Saturday, February 6, 2021

ചിലന്തിവലയിൽ ഒരു ചിത്രശലഭം!




അദ്ധ്യായം 25: ദേവ ഭവനത്തിലെ അസുര മൂർത്തി


Angel's Nest രാത്രിയുടെ കരിങ്കൂടാരത്തിലൊളിച്ചിരിക്കുന്നു. ഗാർഡനിലെ മാവിൻ കൊമ്പിലിരുന്ന് ഒരു മൂങ്ങയുടെ ഭയപ്പെടുത്തുന്ന മൂളൽ കേട്ട സൂസൻ, തൻറെ ചിന്തകളിൽ നിന്നും ഒരു ഞെട്ടലോടെ ഉണർന്നു. വീടിൻറെ മട്ടുപ്പാവിൽ, ഒരു കസേരയിൽ, ആകാശത്തേയ്ക്ക് കണ്ണുകൾ നീട്ടി ചാരിയിരിക്കുകയായിരുന്നു അവൾ. ഓർമ്മകളുടെ  തെളിനീർ വാഹിനിയുടെ തീരത്തെവിടെയോ, തൻറെ പ്രിയപ്പെട്ടവൻറെ പ്രണയാർദ്രമായ മിഴികളിലേക്ക് നോക്കി, അവൻറെ മടിയിലേക്ക് തല വച്ചങ്ങിനെ കിടക്കവെയാണ്, പിശാചിൻറെ ചൂളം പോലുള്ള, ആ ഭയപ്പെടുത്തുന്ന ശബ്ദം അവൾ കേട്ടത്. 


അവൾ മാവിലേക്ക് സൂക്ഷിച്ചുനോക്കി. ആദ്യം ഇരുട്ടിലൊന്നും കാണാൻ കഴിഞ്ഞില്ല. അവളങ്ങിനെ നോക്കിയിരിക്കെ ആ ജീവി മാവിൽ നിന്നും വീടിൻറെ പിന്നാമ്പുറത്തേയ്ക്ക് പറന്നു പോയി. 

 

ഇതിപ്പോൾ ഇടയ്ക്കിടയ്ക്കായി ഈ ജന്തുവിനെ ഇവിടെ കാണുന്നുണ്ട്. എവിടെ നിന്നാണത് വരുന്നത്? എവിടേയ്ക്കണത് പോകുന്നത്? സൂസൻ അത്ഭുതപ്പെട്ടു.  എന്ന് മുതലാണതിനെ ഇവിടെ കാണാൻ തുടങ്ങിയത്? അറിയാം. ഗാർഡനിലെ മാവിൻ ചുവട്ടിൽ ആ മനുഷ്യ രൂപത്തെ കണ്ടതിൽ പിന്നെയാണതിനെ ഇവിടെ കാണാൻ തുടങ്ങിയത്. ആ മനുഷ്യൻറെ തോളിൽ ഇരുന്നുകൊണ്ടാണ് ആ ജീവി ഇവിടേയ്ക്ക് വന്നത്? ആ മനുഷ്യനെയാണ് സോഫിയ കണ്ടത്. അവൾ പറഞ്ഞത് അത് ഫ്രെഡിയുടെ പ്രേതമാണെന്നാണ്!


പ്രേതം! എൻറെ ഫ്രെഡിയുടെ പ്രേതം! സൂസൻ ഒരു നെടുവീർപ്പിട്ടു. എൻറെ അടുക്കലേയ്ക്കായിരുന്നില്ലേ ആദ്യം വരേണ്ടിയിരുന്നത്? അവനിലേക്ക് ചേരാനും. അവനിലേക്ക് ലയിക്കാനും കാത്തിരിക്കുന്ന എന്നിലേക്ക്?


അവൾ എഴുനേറ്റു. അർദ്ധരാത്രി കഴിഞ്ഞിരിക്കുന്നു. അവൾ മെല്ലെ കിടപ്പറയിലേക്ക് നടന്നു. പതിവ് പോലെ ഫ്രെഡിയുടെ വലിയ ഫോട്ടോയ്ക്ക് മുൻപിൽ നിന്നു. അവൻറെ പുഞ്ചിരിക്കുന്ന മുഖത്തേയ്ക്ക് നോക്കി. തിളങ്ങുന്ന കണ്ണുകളിലേക്ക് നോക്കി. ആ കണ്ണുകൾ രണ്ടു നക്ഷത്രങ്ങൾ പോലെ തിളങ്ങുന്നു. ആ ചുണ്ടുകളിൽ, പുഞ്ചിരിയിൽ, പ്രണയം തുളുമ്പി നിൽക്കുന്നു.  എത്ര നുകർന്നാലും തീരാത്ത പ്രണയത്തിൻറെ തേൻതുള്ളികൾ. 


“ഹോ... ഫ്രെഡീ. വരൂ... എന്നെ നിൻറെ ദേവകൂടാരത്തിലേക്ക് കൊണ്ട് പോകൂ...”


സൂസൻറെ ചുണ്ടുകൾ മന്ത്രിച്ചു. അടഞ്ഞുപ്പോയ കണ്ണുകൾക്കുള്ളിൽ നിന്നും രണ്ടു തുള്ളികൾ തിക്കിത്തിരക്കി പുറത്തേയ്ക്ക് വന്നു. അവ നേരിയ പ്രകാശത്തിൽ മുത്ത് പോലെ തിളങ്ങി.


ഒരു നേർത്ത കാലൊച്ച കേൾക്കുന്നുണ്ടോ? കാതോർത്തു. ഇല്ല. തോന്നിയതാവും. ഒരു നെടുവീർപ്പോടെ തിരിഞ്ഞു. കിടക്കയിലേക്ക് മലർന്നു. ആദം ഇപ്പോൾ കിടക്കുന്നത് അപ്പുറത്തെ ബെഡ് റൂമിലാണ്. ഇന്നാളൊരിക്കൽ ഉണർന്നപ്പോൾ തൻറെ മാറിൽ നിന്നും വസ്ത്രങ്ങൾ ഒരൽപ്പം മാറിയിട്ടുണ്ടായിരുന്നു. അതിൽ പിന്നെ  സൂസൻ ആദമിനെ മാറ്റിക്കിടത്താൻ തുടങ്ങി. അവൾ വോയ്‌സ് കമന്റിലൂടെ മുറിയിലെ ലൈറ്റ് ഓഫ് ചെയ്തു. നിറഞ്ഞ ഇരുട്ടിലേക്ക് മിഴികൾ തുറന്നുവച്ചവൾ കിടന്നു. കുറെ കഴിഞ്ഞപ്പോൾ കണ്ണുകൾ താനെ അടഞ്ഞുപോയി.


ആ മുറിയിലാകെ മൂടൽ മഞ്ഞ് നിറയുന്ന പോലെ, ശരീരത്തിലേക്ക് തണുപ്പ് അരിച്ച് കയറുന്നു. അവൾ മെല്ലെ കണ്ണ് തുറന്നു. അരണ്ട വിളിച്ചത്തിൽ, തൻറെ അരികിലിരുന്ന് തന്നെ തന്നെ നോക്കിക്കൊണ്ടിരിക്കുന്ന ഫ്രെഡിയെ അവൾ കണ്ടു. പ്രകാശം നിറഞ്ഞ അവൻറെ കണ്ണുകളും, വസന്തം പോലുള്ള അവൻറെ പുഞ്ചിരിയും കണ്ടു. 


“ഫ്രെഡീ....” അവൾ കാറ്റ് പോലെ മന്ത്രിച്ചു.


“ഉം....” അവൻറെ മൂളലിൽ പ്രണയത്തിൻറെ ഒരു കടലിരമ്പുന്നുണ്ടായിരുന്നു.


“എനിക്ക് വയ്യ ഫ്രെഡീ... എനിക്ക് വയ്യ. ഞാൻ വരട്ടെ... നിൻറെ കൂടെ?” അവളവനെ വാരിപ്പുണർന്നു. അവൻറെ തണുത്ത മുഖം നിറയെ ഉമ്മ വച്ചു. അവനൊന്നും പറഞ്ഞില്ല. അവൻറെ തണുത്ത കരങ്ങൾ അവളെ തന്നിലേക്ക് ചേർത്തു. അധരങ്ങൾ അധരങ്ങളുമായി കോർത്തു. കൂമ്പിയടഞ്ഞ കണ്ണുകളിൽ കുളിർ പൂക്കൾ വിടർന്നു. നിർവൃതിയുടെ ആകാശത്ത് ഒരു മേഘത്തുണ്ട് പോലെ അവൾ പറന്നു.


അസഹ്യമായൊരു വേദന ചുണ്ടിലനുഭപ്പെട്ടപ്പോൾ അവൾ ഞെട്ടിപ്പിടഞ്ഞുകൊണ്ടെഴുനേറ്റു. കണ്ണുകൾ തുറന്നപ്പോൾ ചുറ്റും ഇരുട്ടായിരുന്നു. തൻറെ അരികിലാരോ ഉണ്ടെന്ന് ഒരു ഞെട്ടലോടെ അവൾ തിരിച്ചറിഞ്ഞു. 


ആരാത് എന്ന ചോദ്യം ഒരു വികൃത ശബ്ദത്തിൻറെ പിന്നാലെ വിറച്ചു കൊണ്ട് അവളിൽ നിന്ന് പുറത്തു ചാടി. വിറച്ചുകൊണ്ട് തന്നെ അവൾ ഉറക്കെ വിളിച്ചു പറഞ്ഞു. "ലൈറ്റ് ഓൺ..."  


അവളത് അവർത്തിച്ചുകൊണ്ടിരിക്കെ മുറിയിൽ പ്രകാശം പതുക്കെപ്പതുക്കെ തെളിഞ്ഞു വന്നു. തൻറെ കിടപ്പറയിൽ, തൻറെ കിടക്കയിൽ,  തൻറെ അരികിലെ ആളെ കണ്ടപ്പോൾ ഇരുമ്പുകൂടം കൊണ്ട് തലയ്ക്കടിയേറ്റതു പോലെ മരവിച്ചു പോയി. നാവ് തൊണ്ടക്കുഴിയിലേക്ക് ഇറങ്ങിപ്പോയ പോലെ. ഈ നിമിഷങ്ങൾ യാഥാർഥ്യമല്ല... ഇത് തൻറെ വെറും തോന്നലാണെന്ന് അവൾ മനസ്സിൽ വിളിച്ചു പറഞ്ഞു.


അവളുടെ മുന്നിൽ അവൾക്ക് തിരിച്ചറിയാൻ കഴിയാത്ത മുഖഭാവത്തോടെ ഇമ്മാനുവൽ ഇരിക്കുന്നുണ്ടായിരുന്നു. അയാളുടെ ചുണ്ടിൽ ഗൂഢമായൊരു മന്ദസ്മിതമുണ്ടായിരുന്നു. പേടിപ്പെടുത്തുന്നത്. ഇമ്മാനുവലിൻറെ ഇതുവരെ കാണാത്തൊരു ഭാവം.


അവൾ കിടക്കയിൽ നിന്നും ചാടിയെഴുന്നേറ്റു. കട്ടിലിൻറെ ഇപ്പുറത്തെ സൈഡിലേക്ക് ഇമ്മാനുവലും. മുഖാമുഖം നോക്കവേ രണ്ടു പേരുടെയും മുഖഭാവങ്ങൾക്ക് ധ്രുവങ്ങളോളം വിത്യാസമുണ്ടായിരുന്നു. 


വായയിൽ ഉപ്പുരസം തോന്നിയപ്പോൾ, വിറച്ചുകൊണ്ടവൾ പുറങ്കൈ കൊണ്ട് ചുണ്ട് തുടച്ചു. ചുണ്ട് നീറി. പുറങ്കൈയ്യിൽ രക്തത്തിൻറെ അടയാളം കണ്ടപ്പോളാണവൾക്ക് ചുണ്ട് മുറിഞ്ഞിട്ടുണ്ട് എന്ന് മനസ്സിലായത്. സർവ്വ നിയന്ത്രണങ്ങളും വിട്ട് അവൾ അലറി.


“ഹൗ ഡെയർ യു... സൺ ഓഫ് എ ബിച്ച്.”


കോപം കാരണം സമനില തെറ്റിയ അവൾ അയാൾക്ക് നേരെ കൈ ചൂണ്ടി ഭ്രാന്തിയെ പോലെ അലറി. "ഗെറ്റ് ഔട്ട്... ഗെറ്റ് ഔട്ട് ഫ്രം മൈ ഹോം..."


ഇമ്മാനുവലിൻറെ മുഖത്ത് ആശ്ചര്യഭാവം. ഒരു വില്ലൻ പുഞ്ചിരി ആ ചുണ്ടിൽ വിരിഞ്ഞു. ഓ... എന്നൊരു ശബ്ദത്തോടെ വലങ്കൈ മലർത്തിക്കാണിച്ചു. ഇതൊക്കെ എന്തിനാണെന്ന പോലെ. പിന്നെ അതേ പുഞ്ചിരിയോടെ അയാൾ പറഞ്ഞു. 


“കൂൾ... സ്വീറ്റി...  കൂൾ!  നമുക്ക് സംസാരിക്കാം. “


കാൽച്ചുവട്ടിൽ നിന്നൊരു ഭീകരസത്വം തന്നെ വിഴുങ്ങിത്തുടങ്ങിയ പോലെ സൂസൻ നടുങ്ങി. തൻറെ മുന്നിൽ നിൽക്കുന്ന ഇമ്മാനുവലിനെ, അവൾക്കറിയില്ല. തനിക്കെന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അവൾക്ക് മനസ്സിലായില്ല. വിതുമ്പിക്കൊണ്ടവൾ  ചോദിച്ചു. 


"വൈ... വൈ യു ബാസ്റ്റേഡ്?" 


ഇമ്മാനുവൽ തൻറെ പിരികമൊന്ന് വെട്ടിച്ചു. നിസാരഭാവത്തിൽ അയാൾ പറഞ്ഞു. 


"ഹാ... നിൻറെ ഭർത്താവല്ലേ ഞാൻ? "


സൂസൻറെ കണ്ണുകൾ കത്തി. ഒരു പാമ്പിനെ പോലെ ചീറ്റിക്കൊണ്ടവൾ ഇമ്മാനുവലിൻറെ അരികിലേക്ക് വന്നു. അയാളുടെ ഉടുപ്പിൽ പിടിച്ചുലച്ചുകൊണ്ടവൾ ആക്രോശിച്ചു.


“നോ... നോ യു സൺ ഓഫ് എ ബിച്ച്. യു ആർ നോട്ട് മൈ ഹസ്ബൻഡ്. യു ആർ നത്തിംഗ്. യു ആർ ഡാം നത്തിംഗ്. ചതിയനാണ് നീ. ചതിയൻ. ഇപ്പൊ ഇറങ്ങണം. എൻറെ വീട്ടിൽ നിന്നിപ്പൊ ഇറങ്ങണം.” 


ഒരു പുച്ഛഭാവത്തോടെ ഇമ്മാനുവൽ ചിറികോട്ടി. പിന്നെ വളരെ നിസാരമായി അവളെ തന്നിൽ നിന്ന് വേർപ്പെടുത്തി. ഒരൊറ്റ തള്ള് കൊണ്ടവൾ പിന്നാക്കം പോയി ഭിത്തിയിലിടിച്ചു നിന്നു. 


അവൾ പകയോടെ അയാളെ നോക്കി. ആ കണ്ണുകൾ രണ്ട് അഗ്നികുണ്ഡങ്ങളായി മാറി. ഒരൊറ്റ ചാട്ടത്തിൽ അവൾ വാൾഡ്രോബിൻറെ അരികിലെത്തി. ഡ്രോവറിൽ നിന്നൊരു പിസ്റ്റളെടുത്ത് അവൻറെ നേരെ നീട്ടി. 


“ഐ വിൽ കിൽ യു... ബാസ്റ്റേഡ്” 


ഒരു പെൺപുലിയെ പോലെ മുരണ്ടുകൊണ്ടവൾ പറഞ്ഞു. വന്യമായ അവളുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് വളരെ ശാന്തനായി ഇമ്മാനുവൽ പറഞ്ഞു.


“നോ... യു കാൻഡ്. ആദം... അവനൊറ്റയ്ക്കായിപ്പോകില്ലേ? അവനൊറ്റയ്ക്കാകാതിരിക്കാനല്ലേ നീയിപ്പോഴും ജീവിച്ചിരിക്കുന്നത്. അവൻറെ പ്രായത്തിലുള്ളൊരു കുട്ടി... ഇത്രയധികം സമ്പത്തും കൊണ്ട് സുരക്ഷിതനായിരിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ? നെവർ. തിങ്ക് എബൗട്ട് ഇറ്റ്.”


സൂസൻ പതറിപ്പോയി. അവൾ അത് മുഖത്ത് കാണിക്കാതിരിക്കാൻ കിണഞ്ഞു ശ്രമിച്ചു. ഇമ്മാനുവലിൻറെ ഉദ്ദേശ്യം അവൾക്കിപ്പോഴും മനസ്സിലായിട്ടില്ല. അവൾ നോക്കി നിൽക്കെ അവൻ അവളുടെ അടുത്തേയ്ക്ക് വന്നു. ഭയത്തിൻറെ ഒരു കണിക പോലും ആ മുഖത്തുണ്ടായിരുന്നില്ല. മനുഷ്യനെ കൊല്ലുന്ന ക്രൂരമായൊരു പുഞ്ചിരി മാത്രം ആ ചുണ്ടിലുണ്ട്. കണ്ണുകളിൽ ഒരു നായാട്ടുകാരൻറെ മുഴുവൻ ക്രൗര്യവും. 


ഫ്രെഡിയുടെ ഫോട്ടോയുടെ മുൻപിലെത്തി, ആ ഫോട്ടോയിലേക്കൊന്നു നോക്കി. പിന്നെ ശാന്തനായി ചോദിച്ചു. 


"ചിലർ അർഹതയില്ലാതെയും ഒരുപാട് നേടുന്നവരാണെന്ന്... നീയൊരിക്കലെന്നോട് പറഞ്ഞിരുന്നു. ഞാൻ ചോദിക്കട്ടെ? ഫ്രെഡിക്ക് എന്തർഹതയുണ്ടായിട്ടാണ്... നീയവനെ ഇപ്പോഴുമിങ്ങനെ സ്നേഹിക്കുന്നത്?”


അവൾ ഫോട്ടോയിലേക്കും അയാളുടെ മുഖത്തേയ്ക്കും മാറി മാറി നോക്കി നിൽക്കവേ, ഒരു വന്യമൃഗത്തെ  പോലെ അലറിക്കൊണ്ടവൻ ആ ഫോട്ടോ എടുത്ത് തറയിലേക്ക് വലിച്ചെറിഞ്ഞു. ചില്ല് പൊട്ടുന്ന ശബ്ദത്തിൻറെ മുകളിൽ അയാളുടെ മുരൾച്ച കേൾക്കാമായിരുന്നു. 


അയാൾ നോക്കിയപ്പോൾ ആ കണ്ണുകളിലെ ശൗര്യം അവളെ ഭയപ്പെടുത്തി. അവൾ കാതോർത്തുനോക്കി. എന്ത് കൊണ്ടാണ് അലാറം അടിക്കാത്തത്? ഇത്രയും വലിയൊരു ശബ്ദം ഇവിടെ ഉണ്ടാകുമ്പോൾ സ്വാഭാവികമായി അലാറം അടിക്കേണ്ടതാണ്. അലാറം സമയത്തിനുള്ളിൽ ഓഫാക്കിയില്ലെങ്കിൽ പോലീസ് സ്റ്റേഷനിലേക്കും ഹസ്സൻറെ മൊബൈലിലേക്കുമൊക്കെ നോട്ടിഫിക്കേഷൻ പോകും. പക്ഷെ ഇപ്പോഴെന്താണ് അലാറം അടിക്കാത്തത്?


ആശങ്കയോടെ നിൽക്കുന്ന അവളെ നോക്കിക്കൊണ്ടവൻ ഒരു മുരൾച്ചയോടെ ചോദിച്ചു.


“നീയുറക്കത്തിൽ പോലും സ്നേഹിക്കുന്ന ഫ്രെഡി നിന്നെ ചതിക്കുകയായിരുന്നെന്ന് നിനക്കറിയുമോ? ഹി വാസ് ജസ്റ്റ് എ ചീറ്റ്. എ ഫക്കിങ്ങ് ചീറ്റ്.”


അവൾ ശ്വാസമെടുക്കാൻ പോലും മറന്നുപോയി. ഒരു തരം നിർവികാരതയായിരുന്നു.   അവളുടെ കയ്യിലിരുന്ന തോക്ക് വിറച്ചു. താഴെ വീണുപോകുമെന്ന് തോന്നിയപ്പോൾ ചുമരിലേക്ക് ചാരി. താഴെ ചിതറിയ ചില്ലുകളിൽ ചവിട്ടിക്കൊണ്ട് ഇമ്മാനുവൽ അവളുടെ അടുത്തെത്തി. അവളുടെ കയ്യിലെ വിറയ്ക്കുന്ന തോക്കിലയാളുടെ നെഞ്ച് മുട്ടി. 


വന്യമായ ഭാവത്തോടെ അവളുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ടവൻ ചോദിച്ചു.


“ലിസി എങ്ങിനെയാണ് മരിച്ചത് എന്നറിയുമോ നിനക്ക്?”


സൂസൻ ഞെട്ടിവിറച്ചുകൊണ്ടവനെ നോക്കി. 


“ഫ്രെഡി കൊന്നതാണവളെ. അവൻറെ എല്ലാ ഉപയോഗങ്ങളും കഴിഞ്ഞപ്പോൾ.... ആ നായിൻറെ മോൻ കൊന്നതാണവളെ.... എന്നിട്ട് അവനും ഹസ്സനും കൂടി അതങ്ങൊതുക്കിക്കളഞ്ഞു.” 


സൂസൻറെ മുഖം രക്തശൂന്യമായി. വല്ലാത്തൊരു ഭാവത്തോടെ അവനെ നോക്കി. അവൻ പറയുന്നത് മനസ്സിലാക്കാൻ കഴിയാത്തവളെ പോലെയായിരുന്നു അവളുടെ മുഖഭാവം. എല്ലാം നിഷേധിക്കുന്നത് പോലെ അവൾ തല വെട്ടിച്ചു.  അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.


“അവനെല്ലാവരെയും ചതിക്കുകയായിരുന്നു... നിന്നെ... എന്നെ.. ലിസിയെ... എല്ലാവരെയും. എന്നിട്ട് അവൾ അവനൊരു ഭാരമാകുമെന്ന് തോന്നിയപ്പോൾ... മതിയാകുവോളം ചവച്ചു ചവച്ചവളൊരു വെറും ചണ്ടിയായപ്പോൾ... അവളെ എത്ര നിസാരമായാണവൻ കൊന്നുകളഞ്ഞത്?” 


അവൾ തല വെട്ടിച്ചു കൊണ്ടേയിരുന്നു. എന്തൊക്കെയോ പറയണമെന്ന് അവൾക്കുണ്ട്. പക്ഷെ ഒന്നും പറയാൻ കഴയുന്നില്ല. അവളുടെ മുഖത്തേയ്ക്ക് തൻറെ മുഖം കൂടുതൽ അടുപ്പിച്ചുകൊണ്ടവൻ ചോദിച്ചു.


“അപ്പോൾ പിന്നെ... കൊന്നുകളയണ്ടേ അവനെ? വേണ്ടേ? യെസ്... ഐ ഡൂ.”


തുടരും

2 comments: