Wednesday, July 22, 2020

ഇന്ദീവരത്തിനോട് വെറുതെ!





ഞാനിന്നലെയാണ് നിന്നെയാദ്യം കണ്ടത്.
ഞാനിടറിവീണൊരീ തണുത്ത പൊയ്കയിൽ!
ഇന്ദുകിരണങ്ങളാൽ നീ നെയ്ത നിൻറെ
ഇനിയും മരിക്കാത്ത കവിതകളുമായി!

നിൻറെ നാലുമണിപ്പൂക്കളും നന്ത്യാർവട്ടവും,
നിൻറെ സ്വപ്നങ്ങളെ പുഞ്ചിരിച്ചുണർത്തിയോ?
നിൻറെ നൂപുരത്തിൻറെ മൃദുരവധാരയിൽ,
നിൻറെ സൂര്യനേത്രങ്ങൾ നിന്നെ കണ്ടുവോ?

ദുഃഖമാണോമനേ നിൻറെ കൺപീലിയിൽ,
മുത്തുപോൽ തിളങ്ങും നിൻ കവിതയിലും!
ദുഃഖിതേ നിൻറെ കൊട്ടാരവാതിൽക്കൽ,
കാത്തിരുന്നേറെയായ് മടങ്ങുന്നു മോഹങ്ങൾ!

വീണുടഞ്ഞ നിൻറെ കിനാക്കളുടെ ചില്ലുകൾ,
പെറുക്കിയെടുക്കവേയെൻ വിരൽ മുറിഞ്ഞു.
എങ്കിലും പ്രിയമോടെയെൻ നെഞ്ചിലേക്കത്,
ചേർത്തപ്പൊളെൻറെ ഹൃദയവും മുറിഞ്ഞു!

നീ പറഞ്ഞ പോൽ; നീയൊരിന്ദീവരമായിന്നിതാ,
ദുഃഖങ്ങളൊളിപ്പിച്ച് പുഞ്ചിരിച്ചു നിൽക്കുന്നു!
നിൻറെ കാതിലീ കാറ്റു പറയുന്നതൊക്കെയും,
നിൻറെ സ്വപ്നശലഭമെത്തുമെന്ന നുണക്കഥയും!

ആഹ! ഒരു നുള്ള് ചന്ദനം നെറ്റിയിൽ തൊട്ട്,
നിൻറെ ദാവണിപ്രായമെൻ മുന്നിൽ വന്നാൽ,
പറയുവതെങ്ങിനെ ഞാനെൻറെ പ്രിയസ്വപ്നമേ;
മാർവതീ നിന്നെ ഞാൻ സ്വന്തമാക്കിയേനേ!

അബൂതി
22/07/2020

1 comment:

  1. ദുഃഖമാണോമനേ നിൻറെ കൺപീലിയിൽ,
    മുത്തുപോൽ തിളങ്ങും നിൻ കവിതയിലും!
    ദുഃഖിതേ നിൻറെ കൊട്ടാരവാതിൽക്കൽ,
    കാത്തിരുന്നേറെയായ് മടങ്ങുന്നു മോഹങ്ങൾ...

    ReplyDelete