അദ്ധ്യായം 2 : ഓർമ്മകൾ
“ഫ്രെഡീ.... ഒന്ന് പതുക്കെ പോ. പ്ലീസ്. നോക്ക്... എൻറെ ഉള്ളിൽ വേറെ ഒരാൾ കൂടിയുണ്ട്... ട്ടൊ. ആ പാവത്തിനെ ഇങ്ങിനെ പേടിപ്പിക്കാതെ...”
നിരത്തിൽ ധാരാളം വാഹനങ്ങളുണ്ടായിരുന്നു. അവയ്ക്കിടയിലൂടെ അതിവേഗം വെട്ടിച്ചും തിരിച്ചുമൊക്കെ വാഹനമോടിക്കുകയായിരുന്നു ഫ്രെഡി. തൊട്ടപ്പുറത്ത് പേടിച്ച് ചൂളിയിരിക്കുന്ന സൂസൻ. അവൾ പറഞ്ഞത് കേട്ടപ്പോൾ ചിരിച്ചു കൊണ്ടവൻ പറഞ്ഞു.
“ഹഹഹ... പേടിക്ക്യേ? ൻറെ മോനോ? അതൊക്കെ നിനക്ക് ചുമ്മാ തോന്നുന്നതാ.”
ഭയത്തിന്നിടയിലും സൂസൻറെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു.
“മോനോ? ഓ... അങ്ങിനെ അങ്ങുറപ്പിച്ചോ?”
“പിന്നെ.... ഉറപ്പിക്കാതെ? നീ നോക്കിക്കോ... മോനായിരിക്കും. അവൻ കൂടിയിങ്ങു വരട്ടെടീ. എന്നിട്ട് വേണം. നിന്നെ ഒരു പാഠം പഠിപ്പിക്കാൻ. മൂക്കു കൊണ്ട്... കല്ലെടുപ്പിക്കാൻ.”
ഫ്രെഡി അത്യാവശ്യം ഉറക്കെ ചിരിച്ചു. അവളുടെ മുഖം പരിഭവത്താൽ കനത്തു. റോഡിൽ നല്ല തിരക്കുള്ള സമയമായിരുന്നു. എന്നിട്ടും അവനവളുടെ കണ്ണുകളിലേക്ക് നോക്കി.
അവിടെ, ആ കണ്ണുകളുടെ ആഴങ്ങളിൽ, പ്രണയത്തിൻറെ മഹാസാഗരത്തിൽ, പരിഭവത്തിൻറെ ഒരു മുത്ത്. അവൻ പുഞ്ചിരിയോടെ മുഖം റോഡിലേക്ക് തിരിച്ചു. പിന്നെ ചോദിച്ചു.
“നീയെന്താടീ ഒന്നും പറയാത്തത്?”
“ഓ.. ഞാനെന്ത് പറയാൻ....?” അവൾക്ക് നിസ്സംഗത.
“അതെന്താ...? നിനക്കാൺകുട്ടിയെ ഇഷ്ടമല്ലെ..?” ഫ്രെഡിക്ക് ആകാംഷ.
“പിന്നേ...? അതൊന്നുമല്ല. ആണായാലും പെണ്ണായാലും ഞാൻ തന്നെ പ്രസവിക്കണ്ടെ. മനുഷ്യനിവിടെ അതിൻറെ ടെൻഷനിലാ.”
അവളുടെ വാക്കുകളിൽ ഒരൽപം കുറുമ്പിൻറെ കനൽ.
“ഹഹഹ. ആ കാര്യത്തിലിപ്പോ.. എനിക്ക് സഹായിക്കാനൊന്നും പറ്റില്ല. നീ പേടിക്ക്വൊന്നും വേണ്ടെടാ. ഒരു ന്യു ബോൺ ബേബി... ദാ... ഇത്രേ ഉണ്ടാവൂ. ഒരെലിയോളം.”
ഫ്രെഡി ഇടങ്കയ്യുടെ ഉള്ളം, ഒരു കുഴിപോലെയാക്കി അവൾക്ക് കാണിച്ചു കൊടുത്തു. അവളൊന്ന് ചിരിച്ചു.
“ന്നാലും ഇത്തിരി പ്രയാസം തന്നെ ആണേ. അല്ല... ഫ്രെഡിക്ക് എങ്ങിനെ അറിയാം? പ്രസവമെടുപ്പായിരുന്നോ പണി?”
“പോടി. നീ നോക്കിക്കോ. അവൻ നിന്നെ ഒട്ടും പ്രയാസപ്പെടുത്തില്ല. ൻറെ മോനല്ലേ...?”
അവളവനെ നോക്കി മനോഹരമായൊന്ന് പുഞ്ചിരിച്ചു. സീറ്റിലേക്ക് ചാരിയിരുന്ന് റോഡിലേക്ക് നോക്കി. എന്തോ സുഖമുള്ള ഒരാലോചനയിലേക്ക് വഴുതി വീണു. ഇടയ്ക്കിടെ അവളുടെ ചുണ്ടിൽ നേർത്ത പുഞ്ചിരികൾ വിടരുന്നുണ്ടായിരുന്നു.
ഒരു സൈഡിൽ നിന്നും തൻറെ കാറിൻറെ മുൻപിലേക്ക് വെട്ടിച്ചു കയറിയ മോട്ടോർ സൈക്കിളുകാരനെ രക്ഷിക്കാൻ ഫ്രെഡി വണ്ടി വെട്ടിച്ചു. അപ്പോൾ ദാണ്ടെ വരുന്നു വേറെ ഒരുത്തൻ. നേരെ മുന്നിലേക്ക്. കാറിൻറെ ബ്രെക്കിൻറെ അലർച്ചയോളം ഉച്ചത്തിൽ, സൂസൻറെ നിലവിളി പൊങ്ങി.
ഭാഗ്യം! ഒന്നും സംഭവിച്ചില്ല. ഒരങ്കലാപ്പിലാവണം, ഫ്രെഡി വേഗത കുറച്ചു. കുറെ നേരം അമ്പരപ്പിൽ ആയിരുന്ന സൂസൻ, കുറച്ചു കഴിഞ്ഞപ്പോൾ പറഞ്ഞു.
“ഫ്രെഡീ... ആ സീറ്റ് ബെൽറ്റെങ്കിലും ഒന്നിടൂ... പ്ലീസ്. ഇങ്ങിനെ പാമ്പ് പോകുന്ന പോലെ വണ്ടിയോടിക്കുമ്പോൾ മറ്റുള്ളവരുടെ സമാധാനത്തിനെങ്കിലും...”
ഒരു വരണ്ട പുഞ്ചിരിയോടെ ഫ്രെഡി സീറ്റ് ബെൽറ്റിട്ടു. പിന്നെ അവളെ നോക്കാതെ പറഞ്ഞു.
“എടോ... ഈ സീറ്റ് ബെൽറ്റ്... സംഗതിയൊക്കെ കൊള്ളാം. ചെറിയ അപകടങ്ങളിലൊക്കെ നമ്മളെ രക്ഷിക്കും. പക്ഷെ വലിയ അപകടത്തിൽ... നമ്മളെ കൊല്ലും. വാഹനത്തിന് തീ പിടിച്ചിട്ട്... ഇതൂരാൻ കഴിയാതെ കുറെ പാവങ്ങൾ വെന്ത് മരിച്ചിട്ടുണ്ട്. അറിയാവോ? കർത്താവ് വിളിക്കുമ്പോൾ... കർത്താവേ.... ഞാൻ സീറ്റ് ബെൽറ്റിട്ടിരിക്കുന്നത് കണ്ടില്ലേ... ഇപ്പോൾ വരാൻ പറ്റില്ല... എന്ന് പറയാനൊക്കുമോ? ഇല്ലല്ലോ? വിളിച്ചാൽ വിളിക്കുമ്പോൾ പോണം”
അവളൊന്നും പറഞ്ഞില്ല. ആ സംസാരം തുടരാൻ താല്പര്യമില്ലാത്ത പോലെ മുഖം തിരിച്ച് പുറത്തേയ്ക്കും നോക്കിയിരുന്നു. അവനത് മനസ്സിലാവുകയും ചെയ്തു. പിന്നെ അവനും ഒന്നും സംസാരിച്ചില്ല.
ഫ്രെഡീ..... നീ പറഞ്ഞതെത്ര സത്യം. നീയെന്തിനാ സീറ്റ്ബെൽറ്റിട്ടത്? നീ പറഞ്ഞ പോലെ... അതൊന്ന് ഊരാനാവാതെ... ആ തീജ്വാലകളിൽ നിന്ന് രക്ഷപ്പെടാനാവാതെ... ഫ്രെഡീ.... ഐ ആം സോറി... ഐ ആം സോറി ഫ്രെഡീ. ഞാനായിരുന്നല്ലോ... സീറ്റ്ബെൽറ്റിടാൻ നിർബന്ധിച്ചിരുന്നത്? നിനക്കത് ഇഷ്ടമേ അല്ലായിരുന്നു. പിന്നെന്തിനാ നീ അപ്പോൾ സീറ്റ് ബെൽറ്റ് ധരിച്ചത്? ഞങ്ങളെ ഒറ്റയ്ക്കാക്കി… ഇങ്ങിനെ... ഒരു പോക്ക് പോകാനോ?
നിലവിളിക്കുകയായിരുന്നില്ല സൂസൻറെ മനസ്സ്. അതുരുകുകയായിരുന്നു. അഗ്നിപർവ്വതം പോലെ!
ഈ ഭൂമിയിൽ താനും മോനും ഒറ്റയ്ക്കായിരിക്കുന്നു. കത്തുന്ന വേദനയുടെ ചിന്തകൾ, ചോദ്യങ്ങൾ, അവ മാത്രമല്ല മനസ്സിൽ ഓളം വെട്ടുന്നത്. ഒരായിരം ഓർമ്മകൾ കൂടിയാണ്.
അവരുടെ അടുത്തേയ്‌ക്കെത്താൻ ഒരു പത്തു കിലോമീറ്റർ കൂടി മതിയായിരുന്നു ഫ്രെഡിക്ക്. വഴിയിൽ നിയന്ത്രണം വിട്ട ഒരു ഇന്ധന ടാങ്കറിൻറെ രൂപത്തിൽ മരണം കാത്തിരിപ്പുണ്ടായിരുന്നു. മുൻഭാഗത്തെ ടയർ പൊട്ടി നിയന്ത്രണം വിട്ട ഒരു ചരക്കുലോറി, അതിൽ ചെന്നിടിച്ചു. മഴ പെയ്തു തോർന്നതേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടുമാ ആഘാതത്തിൽ ടാങ്കറിന് തീ പിടിച്ചു. ലക്കും ലഗാനുമില്ലാതെ ആ വാഹനം വേറെ പല വാഹനങ്ങളേയും ഇടിച്ചു തെറിപ്പിച്ചു. അവസാനം ഡിവൈഡർ ഇടിച്ചു തകർത്ത് നേരെ എതിർ വശത്തേക്ക്. ഫ്രെഡി ബ്രേക്ക് ചവിട്ടിയിട്ടുണ്ടാവും. കാർ വെട്ടിച്ചിട്ടുണ്ടാവും. എന്നിട്ടും ടാങ്കറിൻറെ അടിയിലേക്ക് ഇടിച്ചു കയറിയ കാറിൻറെ ഉള്ളിൽ, ആ പ്രാണൻ വെന്ത് വെണ്ണീറായി. തൻറെ പ്രിയപ്പെട്ടവർക്കൊരു അന്ത്യചുംബനം നൽകാൻ പോലും ഒന്നും ബാക്കിയില്ലായിരുന്നു.
വാരിക്കൂട്ടിയ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും പോലീസുകാരും ഫോറൻസിക്കുകാരും പ്രയാസപ്പെട്ട് വേർതിരിച്ചെടുത്ത കുറച്ച്, കരിഞ്ഞ മാംസം പറ്റിപ്പിടിച്ച എല്ലിൻ കഷ്ണങ്ങൾ, ഇവിടെ സെമിത്തേരിയിൽ അടക്കി. നാട്ടിലെ സെമിത്തേരിയിൽ പൂർവ്വികരുടെ കല്ലറയ്ക്കടുത്ത്, കല്ലുവീട്ടിൽകാരുടെ പ്രതാപത്തിനനുസരിച്ച്, അടക്കം ചെയ്യാമെന്ന് കുടുംബത്തിലെ ചിലരൊക്കെ ആവശ്യപ്പെട്ടെങ്കിലും, ചങ്കു പൊട്ടുന്ന വേദനയോടെ സൂസൻ പറഞ്ഞു.
“വേണ്ട... ഫ്രെഡിക്ക് ഇവിടെയാണ് ഇഷ്ടം. ആ ഇഷ്ടം നടക്കട്ടെ. അത് നടക്കണം. ഈ പള്ളിയുമായി... ഫ്രെഡിക്കൊരു ആത്മ ബന്ധമുണ്ട്. അവൻറെ ഹൃദയത്തിൻറെ ഒരു കഷ്ണം… അവിടെ വീണുകിടപ്പുണ്ട്.”
അവൾ പറഞ്ഞത് മുഴുവനായും ആർക്കും മനസ്സിലായില്ലെങ്കിലും, ആരും ഒന്നും പറഞ്ഞില്ല. അടക്കം കഴിഞ്ഞു. വളരെ അടുത്ത ബന്ധുക്കളൊഴികെ എല്ലാവരും പോയി. ഇന്ന് മൂന്നാം ദിവസം. ഇപ്പോൾ ചേച്ചിയും മകളും മാത്രം ഉണ്ട് ഇവിടെ. അവരിന്ന് പോകും. പിന്നെ ഈ വലിയ വീട്ടിൽ താനും ആദമും വേലക്കാരി സോഫിയയും മാത്രം. ഒരു നെടു വീർപ്പ് സൂസൻറെ നെഞ്ചിൽ പിടഞ്ഞു.
വൈകുന്നേരം ചേച്ചിയും മോളും പോകാൻ വേണ്ടി തയ്യാറായി നിൽക്കുമ്പോഴാണ് കമ്മീഷണർ മീരാൻ ഹസ്സൻ വന്നത്. ഫ്രെഡിയുടെ ഏറ്റവും അടുത്ത കൂട്ടുകാരനാണ്. കുടുംബങ്ങൾ തമ്മിലൊക്കെ നല്ല അടുപ്പമാണ്. തന്നെ നോക്കി പുഞ്ചിരിച്ച അദ്ദേഹത്തോട് സൂസൻറെ മറുപുഞ്ചിരി വളരെ ദുർബലമായിരുന്നു.
ആദം ഹസ്സനെ കണ്ടപ്പോൾ ഓടിവന്നു. ഹസ്സൻ താൻ കയ്യിലൊരു കുഞ്ഞു മിഠായി പോലും കരുതിയില്ലല്ലോ എന്നോർത്തു. അതില്ലാതെ താനിങ്ങോട്ട് വരാറില്ലായിരുന്നല്ലോ? അവൻറെ മുടികളിലൂടെ വിരലോടിച്ചു. അവളോട് ചോദിച്ചു.
“എങ്ങിനെ ഉണ്ടിവൻ? അവനെ ചോദിച്ച് ബുദ്ധിമുട്ടിക്കുന്നുണ്ടോ...?”
അവളുടെ കണ്ണുകളിൽ ഊറിക്കൂടിയ നീർക്കണ്ണങ്ങൾ തിളങ്ങി. ഒരു വിതുമ്പൽ ഒളിച്ചു കളിക്കുന്ന വിറയ്ക്കുന്ന ചുണ്ടുകൾ. പാളിപ്പോയൊരു ചത്ത പുഞ്ചിരിയുടെ അടയാളം അവിടവിടെ മിന്നിമറഞ്ഞു. കാറ്റു പോലെ പതിഞ്ഞൊരു ശബ്ദത്തിൽ പറഞ്ഞു.
“എന്തെങ്കിലുമൊന്ന് തിന്നാനാണ് പാട്. എല്ലാറ്റിനും പപ്പാ വരട്ടെ എന്നാ.”
സോഫയിലേക്കിരിക്കുന്നതിനിടയിലാണ് ഹസ്സൻ ചേച്ചിയെയും മോളെയും ശ്രദ്ധിച്ചത്. അവർ യാത്രയ്ക്ക് തയ്യാറായി നിൽക്കുകയാണെന്ന് മനസ്സിലായി. നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു.
“അല്ല... നിങ്ങളും കൂടി പോവുകയാണോ? ഇവളിവിടെ ഒറ്റയ്ക്കാവില്ലേ? നിങ്ങൾക്കൊരു രണ്ടാഴ്ചയൊക്കെ കഴിഞ്ഞിട്ട് പോയാൽ പോരെ?”
വരണ്ടൊരു പുഞ്ചിരിയോടെ ചേച്ചി പറഞ്ഞു.
“അച്ചായൻറെ അമ്മച്ചിക്ക് മേല. കിടന്നിടത്ത് തന്നെയാണ് എല്ലാം. ഇന്നലേം മിനിഞ്ഞാനും അച്ചായൻ നോക്കി. ഇവളെ കുറെ വിളിച്ചതാ. കൂടെ പോരാൻ. വരണ്ടേ...?”
ഹസ്സൻ സൂസനെ നോക്കി. വാടിയ മുഖത്തോടെ അവൾ പറഞ്ഞു.
“അവര് പൊയ്‌ക്കോട്ടെ. ചേച്ചി ചെന്നില്ലെങ്കിൽ അച്ചായൻറെ കാര്യമൊക്കെ കഷ്ടമാണ്. ഇവിടെ ഇപ്പൊ തുണയ്‌ക്കൊന്നും ആരും വേണ്ട. അല്ലെങ്കിലും... എത്ര കാലം? ഇനി മരിക്കുവോളം... ഒറ്റയ്ക്കല്ലേ?
ആരുമൊന്നും മിണ്ടിയില്ല. ദുഃഖത്തിൻറെ തടാകം പോലെ നിശബ്ദത തളംകെട്ടി. അതിന് ഭംഗം വന്നത് ഒരല്പ സമയം കഴിഞ്ഞ് അങ്ങോട്ട് ചായയുമായി വന്ന വേലക്കാരിയുടെ കാൽശബ്ദമായിരുന്നു. പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ ഹസ്സൻ തൻറെ കയ്യിലെ കവറിൽ നിന്നും കുറെ ഫോട്ടോകൾ എടുത്ത് അവളുടെ നേരെ നീട്ടി. വിറയ്ക്കുന്ന കൈകളോടെ അവളത് വാങ്ങി.
ഫ്രെഡിയുടെ വാച്ചിൻറെയും മാലയുടേയും മോതിരത്തിൻറെയും മറ്റുമൊക്കെ ഫോട്ടോ. അവൻറെ അടയാളങ്ങൾ. അവൻറെ ജീവൻ എരിഞ്ഞമർന്നപ്പോൾ, ആ ശരീരത്തോട് ചേർന്നു നിന്ന വസ്തുക്കൾ. നോക്കി നിൽക്കെ അവളുടെ കണ്ണുകളിൽ നീർ മൂടി. ഒരു വിതുമ്പലോടെ അതിലേയ്ക്ക് മുഖം പൂഴ്ത്തി. കണ്ടു നിന്ന വേലക്കാരിയുടെ കണ്ണിലുമുണ്ടായിരുന്നു, രണ്ടു തുള്ളികൾ.
ഹസ്സൻ എഴുനേറ്റ് അവളുടെ അടുത്തു ചെന്നിരുന്നു. പിന്നെ അവളുടെ ചുമലിലൂടെ കയ്യിട്ട് തൻറെ നെഞ്ചിലേക്ക് ചേർത്തു. അത് കൂടിയായപ്പോൾ അവൾ ആർത്തലച്ച് കരയാൻ തുടങ്ങി. ആദം അവളുടെ അടുത്തു വന്നു വിഷണ്ണനായി നിന്നു. അവൻറെ മുഖത്തും സങ്കടത്തിൻറെ ഒരു മേഘം പെയ്യാനൊരുങ്ങി നിൽക്കുന്നുണ്ട്. ചേച്ചി അടുത്തെത്തി അവളുടെ മുതുകിൽ തലോടിക്കൊടുത്തു. പക്ഷെ വാക്കുകൾ കൊണ്ടവളെ ഒന്നാശ്വസിപ്പിക്കാൻ മാത്രം അവർക്കാർക്കുമായില്ല. അവർക്കാർക്കും!
കുറെ നേരം കഴിഞ്ഞപ്പോൾ, തൻറെ കണ്ണിലെ നീർപ്പാട തുടച്ചുമാറ്റി ഹസ്സൻ പറഞ്ഞു.
“നോക്ക് സൂസൻ... ആദം... നീ സങ്കടപ്പെടുന്നത് കണ്ടാൽ... അവൻറെ സങ്കടം കൂടും. സത്യം വേദനിപ്പിക്കുന്നതാണെങ്കിലും... നമ്മളത് ഉൾക്കൊണ്ടല്ലേ പറ്റൂ.”
അവളുടെ കയ്യിൽ നിന്നാ ഫോട്ടോകൾ ബലമായി പിടിച്ചു വാങ്ങിക്കൊണ്ട് അയാൾ പറഞ്ഞു.
“എൻറെ ഗതികേട്. അല്ലെങ്കിൽ ഇതുമായി നിന്നെ വന്നു കാണാൻ എനിക്ക് വിധിയുണ്ടാകുമായിരുന്നോ?”
അവൾ മെല്ലെ മുഖമുയർത്തി. നനഞ്ഞു കുതിർന്ന മുഖം ചേച്ചി തൻറെ ഷാള് കൊണ്ട് തുടച്ചു കൊടുത്തു. ഒന്ന് കരഞ്ഞപ്പോൾ ഒരാശ്വാസം കിട്ടിയ സൂസൻ ഹസ്സനെ നോക്കി. അയാൾ ചോദിച്ചു.
“ഇതെല്ലം ഫ്രെഡിയുടെ തന്നെ അല്ലെ? എനിക്കറിയാം... ആണെന്ന്. പക്ഷെ ഇതൊരു പ്രൊസീജ്യറാണ്. നമ്മുടെ നാട്ടിലെ ചില നിയമങ്ങൾ ഇങ്ങിനെയാണ്. വേദനിച്ചവരെ പിന്നെയും പിന്നെയും വേദനിപ്പിക്കുന്നത്.”
അവൾ മെല്ലെ തലയാട്ടി. ഒന്നും പറഞ്ഞില്ല. ഹസ്സൻ തുടർന്നു.
“തോട്ടത്തിൽ നിന്ന് അഞ്ച് മണിയോടെയാണ് ഫ്രെഡി പോന്നത്. അപകടം നടക്കുന്നത് പതിനൊന്നര മണിക്കാണ്. ആ ടാങ്കറിലെ ഡ്രൈവറും മരിച്ചിട്ടുണ്ട്. വേറെ മരണങ്ങളൊന്നും ഇല്ല. ആ ലോറിക്കാരനും.. ടാങ്കർ ഇടിച്ചു തകർത്ത മറ്റു വാഹനങ്ങളിലെ ചിലർക്കും.. സീരിയസാണ്. ഡിവൈഡർ ഇടിച്ചു തകർത്ത്... ടാങ്കർ അപ്പുറത്തേയ്ക്ക് പോയില്ലായിരുന്നെങ്കിൽ....! ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ?” ഹസ്സനൊരു നിശ്വാസമുതിർത്തു.
“ഒരു സ്വാഭാവിക ആക്സിഡന്റാണ് എന്നാണ് പൊതുവെ ഉള്ള കൺക്ലൂഷൻ. പക്ഷെ... ചോദിക്കണമല്ലോ? സൂസന്... എന്തെങ്കിലും പ്രത്യേകിച്ച് പറയാനുണ്ടോ? വല്ല സംശയമോ... മറ്റോ?”
അവളുടെ മുഖമാകെ അമ്പരപ്പായിരുന്നു.
“എന്ത്...? എനിക്കെന്താ പ്രത്യേകിച്ച്?”
“അല്ല... അങ്ങിനെ അല്ല....” ഹസ്സൻ സോഫയിൽ മുന്നോട്ടാഞ്ഞിരുന്നു.
“ഫ്രെഡി പോയതൊരു തൊഴിൽസമരം തീർപ്പാക്കാനല്ലേ? അവിടന്ന് മടങ്ങുമ്പോഴല്ലേ അപകടം? പോലീസ് ഇതൊരു സ്വാഭാവിക അപകടമാണെന്ന് പറഞ്ഞാലും... സൂസന് വേറെ സംശയമെന്തെങ്കിലുമുണ്ടോ?”
“സംശയമോ...? എനിക്കോ...? എന്തിന്...?”
അവളുടെ മുഖത്ത് കടലോളം ആശങ്ക. ഹസ്സൻ സോഫയിലേക്ക് ചാരിയിരുന്നു. അവളുടെ കണ്ണുകളിലേക്ക് നോക്കി.
“അല്ല... ഇനി... ഇതൊരു ആക്സിഡന്റല്ല എന്നോ മറ്റോ...? ആദ്യ കാഴ്ച്ചയിൽ സ്വാഭാവിക അപകടമായി തോന്നുന്ന പല റോഡ് ആക്സിഡന്റുകളും.... പിന്നീട് അങ്ങനെയല്ല എന്ന് വന്നിട്ടുണ്ടല്ലോ? ഫ്രെഡി ഒരു ബിസിനസുകാരനാണ്. സ്വാഭാവികമായിട്ടും ശത്രുക്കളുണ്ടാകുമല്ലോ? എന്തെങ്കിലും സൂചന...”
അവൾ നിഷേധാർത്ഥത്തിൽ തലയാട്ടി..
“ൻറെ ഫ്രെഡിക്കോ...? ശത്രുക്കളോ...? ഇല്ല.... ഫ്രെഡിയെ നമുക്കറിയില്ലേ? ആർക്ക് ശത്രുത വെക്കാനാവും. ആരെയും ഫ്രെഡി വേദനിപ്പിക്കില്ല. ആരെയും. ചെടിയിൽ നിന്ന് പൂ പറിക്കുമ്പോൾ... പറിക്കരുതെന്ന് പറയും. അത് പൂവ് ചെടിയിൽ നിൽക്കുന്നതാണ് ഭംഗി എന്നത് കൊണ്ടല്ല. പൂ പറിക്കുമ്പോൾ ചെടിക്ക് വേദനിക്കുമത്രെ. അതായിരുന്നു ഫ്രെഡി. പാവം. പിന്നെ ബിസിനസിലെ ശത്രുക്കൾ. അതൊന്നും എനിക്കറിയില്ല. ആരുടേതും... ഒന്നും... ഫ്രെഡി തട്ടിപ്പറിച്ചിട്ടില്ല. അതെനിക്കുറപ്പുണ്ട്.”
അവൾ കവിളിലേക്ക് ഒലിച്ചിറങ്ങിയ നീർത്തുളികൾ തുടച്ചു കളയവേ, ഹസ്സൻ തലകുലുക്കിക്കൊണ്ട് എഴുനേറ്റു.
“എനിക്കറിയാം. ഞാൻ ചോദിച്ചൂന്ന് മാത്രം. ചോദിക്കാൻ ഞാൻ ബാധ്യസ്ഥനാണല്ലോ. ജോലി ഇതായിപ്പോയില്ലേ?”
വാതിലോളം ചെന്ന് തിരിഞ്ഞു നിന്ന ഹസ്സൻ പറഞ്ഞു.
“എനിക്കുറപ്പുണ്ട്. ഇതായിരുന്നില്ല അവൻ മരിക്കേണ്ട സമയം. ഇങ്ങിനെയുമായിരുന്നില്ല. പക്ഷെ... എന്തോ... ഇതിങ്ങനെ.... ഇപ്പോഴായിപ്പോയി.”
തുടരും
അപകടമരണത്തിൽ അസ്വാഭാവികതയുണ്ടോ?
ReplyDeleteകാത്തിരുന്നു കാണണം
Deleteനന്ദി
നല്ല വായനയ്ക്ക്
വായന തുടരുന്നൂ ...
ReplyDeleteThank you sir
Delete