Saturday, February 13, 2021

ചിലന്തിവലയിൽ ഒരു ചിത്രശലഭം!




അദ്ധ്യായം 27: കൊച്ചു ലാസറിൻറെ സ്വപ്നം  



ക്ലാരയുടെ ഉന്തിയ വയറിൽ ചെവിയോർത്തു പിടിച്ചുകൊണ്ട് കൊച്ചു ലാസർ കാതോർത്തുനോക്കി. അവൻറെ കുഞ്ഞിക്കണ്ണുകൾ വിടർന്നു. മുഖം മുഴുവൻ പരന്നൊരു പാൽപുഞ്ചിരിയുണ്ടായി.


"അമ്മച്ചീ... കുഞ്ഞാവയെന്നെ വിളിക്കുന്നു."


അവൻ ക്ലാരയോട് പറഞ്ഞപ്പോൾ അവൻറെ മുടിയിഴകളിലൂടെ വിരലൊടിച്ചുകൊണ്ടവൾ ചോദിച്ചു.


"ആഹാ... എന്താ വിളിച്ചേ...?"


"ഇച്ചായീന്ന്... സത്യായിട്ടും... ഞാൻ കേട്ടതാ അമ്മച്ചീ."


ക്ലാര ഒന്നും പറഞ്ഞില്ല. അവൻറെ മുടിയിൽ വെറുതെ തലോടിക്കൊണ്ടിരുന്നു. മുറ്റത്തൊരു കാൽപ്പെരുമാറ്റം കേട്ടപ്പോൾ ലാസർ ഓടിച്ചെന്നു. അത് സേവ്യർ ആയിരുന്നു. അവൻറെ അപ്പച്ചൻ. മുറ്റത്തെ വലിയ ഡ്രമ്മിൽ നിറച്ചു വച്ച വെള്ളത്തിൽ നിന്നും, കുറച്ച് വെള്ളമെടുത്ത് കാലിൽ പറ്റിയ ചെളി കഴുകിക്കളഞ്ഞു കൊണ്ടിരിക്കുകയാണയാൾ. അരികിൽ അവരുടെ വളർത്തുനായ. വാലാട്ടിക്കൊണ്ടിരിക്കുന്നു. അത് അയാളുടെ കയ്യിലെ കവർ മണത്ത് കൊതിയോടെ അയാളെ നോക്കി.     


അപ്പച്ചാ എന്ന് വിളിച്ചുകൊണ്ട് ലാസർ അയാളുടെ അരികിലേക്ക് രണ്ടു കൈകളും നീട്ടികൊണ്ടോടി. ചിരിച്ചുകൊണ്ട് അയാളവനെ വാരിയെടുത്തു. അപ്പോഴേക്കും ഒരു കൈകൊണ്ട് ഊര താങ്ങി ക്ലാര വാതിൽക്കലെത്തി. സേവ്യറിനെ കണ്ടപ്പോൾ അവളൊന്ന് പുഞ്ചിരിച്ചു. 


"നീയെന്താടീ... ആകെ വാടിപ്പോയല്ലോ." 


"എന്താന്നറിയില്ല... വയ്യ ചേട്ടായീ. ഒരേനക്കേട്. ഇനിയൂണ്ടല്ലോ ഒരു മാസം. എങ്ങിനെ തള്ളി നീക്കുവോ എന്തോ?"


അവൾ ക്ഷീണിച്ച സ്വരത്തിൽ പറഞ്ഞു. അയാൾ ലാസറിനെ താഴെയിറക്കി. അവളുടെ അരികിൽ വാതിൽക്കട്ടിളയിലേക്ക് ചാരി നിന്നു. 

 

"അതൊന്നും പേടിക്കേണ്ട. ഞാനാ പറമ്പത്തെ കൊച്ചമ്മച്ച്യോട് പറഞ്ഞിട്ടുണ്ട്. മറ്റന്നാൾ മുതൽ ആ തള്ള വരും. ഒറ്റയ്ക്കിനി ഈ വയറും വലിച്ച് നിന്നെക്കൊണ്ടാവില്ല." 


