അദ്ധ്യായം 24: ചാത്തൻ ചോല
ചുരമിറങ്ങി വരുന്ന കാറിൽ ലീലാകൃഷ്ണനും, ഹസ്സനും, വറീതുമുണ്ടായിരുന്നു. ലീലാകൃഷ്ണനാണ്, അത്തരം ഒരു യാത്രയുടെ ആവശ്യം മുന്നോട്ട് വച്ചത്. കൊല്ലപ്പെട്ട രാത്രി ഫ്രെഡിയും തമിഴനും കൂടി യാത്ര ചെയ്ത വഴിയേ ഒരു യാത്ര. പകൽ വെളിച്ചത്തിൽ. കൂടെ ആ ഭാഗങ്ങളൊക്കെ നല്ല പരിചയമുള്ള വറീതും.
വറീതിനിപ്പോൾ ലീലാകൃഷ്ണൻ ആരാണെന്ന് ഏറെക്കുറെ മനസ്സിലായിട്ടുണ്ട്. ഹസ്സനെ ആദ്യമേ അറിയാം. ഫ്രെഡിയുടെ കൂടെ തോട്ടത്തിലേക്ക് ഹസ്സൻ മുൻപ് പലവട്ടം വന്നിട്ടുണ്ട്. അയാൾ ആകെ പേടിച്ച് ചൂളിയിരിക്കുകയാണ്. ലീലാകൃഷ്ണൻ റോഡിൻറെ ഇരുഭാഗങ്ങളും സൂഷ്മതയോടെ നിരീക്ഷിക്കുകയാണ്.
ചുരമിറങ്ങി. അവസാനത്തെ മുടിപ്പിൻ വളവും തീർന്നു. കാർ പിന്നെയും മുന്നോട്ട് നീങ്ങിയപ്പോൾ ലീലാകൃഷ്ണൻ വണ്ടി നിർത്താൻ പറഞ്ഞു.
ലീലാകൃഷ്ണനും ഹസ്സനുമാണ് ആദ്യം പുറത്തിറങ്ങിയത്. അവർ പിന്നിലേക്ക് നടന്നപ്പോൾ വിറച്ചുകൊണ്ട് ഇറങ്ങിയ വറീത് കാറിൽ തന്നെ ചാരി നിന്നതേ ഉള്ളൂ.
അവിടെ ഒരു കലുങ്കുണ്ടായിരുന്നു. മലമുകളിൽ നിന്നും ഒഴുകിവരുന്ന ഒരു നീർച്ചാലിന് കുറുകെ കെട്ടിയത്. അതിൻറെ അരികിൽ നിന്ന് ലീലാകൃഷ്ണൻ ഹാസ്സൻറെ മുഖത്തേയ്ക്ക് നോക്കി. ഹസ്സൻ മല മുകളിലേക്കും താഴേക്കും ആ നീർച്ചാലിൻറെ വഴി മാറി മാറി നോക്കി. ലീലാകൃഷ്ണൻ കൈമാടി വിളിച്ചപ്പോൾ വറീത് ഭവ്യതയോടെ അടുത്തു വന്നു.
“ചേട്ടാ... മഴക്കാലത്ത് ഈ തോട്ടിൽ ധാരാളം വെള്ളമുണ്ടാകുമോ?”
“അയ്യോ... ഇത് തോടൊന്നുമല്ല സാറെ. ചോലയാ. ചാത്തൻ ചോല. ദാ കണ്ടില്ലേ... മലയുടെ ഉച്ചിയിൽ തുടങ്ങി അങ്ങ് കാട്ടിലൊഴുകുന്ന പുഴ വരെ ഉണ്ടിത്. ഇവിടെ മഴ പെയ്താൽ പിന്നെ ഇതിലൂടെ മലവെള്ളപ്പാച്ചിലാവും. ഭയങ്കര ഒഴുക്കായിരിക്കും. അതിൽ പെട്ടാ പിന്നെ രക്ഷയില്ല. അങ്ങ് പുഴവരെ വളവും തിരിവും പാറക്കല്ലുകളുമാണ്. ശവം പോലും കിട്ടില്ല.”
“ഇവിടെ ആരെങ്കിലും വീഴാറുണ്ടോ?” ഹസൻ ചോദിച്ചു
“ഇവിടെ ആര് വീഴാനാ സാറെ? പക്ഷെ വേണമെന്ന് വച്ച് ചാടാറുണ്ട്. ചിലരെയൊക്കെ കൊന്നു തള്ളിയ കഥകളുമുണ്ട്. കഥകളാണേ...”
ലീലാകൃഷ്ണൻ സവാദിനൊരു മെസ്സേജയച്ചു. തൻറെയും ഹസ്സൻറെയും മൊബൈൽ ഏത് ടവർ പരിധിയിലാണ് എന്നറിയണം. ആ ടവർ പരിധിയിൽ എത്തിയിട്ട് എത്ര സമയമായെന്നും. അൽപ്പം കഴിഞ്ഞപ്പോൾ രണ്ടിനും ഇത്തരം കിട്ടി. അയാൾ ഒരു അഞ്ഞൂറ് രൂപയെടുത്ത് വറീതിന് നൽകി.
“വറീതേട്ടൻ പൊയ്ക്കോ. ഞങ്ങളും പോകുവാ.”
കാറിൽ വച്ചയാൾ ഹസ്സനോട് പറഞ്ഞു. “ഫ്രെഡി കൊല്ലപ്പെട്ടത് ഇവിടെ വച്ചാണ് സാർ. അന്ന് നല്ല മഴയായിരുന്നു. സാറ് ഇവിടത്തെ സ്റ്റേഷനിൽ ഒന്നന്വേഷിക്കണം. ഇവിടെ ചാടി മരിച്ച ആരുടെയെങ്കിലും ബോഡി തിരികെ കിട്ടിയിട്ടുണ്ടോ എന്ന്. ഉണ്ടെങ്കിൽ പതിവായി ബോഡി തങ്ങി നിൽക്കുന്ന ഒരിടം കാണും. അന്ന് ഇങ്ങിനെ ഒരു സാധ്യത ആരും കാണാത്തത് കൊണ്ട്... ഈ വഴിക്ക് അന്വേഷണം നടന്നില്ലെന്നേ ഉള്ളൂ.”
ഹസ്സൻ തലകുലുക്കി. അയാളെന്തോ വലിയ ചിന്തയിലായിരുന്നു.
“സാർ.. ഒരു സംശയം….”
അയാൾ നോക്കിയപ്പോൾ ലീലാകൃഷ്ണൻ തുടർന്നു. "നിങ്ങൾ എങ്ങിനെയാണ് അന്ന് കാറിൽ കണ്ട ബോഡി ഫ്രെഡിയുടെയാണ് എന്നുറപ്പിച്ചത്?"
"കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ ശരീരത്തിൽ അവശേഷിച്ചത്... ഫ്രെഡിയുടെ മാലയും വാച്ചുമായിരുന്നു. മോതിരം സീറ്റിൽ നിന്നാണ് കിട്ടിയത്. എന്നതിൽ അസ്വാഭാവികതയൊന്നും തോന്നിയില്ല. മരണവെപ്രാളത്തിൽ കൈകാലിട്ടടിച്ചപ്പോൾ ഊരിപ്പോയതാവാം എന്നായിരുന്നു ഫോറൻസിക്ക് റിപ്പോർട്ട്. അപകടത്തെ പറ്റി അന്നൊരു സംശയമൊന്നും ഇല്ല. ഒരു വലിയ അപകടത്തിൻറെ ഒരുപാട് ഇരകളിൽ ഒരാൾ മാത്രമായിരുന്നു അന്ന് ഫ്രെഡി. ഒരു പക്ഷെ അന്ന് ആ അപകടം നടന്നിരുന്നില്ലെങ്കിൽ....."
ഹസ്സൻ ഒരു ചോദ്യം പോലെ നിർത്തി. പിന്നെ തുടർന്നു.
“ഒരു മാൻ മിസ്സിംഗ് കേസ്. പിന്നെ അതൊരു കൊലപാതകക്കേസാവും. പ്രതികളെ മിക്കവാറും നമ്മൾ പിടിച്ചിട്ടുമുണ്ടാകുമായിരുന്നു. കാരണം ഇപ്പോൾ നമുക്ക് കിട്ടിയ തെളിവുകളേക്കാൾ കൂടുതൽ അന്ന് കിട്ടുമായിരുന്നു. ഇതൊരു കോമ്പ്ലിക്കേറ്റഡ് കേസല്ലല്ലോ? പക്ഷെ... എൻറെ സംശയം ഇതാണ്. ഫ്രെഡിയുടെ കാറും മൊബൈലും വാച്ചും മാലയും മോതിരവുമൊക്കെയായി അയാളെന്തിനായിരിക്കും അങ്ങോട്ട് പോയത്?”
“അതൊരു പക്ഷെ... അയാളെ ജോലി ഏൽപ്പിച്ച ആൾ പറഞ്ഞിരിക്കും. ഒരു തെളിവിനായി ഇതൊക്കെ കാണിക്കണമെന്ന്. ശേഷം നശിപ്പിച്ചു കളയാനാവും. മാത്രമല്ല. ഫ്രെഡിയുടെ മൊബൈൽ ടവർ ഹിസ്റ്ററി അന്ന് പോലീസ് നോക്കിയതല്ലേ? അപ്പോൾ അയാൾ സ്വാഭാവികമായും സിറ്റിയിലെത്തി എന്നല്ലേ നമ്മൾ കരുതൂ. സിറ്റിയിൽ വച്ചാണ് മിസ്സായത് എന്ന രീതിയിൽ അന്വേഷണം വഴിത്തിരിഞ്ഞു പോകാൻ അത് മതിയല്ലോ? ഈ ചാത്തൻ ചോലയിലേക്ക് നമ്മളെത്തിനോക്കില്ലായിരുന്നു. ഒരിക്കലും.”
പിന്നീട് അവർ തമ്മിലൊന്നും സംസാരിച്ചില്ല. രണ്ടു പേരും ആലോചനകളിൽ മുഴുകി. നേരെ പോയത് അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്കായിരുന്നു. അവിടന്നവർക്കൊരു കാര്യം മനസ്സിലായി. ആ ഭാഗത്ത് വളരെ കുപ്രസിദ്ധമായ ഒരു സ്ഥലമാണ് ആ കലുങ്കും ചാത്തൻ ചോലയും. മുൻപൊക്കെ ചില ആളുകൾ അവിടെ, നല്ല മഴയുള്ള ദിവസങ്ങളിൽ ചാടി ആത്മഹത്യ ചെയ്തിട്ടുണ്ട്. അങ്ങ് താഴെ ചോലയ്ക്കൊരു കടും വളവുണ്ട്. ഒരു മുടിപ്പിൻ വളവുപോലെ. ഇവിടെ ചാടുന്നവരുടെ ബോഡി അവിടെയുള്ള പാറക്കെട്ടിൽ ചിലപ്പോൾ തങ്ങി നിൽക്കാറുണ്ടത്രെ. ഒരു കാര്യം അവർ തറപ്പിച്ച് പറഞ്ഞു. മഴയുള്ള ദിവസങ്ങളിൽ, മലവെള്ളം കുത്തിയൊഴുകുന്ന ചാത്തൻ ചോലയിലൊരാൾ വീണാൽ, പിന്നെ അയാൾ രക്ഷപ്പെടില്ല. അതുറപ്പാണ്. ആ ബോഡി കിട്ടാനും സാധ്യതയില്ല.
അവിടന്നു ഇറങ്ങുമ്പോഴാണ് സവാദിൻറെ വിളി വന്നത്. ലീലാകൃഷ്ണൻ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ ഹസ്സനും വന്നു ഒരു കാൾ. ആദ്യം സംസാരിച്ച് കഴിഞ്ഞത് ലീലാകൃഷ്ണനാണ്. അയാൾ ഹസ്സൻ സംസാരിച്ച് കഴിയാൻ വേണ്ടി കാത്തിരുന്നു. ഹസ്സൻ ഫോൺ ഡിസ്കണക്റ്റ് ആക്കിയപ്പോൾ ലീലാകൃഷ്ണൻ പറഞ്ഞു.
“സാർ. അന്നയാൾ ഫ്രെഡിയുടെ ബോഡി ആറ്റിലേക്കെറിഞ്ഞപ്പോൾ കൂടെ മൊബൈലും അവിടെയാണ് ഉപേക്ഷിച്ചത്.”
ഹസ്സൻ തലയാട്ടി. പിന്നെ തൻറെ മൊബൈലിൽ ഈമെയിൽ നോക്കി. അതിൽ അപ്പോൾ വന്നൊരു ഇമെയിൽ തുറന്നു.
“കൃഷ്ണാ. ദാ. നമ്മുടെ തമിഴൻറെ ജാതകം. അവൻ കഴിഞ്ഞ രണ്ടര വർഷത്തിലേറെയായി മിസ്സിങ്ങാണത്രെ. അത് കൊണ്ട് ആളെ പോയിന്റ് ചെയ്യാൻ തമിഴ്നാട് പോലീസിന്... വല്ല്യ കഷ്ടപ്പാടൊന്നുമുണ്ടായിട്ടില്ല.”
അയാൾ നീട്ടിയ ഫോൺ വാങ്ങി ലീലാകൃഷ്ണൻ നോക്കി. ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയടക്കം എല്ലാ വിവരങ്ങളുമുണ്ട്. പേര് വിനായക്. എക്സ് മിലിറ്ററി. ഷാർപ്പ് ഷൂട്ടർ. മോശമല്ലാത്ത സാമ്പത്തിക ചുറ്റുപാടുള്ള ആൾ. കഴിഞ്ഞ രണ്ടര വർഷമായി മിസ്സിംഗാണ്.
“കൃഷ്ണാ...?” ഹസ്സൻ വിളിച്ചപ്പോൾ ലീലാകൃഷ്ണൻ നോക്കി.
“ഇമ്മാനുവലിൻറെയും സൂസൻറെയും വിവാഹം കഴിഞ്ഞതിൻറെ ഒരാഴ്ച കഴിഞ്ഞാണ് നമുക്കാ ഇമെയിൽ കിട്ടിയത്. ഫ്രെഡിയുടെ മരണം ഒരു കൊലപാതകമാണെന്നും... ഫ്രെഡിയോട് ആത്മാർത്ഥതയുള്ള സുഹൃത്ത് എന്ന നിലയിൽ... എനിക്കാ കൊലപാതകത്തിൽ പങ്കില്ലെങ്കിൽ.... ആ സത്യം പുറത്തുകൊണ്ടു വരണമെന്നുമായിരുന്നല്ലോ... ആ മെയിലിൽ. സൈബർ സെല്ലിൽ നിന്നും കിട്ടിയ വിവരമനുസരിച്ച് ആ മെയിൽ വന്നിരിക്കുന്നത് Angel’s Nest-ൻറെ IP അഡ്രസ്സിൽ നിന്നാണ്. ഡിവൈസ് ഒരു ആപ്പിൾ മാക്ക്ബുക്കായിരിക്കാമെന്നും, അവർ ഊഹം പറഞ്ഞു. അപ്പോഴാണ് ഞാനീ കേസ് നിന്നെ ഏൽപ്പിച്ചത്. നിൻറെ ആദ്യത്തെ തിയറി തന്നെ എന്നെ അത്ഭുതപ്പെടുത്തി ഫ്രെഡി മരിച്ചിട്ടില്ലെന്നും ഫ്രെഡിക്ക് പകരം മറ്റാരെയോ ആണ് അന്ന് ഞങ്ങൾ സംസ്കരിച്ചതെന്നും. ഞാനത് സമ്മതിക്കാതെ വന്നപ്പോഴാണ് നീയാ കല്ലറ പൊളിച്ച് തലയോട്ടിയെടുത്തത്. ഫോറൻസിക്ക് ടെസ്റ്റിൽ നിങ്ങളുടെ തിയറി സത്യമാണെന്ന് തെളിഞ്ഞു. പക്ഷെ... എങ്ങിനെ നിങ്ങൾക്കത് മനസ്സിലായി?”
ലീലാകൃഷ്ണൻ പുഞ്ചിരിച്ചു. "സാർ... ആ മെയിലിലെ ഭാഷ. പിന്നെ അത് വന്നത് Angel’s Nest-ൽ നിന്ന്. കൊന്നത് ആരാണ് എന്നറിയില്ലെങ്കിലും... വളരെ വേണ്ടപ്പെട്ടവരിലേക്കുള്ള സംശയത്തിൻറെ ധ്വനി. ഒരു കാര്യം ഉറപ്പായിരുന്നു. കൊന്നവരോ കൊന്നവരെ അറിയുന്ന ആളോ അല്ല മെയിൽ അയച്ചത്. അപ്പോൾ പിന്നെ കൊല്ലപ്പെട്ടു എന്ന് പറയുന്ന ആളാവാനല്ലേ സാധ്യത. പക്ഷെ എനിക്ക് മുൻപിലൊരു ചോദ്യമുണ്ടായിരുന്നു. എന്തുകൊണ്ട് രണ്ടരവർഷങ്ങൾക്ക് ശേഷം അങ്ങിനെ ഒരു മെയിൽ. ഈ രണ്ടര വർഷം ഫ്രെഡി എവിടെയായിരുന്നു?"
“ഫ്രെഡി എവിടെയായിരുന്നു? എന്ത് കൊണ്ട് ഇപ്പോൾ രംഗത്ത് വന്നു? എന്ത് കൊണ്ട് സൂസൻറെ മുൻപിൽ വരുന്നില്ല?” ഹസ്സന് ആകാംഷ അടക്കാനായില്ല.
“അതിൻറെയൊക്കെ ഉത്തരങ്ങൾ ഫ്രെഡിക്കല്ലാതെ വേറെയാർക്കും പറയാനാവില്ല. എങ്കിലും നമുക്ക് ചില ഊഹങ്ങളുണ്ട് സാർ. ആ ഊഹങ്ങളിൽ ചിലതെല്ലാം ശരിയാണ്. ചിലതൊന്നും അല്ല. ഈ കേസിൽ നമ്മൾ കണ്ടെത്തിയതിനേക്കാൾ ഗൗരവമുള്ളതും... തീഷ്ണതയേറിയതുമായതെന്തോ ഉണ്ട്. സാറിന് എത്ര നാളായിട്ട് ഈ ഫ്രെഡിയെ അറിയാം?”
“ഹൈസ്ക്കൂൾ മുതൽ. ഫ്രെഡി വളരെ ജെനുവിനായൊരാളാണ്. ചെറുപ്പത്തിൽ മാതാപിതാക്കളെ... പ്രത്യേകിച്ച് അമ്മയെ നഷ്ടപ്പെട്ടതിൽ അതിയായ ദുഃഖമുണ്ടായിരുന്നു അവന്. അമ്മാവനാണ് അവനെ വളർത്തിയത്. പക്ഷെ അമ്മാവൻറെ മക്കളുമായി അവന് വലിയ അടുപ്പമൊന്നും ഇല്ലായിരുന്നു. കുഞ്ഞുനാളിലെന്തൊ ഒരു കടുത്ത മനസികാഘാതം ഉണ്ടായിട്ടുണ്ടെന്നറിയാം. എന്താണെന്ന് അവൻ പറഞ്ഞിട്ടില്ല. ഇനിയിപ്പോൾ കൃഷ്ണൻ പറഞ്ഞ പോലെ നമ്മളുടെ ഫൈൻഡിങ്ങ്സ് അല്ലാത്തൊരു കാരണം... അതെന്താവും? എന്തെങ്കിലും റോങ്ങായൊരു ബിസിനസ്സ് ഡീൽ. ഫ്രെഡിക്ക് ഇല്ലീഗലായൊരു ബിസിനസ്സ് ഇല്ലെന്നെനിക്കുറപ്പുണ്ട്. അപ്പോൾ പിന്നെ....വേറൊരു സാധ്യത കൂടിയില്ലേ? വിനായക് ഫ്രെഡിയെ കൊല്ലാതെ വിട്ടു. എന്നിട്ട് തന്നെ ജോലി ഏൽപ്പിച്ച ആളോട് അയാളെ കൊന്നു എന്ന് പറഞ്ഞു.”
“നോ... സാർ. ആ സാധ്യത ഞാൻ കാണുന്നില്ല. വിനായക് ഫ്രെഡിയെ കൊന്നിട്ടുണ്ട്. അയാളൊരു ഫ്രൊഫഷണൽ കില്ലറാണ്. ഫ്രെഡിയെ കൊല്ലാതെ വിടുക എന്നതിനേക്കാൾ... അയാൾക്ക് റിസ്ക്കുള്ള വേറൊരു കാര്യവുമില്ല. പക്ഷെ എവിടെയോ... എന്തോ ഒരു മിറാക്കിൾ സംഭവിച്ചിരിക്കുന്നു."
"മിറാക്കിൾ... നമ്മൾ പോലീസുകാരുടെ നിഘണ്ടുവിൽ അങ്ങിനെയൊരു വാക്കില്ലല്ലോ കൃഷ്ണാ..."
"ഉണ്ട് സാർ. എത്ര സൂഷ്മാലുവായ കുറ്റവാളിയിൽ നിന്നും കളഞ്ഞു പോകുന്ന ഒരു അടയാളമില്ലേ. അത് ഒരു മിറാക്കിൾ അല്ലെ?"
"നോ... അതൊരു മിസ്റ്റേയ്ക്ക് ആണ്. കുറ്റവാളിക്ക് സംഭവിക്കുന്ന പിഴ. ഇവിടെ വിനായകന് പറ്റിയ ഒരു പിഴയല്ലേ... ഫ്രെഡിയുടെ തിരിച്ചു വരവ്? "
ഒരല്പ നേരം ആലോചനയോടെ നിന്ന ലീലാകൃഷ്ണൻ ചോദിച്ചു. "സാർ... ഇതെല്ലാം സൂസൻ ആണ് ചെയ്യുന്നതെങ്കിലോ? സൂസൻറെ മനസ്സിൽ ഫ്രെഡി ജീവിച്ചിരിക്കുന്നു എന്നൊരു ശക്തമായ തോന്നലുണ്ടാവുകയും... അത് ക്രമേണെ ഒരു പൊസസീവ് സ്റ്റേജിലേക്ക് മാറുകയും ചെയ്തിട്ടുണ്ടെങ്കിൽ? നമ്മൾ കേട്ടിട്ടില്ലേ ഈ ബാധ കേറുക എന്നൊക്കെ. മനുഷ്യ മനസ്സിന് നമ്മൾ കരുതുന്നതിനേക്കാൾ വലിയ കഴിവുകളുണ്ട് സാർ."
ഹസ്സൻ തല വെട്ടിച്ചു. "അപ്പോൾ... നമ്മൾ കണ്ട ഫൂട്ടേജുകളോ? മനുഷ്യമനസ്സിന് യന്ത്രങ്ങളെ സ്വാധീനിക്കാനാവുമോ?"
ലീലാകൃഷ്ണൻ നിരാശയോടെ പറഞ്ഞു. "ഐ ഡോണ്ട് നോ സാർ. ഐ ആം ടോട്ടാലി കൺഫ്യുസ്ഡ്. ഐ ആം ടോട്ടാലി കൺഫ്യുസ്ഡ്." അയാളൊരു ദീർഘനിശ്വാസമുതിർത്തു. "നമുക്കൊരു ടീമിനെ വേണം സാർ. ഇൻക്ലൂഡ് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്. ചാത്തൻ ചോലയുടെ താഴെക്കൊന്ന് നടന്നു നോക്കണം. അവിടെ എവിടെയെങ്കിലും നമുക്കൊരു വഴി കണ്ടെത്താതിരിക്കില്ല. മരണത്തിൻറെ അവസാന നിമിഷങ്ങളിൽ ഫ്രെഡി ജീവിതത്തിലേക്ക് തിരകെ നടന്ന വഴി."
തുടരും
"ഐ ആം ടോട്ടാലി കൺഫ്യുസ്ഡ്"... ഞാനും!
ReplyDelete