Saturday, November 7, 2020

വീരം


 

വിണ്ണിൻറെ കീഴിലൊരൊറ്റ 

നക്ഷത്രമായങ്ങനെ നിൽക്കണം.

സൂര്യനെയും ചന്ദ്രനെയും 

സ്വന്തമാക്കാനാവാതെ പോയ 

ഒരേകാന്ത നക്ഷത്രമായി. 

എന്നിട്ടും 

അത് ജ്വലിക്കാതിരിക്കുന്നില്ല! 

 

കാറ്റുകൊണ്ടും 

മഞ്ഞുകൊണ്ടും 

മഴകൊണ്ടും 

ചുംബനമേൽക്കപ്പെടാത്തൊരു 

ഏകാന്ത പുഷ്പമായി.

എന്നിട്ടും 

അത് ചിരിക്കാതിരിക്കുന്നില്ല! 

 

വേദനകളെ മറവിയുടെ 

കടലിലുപേക്ഷിക്കാം 

തിരികെ മടങ്ങവേ 

കാല്പാടുകളെയോർത്ത് 

വ്യസനിക്കാതിരിക്കാം.

തിരിഞ്ഞു നോക്കി തേങ്ങുന്നവൻറെ 

കണ്ണീരിന് വിലയുണ്ടാവില്ല!  


സ്വന്തമായൊരു 

നിഴൽ പോലുമില്ലാത്തവന് 

ഇരുട്ടിനെ പേടിയില്ല.

സ്വന്തം കണ്ണീർ തുടക്കാൻ 

വേറൊരു വിരൽ വേണ്ട. 

എല്ലാ സ്വപ്നങ്ങൾക്കും 

മനസ്സിലൊരു ശ്മശാനമുണ്ട്.

പിന്നെയെന്തിനീ  

ചത്ത സ്വപ്നങ്ങളെ ചുമക്കണം? 


ഒരു ശലഭത്തിൻറെ ചിറക് 

എത്ര ലോലമാണ്.

ഉയരങ്ങളത് സ്വന്തമാക്കുന്നില്ല

ദൂരങ്ങളും

എന്നിട്ടും 

പൂക്കളായ പൂക്കളൊക്കെ 

പൂമ്പാറ്റയെ കൊതിക്കുന്നു.

പൂമ്പാറ്റയെ പ്രണയിക്കുന്നു!


അബൂതി   

3 comments:

  1. ഏകാന്തനക്ഷത്രം...

    ReplyDelete
  2. എല്ലാ സ്വപ്നങ്ങൾക്കും

    മനസ്സിലൊരു ശ്മശാനമുണ്ട്.

    പിന്നെയെന്തിനീ

    ചത്ത സ്വപ്നങ്ങളെ ചുമക്കണം?

    തീർത്തും ശരി ...

    ReplyDelete