Saturday, January 23, 2021

ചിലന്തിവലയിൽ ഒരു ചിത്രശലഭം!




അദ്ധ്യായം 21: നശിപ്പിക്കപ്പെട്ട മൂന്ന് മൊബൈലുകൾ 


സൈബർ സെല്ലിലെ സർക്കിൾ ഇൻസ്‌പെക്ടർ സവാദ് മിടുക്കനായ ഒരു ഓഫീസറായിരുന്നു. അയാൾ തൻറെ മുൻപിൽ നിരത്തിയ കാര്യങ്ങൾ കണ്ടപ്പോൾ, അയാളെ എത്ര തന്നെ അഭിനന്ദിച്ചാലും മതിയാവില്ലെന്ന് ലീലാകൃഷ്ണന് തോന്നി. അത്രയും ഡീറ്റെയിൽസ് അദ്ദേഹം ചുഴിഞ്ഞെടുത്തിട്ടുണ്ടായിരുന്നു. 


രണ്ടു രേഖാചിത്രങ്ങളുമായി  മലയിറങ്ങിയിട്ട് രണ്ട് ദിവസമായി. ഒരു കൺഫ്യുഷനുണ്ടായിരുന്നു. ആരെ കുറിച്ചാണ് ആദ്യം അന്വേഷിക്കേണ്ടതെന്ന്. പെൺകുട്ടിയെ വേണമോ? അതല്ല തമിഴനെ വേണമോ?


തമിഴനെക്കുറിച്ചാവാം എന്ന് ഉറപ്പിച്ചപ്പോൾ നേരെ വിട്ടത് സവാദിൻറെ അടുത്തേയ്ക്കാണ്. അവനോട് കാര്യങ്ങളൊക്കെ പറഞ്ഞു. പ്രയാസമാണെങ്കിലും സംഗതികളൊക്കെ അവനേറ്റു. നേരെ ഹസ്സനെ പോയിക്കണ്ടു. വിവരങ്ങൾ അദ്ദേഹത്തോട് പറഞ്ഞു. 


ഫ്രെഡിയുട കാമുകിയുടെ ഫോട്ടോയിലേക്ക് നോക്കി ഹസ്സൻ കുറെ അധികം നേരം ഒരേയിരുത്തമിരുന്നു. അയാൾക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല. ഓ മൈഗോഡ്. എന്നാലും ഫ്രെഡീ... സൂസൻ ഇതെങ്ങിനെ സഹിക്കും? ഹസ്സൻ ലീലാകൃഷ്ണൻറെ മുഖത്തേയ്ക്ക് നോക്കി. 


"താനിവളെ ഐഡന്റിഫൈ ചെയ്‌തോ?" 


"ഇല്ല." 


"ആ... എന്നാലിനി ബുദ്ധിമുട്ടണ്ട. ഇവളെ എനിക്കറിയാം."


"ങേ..." ലീലാകൃഷ്ണന് അത്ഭുതം.  ഹസ്സൻ അയാളെ നോക്കി തലകുലുക്കി. 


ഹസ്സൻറെ കാബിനിൽ നിന്നും പുറത്തേയ്ക്ക് വരുമ്പോൾ, ലീലാകൃഷ്ണൻറെ മുഖമാകെ ചുവന്നിട്ടുണ്ടായിരുന്നു. താൻ കേട്ട പേര് അയാളുടെ മനസ്സിൽ  ചലനങ്ങളുണ്ടാക്കിയിട്ടുണ്ട്. അതൊരു പേര് മാത്രമല്ല. ഈ കേസിൻറെ ഏറ്റവും കഠിനമായ ചോദ്യത്തിൻറെ ഉത്തരം കൂടിയായിരുന്നു. ഇപ്പോൾ അയാളുടെ മനസ്സിൽ ഫ്രെഡിയെ കൊല്ലിച്ചത് ആരാണെന്നും അതെന്തിനാണെന്നും, ഒരു ഏകദേശ ധാരണയുണ്ട്. അത് ഹസ്സനോട് സൂചിപ്പിച്ചപ്പോൾ, ഹസ്സൻ പറഞ്ഞു 


"സമ്മതിക്കുന്നു. പക്ഷെ... തെളിവെവിടെ? ഇതൊന്നും കോടതിയിൽ നിൽക്കുന്ന തെളിവുകളല്ല." 


