Sunday, November 22, 2020

ചിലന്തിവലയിൽ ഒരു ചിത്രശലഭം!



ആദ്ധ്യായം 3: ശ്മശാനത്തിലെ സന്ദർശകർ


മനസ്സിൽ ഒരു കടലിരമ്പുന്നുണ്ട്. കണ്ണുകൾ ധാരധാരയായി ഒഴുകുന്നുണ്ട്. വിതുമ്പുന്ന ചുണ്ടുകൾക്കടിയിൽ, പല്ലുകൾ ശബ്ദത്തെ കടിച്ചു പിടിച്ചിരിക്കുകയാണ്. താൻ കരയുന്നത് ആദം കാണാതിരിക്കട്ടെ. സങ്കടപ്പെടാതിരിക്കട്ടെ. അങ്ങേയറ്റം പ്രയാസപ്പെട്ട് സൂസൻ മുഴുവൻ സങ്കടവും ഉള്ളിൽ അടക്കിനിർത്തി.


ഫ്രെഡിയുടെ കല്ലറയിൽ കത്തിച്ച മെഴുകുതിരികൾ കത്തിത്തീരാറായിരിക്കുന്നു. ആ കല്ലറയ്ക്കടുത്തു നിന്നും വേറെ എങ്ങോട്ടെങ്കിലും പോകാൻ മനസ്സനുവദിക്കുന്നില്ല. പക്ഷെ ആദം ചിണുങ്ങാൻ തുടങ്ങിയിട്ടുണ്ട്. അവന് വിശന്നു തുടങ്ങിയിരിക്കും.


ഒന്ന് കൂടി അവളാ കല്ലറയുടെ മുകളിൽ തൻറെ വലങ്കൈ വച്ചു. നേർത്തൊരു പുഞ്ചിരി വിഷാദം ചാലിച്ച്, അവളുടെ ചുണ്ടിലെത്തി. 


ഫ്രെഡീ.... നീയുറങ്ങ്. ഇപ്പോൾ നിൻറെ ഉറക്കത്തെ… ആരും ശല്ല്യപ്പെടുത്തുന്നില്ലല്ലോ… അല്ലെ? നീയാകെ ദേഷ്യപ്പെടാറുണ്ടായിരുന്നത് ഉറക്കത്തിൽ ശല്ല്യപ്പെടുത്തുമ്പോഴായിരുന്നു. ആദം...! അവനത് ഒരു രസമായിരുന്നു. നിൻറെയാ ദേഷ്യം കാണാൻ... എനിക്കും ഇഷ്ടമായിരുന്നു. ഇനിയെന്നാണ് ഫ്രെഡീ... നമ്മളൊന്നിക്കുക. ആദം ഇല്ലായിരുന്നെങ്കിൽ... ഞാനെപ്പൊഴേ നിൻറെ അടുത്തേയ്ക്ക് വന്നേനെ. ഞാൻ വരും ഫ്രെഡീ... ഞാൻ വരും. ആദം ഒന്ന് വളർന്നോട്ടെ. നീയുണ്ടാക്കിയതെല്ലാം ആദമിനെ ഏൽപ്പിച്ച് ഞാൻ വരും. അത് വരെ... നീ സുഖമായി ഉറങ്ങ്. 


അവളുടെ കണ്ണുകളിൽ നിന്നും നീർമുത്തുകൾ, ആ കല്ലറയിൽ വീണു ചിതറി. ചെറുകാറ്റിലുലയുന്ന മെഴുകുതിരി നാളങ്ങളിലേക്ക് നോക്കി അവൾ നിന്നു. ആദം ഉടുപ്പിൽ പിടിച്ചു  വലിച്ചപ്പോഴാണ് പിന്തിരിഞ്ഞത്. അറിയാതെ കണ്ണുകൾ ചെന്നുടക്കിയത് കുറച്ചപ്പുറത്തൊരു കല്ലറയ്ക്കരികിൽ മുട്ടുകുത്തിയിരുന്ന്, കല്ലറയിലേക്ക് മുഖം ചേർത്തു വച്ചൊരാളിലാണ്. ആ കാഴ്ച കണ്ടപ്പോൾ, അതിൽ തന്നെ കണ്ണുകൾ തറച്ചുപോയി. കദനം കനത്ത മുഖത്തോടെ, അവൾ അവനെ നോക്കി നിന്നു.


അങ്ങിനെ നോക്കിയിരിക്കെ മുഖമുയർത്തിയ അവൻ, തന്നെത്തന്നെ നോക്കി നിൽക്കുന്ന സൂസനെ കണ്ടു. നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ടവൻ ഒന്ന് പുഞ്ചിരിച്ചു. പിന്നെ പതുക്കെ അവളുടെ അടുത്തേയ്ക്ക് വന്നു. 


അടുത്തെത്തിയപ്പോൾ അവൻറെ പുഞ്ചിരിക്ക് നല്ല പ്രകാശമുണ്ടായിരുന്നു. മുഖത്ത് ബഹുമാനമുണ്ടായിരുന്നു.


“ഗുഡ് മോർണിംഗ് മാഡം. മൈ ഹേർട്ടി കണ്ടോളൻസ്. അന്നത് നേരിട്ട് പറയാനായില്ല.”


അവൾ ഒന്നും പറഞ്ഞില്ല. അവനെത്തന്നെ നോക്കി നിന്നു. അവൻ ചോദിച്ചു.


“മാഡത്തിന് എന്നെ മനസ്സിലായില്ലേ? ഞാൻ ഇമ്മാനുവൽ. മിത്രയുടെ മാർക്കറ്റിംഗ് വൈസ് പ്രസിഡണ്ടാണ്.” 


“ഓ.... ഷുവർ.... എനിക്കറിയാം... എനിക്കറിയാം. ഞാനോർക്കുന്നു.”


അവളാ കല്ലറയിലേക്കൊന്ന് എത്തിനോക്കി. ഇമ്മാനുവൽ പറഞ്ഞു. 


“ഭാര്യയാണ്. ലിസി. എട്ടു മാസമായി...” അവൻറെ ശബ്ദം ഇടറിയിരുന്നു. 


“അറിയാം... അടക്കിന് ഞാൻ വന്നിരുന്നു.”


“ഹാ... “ അവൻറെ ചുണ്ടിലൊരു വരണ്ട പുഞ്ചിരി പാതിയിൽ ചത്തു വീണു.


“സ്നേഹിക്കാനൊരാളെ തന്ന്.... നമ്മളങ്ങോട്ട് സ്നേഹിച്ച് കൊതി തീരുന്നതിൻറെ മുൻപേ... പറിച്ചെടുത്തോണ്ടു പോവാനുമ്മാത്രം... കർത്താവ് എത്ര ക്രൂരനാണല്ലേ?” 


അവൾ ആ മുഖത്തേക്കൊന്നു നോക്കി. എന്തോ, അധികം നോക്കി നിൽക്കാനായില്ല. മുഖം താഴ്ത്തി. ആദമിൻറെ മുടിയിഴകളിലൂടെ വിരലൊടിച്ചുകൊണ്ട് വെറുതെ നിന്നു. 


“ഞാൻ പോട്ടെ മാഡം?” 


ഇമ്മാനുവൽ സമ്മതം ചോദിച്ചപ്പോൾ, ഒരാശ്വാസം പോലെ, അവൾ തലയുയർത്തി. ആ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു. സമ്മതഭാവത്തിൽ തലയാട്ടി. തിരിഞ്ഞു നോക്കാതെ അവൻ നടന്നകലുന്നത് അവൾ നോക്കി നിന്നു. അവൻ സെമിത്തേരിയുടെ ഗെയ്റ്റ് കടന്നു പോകുവോളം. 


പിന്നെ ലിസിയുടെ കല്ലറയിലേക്ക് നോക്കി. ഒരു വലിയ നെടുവീർപ്പ് അവളുടെ നെഞ്ചിൽ പിടഞ്ഞു. കൊടുങ്കാറ്റു പോലെ അതവളിൽ വളർന്നു വന്നു! 


ആകാശത്ത് ചില കറുത്ത മേഘങ്ങൾ ഉരുണ്ടു കൂടി. ഏതു നിമിഷവും മഴ പെയ്തേക്കാം. അവൾ ആദമിനെയും കൊണ്ട് നടന്നു തുടങ്ങി. വീണുകിടക്കുന്ന പഴുത്ത ഇലകളിൽ, മൃദുലമായി ചവിട്ടിക്കൊണ്ട്, അവർ നടന്നകന്നു.


“അച്ചോ... അച്ചനൊന്ന് പറ..... ഇവളിങ്ങനെയായാ ഇതെങ്ങിനെ അവസാനിക്കും?”


ഫാദർ, സൂസനെയും ഹസ്സനെയും മാറി മാറി നോക്കി. സൂസൻറെ മുഖം ആകെ സങ്കടത്തിലായിരുന്നു. സംഗതി ഫ്രെഡിയുടെ ബിസിനസ്സ് സൂസൻ ഏറ്റെടുക്കണം. അതാണ് ഹസ്സൻറെ ആവശ്യം. സൂസന് അതിലൊരു താല്പര്യവും ഇല്ല. ദിവസവും ഫ്രെഡിയുടെ കല്ലറയ്ക്കരികിൽ പോയി കുറെ നേരം ചിലവഴിക്കും. അവനോട് കുറെ പരിഭവം പറയും. കുറെ കരയും. ചിലപ്പോൾ ചിരിക്കും. അതിലൊക്കെയായിരുന്നു അവൾക്ക് താല്പര്യം.


അത് മാത്രമല്ല, അവൾക്ക് ബിസിനസിനെ കുറിച്ച് ഒന്നുമറിയില്ല. ഫ്രെഡിയുടെ ബിസിനസ്സ് എന്ന് വച്ചാൽ അത് വളരെ വിശാലമായ ഒരു സാമ്രാജ്യമാണ്. തനിക്കൊറ്റയ്ക്ക് അതെങ്ങിനെ ഭരിക്കാനാവും എന്നൊരു ഉൾഭയവും അവൾക്കുണ്ട്.


മിത്ര ഫാർമസ്യുട്ടിക്കൽ, സ്റ്റീൽസ്, ഫാഷൻസ്, എന്റർടൈൻമെന്റ്, സൂപ്പർ മാർക്കറ്റ്സ്, അങ്ങിനെ അനവധി സ്ഥാപനങ്ങൾ, ശൃംഖലകൾ. ചെറുതും വലുതുമായത്. പിന്നെ തേയിലത്തോട്ടവും. അത് മാത്രമാണ് പാരമ്പര്യമായി കിട്ടിയത്. ബാക്കിയെല്ലാം ഫ്രെഡിയുടെ തേരോട്ടത്തിലൂടെ നേടിയെടുത്തതായിരുന്നു. ഫ്രെഡി മരിച്ചപ്പോൾ മാത്രമാണ് സൂസന് അവൻറെ ആസ്തിയുടെ വ്യാപ്തി മനസ്സിലാകുന്നത്.  അല്ലെങ്കിലും സൂസന് അതിലൊന്നും താല്പര്യമില്ലായിരുന്നു. തനിക്ക് തന്നെ പാരമ്പര്യമായി കിട്ടിയ സ്വത്തുക്കളെക്കുറിച്ച് പോലും അവൾക്ക് വേണ്ടത്ര തിട്ടമില്ല.


ഫ്രെഡിക്കും സൂസനും ചില കാര്യങ്ങളിൽ അസാമാന്യ സാമ്യത ഉണ്ടായിരുന്നു. രണ്ടു പേരുടെയും മാതാപിതാക്കൾ വളരെ ചെറുപ്പത്തിലേ മരണപ്പെട്ടതാണ്. അവർ സമ്പന്നരായിരുന്നു താനും. ഫ്രെഡി ഒറ്റക്കുട്ടിയായിരുന്നു. സൂസന് ഒരു ചേച്ചി കൂടിയുണ്ട്. ഫ്രെഡിയുടെ പപ്പയ്ക്ക് സഹോദരീ സഹോദരന്മാരില്ലായിരുന്നതിനാൽ, ഫ്രെഡിയെ വളർത്തിയതും സംരക്ഷിച്ചതും ഒരേ ഒരു അമ്മാവനായിരുന്നു. അഞ്ചാറ് വർഷങ്ങൾക്ക് മുൻപ് അദ്ദേഹവും മരണപ്പെട്ടു. അത് കൊണ്ട് തന്നെ കുടുംബത്തിൽ നിന്നും, ഫ്രെഡിയുടെ കമ്പനി നടത്താൻ പ്രാപ്തിയുള്ള ഒരു സഹായവും സൂസന് ലഭിക്കില്ല. ഒന്ന് രണ്ട് ഇത്തിൾ കണ്ണികൾ പറ്റിക്കൂടാൻ നോക്കിയതാണ്. പക്ഷെ സൂസൻ ഒരു പഴുതും കൊടുത്തിട്ടില്ല.


ഫ്രെഡി എല്ലാം ഒറ്റയ്ക്ക് മാനേജ് ചെയ്തിരുന്നു. സൂസൻ ഒരിക്കൽ പോലും ബിസിനസ്സ് കാര്യങ്ങളിൽ ശ്രദ്ധിച്ചിരുന്നെ ഇല്ല. അതിൽ ഫ്രെഡിക്ക് പരാതിയുണ്ടായിരുന്നു താനും.


“നീയീ ബിസിനസ്സൊക്കെ ഒന്ന് മനസ്സിലാക്കണം. നാളത്തെ അവസ്ഥ പറയാനൊക്കത്തില്ലല്ലോ? നമ്മൾക്ക് നമ്മൾ മാത്രമല്ലേ ഉളളൂ...?”


അവനങ്ങനെ പറയുമ്പോഴൊക്കെ സൂസൻ വെറുതെ ചിരിക്കും. പിന്നെ അവനെ ശൃംഗാരത്തോടെ നോക്കും. 


“ഓ... അതൊക്കെ ഇയാള് തന്നെ നോക്കിയാ മതി. എനിക്ക് ഈ കുറുമ്പനെ നോക്കാൻ തന്നെ നേരം കിട്ടുന്നില്ല.”


അവൾക്കറിയാം. അതിനൊരു ചുംബനം സമ്മാനമുണ്ടെന്ന്. അവളുടെ ലോകം ഫ്രെഡിയും ആദമും മാത്രമായിരുന്നു. എന്നും ഫ്രെഡിയുടെ തണലിൽ വിരിഞ്ഞു നിൽക്കുന്ന ഒരു പുഷ്പമാവാനാണ് അവൾ കൊതിച്ചത്. ഇന്ന് ആ തണൽ ഇല്ലാതായിരിക്കുന്നു. ഇനിയിപ്പോൾ ഇതെല്ലാം ഒറ്റയ്ക്ക് നേരിടണം. വെയിലും മഞ്ഞും മഴയും... എല്ലാം ഇനിയൊറ്റയ്ക്ക് നേരിടണം. 


ഫ്രെഡിയുടെ ഭാര്യ മാത്രമായിരിക്കാൻ കൊതിച്ചവൾ! 


ആദമിൻറെ മമ്മയാകാൻ മാത്രം കൊതിച്ചവൾ! 


അവളാണ് ഒരുപാട് പേരുടെ കണ്ണുകൾ പതിഞ്ഞു കിടക്കുന്ന, ഫ്രെഡിയുടെ ഒഴിഞ്ഞ സിംഹാസനത്തിലേക്ക്, കയറിയിരിക്കേണ്ടത്!


"കച്ചവടത്തിൽ... ചെന്നായയുടെ നിയമമേ ഉള്ളൂ... ആട്ടിൻ കുട്ടിയുടെ നിയമമില്ല." അവളുടെ മനസ്സിൽ,  ഫ്രെഡിയുടെ വാക്കുകൾ പ്രതിധ്വനിച്ചുകൊണ്ടിരുന്നു!!!

 

തുടരും      

3 comments: