Wednesday, February 10, 2021

ചിലന്തിവലയിൽ ഒരു ചിത്രശലഭം!




അദ്ധ്യായം 26: മൂങ്ങയുടെ ഉടമസ്ഥൻ 


ഒരു ശൂലം നെഞ്ചു പിളർത്തി ഹൃദയത്തിലേക്ക് തുളഞ്ഞുകയറുന്നുവോ? അതല്ലെങ്കിൽ, ഓരോ രോമകൂപങ്ങളിൽ കൂടിയും മാംസം തുളച്ച് പുഴുക്കൾ ശരീരത്തിൻറെ ഉള്ളിലേക്ക് കയറുന്നുവോ? സൂസൻ വിറങ്ങലിച്ചു നിൽക്കുകയാണ്.


എന്താണ് ഇമ്മാനുവൽ പറഞ്ഞത്? അവൻ പറഞ്ഞത്... തൻറെ ഫ്രെഡിയെ... അവൻ കൊന്നു കളഞ്ഞു എന്നല്ലേ? 


അതെ...  അതു തന്നെയാണവൻ പറഞ്ഞത്. അപ്പോൾ പിന്നെ... അപ്പോൾ പിന്നെ... 


അവൾ സർവ്വ ശക്തിയുമെടുത്ത് ഇമ്മാനുവലിനെ തള്ളി. പിന്നെ തോക്ക് അവൻറെ നേരെ നീട്ടി കണ്ണടച്ചു പിടിച്ച് കാഞ്ചി വലിച്ചു. പക്ഷെ ധൃതിയിൽ തോക്കെടുക്കുന്നതിനിടയിൽ, അതിൻറെ സേഫ്റ്റി ലോക്ക് റിലീസ് ചെയ്യാൻ സൂസൻ വിട്ടു പോയിരുന്നു. 


തോക്ക് പ്രവർത്തിക്കാത്തതിൽ പരിഭ്രമയായ സൂസൻ, തോക്ക് തിരിച്ചും മറിച്ചും നോക്കുന്ന, ആ ഒരല്പ നേരം മതിയായിരുന്നു, ഇമ്മാനുവലിന്. സൂസന്  എന്തെങ്കിലും ചെയ്യാനാവുന്നതിൻറെ മുൻപ് തന്നെ, അവളുടെ അടുത്തെത്തി, ഒരു അഭ്യാസിയുടെ പാടവത്തോടെ അവളിൽ നിന്നാ തോക്ക് കൈക്കലാക്കി. പിന്നെ അവളെ പൊക്കിയെടുത്ത് കട്ടിലിലേക്കിട്ടു.


സൂസൻ കട്ടിലിൽ നിന്നും പിടഞ്ഞെഴുനേറ്റ് നോക്കുമ്പോൾ, ഇമ്മാനുവൽ തോക്ക് തിരിച്ചും മറിച്ചും നോക്കുന്നുണ്ടായിരുന്നു. അവൾ പകച്ചു നോക്കി നിൽക്കെ അവൻ മെല്ലെ  പറഞ്ഞു.


"ഉം... ജർമ്മൻ ആണല്ലേ? SIG Sauer P320. കൊള്ളാം. ഒരു കാര്യം എനിക്ക് മനസ്സിലായി. ഇന്നല്ലെങ്കിൽ നാളെ, തരം കിട്ടിയാൽ നീയെന്നെ കൊല്ലുമെന്ന്. അല്ലേ?"


സൂസൻ മറുപടിയൊന്നും പറഞ്ഞില്ല. അവനെ പകയോടെ നോക്കിക്കൊണ്ടിരുന്നു. തന്നെ കൊന്ന്, ഇമ്മാനുവൽ ആദമിനെ വല്ലതും ചെയ്യുമോ എന്നായിരുന്നു അപ്പോൾ അവളുടെ പേടി. എന്നിട്ടും ഈർഷ്യയോടെ അവൾ പറഞ്ഞു. 


“ൻറെ ഫ്രെഡി ആരെയും കൊന്നിട്ടില്ല. ലിസിയെ ഫ്രെഡി കൊന്നിട്ടില്ല.”


ഇമ്മാനുവൽ ചുണ്ട് കോട്ടിയൊന്നു ചിരിച്ചു. “പിന്നെ ആരാണവളെ കൊന്നത്?”


സൂസൻ മൗനം പാലിച്ചു. പിരികം വെട്ടിച്ച് കണ്ണുകൊണ്ടൊരാംഗ്യം കാണിച്ച് അവൻ ചോദിച്ചു 


"നിനക്കതറിയാമായിരുന്നു അല്ലെ? ഫ്രെഡിയും ലിസിയും തമ്മിലുള്ള ബന്ധം?"


അവളൊന്നും മിണ്ടിയില്ല. ആ ചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്നു. അവൻ അവളുടെ അരികെ കട്ടിലിലിരുന്നു. പിന്നെ അവളുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു. 


"അത് കൊണ്ടല്ലേ നീയവളെ കൊല്ലിച്ചത്? അല്ലെ?"


അവളുടെ മുഖം വിളറി വെളുത്തു. ഇമ്മാനുവലിൻറെ മുഖത്തപ്പോൾ അങ്ങേയറ്റം ക്രൂരമായൊരു പുഞ്ചിരിയുണ്ടായിരുന്നു. സൂസൻ  ഒരു തുടം ഉമിനീരിറക്കി. 


"പറ... അതുകൊണ്ടല്ലേ നീയവളെ കൊല്ലിച്ചത്? നിൻറെ ചേച്ചിയുടെ തോട്ടത്തിലെ ഡ്രൈവറെ കൊണ്ട്... നീയല്ലേ അത് ചെയ്യിച്ചത്?"


അവൾ മെല്ലെ തലയാട്ടി. അവളുടെ കണ്ണുകളിൽ ഭയമുണ്ടായിരുന്നു.  അവൻറെ മുഖഭാവമാകെ മാറി. പകയോടെ അവളെ നോക്കിക്കൊണ്ടായാൾ ഒരു മുരൾച്ചയോടെ ചോദിച്ചു. 


"എൻറെ എത്ര വർഷത്തെ പദ്ധതികളാണ്... നീ നിസാരമായി ഇല്ലാതാക്കിയതെന്നറിയുമോ?"


അവളവനെ പകച്ചു നോക്കി. അവളുടെ ശ്വാസഗതി കൂടിക്കൂടിവന്നു. ഇമ്മാനുവൽ എഴുനേറ്റു. നടന്നു ചെന്ന് വാർഡ്രോബ് തുറന്നു. അതിൽ മടക്കിവച്ചിരുന്നൊരു ഷാൾ കയ്യിലെടുത്തു. തോക്ക് തൻറെ പിൻഭാഗത്ത് തിരുകി. പിന്നെ ഷാൾ കയർ പോലെ പിരിച്ചു. സൂസൻ ചുറ്റിലുമൊന്ന് കണ്ണോടിച്ചു. എന്തെങ്കിലും ഒരായുധം കിട്ടിയെങ്കിലെന്ന് അവൾ കൊതിച്ചു.


"സീ സൂസൻ. നീ ഫ്രെഡിയോട് പറയണം. നിന്നെ ഞാൻ വേദനിപ്പിക്കാതെയാണ് കൊന്നതെന്ന്. മാത്രമല്ല. അവനെ കൊല്ലിച്ചത് ഞാനാണെന്നും. പറയില്ലേ?"


സൂസൻറെ പതറിയ നോട്ടത്തെ അവഗണിച്ചുകൊണ്ടവൻ തുടർന്നു.


"ഈ നഗരത്തിലേക്ക് വരുമ്പോൾ... ഫ്രെഡി മാത്രമേ ഉണ്ടായിരുന്നുള്ളൂ എൻറെ മനസ്സിൽ. അവനെ കൊന്നു കളഞ്ഞ്... വന്നത് പോലെ തിരികെ പോവുക. വർഷങ്ങളായി എൻറെ നെഞ്ചിൽ ഗതി കിട്ടാതെ ശ്വാസം മുട്ടിക്കഴിയുന്ന ആത്മാവുകളെ... ശൂന്യതയിലേക്ക്... മോക്ഷത്തിലേക്ക് തുറന്നു വിടുക. പക്ഷെ....”


അവൻ പൂർത്തിയാക്കാതെ നിർത്തിയപ്പോൾ, നടുങ്ങിവിറച്ച ഹൃദയവുമായി സൂസൻ അവനെ നോക്കി. ഒരായിരം ചോദ്യങ്ങൾ അവളുടെ മനസ്സിൽ മുള പൊട്ടി.  അവളുടെ അരികിലിരുന്നുകൊണ്ടവൻ തുടർന്നു.


“ഇവിടെ എത്തിയപ്പോൾ... മിത്ര എന്ന പടുകൂറ്റൻ സ്ഥാപനം കണ്ടപ്പോൾ.... അവിടെയാണെനിക്ക് പിഴച്ചത്. എൻറെ ശപിക്കപ്പെട്ട പിഴ. നിനക്ക് വല്ലതും മനസ്സിലാവുന്നുണ്ടോ... സൂസൻ?”


അവനൊരു ചോദ്യത്തോടെ നിർത്തിയപ്പോൾ, പകയാളുന്ന കണ്ണുകളോടെ തുറിച്ചുനോക്കിക്കൊണ്ടിരിക്കുന്ന സൂസൻ സർവ്വം മറന്നു. അവൻറെ കഴുത്തിലേക്ക് തൻറെ കരങ്ങൾ നീട്ടി അവളൊന്നാഞ്ഞപ്പോൾ, ഇമ്മാനുവൽ നിസാരമായി ഇടതു കൈ കൊണ്ടവളെ തിരികെ ബെഡിലേക്ക് തന്നെ തള്ളിയിട്ടു. പിടഞ്ഞെഴുനേറ്റ സൂസൻ അവൻറെ മുഖത്തേയ്ക്ക് തുപ്പി.


കണ്ണുകളിൽ മിന്നൽ പിണറുകളുണ്ടായി.  തല കറങ്ങുന്നത് പോലെ. എന്താണ് സംഭവിച്ചത് എന്ന് സൂസന് മനസ്സിലായില്ല. കണ്ണുകളിൽ ഇരുട്ട് മൂടിയിരുന്നു.  ഒരു ഇരുമ്പുകൂടം മുഖത്ത് വന്നു വീണപോലെയാണ് തോന്നിയത്. പതുക്കെ പതുക്കെ കാഴ്ചകൾ തെളിഞ്ഞു വന്നു. മുന്നിലിരിക്കുന്ന ഇമ്മാനുവലിൻറെ ക്രൂരത തളം കെട്ടിയ കണ്ണുകളിലേക്കവൾ ഈർഷ്യയോടെ നോക്കി. മൂക്കിൽ നിന്നും ഒലിച്ചറങ്ങിയ രക്തം മേൽചുണ്ടും കടന്ന് വായിലേക്കെത്തിയപ്പോൾ അവൾ പിന്നെയും അയാളുടെ മുഖത്തേയ്ക്ക് തുപ്പി. 


തോറ്റുകൊടുക്കാൻ അവൾക്കും ഒട്ടും മനസ്സില്ലായിരുന്നു. പക്ഷെ ഇത്തവണ ഇമ്മാനുവൽ മുഖത്തു വീണ രക്തം കലർന്ന തുപ്പൽ, ഷാള് കൊണ്ട് തുടച്ചു. അവനറിയാമായിരുന്നു. ഇനി ഒരിടി കൂടി കൊടുത്താൽ അവൾ ബോധം കെട്ടുപോകുമെന്ന്. അവനതിൽ വലിയ താല്പര്യമില്ലായിരുന്നു. അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി പതിയെ പറഞ്ഞു.


“വേദനയുണ്ട് സൂസൻ. നിന്നെ കൊല്ലേണ്ടി വരുന്നതിൽ വേദനയുണ്ട്. ഞാനിതിന് കരുതിയിരുന്നില്ല. ഒരു വേള ഞാൻ കരുതി... നമുക്കൊരുമിച്ച് ജീവിക്കാമെന്ന്.  അങ്ങിനെ കരുതാൻ പാടില്ലായിരുന്നു. അല്ലെ? എപ്പോഴൊക്കെയോ ഞാൻ എന്നെ മറന്നു. എൻറെ ലക്ഷ്യം മറന്നു. പക്ഷെ സൂസൻ. യു ആർ ആൻ അമേസിംഗ് ഗേൾ. നിന്നെ പോലൊരു പെണ്ണിനെ ഞാനെൻറെ ജീവിതത്തിൽ കണ്ടിട്ടില്ല. ഏതൊരാണും കൊതിച്ചു പോകും... നിന്നെ പോലൊരു പെണ്ണിൻറെ കൂടെ ജീവിക്കാൻ. യു ആർ റിയലി അമേസിംഗ്."


ഭീതിയാണോ, അതല്ല അമ്പരപ്പാണോ സൂസൻറെ കണ്ണുകളിൽ ഏറ്റവും കൂടുതൽ പ്രസരിച്ചതെന്നറിയില്ല. അവൾക്കൊന്നും പറയാൻ കഴിഞ്ഞില്ല. ഇമ്മാനുവൽ തന്നെ കൊന്നുകളയും എന്ന് തന്നെ സൂസൻ ഉറപ്പിച്ചു. എതിർത്തു തോൽപ്പിക്കാൻ തനിക്കാവില്ല. മരിക്കാൻ പേടിയില്ല. മരണത്തോടുകൂടി താൻ തൻറെ ഫ്രെഡിയുടെ അരികിലെത്തുമല്ലോ? ഫ്രെഡിയുടെ കൂടെ ജീവിക്കാനല്ലാതെ വേറൊന്നും താനാഗ്രഹിച്ചിട്ടില്ല. പക്ഷെ... ആദം. ആദമിനെ ഇവനെന്ത് ചെയ്യും? എന്നെ കൊന്ന് ആദമിനെ ഇവൻ കൊല്ലുമോ?


“ഇമ്മാനുവൽ... “ അവൾ നേരിയ ശബ്ദത്തിൽ വിളിച്ചു. അതിലൊരു അപേക്ഷയുടെ ധ്വനിയുണ്ടായിരുന്നു. “ആദമി`നെ ഒന്നും ചെയ്യരുത്. പ്ലീസ്.”


“ആ...” ഇമ്മാനുവൽ തലകുലുക്കി. “അവനെ ഞാനൊന്നും ചെയ്യില്ല സൂസൻ. ഒന്നും ചെയ്യില്ല. പ്രോമിസ്.”


വിശ്വസിക്കാനാവാതെ സൂസൻ അവനെ നോക്കി. “നീയാരാണ്?”


ഇമ്മാനുവലൊന്ന് പുഞ്ചിരിച്ചു.  പുഞ്ചിരി മാഞ്ഞപ്പോൾ ആ മുഖം വലിഞ്ഞു മുറുകിയിരുന്നു.


“വേണ്ട സൂസൻ. നീയതറിയണ്ട. പറഞ്ഞാലും നീയറിയില്ല. ഫ്രെഡിക്ക് പോലും അതറിയില്ലായിരുന്നു. ഞാനവനെ അറിയിച്ചിട്ടില്ല. ഞാനാരാണെന്നും... ഞാനെന്തിനാണ് അവനെ കൊല്ലുന്നതെന്നും.”


അവൾക്കെന്തെങ്കിലും പറയാനോ ചെയ്യാനോ കഴിയുന്നതിൻറെ മുൻപ്, ഒരഭ്യാസിയുടെ പാടവത്തോടെ ഒരൊറ്റ ചാട്ടത്തിന്, ഇമ്മാനുവൽ സൂസൻറെ പിറകിൽ കട്ടിലിലിരുന്നു. കയ്യിലെ ഷാൾ അവളുടെ കഴുത്തിൽ ചുറ്റി. തടുക്കാൻ നോക്കിയപ്പോൾ സൂസൻറെ ഒരു കൈ കഴുത്തിനും ഷാളിനും ഇടയിൽ പെട്ടു. പിറകിൽ നിന്നും അവൻ ഷാൾ മുറുക്കി. 


നേരെ മുൻപിലെ വലിയ കണ്ണാടിയിൽ തങ്ങളെ സൂസന് കാണാമായിരുന്നു. ആ കണ്ണുകളിൽ  ക്രൗര്യഭാവമായിരുന്നു. ചുണ്ടുകളിൽ അപ്പോഴുമുണ്ട് ആ ക്രൂരമായ പുഞ്ചിരി. 


ഇമ്മാനുവൽ ഷാൾ മുറുക്കിക്കൊണ്ടിരുന്നു. തൻറെ കൈ ഒടിഞ്ഞു പോകുന്ന പോലെ സൂസന് തോന്നി. അസഹ്യമായ വേദന. സ്വതന്ത്രമായ കൈകൊണ്ടവൾ അവൻറെ മുടിയിൽ പിടിച്ച് വലിക്കാൻ ശ്രമിച്ചു. പക്ഷെ പിടുത്തം കിട്ടിയില്ല. ഇമ്മാനുവൽ ബെഡിൽ എഴുനേറ്റ് നിന്ന്, വളരെ നിസാരമായി അവളെ ഷാളിൽ തൂക്കിയെടുത്തു. അവൾക്ക് ശ്വാസം മുട്ടാൻ തുടങ്ങി. തൻറെ മരണം ഇതാ തൊട്ടടുത്തെത്തി എന്നവൾ തിരിച്ചറിഞ്ഞു. 


ആദം...  അവനെങ്ങോട്ടെങ്കിലും ഓടിരക്ഷപ്പെട്ടെങ്കിൽ....


അവസാന നിമിഷങ്ങളിൽ അവളുടെ ഉള്ള് പിടച്ചത് അതോർത്തായിരുന്നു. അവളുടെ കണ്ണുകളിലേക്ക് ഇരുട്ട് മെല്ലെ മെല്ലെ അരിച്ച് കയറാൻ തുടങ്ങി. മുന്നിലെ കണ്ണാടിയിൽ തങ്ങളുടെ പ്രതിബിംബം മാഞ്ഞു പോകുന്നതവൾ തിരിച്ചറിഞ്ഞു. മുറിയിലാകെ ഒരു മൂടൽ മഞ്ഞ് പരക്കുന്നത് പോലെ.


പെട്ടെന്നാണ് ഭയപ്പെടുത്ത ഒരു മൂളൽ വാതിലിൻറെ അരികിൽ നിന്നും കേട്ടത്. ഇമ്മാനുവൽ ഞെട്ടിത്തിരിഞ്ഞു നോക്കി. അവൻറെ പിടിയഴിഞ്ഞു. ഷാൾ പിടുത്തം വിട്ടപ്പോൾ, സൂസൻ ഒരു പഴന്തുണിപോലെ കിടക്കയിലേക്ക് വീണു.


ശക്തമായി ചുമച്ചുകൊണ്ടവൾ നോക്കിയപ്പോൾ, ഒരു മൂങ്ങ മുറിയിലേക്ക് പറന്നു വന്നു. ഞെട്ടിവിറച്ച ഇമ്മാനുവൽ തൻറെ പിൻഭാഗത്ത് തിരുകിവച്ചിരുന്ന തോക്കെടുത്ത്, അതിനെ ഉന്നം പിടിക്കാൻ നോക്കി. ആ മൂങ്ങ ഭയപ്പെടുത്തുന്ന ശബ്ദത്തിൽ മൂളിക്കൊണ്ട് തലങ്ങും വിലങ്ങും പറന്നു നടന്നു.


ഇമ്മാനുവലിന് ഉന്നം പിടിക്കാൻ കഴിഞ്ഞില്ല. അവൻ ഭയന്ന് പോയിരുന്നെന്ന്, ആ മുഖം കണ്ടാലറിയാം.  


ചുമച്ചുകൊണ്ടിരിക്കുന്ന സൂസന് പതുക്കെ പതുക്കെ കാഴ്ച തെളിഞ്ഞു വന്നു. മൂടൽമഞ്ഞിലെന്ന വണ്ണം, വാതിൽക്കൽ ഒരു നിഴലനങ്ങുന്നത് അവൾ കണ്ടു. ഒരു ഇരുണ്ട ആൾരൂപം മുറിയിലേക്ക് അതിവേഗം വരുന്നു. ആ രൂപത്തിൻറെ കയ്യിൽ നീളമുള്ള എന്തോ ഒരായുധമുണ്ടായിരുന്നു.


മൂങ്ങയെ ശ്രദ്ധിച്ചിരുന്ന ഇമ്മാനുവൽ പെട്ടെന്നാണ് ഒരാൾ മുറിയിലേക്ക് കടക്കുന്നത് ശ്രദ്ധിച്ചത്. ഞെട്ടിത്തിരിഞ്ഞ് നോക്കിയപ്പോൾ, വന്ന ആളെ കണ്ട് വിശ്വസിക്കാനാവാതെ, പ്രേതത്തെ കണ്ടത് പോലെ ഞെട്ടി. ആ ഞെട്ടലിലും അവൻ നീട്ടിപ്പിടിച്ച തോക്കിൻറെ കാഞ്ചി വലിച്ചു. 


വെടി ശബ്ദത്തിൽ  ആ വീടാകെ കുലുങ്ങി. അപ്പോഴും കാഴ്ച തെളിയാത്ത സൂസൻ വെടിയേറ്റ നിഴൽ ഒരു വശം ചെരിഞ്ഞ് വീഴുന്നത് കണ്ടു. ചൂടുള്ള എന്തോ ഒന്ന് തൻറെ ശരീരത്തിലേക്ക് തെറിച്ച് വീഴുന്നതും അവളറിഞ്ഞു. 


നോക്കുമ്പോൾ കിടക്കയിൽ നിൽക്കുന്ന ഇമ്മാനുവൽ നിന്നാടുകയാണ്. അവൻറെ വയറ്റിലൂടെ തുളഞ്ഞു കയറിയ, കുന്തം പോലുള്ളൊരായുധം, ശരീരം തുളച്ച് മുതുകിലൂടെ പുറത്തു വന്നിരുന്നു. അതിലൂടെ ഇറ്റിറ്റുവീഴുന്ന അവൻറെ ചോരയാണ് അവളുടെ മേലേക്ക് തെറിച്ചത്. ഇമ്മാനുവൽ ഒരിക്കൽ കൂടി തോക്കുയർത്താൻ ശ്രമിച്ചു. പക്ഷെ സാധിച്ചില്ല. ഒരു എക്കിൾ ഉണ്ടായി. പിന്നെ വശം ചെരിഞ്ഞ് സൂസൻറെ മേലെ വീണു. 


ഒരു നിലവിളിയോടെ സൂസൻ ഇമ്മാനുവലിനെ തൻറെ ശരീരത്തിൽ നിന്നും തള്ളിമാറ്റി ബെഡിൽ നിന്നും ഊർന്നിറങ്ങി. കാഴ്ച്ചകൾ തെളിഞ്ഞു വരുന്നുണ്ട്. ഇമ്മാനുവൽ അപ്പോഴും തൻറെ കയ്യിൽ നിന്നും ഊർന്നു വീണ തോക്കിൻറെ നേരെ പ്രയാസപ്പെട്ട് കൈനീട്ടുകയാണ്. അവൾ ഒട്ടും താമസിച്ചില്ല.


ഒരൊറ്റ ചാട്ടത്തിന് ആ തോക്ക് കൈവശത്താക്കി. പിന്നെ ഇമ്മാനുവലിന് നേരെ ചൂണ്ടി. അവൻറെ ചുണ്ടിൽ അപ്പോഴുമുണ്ടായിരുന്നു. ക്രൂരമായ ആ പുഞ്ചിരി. ആ കണ്ണുകൾ അവളെ തുറിച്ചുനോക്കികൊണ്ടേയിരുന്നു.   


അവൾക്ക് ചുറ്റും ഒന്ന് പറന്ന മൂങ്ങ, വീണുകിടക്കുന്ന ആളിൻറെ അരികിൽ ചെന്നിരുന്നു. അതിൻറെ മൂളൽ   ആ മുറിയാകെ നിറഞ്ഞു നിന്നു. അയാൾ പ്രയാസപ്പെട്ട് കൈകുത്തിയെഴുനേറ്റ് ചുമരിലേക്ക് ചാരിയിരുന്നു. അയാളുടെ പരുപരുത്ത കറുത്ത വസ്ത്രത്തിൽ, നെഞ്ചിൻറെ ഭാഗമാകെ പടരുന്ന ചോരയുടെ അടയാളം അവൾ കണ്ടു.  അവൾ നോക്കി നിൽക്കെ അയാൾ മുഖമുയർത്തി. അവളെ നോക്കി അയാൾ പതുക്കെ പുഞ്ചിരിച്ചു. അങ്ങേയറ്റം തളർന്നു പോയൊരു പുഞ്ചിരി. ജീവൻറെ അവസാനത്തെ പിടച്ചിൽ പോലെ അയാളുടെ കണ്ണുകളൊന്ന് ഇമവെട്ടി.          


"ഫ്രെഡീ..." ഒരു നിലവിളി ശബ്ദം അവളുടെ തൊണ്ടയിൽ കുരുങ്ങിക്കിടന്നു. അവൾ തോക്ക് വലിച്ചെറിഞ്ഞു. ഒരു കൊടുങ്കാറ്റു പോലെ അയാളുടെ അരികിലെത്തി. അവളുടെ വരവ് കണ്ട മൂങ്ങ പറന്നു പോയി. സ്വന്തം കരങ്ങളിലേക്ക് ഫ്രെഡിയുടെ മുഖം വാരിയെടുത്ത് അവൾ നിലവിളിച്ചു. 


വാതിൽക്കൽ, ഒന്നും മനസ്സിലാകാതെ ആദം നിൽക്കുന്നുണ്ടായിരുന്നു. തുറന്നു കിടന്ന ഗേറ്റിൽ കൂടി പോലീസ് വാഹനങ്ങൾ ഇരമ്പി വരുന്നുണ്ടായിരുന്നു. സ്വന്തം വാഹനത്തിൽ നിന്നും ധൃതിപിടിച്ചിറങ്ങിയ ഹസ്സൻ, തുറന്നു കിടന്ന പ്രധാന വാതിൽക്കലേക്കോടുമ്പോൾ, തൻറെ ബുള്ളറ്റിൽ നിന്നും ചാടിയിറങ്ങിയ ലീലാകൃഷ്‌ണൻ അത് സ്റ്റാൻഡിൽ വെക്കാൻ പോലും നിൽക്കാതെ അയാളുടെ പിന്നാലെ ഓടി. തൊട്ട് പിന്നാലെ വന്ന ജീപ്പിൽ നിന്നും പോലീസുകാരും.     


തുടരും

                                

3 comments:

  1. "വാതിൽക്കൽ, ഒന്നും മനസ്സിലാകാതെ ആദം നിൽക്കുന്നുണ്ടായിരുന്നു" ഞാനും!

    ReplyDelete
    Replies
    1. ഒന്നും മനസ്സിലാകാതിരിക്കുന്നു എന്ന് പറയുമ്പോൾ രചന ഒരു പരാജയം ആണെന്ന് വരുന്നുണ്ടോ മുബീ

      ഈ വായനയിൽ ഒത്തിരി നന്ദി

      Delete