പോലീസ് ക്ലബിലെ മേശയിൽ ആവി പറക്കുന്ന കാപ്പിക്കപ്പിൽ നിന്നും കാപ്പി ഊതിയൂതിക്കുടിക്കുകയായിരുന്നു ലീലാകൃഷ്‌ണൻ. മുന്നിൽ താൻ കണ്ടുപിടിച്ച കാര്യങ്ങൾ വിശദീകരിക്കുകയാണ് സവാദ്.  


“ഫ്രെഡി മരിക്കുന്നതിൻറെ പത്ത് ദിവസം മുൻപ്... തോട്ടത്തിലെ ടവറിലേക്ക് കണക്ടായ ഒരു ഫോൺ... ഒരു നമ്പർ... നമുക്ക് കിട്ടിയിട്ടുണ്ട്. അന്ന്... ഫ്രെഡി മരിച്ച ദിവസം... രാത്രി ഫ്രെഡിയുടെ ഫോൺ ടവർ ലൊക്കേഷനിൽ നിന്നും വിട്ടു പോന്നപ്പോൾ... ഈ ഫോണും കൂടെ പോന്നിട്ടുണ്ട്. അടുത്ത ടവറിലേക്ക് ഈ രണ്ടു ഫോണുകളും കണക്ടാവുന്നതും ഒരേ സമയത്താണ്. അതിൻറെ അർത്ഥം ഇവർ രണ്ടാളും ഒരേ ദിശയിൽ ഒരേ വേഗതിയിൽ ഒരേ സമയം സഞ്ചരിക്കുന്നവരായിരുന്നു എന്നാണ്. സോ... ഈ നമ്പർ ആ തമിഴൻറെ തന്നെ ആയിരിക്കണം.”


സവാദിൻറെ കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കിയിരിക്കുകയാണ് ലീലാകൃഷ്ണൻ. സവാദ് തുടർന്നു.


“ആ മൊബൈൽ ചുരമിറങ്ങിക്കഴിഞ്ഞപ്പോൾ, അടിവാരത്ത് വച്ച് സ്വച്ച്ഓഫ് ആകുന്നു. പിന്നീട് ആ ഫോൺ ഇത് വരെ ഓൺ ആയിട്ടില്ല. അത് നശിപ്പിക്കപ്പെട്ടിരിക്കും. ഫ്രെഡിയുടെ മരണം ഒരു സ്വാഭാവിക അപകട മരണമാണെന്ന്... അന്നത്തെ അന്വേഷണോദ്ധ്യോഗസ്ഥർ  ആദ്യമേ വിശ്വസിച്ചതുകൊണ്ടാണ്.. അന്ന് ഇത്തരം ഡീറ്റയിൽസിലേക്കൊന്നും  അവർ പോവാതിരുന്നിരിക്കുക. അല്ലെങ്കിൽ മിക്കവാറും അന്ന് ഇതെല്ലം പോലീസ് കണ്ടെത്തുമായിരുന്നു. ഇതിനേക്കാൾ ഈസിയായി. അതല്ലെങ്കിൽ പിന്നെ... കേസിലാരോ കാര്യമായി ഇടപെട്ടിട്ടുണ്ടാവണം.” 


"അപ്പോൾ അയാളെ നമുക്ക് അടിവാരം വരെ മാത്രമേ ട്രാക്ക് ചെയ്യാനായുള്ളൂ? ആ നമ്പറിൽ നിന്നും വേറെ ഏതെങ്കിലും നമ്പറിലേക്ക് വിളി പോയിട്ടുണ്ടോ? അല്ലെങ്കിൽ തിരിച്ച്? എനി മെസ്സേജസ്?"


ലീലാകൃഷ്ണൻറെ ചോദ്യത്തിൽ ഒരു നേരിയ നിരാശയുണ്ടായിരുന്നു. സവാദ് പറഞ്ഞു.


“ഇല്ല.  ഒന്നുമില്ല. ആ നമ്പറിലേക്ക് ഒരിക്കൽ പോലും ഒരു ഫോൺകാൾ വന്നിട്ടില്ല. അതിൽ നിന്നൊരു നമ്പറിലേക്കും വിളിച്ചിട്ടുമില്ല. പക്ഷെ നമുക്ക് വേറൊരു പിടിവള്ളിയുണ്ട്.” 


ലീലാകൃഷ്ണൻ ആകാംഷയോടെ നോക്കി 


“ആ നമ്പർ ഒരു ഡെഡ് എൻഡ് ആയപ്പോൾ... നമ്മൾ പിന്നീട് പരിശോധിച്ചത്... ഫ്രെഡിയുടെ മൊബൈൽ യാത്ര ചെയ്ത വഴിയിൽ... യാത്ര ചെയ്തുകൊണ്ടിരിക്കെ... സ്വച്ച് ഓൺ ആയ മൊബൈലുകൾ ഉണ്ടോ എന്നാണ്. രാത്രിയായത്കൊണ്ട് അവ എണ്ണത്തിൽ വളരെ കുറവായിരുന്നു. വളരെ ഡീപ്പായ ഒരു പരിശോധനയിൽ... ഒരുപാട് പ്രത്യേകതകളുള്ള ഒരു നമ്പർ നമുക്ക് കിട്ടി. ആ നമ്പർ നമുക്ക്.. കാര്യങ്ങളുടെ ഏകദേശ ചിത്രം കാണിച്ചു തരുന്നുണ്ട്.” 


തൻറെ കയ്യിലെ ഫയലിൽ നിന്നൊരു പേപ്പർ എടുത്ത് സവാദ് ലീലാകൃഷ്ണന് കൊടുത്തു. കയ്യിലെ കാപ്പിക്കപ്പ് മേശപ്പുറത്ത് വച്ച് അയാളത് വാങ്ങി. അയാൾ വായിച്ച് തുടങ്ങവേ സവാദ് തുടർന്നു.


“ഒരു മിനിറ്റോളം നേരത്തേയ്ക്ക് മാത്രമാണ് ആ ഫോൺ ഓൺ ആയത്. പഴയ ഫോൺ പോലെ... ഈ ഫോണും അപ്പോൾ സ്വിച് ഓഫ് ആയതാണ്. ഈ രണ്ടു നമ്പറുകളും ആക്ടിവേറ്റ് ചെയ്യുന്നത്... കൃത്യം ഈ ദിവസത്തിൻറെ പതിനഞ്ച് ദിവസങ്ങൾക്ക് മുൻപാണ്.  അതായത്... ഫ്രെഡി തോട്ടത്തിലേക്ക് പോകുന്നു എന്ന് മുൻക്കൂട്ടി മനസ്സിലാക്കിയ ഒരാളാണിതിന് പിന്നിൽ.  അപ്പോൾ ഒരു കാര്യം തീർച്ചയാണ്. അയാൾ ഫ്രെഡിയുമായി വളരെ ക്ലോസായ ഒരാളാണ്.”  


“ആ ഫോണിൽ നിന്നും വിളിച്ചതാർക്കാണ്?”  ലീലാകൃഷ്ണന് ആകാംഷ അടക്കാൻ ആയില്ല. 

 

“ആ... അതും കൂടി പറയുമ്പോഴാണ്... കാര്യങ്ങൾ കുറച്ചുകൂടി ക്ലിയറാവുക. ഫ്രെഡി മരിക്കുന്നതിൻറെ   പതിനഞ്ച് ദിവസം മുൻപ്... മൂന്ന് ഫോണുകൾ ഒരേ ടവർ ലൊക്കേഷനിൽ വച്ച് ആദ്യമായി ആക്ടിവേറ്റ് ആയി. മൂന്ന് പുതിയ സിമ്മുകൾ. മൂന്ന് പുതിയ ഫോണുകൾ. ടവർ ഡീറ്റൈൽസ് ആ നോട്ടിലുണ്ട്.”  


സവാദ് ലീലാകൃഷ്ണൻറെ കയ്യിലെ പേപ്പറിലേക്ക് വിരൽ ചൂണ്ടി. സമ്മതഭാവത്തിൽ ലീലാകൃഷ്ണൻ തലകുലുക്കി.


“ശേഷം... അത് മൂന്നും അപ്പോൾ തന്നെ സ്വിച്ച് ഓഫാവുന്നു.  ഇത് ഫ്രെഡി തോട്ടത്തിലേക്ക് പോയ അന്നാണ്. രണ്ടു ദിവസം കഴിഞ്ഞ്... ഇതിലൊരെണ്ണം തോട്ടത്തിൽ വച്ച് സ്വച്ച് ഓൺ ആയി. ആ ഫോൺ ആണ് അടിവാരത്ത് വച്ച് വീണ്ടും സ്വിച്ച് ഓഫ് ആയത്. ബാക്കിയുള്ള രണ്ടെണ്ണത്തിൽ ഒരെണ്ണം... ഇതേ നഗരത്തിൽ വച്ച്... പിന്നീട് സ്വിച്ച് ഓൺ ആയത്... ഫ്രെഡി തോട്ടത്തിലേക്ക് പോയതിൻറെ ശേഷമുള്ള ആദ്യത്തെ ശനിയായിച്ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാണ്‌. സാറിന് കാര്യം മനസ്സിലായോ? “


സവാദിൻറെ ചോദ്യത്തിന് ലീലാകൃഷ്ണൻ തല കുലുക്കി. "യെസ്. സാധാരണ ഫ്രെഡി തോട്ടത്തിലേക്ക് പോകുന്നത് തിങ്കളാഴ്ചയാണ്. മടങ്ങി വരുന്നത് ശനിയോ ഞായറോ ആണ്. ആദ്യത്തെ ശനിയാഴ്ചച്ച ഫ്രെഡി വരുമെന്ന് അവർ കരുതിക്കാണും."


“അതെ... ഈ മൂന്ന് ഫോണുകളും ഉപയോഗിച്ചിരിക്കുന്നത്... ഈ ഒരു കൃത്യത്തിന് വേണ്ടി മാത്രമാണ്. ഒന്നാമത്തെ ഫോൺ നശിപ്പിച്ചു. പിന്നെയും എത്രയോ മുന്നോട്ട് വന്നാണ്  രണ്ടാമത്തെ ഫോൺ സ്വച്ച് ഓൺ ചെയ്തത്. കേവലം ഇരുപത് സെക്കൻഡ് മാത്രമുള്ള ഒരു കാൾ... അതിൻറെ ശേഷം... രണ്ടും മൂന്നും ഫോണുകളും സ്വിച്ച് ഓഫ് ആണ്. ഇത് വരെ.”  


“ഇതൊരുമാതിരി പരിപാടിയായിപ്പോയല്ലോ? അപ്പോൾ ഇതൊരു ഡെഡ് ഏൻഡ് ആണല്ലേ? അപ്പോഴിനി കാത്തിരിക്കണം. തമിഴൻറെ രേഖാചിത്രം ഐഡന്റിഫൈ ചെയ്ത് തമിഴ്നാട് പോലീസിൽ നിന്നും റിപ്പോർട്ട് വരുന്നത് വരെ.” 


ലീലാകൃഷ്ണൻറെ മുഖത്ത് നിരാശയായിരുന്നു. സവാദ് പുഞ്ചിരിയോടെ പറഞ്ഞു. “നമുക്കൊരു ചാൻസുണ്ട്. വളരെ വളരെ മങ്ങിയതാണെങ്കിലും... ഒരേ ഒരു  ചാൻസ്.”


“എന്താത്?”


“ഒരു കാര്യം ഉറപ്പാണ്. സൂത്രധാരൻ ആരായാലും... അയാൾ ഫ്രെഡിയുമായിട്ട് വളരെ അടുപ്പമുള്ള ഒരാളാണ്. അത്തരം ആളുകളുടെ മൊബൈൽ നമ്പറിൻറെ ഒരു ലിസ്റ്റ് കിട്ടിയാൽ... ചിലപ്പോൾ നമുക്ക് ഒരു കണക്ഷൻ കിട്ടിയേക്കാം.”


