്ലടിച്ചു. ആരും എടുത്തില്ല. അവൾക്ക് നിരാശയായി. അവൾ പിന്നെയും ഡയൽ ചെയ്തു. നാലഞ്ച് പ്രാവശ്യം ബെല്ലടിച്ചപ്പോൾ അപ്പുറത്ത് ഫോൺ എടുത്തു. വളരെ ലോലമായ ഒരു സ്ത്രീശബ്ദമാണ്‌ അവളെ വരവേറ്റത്.

"ഹലോ... ആരാണ്?"

അവളുടെ നട്ടെല്ലിൻറെ ഉള്ളിലൂടെ ഒരു പുഴുവരിച്ചു പോയി. വേഗം മൊബൈൽ കട്ട് ചെയ്തു.  എന്താ ചേച്ചീ എന്നൊരു ചോദ്യം വളരെ വിദൂരത്തെന്ന വണ്ണം കേട്ടപ്പോൾ ബാബുവിനെ തുറിച്ചു നോക്കി.

"ഒരു പെണ്ണ്.... ഒരു പെണ്ണാ ഫോണെടുത്തത്..." അവൾ വിക്കി വിക്കി പറഞ്ഞു.

"പെണ്ണോ" എന്നൊരു ചോദ്യം അത്ഭുതം കലർത്തി ബാബു ചോദിക്കുന്നെ ഉണ്ടായിരുന്നുള്ളൂ. അവളുടെ കയ്യിലെ മൊബൈൽ റിംഗ് ചെയ്യാൻ തുടങ്ങി. നോക്കുമ്പോൾ ആ നമ്പർ തന്നെ.   അവൾ അമ്പരപ്പോടെ ബാബുവിൻറെ മുഖത്തേക്ക് നോക്കി. മൊബൈൽ നേരെ അവനു നീട്ടി.

"നീ നോക്ക്... പെണ്ണാണെങ്കിൽ എന്തെങ്കിലും പറഞ്ഞൊഴിവാക്ക്.. ഭാര്യയാണെങ്കിലോ? ഈശ്വരാ, ഞാനായിട്ട് ആ കുടുംബത്തിന് ഒരു ദ്രോഹമുണ്ടാവരുതേ..."

ബാബു ഫോൺ വാങ്ങി. ചെവിയോട് ചേർത്തു. മൃദുവായി ഒരു ഹലോ പറഞ്ഞു. അപ്പുറത്ത് നിന്നും ഒരു കിളിനാദം കേട്ടു..

"ഹലോ.. നിങ്ങളാരാണ്... എന്താ നേരത്തെ കട്ട് ചെയ്തത്?"

"അ... അത്... വേറെ ഒരാളാണെന്ന് കരുതി വിളിച്ചതാ... സോറി..."

ബാബു ഫോൺ കട്ടാക്കാൻ തുനിയുമ്പോഴേക്ക് അപ്പുറത്ത് നിന്ന് ചോദ്യമെത്തി..

"ആഹാ... ശരി... എന്നിട്ട് ആളെ കിട്ടിയോ?"

പണ്ടാരടങ്ങാൻ, പെണ്ണുമ്പിള്ള വിടുന്ന ലക്ഷണമില്ലല്ലോ.. തല ചൊറിഞ്ഞുകൊണ്ട് അവൻ മനസ്സിൽ പറഞ്ഞു. അവൾ ആകാംഷയോടെ അവനെ നോക്കുകയായിരുന്നു. ഫോൺ സ്പീക്കർ മോഡിലിടാൻ അവളവനോട് ആംഗ്യം കാണിച്ചു. അവനങ്ങനെ ചെയ്തതിൻറെ ശേഷമാണു മറുപടി പറഞ്ഞത്..

"ഇല്ല... ഈ നമ്പർ ഒരാള് തന്നതാണ്.. അത് തെറ്റിയതാണ്...."

അപ്പുറത്തെ സ്ത്രീ വല്ലാത്ത ഒരു ചിരി ചിരിച്ചു.. ആ ചിരി കേട്ട് പരസ്പരം മുഖത്തോട് മുഖം നോക്കിയിരുന്നുപോയി അവർ.. അവരങ്ങിനെയിരിക്കവേ ചിരി കലർന്ന ഒരു ചോദ്യം ആ സ്ത്രീ ചോദിച്ചു...

"അല്ല.. നിങ്ങൾ ഫോൺ ചെയ്തിട്ട് ആരെയാണ് വേണ്ടത് എന്ന് പറഞ്ഞോ? ഇല്ലല്ലോ? പിന്നെ എങ്ങിനെയാണ് റോംഗ് നമ്പറാണെന്ന് മനസ്സിലായി? ആരെയാണ് നിങ്ങൾക്ക് കാണേണ്ടത്? ആളിൻറെ പേര് പറയൂ... ചിലപ്പോൾ ഞാൻ തന്നെയാണെങ്കിലോ?"

ബാബു അവളുടെ മുഖത്തേക്ക് നോക്കി.. പേര്... അദ്ദേഹത്തിൻറെ പേര്... ഈശ്വരാ.. എനിക്കതറിയില്ലല്ലോ.. പേര് ചോദിച്ചപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത് ഏട്ടാ എന്ന് വിളിക്കാനാണ്. ഇന്നിപ്പോൽ, ഈ നമ്പർ വാങ്ങിയപ്പോഴും ഞാൻ ആളിൻറെ  പേര് ചോദിക്കാൻ മറന്നു. അയാളുടെ വഷളൻ നോട്ടവും ചിരിയും ചോദ്യവുമൊക്കെയായപ്പോൾ ആകെ ചൊറിഞ്ഞു വന്നതാണ്. ആ വൃത്തികെട്ട ചുറ്റുപാടിൽ നിന്നും എങ്ങിനെയെങ്കിലും ഒന്നോടി രക്ഷപ്പെട്ടാൽ മതിയെന്നാണ് കരുതിയത്.. അവൾ ബാബുവിനെ നോക്കി നിരാശയോടെ തല വെട്ടിച്ചു.. ബാബുവിൻറെ കണ്ണുകളിൽ പിന്നെന്ത് കുന്തത്തിനാ നിങ്ങളാ മനുഷ്യനെ കാണാൻ പോയത് എന്നൊരു ചോദ്യമുണ്ടായിരുന്നു.. പിന്നെ, ഓ എനിക്കും അതറിയില്ലല്ലോ എന്നോർത്ത് അതടങ്ങി.

"അല്ല.... ആളിൻറെ പേര് അറിയില്ല... ഒരു പുരുഷനാണ്..." ബാബു ഒരു വിധം പറഞ്ഞൊപ്പിച്ചു.

"ഓഹോ... അങ്ങിനെയാണോ? എന്നാൽ ഞാനൊരു കാര്യം ചെയ്യാം. എൻറെ അടുത്തൊരു പുരുഷനുണ്ട്. ഫോൺ പുള്ളിയുടെ കയ്യിൽ കൊടുക്കാം. ഇനി പുള്ളിയെങ്ങാനും ആണെങ്കിലോ?

ബാബുവിന് എന്തെങ്കിലും പറയാൻ കഴിഞ്ഞില്ല. അവൾക്കും. അവളുടെ ഹൃദയതാളം ഉച്ചസ്ഥായിയിലെത്തി. മൊബൈൽ ഫോൺ കൈമാറുന്ന ശബ്ദം...

"ഹലോ" എന്നതൊരു മൃദുശബ്ദത്തിലുള്ള വാക്കായിരുന്നില്ല. ഒരു കുളിർ കാറ്റായിരുന്നു. അത് അവളെ തഴുകിപ്പോയപ്പോൾ, അവാച്യമായൊരു ആത്മനിർവൃതിയിൽ  അവൾ അലിഞ്ഞു ചേർന്നു. യുഗാന്തരങ്ങളായി താനീ ശബ്ദമൊന്നു കേൾക്കാൻ കാത്തിരിക്കുകയായിരുന്നോ? അവളുടെ ശബ്ദം അങ്ങേയറ്റം ലോലമായിപ്പോയിരുന്നു...

"ഏട്ടാ... ഇത്...  ഇത് ഞാനാണ്...."

അവളുടെ ശബ്ദത്തിന് മഞ്ഞിനേക്കാൾ തണുപ്പുണ്ടായിരുന്നു. ആ കണ്ണുകളിൽ രണ്ട വൈഡൂര്യമുത്തുകളുണ്ടായിരുന്നു.

പക്ഷെ പെട്ടെന്ന് സ്ഥലകാല ബോധമുണ്ടായ അവൾ സ്വായം വിരൽ കടിച്ചു.

തുടരും

1 comment: