Wednesday, June 24, 2020

പുനർജ്ജനി



പ്രാകൃതമായൊരേതോ കിനാവിൻറെ
നഖമുനകളേറ്റു മുറിഞ്ഞ ഹൃദയത്തിനും;
ക്ഷാരം രുചിച്ച് മുറിഞ്ഞ നാവിലെന്നോ
ചത്തു വീണൊരാ സ്വരവാണികൾക്കും;
തേടിത്തേടി തളർന്നതിൽ പിന്നെ
കറുപ്പിന്നഗാധതയിലൊളിച്ച കണ്ണുകൾക്കും;
ഇനിയൊരു പുനർജ്ജീവനത്തിൻറെ
നേർത്ത ചാറ്റൽ മഴയേൽക്കാൻ മോഹമുണ്ട്!

തിളച്ചു തൂവിയ കണ്ണീരടുപ്പിലെ
വെളിച്ചമന്യമായ കറുത്ത മുത്തുകൾക്കും;
ശ്രുതിയോ താളമോ ലയമോ ചേരാതെ 
പതറിപ്പിടഞ്ഞു പൊടിഞ്ഞ വരികൾക്കും;
ഇനിയും കാണാനും; ഇനിയും പാടാനും;
പുനർജ്ജനിയുടെ ഒരു ചാറ്റൽ മഴ വേണ്ടതുണ്ട്!

നിരാശയുടെ മുരിക്കിൻമേലായിരം
സങ്കടച്ചങ്ങലകളാൽ കെട്ടിയിട്ടാലും
പുനർജ്ജനിയുടെ ശാദ്വലതീരത്തോളം
പറക്കാനുള്ളിലുണ്ടൊരു മോഹപ്പക്ഷി!
ഏതു വരഭംഗവും മറക്കുന്നുണ്ടാ
നേർത്ത മഴയുടെ പാട്ടു കേൾക്കവേ!

അബൂതി 

1 comment:

  1. നിരാശയുടെ മുരിക്കിന്മേലായിരം സങ്കടചങ്ങലകളിൽ കെട്ടിയിട്ടുകിടക്കുമ്പോഴും പറക്കാൻ മോഹിക്കുന്ന പക്ഷി

    ReplyDelete