"ഒത്തിരി പൈസയാവൂലെ ചേട്ടായീ...?"


"ൻറെ പൊന്ന് അതൊന്നും നോക്കണ്ട. ഔതച്ചായനോട് ഞാൻ കുറച്ച് പൈസ ചോദിച്ചിട്ടുണ്ട്. തരാന്ന് ഏറ്റതാ. പുള്ളിയോടവുമ്പോ ഇച്ചിരിയിച്ചിരിയായി കൊടുത്താ മതി. ഇന്നാ... ഇത് നാളെ കല്യാണത്തിന് പോകാനുള്ളതാ. സാരി നീ പറഞ്ഞതാണോന്ന് നോക്ക്." 


അയാൾ നീട്ടിയ തുണിക്കടയുടെ കവറുകൾ അവൾ വാങ്ങി. അതിൻറെ കൂടെ ഹോട്ടലിൽ നിന്നും വാങ്ങിയ പകർച്ചയുടെ പൊതിയുണ്ടായിരുന്നു. അവൾ ആ കവറിലേക്കൊന്ന് മണത്തു നോക്കി. നല്ല പോത്തിറച്ചി ഉലർത്തിയതിൻറെ മണം. കൂടെ വാടിയ വാഴയിലയുടെയും. അവളുടെ മുഖം വിടർന്നു. ലാസർ അതിനോടകം അതിൻറെ മണം പിടിച്ചു കഴിഞ്ഞിരുന്നു. 


"ആ... പൊറാട്ട." അവൻ ആഹ്‌ളാദത്തോടെ വിളിച്ചു പറഞ്ഞു. തുള്ളിച്ചാടിക്കൊണ്ടവൻ  സേവ്യറിൻറെ കാലിൻറെ ഇടയിലൂടെ അകത്തേയ്ക്ക് നൂണ്ടു കയറി. 


"ഇങ്ങനെയൊരു കൊതിയൻ..." സേവ്യർ അവൻറെ കുഞ്ഞു തലയിലൊന്ന് തോണ്ടി. അവൻ മുഖമൊന്ന് വക്രിച്ചു കാണിച്ചപ്പോൾ അയാളും ക്ലാരയും ചിരിച്ചു പോയി.


പൂ പോലൊരു പെണ്ണായിരുന്നു ക്ലാര. കല്ലുവീട്ടിൽ ഔതയെന്ന പ്രമാണിയുടെ തോട്ടത്തിലെ ടാപ്പിംഗ് തൊഴിലാളിയാണ് സേവ്യർ. ഒരേ ഒരു മകൻ ലാസർ. ഗർഭിണിയായ ക്ലാര അടുത്ത മാസത്തോടുകൂടി പ്രസവമുണ്ടാവും എന്ന് കരുതി കാത്തിരിക്കുന്നു. 


സേവ്യർ ഈ നാട്ടിൽ വന്നു ജീവിക്കുന്ന ആളാണ്. സ്വന്തം നാട്ടിൽ കുപ്രസിദ്ധനായ ചട്ടമ്പിയായിരുന്നു ക്ലാരയുടെ അപ്പച്ചൻ. സേവ്യർ പാവപെട്ട ഒരു കർഷകൻറെ മകനും. സേവ്യറും ക്ലാരയും തമ്മിൽ പ്രണയമായപ്പോൾ, അവളുടെ അപ്പച്ചൻറെ പിച്ചാത്തിപ്പിടിയിൽ നിന്നും ജീവനും കൊണ്ടോടിയതാണ് അവർ. ആ ഓട്ടം നിന്നത് ഇവിടെയാണ്. കുറെ കാലം സ്വന്തം നാട്ടിലെ ആരുമായും ബന്ധമൊന്നുമില്ലായിരുന്നു. നാലഞ്ച് വർഷങ്ങൾക്ക് ശേഷം ലാസർ ജനിച്ചപ്പോൾ അവനെയും കൊണ്ട് അവർ നാട്ടിലൊന്ന് പോയി. 


ക്ലാരയെ സേവ്യർ കൊണ്ട് പോയതിൽ പിന്നെ,  അവളുടെ അപ്പച്ചൻറെ ഉപദ്രവം സഹിക്ക വയ്യാതെ, സേവ്യറിൻറെ വീട്ടുകാർ എങ്ങോട്ടോ പോയിരുന്നു. അതിൽ പിന്നെ അവരെ കുറിച്ച് ആർക്കും ഒരു അറിവുമില്ല. ചെയ്തുകൂട്ടിയ പാപങ്ങളുടെ ഭാണ്ഡവും പേറി, മനസ്സിൻറെ സമനിലയും തെറ്റി അവളുടെ അപ്പച്ചൻ, കാലിലെ ചങ്ങലക്കിലുക്കത്തോട് സംസാരിച്ചുകൊണ്ട് ദ്രവിച്ച വീട്ടിൽ,   ക്ലാരയുടെ ആങ്ങളയുടെ ഭാര്യയുടെ ആട്ടും തുപ്പുമേറ്റ് കഴിയുന്നു. 


അയാളുടെ വൃണം വീണ കാലിൽ പിടിച്ചുകൊണ്ടവൾ തേങ്ങിക്കരഞ്ഞു. ഭ്രാന്ത് പിടിച്ച മനസ്സിന് അവളെ തിരിച്ചറിയാനായില്ല. ചട്ടമ്പിയുടെ മകൻ വല്ല്യ ചട്ടമ്പി എന്ന നിലയിലായിരുന്നു, അനിയൻറെ ജീവിതം. ആ ഗ്രാമത്തിൽ നിന്നും തിരികെ മലമുകളിലേക്ക് പോകുമ്പോൾ സേവ്യറിൻറെയും ക്ലാരയുടെ മനസ്സ് തേങ്ങുന്നുണ്ടായിരുന്നു.


ജീവിതം പിന്നെയും മുന്നോട്ട് നീങ്ങി. മാസങ്ങളും വർഷങ്ങളും കഴിഞ്ഞു. ലാസറിനിപ്പോൾ വയസ്സ് ആറാകുന്നു. രണ്ടാം ക്ലാസിൽ പഠിക്കുകയാണ്. ഇപ്പോൾ ക്ലാര രണ്ടാമതും ഗർഭിണിയാണ്. വല്ലപ്പോഴും വരുന്ന ക്ലാരയുടെ അനിയനല്ലാതെ വേറെ ബന്ധുക്കളൊന്നും അവർക്കില്ല. സേവ്യാർക്കാണെങ്കിൽ അവനെ വല്ല്യ ഇഷ്ടമൊന്നുമില്ല. എങ്കിലും ക്ലാരയെ കരുതി അയാളൊന്നും പറയില്ല. 


ക്ലാരയുടെ അനിയൻറെ ഭാര്യയുടെ വീട്ടിൽ നാളെ ഒരു കല്ല്യാണമുണ്ട്. പോകാൻ സേവ്യറിന് തീരെ ഇഷ്ടമില്ലായിരുന്നു. ഒന്നാമത് ക്ലാരയ്ക്കിത് വല്ലാത്തൊരു സമയമാണ്. ഒത്തിരി ദൂരം പോകണം. എന്നാലും ക്ലാരയുടെ ആഗ്രഹം കണ്ടപ്പോൾ സമ്മതിച്ചു. ക്ലാരയുടെ ഏതൊരാഗ്രഹവും തന്നെക്കൊണ്ടാവും വിധമൊക്കെ സേവ്യർ നടത്തിക്കൊടുക്കും. അത്രയ്ക്കിഷ്ടമായിരുന്നു അയാൾക്ക് ക്ലാരയെ.


