അകായിലെ അത്ഭുതവിളക്കിന്,
അമ്മയെന്നാണ് വിളിപ്പേര്!
സ്വന്തമിഷ്ടവുമുറക്കവും
അന്യരാക്കിക്കൊണ്ടവർ
കത്തിയെരിഞ്ഞതൊക്കെയും
നമ്മൾക്കു വേണ്ടി മാത്രമായിരുന്നു!
അമ്മിയിലെ അരപ്പുക്കൂട്ടായരഞ്ഞതും
അടുപ്പിലെ വിറകായെരിഞ്ഞതും
അവരായിരുന്നെന്നറിഞ്ഞുവോ നമ്മൾ?
അറിഞ്ഞിട്ടുമറിയാത്ത ഭാവം
നടിച്ചു നടന്നവരല്ലയോ നമ്മൾ!
ഒരുനൂറുസ്നേഹസാഗരം കുറുക്കി
വറ്റിച്ചെടുത്തൊരു നുള്ളുപ്പ് ചേർത്ത്,
തൻ ജീവിതം തന്നെയവർ
വിളമ്പി നമുക്കായ്; മുന്നിലെന്നിട്ടും,
ഇന്നേതോ വൃദ്ധസദനത്തിൽ
കരിന്തിരി കത്തുന്നു
പാവങ്ങളവരിലേറെയും!
ഇനിയും കാഴ്ചമങ്ങാത്തൊരു
പടുമോഹത്തിൻറെ വഴിക്കണ്ണുമായി!
അപ്പോഴും അകായിലെ
വിളക്കായിനിയുമെരിയുവാൻ, ഒരു
വിളിക്ക് കാതോർത്തിരികയാണവർ!
അബൂതി
അതെ അകായിലെ വിളക്കായിനിയുമെരിയുവാൻ,
ReplyDeleteവീണ്ടും ഒരു വിളിക്കായ് കാതോർത്തിരിക്കുന്നവർ ..