Wednesday, January 27, 2021

ചിലന്തിവലയിൽ ഒരു ചിത്രശലഭം!



അദ്ധ്യായം 22: സോഫിയയുടെ ചില കാഴ്ചകൾ  


"ഫ്രെഡിസ്സാറിനെ കുറിച്ച് പറഞ്ഞാൽ... നല്ലതല്ലാതെ വേറൊന്നും പറയാനുണ്ടാവില്ല. എന്നോടൊക്കെ ചിരിച്ചുകൊണ്ടല്ലാതെ സംസാരിച്ചിട്ടില്ല. ഒരു അനിയത്തിയെ പോലെ കാര്യമായിരുന്നു. ചേച്ചിക്കും അതെ. ദേഷ്യപ്പെടാറേ ഇല്ല. പൈസക്കാരിൽ ഇത്രയും നല്ലവരുണ്ടാകുമോ എന്ന് സംശയിക്കും. അത്രയും നല്ല സ്വഭാവം." 


സോഫിയയുടെ മുഖത്ത് വിഷാദം. "നല്ലവരെയൊക്കെ കർത്താവ് വേഗമങ്ങോട്ട് കൊണ്ട് പോവാ..." 


"ഫ്രെഡിയും സൂസനും തമ്മിൽ എങ്ങിനായിരുന്നു?"


"അതിപ്പോ... എന്താ പറയാ? വല്ല്യ സ്‌നേഹത്തിലായിരുന്നു. ആർക്കും കണ്ടാൽ കൊതിയാവും..."


"ഉം...  തമ്മിലെപ്പോഴെങ്കിലും വഴക്കുണ്ടായിട്ടുണ്ടോ?"


"ഇല്ല... എൻറെ ഓർമ്മയിലില്ല. ചിലപ്പോൾ ചില സൗന്ദര്യപ്പിണക്കമൊക്കെ ഉണ്ടാവാറുണ്ട്. അത് പക്ഷെ... ഫ്രെഡി സാറായിരിക്കും പിണങ്ങുന്നത്."


"എന്തിനായിരുന്നു അതൊക്കെ?"


"അതെനിക്കറിയില്ല സാറെ. എനിക്ക് ചോദിക്കാൻ പറ്റില്ലല്ലോ? എന്തായാലും പിണങ്ങിയതിനേക്കാൾ വേഗത്തിൽ അവരിണങ്ങാറുമുണ്ട്."


"അവർ പിണങ്ങുന്നതും ഇണങ്ങുന്നതും എങ്ങിനെ നിങ്ങളറിയുന്നു? നിങ്ങളവരെ ഒളിഞ്ഞു നോക്കാറുണ്ടോ?"


പകച്ചുപോയ സോഫിയ പതറിയ ശബ്ദത്തിൽ. "അയ്യോ... അല്ല സാറെ. ഫ്രെഡിസ്സാർ പിണങ്ങിയാൽ ചേച്ചിക്ക് സങ്കടമാവും. ചേച്ചിക്ക് സങ്കടം വന്നാൽ.... നേരെ മുറ്റത്തെ മാവിൻ ചുവട്ടിൽ പോയിരിക്കും. കുറച്ചു കഴിഞ്ഞാൽ കാണാം... ഫ്രെഡിസ്സാറ് ചെന്ന് കൂട്ടിക്കൊണ്ടു വരുന്നത്. അപ്പോൾ രണ്ടാളുടെ മുഖവും സന്തോഷാവും. പിന്നെ അവർക്കങ്ങനെ ഒരു ഒളിയും മറയുമൊന്നും ഇല്ലായിരുന്നു. കെട്ടിപ്പിടിക്കലും ഉമ്മ വെക്കലുമൊക്കെ ആ വീട്ടിലെവിടെ വച്ചും ചെയ്യും. കാണുന്ന നമ്മൾ വേണം  മുഖം തിരിക്കാൻ."