മുനിഞ്ഞു കത്തുന്ന ചിമ്മിനി വെളിച്ചത്തിലേക്ക് കണ്ണുകൾ തുറന്നു പിടിച്ച് കട്ടിലിൽ കിടക്കുകയായിരുന്നു ക്ലാര. താഴെ വിരിച്ച പുൽപായയിൽ ലാസറിനെ കെട്ടിപ്പിടിച്ച് കിടക്കുന്ന സേവ്യർ. അവൾ മെല്ലെ ചോദിച്ചു. 


"അവനുറങ്ങിയോ ചേട്ടായീ...?"


സേവ്യർ മെല്ലെ തലയൊന്നുയർത്തിനോക്കി. ലാസർ ഉറങ്ങിയിരുന്നു. ഉം. അയാളൊന്ന് മൂളി. 


"ന്നാ വാ..." 


അയാൾ പായയിൽ മെല്ലെ എഴുന്നേറ്റിരുന്നു. അവളുടെ തിളങ്ങുന്ന കണ്ണുകളിലേക്ക് നോക്കി. അയാളൊരു കുസൃതിച്ചിരിയോടെ ചോദിച്ചു.


“എന്താടീ... ഈ വയ്യാത്ത നേരത്ത്... നീയെന്നെക്കൊണ്ട് കടുങ്കൈ ചെയ്യിക്കുവാണോ...?”


“അച്ചോടാ... ഒരു പാവം വന്നിരിക്കുന്നു. നല്ല കുട്ടിയായി ഇവിടെ വന്നെന്നെ കെട്ടിപ്പിടിച്ച് അടങ്ങിക്കെട.”

 

“അടങ്ങിക്കെടക്കാനൊക്കെ വല്ല്യ പാടാണെൻറെ പൊന്നെ...” അയാൾ മെല്ലെ ശബ്ദമുണ്ടാക്കാതെ എഴുനേറ്റ് അവളുടെ അരികെ കട്ടിലിൽ ഇരുന്നു. ആ പഴയ കട്ടിൽ ഒരു കരകരാ ശബ്ദമുണ്ടാക്കിയപ്പോൾ അയാൾ ലാസറിനെ തിരിഞ്ഞു നോക്കി. ശബ്ദമുണ്ടാക്കാതെ ചിരിച്ചുകൊണ്ട് ക്ലാര പറഞ്ഞു.


"ഉം... നടന്നത് തന്നെ." അവൾ മെല്ലെ അയാളുടെ മുതുകിൽ തഴുകിക്കൊണ്ടിരിക്കുന്നു. അയാൾ ശ്രദ്ധയോടെ അവളുടെ അരികിൽ കിടന്നു. 


“ചേട്ടായീ...”


“ഉം...” 


“മോനിന്നലെയൊരു സ്വപ്നം കണ്ടത്രെ...”


“എന്ത് സ്വപ്നം?”


“മാലാഖക്കുഞ്ഞിനെ പോലൊരു അനിയത്തിയെ. മേരിയെന്ന് പേരും കണ്ടു വച്ചിട്ടുണ്ടവൻ.” 


“ആഹാ... മേരി. നല്ല പേരല്ലേ. നമുക്കങ്ങിനെ തന്നെ വിളിക്കാം.”


“അതിന് കൊച്ച് പെണ്ണാണെന്നുറപ്പിച്ചോ?”


“ഉം... ഒറപ്പിച്ചു. പെണ്ണ് മതി.” 


“ആണാണെങ്കിലോ?”


“കർത്താവിൻറെ ഇഷ്ടം. നമുക്കെന്നാടീ. ആണായാലും പെണ്ണായാലും നമ്മുടെയല്ലേ?”


അയാളുടെ കൈവിരലുകൾ അവളുടെ മുടിയിഴകളിൽ കൂടി ഒഴുകി നടന്നു. അവൾ പ്രയാസപ്പെട്ട് അയാളുടെ മേനിയിലേക്ക് കുറെ കൂടി ചേർന്നു കിടന്നു. അയാളുടെ ബലിഷ്ഠമായ കൈകളിലേക്ക് തല കയറ്റിവച്ചു. 


“ഒന്ന് കെട്ടിപ്പിടിക്കെൻറെ ചേട്ടായീ...”


അയാൾ മെല്ലെ തിരിഞ്ഞ് അവളുടെ വയറിൻറെ മേലെ തൻറെ ഉള്ളങ്കൈ വച്ചു. പിന്നെ പതുക്കെ ഉഴിഞ്ഞുകൊണ്ടിരുന്നു. 


“ചേട്ടായീ...” അവൾ പ്രണയാർദ്രമായി വിളിച്ചു 


“ഉം...”


“ആൺകുട്ടിയാണെങ്കിൽ എന്താ പേരിടാ...?”


“ഞാനവന് എൻറെ അപ്പച്ചൻറെ പേരിടട്ടെ? ഇമ്മാനുവലെന്ന്?”


“ചേട്ടായീടെ ഇഷ്ടം.” 


അയാളുടെ കൈകൾ അവളുടെ മാറിലേക്ക് പടർന്നു കയറി. കുറുകിക്കൊണ്ടവൾ പറഞ്ഞു.


“ചേട്ടായീ... വയ്യ ട്ടൊ.”


“അറിയാടീ...”  അയാൾ മെല്ലെ കൈകൾ പിൻവലിച്ചു.


“ഉം...” അവളൊന്ന് മൂളുക മാത്രം ചെയ്തു. കുറെ നേരത്തെ നിശബ്ദതയ്ക്കു ശേഷം അയാൾ മെല്ലെ വിളിച്ചു.


“പെണ്ണേ...”


“ഉം...”


“ഒറങ്ങീലെ?”


“ഉറക്കം വരുന്നില്ല...”


“ന്തേ...?”


“ഊ... ഉം.”


“ഒറങ്ങിക്കോ. നാളെ കല്ല്യാണത്തിന് പോണ്ടേ...?”


“ഉം.”


പിന്നെയും മൗനം. അൽപ നേരം കഴിഞ്ഞപ്പോൾ അവൾ വിളിച്ചു


“ചേട്ടായീ....”


“ഊം...”


“ചേട്ടായീ....”


“എന്താടീ....”


“വിളക്കണക്ക് ചേട്ടായീ....”


അയാൾ കണ്ണുകൾ തുറന്ന് അവളെ നോക്കി. അവളുടെ തിളങ്ങുന്ന കണ്ണുകൾ കണ്ടപ്പോൾ അയാൾ കൈനീട്ടി ചിമ്മിനി വിളക്കിൻറെ തിരി താഴ്ത്തി. അതണഞ്ഞു. നേരിയ നിശ്വാസത്തിൻറെ സീല്കാരങ്ങളുയർന്നു. അതിൻറെ ഗതിവേഗമുയർന്നു. കട്ടിലിൻറെ കരകരപ്പുയർന്നു. അത് കുറെ നേരം  തുടർന്നുകൊണ്ടേയിരുന്നു. ഒരു പാമ്പിൻറെ ചീറ്റൽ പോലെ അവളുടെ സീൽക്കാരമുയർന്നു. അൽപ്പ സമയം കൂടിക്കഴിഞ്ഞപ്പോൾ എല്ലാം അവസാനിച്ചു. ഇരുട്ടിൻറെ മാറിലേക്ക് ചാഞ്ഞ്, ഇണയെ തേടുന്നൊരു ചീവീടിൻറെ പാട്ടു മാത്രം, ഉണർന്നിരുന്നു. 


തുടരും

         

2 comments: