Sunday, July 5, 2020

സ്വാർത്ഥൻ


അതിരുകൾ തേടിപ്പറന്നു തളന്ന ഞാൻ,
നീയെന്ന പൂവിൽ മയങ്ങി വീണു.
നിന്നരുമഹൃദയമാം നികുഞ്ജത്തിനുള്ളിൽ,
നീയെന്നേയെനിക്കഭയം തന്നതല്ലേ.
നിൻമൃദുഹാസമാം കുളിർകൗമുദിയി,
ഞാനെന്നെ മറന്നു മയങ്ങുകല്ലേ.

സ്വേദഗന്ധിയാം മീനമാസങ്ങളിൽ,
ഉയിരുന്നു തുണയായ നീരുറവയാണു നീ.
പടുവാക്കു ചൊല്ലികൊതിപ്പിക്കയല്ല, ഞാൻ,
എത്ര നടന്നാലുമതിരുകൾ താണ്ടാത്ത,
പ്രണയത്തിൻറെയിടവഴികളാകെ,
നിന്നെയും തേടിത്തളർന്നവനാണു ഞാൻ!

നിന്നുടെ മാറത്തെ ചൂടേറ്റെൻ സ്വപ്നങ്ങൾ,
ചിറകുകൾ നേടിപ്പറന്നുയർന്നു.
പൂക്കളായ്, സ്വപ്നങ്ങളിനിയുമിടനെഞ്ചിൽ,
എത്രയോ വട്ടം പുനർജ്ജനിക്കേണം.
ഓരോവട്ടവുമോരോ പൂവിലും, നിന്മുഖം മാത്രം,
ആകാശതാരകം പോലെ തെളിഞ്ഞിടേണം!

വസന്തകാലങ്ങളിൽ പുഷ്പമായിരുന്നു നീ.
വേനലിൽ തണുത്ത തുള്ളികളായി പെയ്തു നീ.
ശരത്കാലങ്ങളിൽ സ്വയമെരിഞ്ഞിരുന്നു  നീ.
വർഷകാലങ്ങളി നീയൊരു വൃക്ഷമായ് മാറി.
അങ്ങിനെ മഴതോർന്നതി പിന്നെയും പെയ്തു നീ.
ഞാനോ? ഞാനെന്നുമൊരു കാമുകൻ മാത്രം!

എത്ര സ്നേഹിച്ചാലും,
സ്നേഹിച്ചു കൊതിതീരാത്തവൻ.
എത്ര കിട്ടിയാലും, ആശ തീരാത്തവൻ.
എൻറെ പരിഭവങ്ങളും, പരാതികളും,
എൻറെ പ്രണയത്തിൻറെ മുൾകിരീടങ്ങളാകുന്നു.
എത്ര പിടഞ്ഞാലും, കുതറിയാലും,
നിന്നെ വിട്ടുകളയാത്തൊരു നീരാളിയാകുവാൻ,
എൻറെ പ്രണയത്തിൻറെ സ്വാർത്ഥതയാണ്,
എനിക്കുപായം പറഞ്ഞു തന്നത്! 

കാരണം;
നിൻറെ കണ്ണുകൾ സൂര്യരശ്മികളേന്തിയിരുന്നു.
നിൻറെ നോട്ടം തെറ്റിയപ്പോഴെല്ലാം,
കൂമ്പിയ ജലപുഷ്പം മാത്രമായിരുന്നു ഞാൻ!

അബൂതി
06/07/2020

1 comment:

  1. എത്ര സ്നേഹിച്ചാലും,
    സ്നേഹിച്ചു കൊതിതീരാത്തവൻ.
    എത്ര കിട്ടിയാലും, ആശ തീരാത്തവൻ...

    ReplyDelete