പറഞ്ഞപ്പോൾ സോഫിയയ്ക്ക് നാണം. ലീലാകൃഷ്ണൻ പുഞ്ചിരിച്ചു. അൽപനേരം ആലോചിച്ച ശേഷം ലീലാകൃഷ്ണൻ ചോദിച്ചു. 


“ആ മാവിൻ ചുവട്ടിലല്ലേ രണ്ടു തലയുള്ളയാൾ നിൽക്കുന്നതായി സൂസന് തോന്നിയത്?


“ആ സാറെ. അതൊരു തോന്നലാവൂല്ലട്ടോ. ഞാനും കണ്ടല്ലോ.”


അവളുടെ ആ മറുപടി ലീലാകൃഷ്ണൻ അത്ര ഗൗരവത്തിലെടുത്തില്ല.


"സൂസൻ എപ്പോഴെങ്കിലും കരയുന്നത് കണ്ടിട്ടുണ്ടോ? ഫ്രെഡി പിണങ്ങുമ്പോഴോ മറ്റോ?"


സോഫിയ ഒരല്പനേരം ആലോചിച്ചുകൊണ്ടിരുന്നു. ഇടയ്ക്കവൾ ഇല്ലെന്ന് തല വെട്ടിച്ചു. പിന്നെ പറഞ്ഞു. "ഉം... ഒരിക്കൽ. ഒരു ദിവസം മാത്രം. ഫ്രെഡിസ്സാറ് ഓഫീസിൽ പോയിട്ടുണ്ട്. ബെഡ്റൂമിൽ ഇരുന്ന് ചേച്ചി തേങ്ങിക്കരയുന്നുണ്ടായിരുന്നു. എന്താന്ന് ചോദിച്ചപ്പോൾ... ചോദിച്ചത് ഇഷ്ടമാവാത്ത പോലെ പെരുമാറി. ഞാൻ പിന്നെ ഒന്നും ചോദിച്ചില്ല"  


“അതെന്നായിരുന്നു എന്നറിയുമോ?” 


"അയ്യോ... അതൊത്തിരിയായി സാറേ? ഫ്രെഡിസ്സാറ് മരിക്കുന്നതിൻറെ ഒരു ആറേഴ് മാസം മുന്നായിരിക്കും." 


"എന്നിട്ടവർ തമ്മിലെന്തെങ്കിലും സംസാരമോ പിണക്കമോ ഉണ്ടായോ?"


"ഇല്ല സാറെ... പിന്നെ അവര് പിണങ്ങിയതായിട്ട് എനിക്കോർമ്മയെ ഇല്ല. അവര് പഴയതിനേക്കാൾ കൂടുതൽ അടുപ്പായ പോലെയാണ് തോന്നുന്നത്. ഉവ്വ്. അതിൻറെ പിന്നെയാണ്... ഒരു ദിവസം  ഫ്രെഡിസ്സാർ  ചേച്ചിയോട് ചോദിക്കുന്നത് കേട്ടിട്ടുണ്ട്.  നിനക്കെന്താ പറ്റിയതെന്ന്? എന്നെ സന്തോഷിപ്പിക്കാൻ വേണ്ടിയെന്തിനാ വയ്യാത്ത പണിക്ക് പോണതെന്ന്."

 

"വയ്യാത്ത പണിക്കോ? അതെന്തായിരുന്നു... ആ പണി?"


"അതോ...? അത് ചേച്ചിക്ക് അടുക്കളയിൽ പെരുമാറാൻ ഒട്ടും അറിയില്ല. അന്ന് ചേച്ചി എന്തോ കുക്ക് ചെയ്യാൻ നോക്കിയതാണ്. ചൂടായ പാനിൽ കൈ തട്ടി പൊള്ളി. അതറിഞ്ഞപ്പോളാണ് ഫ്രെഡി സാറ് അങ്ങിനെ ചോദിച്ചത്."


"അപ്പോൾ സൂസനെന്ത് പറഞ്ഞു?"


"ചേച്ചിയോ... ചേച്ചിയെന്തോ പറഞ്ഞു. ഇംഗ്ലീഷിലായിരുന്നു. എനിക്ക് മനസ്സിലായില്ല. പക്ഷെ... തിരിച്ച് ഫ്രെഡിസ്സാറൊരു കൂട്ടം പറഞ്ഞു. അതെനിക്കോർമ്മയുണ്ട്." 


"എന്താത്?" 


"സാറ് പറഞ്ഞത്... ചേച്ചിയെ ഇങ്ങനെ...” സോഫിയ വലത് കൈകൊണ്ട് ഒരാളെ തന്നിലേക്ക് ചേർത്ത് പിടിക്കുന്ന പോലെ ആംഗ്യം കാണിച്ചു. “കെട്ടിപ്പിടിച്ചാ പറഞ്ഞത്. നിന്നെക്കാൾ നല്ലതൊന്നും എൻറെ ജീവിതത്തിലുണ്ടായിട്ടില്ലെന്ന്. നീ എങ്ങിനെയാണോ... അങ്ങിനെതന്നെ മതി എനിക്കെന്ന്. കേട്ടപ്പോൾ... എൻറെ സാറെ... രോമം പൊന്തി." 


ലീലാകൃഷ്ണൻ പുഞ്ചിരിയോടെ സാബുവിനെ നോക്കി. അയാളുടെ ചുണ്ടിലൊരു കൃസൃതിച്ചിരി ഉണ്ടായിരുന്നു. പക്ഷെ അപ്പോഴേക്കും സങ്കടത്തോടെ സോഫിയ തുടർന്നു.


"പക്ഷെ... അത് കഴിഞ്ഞ്... ഒരു മാസമായിട്ടുണ്ടായില്ല. ഫ്രെഡിസ്സാറ് മരിച്ചു. ഞാൻ പേടിച്ചിരുന്നത് ചേച്ചിക്ക് ഭ്രാന്തായിപ്പോകുമെന്നാണ്. ഭാഗ്യത്തിന് അതൊന്നുമുണ്ടായില്ല. ഫ്രെഡിസ്സാറിൻറെ ഫോട്ടോയുടെ മുൻപിലിരുന്നങ്ങിനെ കരയുന്നത് കാണാം. ചിലപ്പോൾ ആ ഫോട്ടോയോട് വർത്താനം പറയുന്നതും കാണാം. അത് ചിലപ്പോൾ മണിക്കൂറുകൾ നീളും." 


പിന്നെ കുറെ നേരം അവർക്കിടയിൽ മൗനം തളം കെട്ടി. ലീലാകൃഷ്ണൻ എന്തോ ആലോചനയിലായിരുന്നു. സോഫിയയും സാബുവും അദ്ദേഹത്തെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. ഒരു വേള സാബു സോഫിയയെ നോക്കി കുടിക്കാൻ എന്തെങ്കിലും കൊണ്ട് വാ എന്നാംഗ്യം കാട്ടിയപ്പോൾ അവൾ എഴുനേറ്റു പോയി. ഒരല്പ സമയത്തിനുള്ളിൽ കയ്യിൽ രണ്ടു ഗ്ലാസുമായി തിരികെ വന്നു. അതിൽ കട്ടൻ ചായയായിരുന്നു. ഗ്ലാസ് ലീലാകൃഷ്ണൻറെ നേരെ നീട്ടിക്കൊണ്ട് അവൾ പറഞ്ഞു.


"സാർ... ചായ. പാലില്ലാട്ടോ."


പുഞ്ചിരിച്ചുകൊണ്ട് അയാൾ ഗ്ലാസ് വാങ്ങി. "എനിക്കിഷ്ടം കട്ടനാ. സോഫിയ ഫ്രെഡിയുടെ പ്രേതത്തെ കണ്ടെന്നു പറഞ്ഞല്ലോ? അതെന്താ കഥ.” 