ശരിയാണ് എന്ന അർത്ഥത്തിൽ ലീലാകൃഷ്ണൻ തലയാട്ടി. സവാദ് തൻറെ കയ്യിലെ ഫയൽ അയാൾക്ക് നൽകി. സംശയിക്കാവുന്നവരുടെ മൊബൈൽ നമ്പറുകൾ ശേഖരിച്ച് നൽകാമെന്ന് ലീലാകൃഷ്ണൻ പറഞ്ഞപ്പോൾ, അത് തൻ സങ്കടിപ്പിച്ചോളാം എന്നാണ് സവാദ് പറഞ്ഞത്. ലീലാകൃഷ്ണന് അതൊരു ആശ്വാസമായി. ഇന്നും നാളെയുമായി തീർക്കേണ്ട ചില പണികളുണ്ട്. ചില ചോദ്യങ്ങളുടെ ഉത്തരം എത്രയും പെട്ടെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.


തമിഴൻ തൽക്കാലം നിൽക്കട്ടെ. ഒന്നുകിൽ സവാദിൻറെ സഹായത്തോടെ കണ്ടെത്താം. അല്ലെങ്കിൽ തമിഴ്നാട് പോലീസ് സഹായിക്കാതിരിക്കില്ല. എന്തായാലും കുറച്ച് സമയം തമിഴനെ അവൻറെ വഴിക്ക് വിടാം. ഇനി കുറച്ച് നേരം സർപ്പ സുന്ദരിയുടെ പിന്നാലെ പോകാം. തമിഴൻ വെറും ഒരു ഉപകരണം മാത്രമാണ്. എന്നാൽ ഇവൾ അങ്ങനെയല്ലല്ലോ?


നാട്ടുവെളിച്ചത്തിൽ ഇരുണ്ട കൂടാരം  പോലെ കാണപ്പെട്ട ചെറിയ വീടിൻറെ മുറ്റത്ത് ലീലാകൃഷ്ണൻറെ മോട്ടോർ സൈക്കിൾ നിന്നു. ഒരു നായ കുരച്ചുകൊണ്ടോടി വന്നു. ശൗര്യത്തിലാണ് അതോടി വന്നതെങ്കിലും, ലീലാകൃഷ്ണൻ  കൈ വിരൽ കൊണ്ടോന്ന് ഞൊട്ടി വിളിച്ചപ്പോൾ, അത് മോട്ടോർ സൈക്കിളിൻറെ ഹെഡ് ലൈറ്റിൻറെ വെളിച്ചത്തിൽ നാവണച്ച് നിന്നു. താനിപ്പോൾ എന്തിനാണിങ്ങോട്ട് ഓടിവന്നതെന്ന് മറന്ന  പോലെ.


വീടിന് പുറത്തൊരു ലൈറ്റ് തെളിഞ്ഞു. ജാലകവാതിൽക്കലൊരു പുരുഷമുഖം പ്രത്യക്ഷപ്പെട്ടു. “ആരാ” എന്ന ചോദ്യത്തിന് ലീലാകൃഷ്‌ണൻറെ മറുചോദ്യം "സാബുവല്ലേ?"   


"അതെ... നിങ്ങളാരാ? എന്താ കാര്യം?"


"പൊലീസാണ്. സോഫിയയെ ഒന്ന് കാണണം."


അൽപ്പം കഴിഞ്ഞപ്പോൾ വാതിൽ തുറന്നു. ഒരു കൈലി മുണ്ട്  മാത്രം  ധരിച്ച ചെറുപ്പക്കാരനും, അയാൾക്ക് പിന്നിൽ ചൂളി നിൽക്കുന്ന സോഫിയയും. ലീലാകൃഷ്ണൻ മോട്ടോർ സൈക്കിളിൽ നിന്നിറങ്ങി. മുരണ്ട നായയെ ഗൗനിക്കാതെ അയാൾ അവരുടെ അടുത്തേയ്ക്ക് ചെന്നു. 


അപ്പോഴും അമ്പരപ്പും ഭീതിയും നിറഞ്ഞ കണ്ണുകളോടെ സാബുവും സോഫിയയും അയാളെ നോക്കി നിൽക്കുകയായിരുന്നു.

 

തുടരും

 

2 comments:

  1. കഥ പുരോഗമിക്കട്ടെ...

    ReplyDelete
  2. കഥ നന്നായി തന്നെ മുന്നേറുന്നു ...

    ReplyDelete