ഇന്നലെയെൻ കിനാവിൻറെ
നടവരമ്പത്തു ഞാനൊരു,
വെള്ളിക്കൊലുസിൻറെ പാട്ടു കേട്ടു.
ആർദ്രയാം പുലരിക്കിടാത്തിക്ക്
പോലും, നാണം വരുന്നൊരാ
ചാരുനീരജപ്പൂമുഖം വിടർന്നു കണ്ടു.
ശ്യാമരേഖാങ്കണങ്ങൾക്കു താഴെ,
മോഹമീനുകൾ നീന്തിത്തുടിക്കുന്ന,
മാസ്‌മരപ്പൊയ്കയാം കൺകൾ കണ്ടു!
ശ്രീലസ്വപ്നങ്ങൾ ചുംബനം തേടുന്ന,
ചെമ്പൂദളമോലുമധര കുസുമങ്ങൾ,
എന്മുന്നിൽ പൂത്തു വിടരുന്നു കണ്ടു!
ചെഞ്ചുഴി ചേലിൽ വിരിഞ്ഞ
കപോലത്തിലാരാ,യീവിധം
കുങ്കുമക്കളഭം ചെരിഞ്ഞതാവോ?
ആഴിയിൽ മുങ്ങിക്കുളിച്ചെത്തുമർക്കനോ?
പാതിവിടർന്നൊരു ചെമ്പനീർ പൂവോ?
അല്ല! പ്രണയം തുളുമ്പുന്ന താരുണ്യമോ?
ഈ ശാരികപ്പക്ഷിക്ക് തെല്ലുണ്ടസൂയ.
ആരിവളിന്നസ്തമിക്കാൻ മറന്നൊരു
സാന്ദ്രനക്ഷത്ര കിനാകന്യയോ?
നിന്നിലെ വ്രീളാവിലാസഭാവം;
ഈവയൽപ്പൂക്കൾക്കു മഞ്ഞാട പോലെ!
മണമേറും മലരിന് മധുവെന്ന പോലെ!
പവനപാണികൾ തഴുകിക്കളിക്കുന്ന
വാർമുടിത്തുമ്പത്തു ചൂടുവാൻ, ഞാനൊരു
കാഞ്ചന ചെമ്പകം തന്നിടട്ടെ?
ഇന്നു നിനക്കായി ഞാനെൻറെ
ഉള്ളിൽ, വിരിഞ്ഞുള്ള പൂക്കളെല്ലാം,
ചെറുകവിതയായ് നിന്മുന്നിൽ ചൊല്ലിടട്ടെ?
ഈ സ്വപ്നനിദ്രയിൽ നിന്നൊരു നാളും,
ഉണരാതെയിങ്ങനെയുറങ്ങിടേണം.
എന്നും! നിന്നെ കിനാ കണ്ടുറങ്ങിടേണം!
അബൂതി
നിന്നെ കിനാ കണ്ടുറങ്ങിടേണം
ReplyDeleteഎന്നും ഈ സ്വപ്നനിദ്രയിൽ നിന്നൊരു
നാളും,ഉണരാതെയിങ്ങനെയുറങ്ങിടേണം...
ഇന്നു നിനക്കായി ഞാനെൻറെ
ReplyDeleteഉള്ളിൽ, വിരിഞ്ഞുള്ള പൂക്കളെല്ലാം,
ചെറുകവിതയായ് നിന്മുന്നിൽ ചൊല്ലിടട്ടെ?
ആശംസകൾ