“എൻറെ പൊന്നു സാറെ... ഓർക്കുമ്പോളിപ്പോഴും പേടിയാകും. ഇമ്മാനുവൽ സാറ് പറഞ്ഞത്... അതൊരു തോന്നലാന്നാ. എന്നാലും... ഞാൻ കണ്ടതാ സാറെ. ദാ... ഇപ്പൊ സാറിനെ കാണുന്ന പോലെ കണ്ടതാ.” 


സോഫിയ ചുമൽ കൂച്ചി ശരീരമാകെ ഒന്ന് കുടഞ്ഞു. പിന്നെ അന്നത്തെ ആ സംഭവം മുഴുവൻ പറഞ്ഞു. ലീലാകൃഷ്ണൻ പിന്നെയും ആലോചനയിൽ മുഴുകി. ആരുമൊന്നും പറയാതെ കുറെ സമയം കൂടി കടന്നുപോയി. അദ്ദേഹം ചായ ഊതി ഊതിക്കുടിക്കുന്നത് കൗതുകത്തോടെ സാബുവും സോഫിയയും നോക്കിയിരുന്നു. അവസാനം കാലിയായ ഗ്ലാസ് തിരികെ കൊടുത്തപ്പോൾ അദ്ദേഹം ചോദിച്ചു.


"സൂസനെത്ര മൊബൈൽ ഫോണുണ്ട്?"


ഒരമ്പരപ്പോടെയാണ് സോഫിയ മറുപടി പറഞ്ഞത്. "ഒന്ന്. ഒന്നേയുള്ളൂ സാറെ."


“ഉം... ശരി. ഞാനിറങ്ങുന്നു. ഈ അസമയത്ത് ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാനിനിയും വരാം.” 


സോഫിയയും സാബുവും തലയാട്ടി.  വാതിൽക്കൽ വച്ച് തിരിഞ്ഞു നിന്ന ലീലാകൃഷ്ണൻ പെട്ടെന്ന് ചോദിച്ചു. "ഇമ്മാനുവലും സൂസനും തമ്മിൽ എങ്ങിനെയുണ്ട്? നല്ല സ്നേഹത്തിലാണോ? അതോ?"


സോഫിയ വല്ലാതായി. "അത് സാറെ... ഇമ്മാനുവൽ സാറ് വന്ന് അധികായില്ലല്ലോ? ഞാനിങ്ങ് പൊന്നില്ലേ?"


ലീലാകൃഷ്ണൻ തലയാട്ടി. ചോദിച്ചു നിർത്തിയ സോഫിയ പതുക്കെ പറഞ്ഞു. "അവര് പക്ഷെ വേറെ വേറെയാണ് കിടക്കുന്നതൊക്കെ. ഇമ്മാനുവൽ സാറ് താഴെയാണ്. അവര് തമ്മിൽ തമാശയൊക്കെ പറയാറുണ്ട്. പക്ഷെ... എന്തോ... എനിക്കറിയില്ല..."


"ഉം... ശരി... പോട്ടെ. ആ പിന്നെ.... ഞാനിവിടെ വന്നതും ചോദിച്ചതുമൊന്നും സൂസനറിയണ്ട." ലീലാകൃഷ്ണൻ അങ്ങിനെ പറഞ്ഞപ്പോഴാണ് സോഫിയ ചോദിച്ചത്.


"അല്ല സാറെ. ഇതെന്താ ഇപ്പൊ..?"    


"ആഹാ... അപ്പോൾ നിങ്ങളൊന്നുമറിഞ്ഞില്ലേ? ഫ്രെഡിയുടെ കല്ലറ ആരോ തകർത്തു. ആയാളുടെ തലയോട്ടി എടുത്തോണ്ട് പോയി. ഞങ്ങൾക്കന്വേഷിക്കാതിരിക്കാൻ പറ്റില്ലല്ലോ? പ്രേതമായാലും പിശാചായലും... ഒരു മര്യാദയൊക്കെ വേണ്ടേ.?” 


മോട്ടോർ സൈക്കിൾ സ്റ്റാർട്ടാക്കി കഴിഞ്ഞാണ് ലീലാകൃഷ്ണൻ ചോദിച്ചത്. "സോഫിയ എങ്ങിനെയാണ് ഫ്രെഡിയുടെ വീട്ടിലെത്തിയത്?"


“അത്... ചേച്ചിയുടെ അപ്പൻറെ തോട്ടത്തിലായിരുന്നു എൻറെ അപ്പൻ ജോലിക്ക് പോയിരുന്നത്. ആ പരിചയത്തിൽ...”


“ഉം... എത്ര കൊല്ലമായി?”


“ഇരുപത് കൊല്ലമാകാനായി. ഞാൻ പത്താംക്ലാസ് തോറ്റതിൽ പിന്നെ ചേച്ചിയുടെ തറവാട്ട് വീട്ടിൽ നിൽക്കാൻ തുടങ്ങിയതാ. ഫ്രെഡി സാർ ഈ വീട് വച്ചപ്പോൾ ചേച്ചി എന്നെ അങ്ങോട്ട് വിളിച്ചു.”


“ഓഹോ... കൊച്ചുനാൾ മുതലേ പരിചയക്കാരാണല്ലേ? എന്നിട്ടും ചേച്ചിയെന്നാണോ വിളിക്കുന്നത്?”


“അതങ്ങ് ശീലിച്ചുപോയി സാറെ.”


മോട്ടോർ സൈക്കിളിൻറെ ഹെഡ്‌ലൈറ്റ് ഇരുട്ടിലൊരു ഗുഹയുണ്ടാക്കി. മെല്ലെയാണ് അയാൾ വണ്ടിയോടിക്കുന്നത്. മനസ്സിൽ നിറയെ ഓരോ ആലോചനകളായിരുന്നു. 


കാര്യങ്ങൾ താൻ കണക്കുകൂട്ടിയ ഭാഗങ്ങളിലൂടെയൊക്കെയാണ് സഞ്ചരിക്കുന്നത്. ഊഹം ശരിയാണെങ്കിൽ ഫ്രെഡിക്ക് ഒരു കാമുകിയുണ്ടായിരുന്നെന്ന് സൂസന് അറിയാമായിരുന്നു. ഫ്രെഡിയെ തനിക്ക് നഷ്ടമാവുമോ എന്ന് അവൾ ഭയന്നിരുന്നു. പുറമെ നിന്ന് കാണുന്ന പോലത്ര സുന്ദരമായിരുന്നില്ലേ... അവരുടെ ജീവിതം? ആ ചോദ്യത്തിന് കൃത്യമായൊരുത്തരം നൽകാൻ ഇപ്പോൾ സൂസന് മാത്രമേ കഴിയൂ.


ഫ്രെഡിയും സൂസനും പിന്നെ ആ വീടും. ദുരൂഹതയുടെ ഒരു ട്രയാങ്കിളിൻറെ മൂന്ന് കോണുകളാണെന്ന് തോന്നുന്നു. ഇവിടെ ആരാണ് ഇരയെന്നോ.... ആരാണ് വേട്ടക്കാരനെന്നോ തിരിച്ചറിയാൻ പ്രയാസമാവുന്നു. വരട്ടെ. സവാദിന് നൽകിയ ഫോൺ നമ്പറുകളുടെ ജാതകം വരട്ടെ. ഒരു വഴി കാണാതിരിക്കില്ല. അത് കിട്ടുന്നത് വരെ... അല്ലെങ്കിൽ തമിഴ്നാട് പൊലീസിൻറെ ഇൻഫർമേഷൻ വരുന്നത് വരെ... ഫ്രെഡിയുടെയും സൂസന്റെയും ജീവിതമെന്തായിരുന്നു എന്ന് നോക്കാം. അതിലെവിടെയോ മുഖമില്ലാത്തൊരു മനുഷ്യനുണ്ട്. മുഖമില്ലാത്തൊരു മനുഷ്യൻ!


തുടരും


2 comments:

  1. മുഖമില്ലാത്തൊരു മനുഷ്യൻ!ആ വരട്ടെ, നോക്കാം :)

    ReplyDelete