Wednesday, February 17, 2021

ചിലന്തിവലയിൽ ഒരു ചിത്രശലഭം!




അദ്ധ്യായം 28: മുങ്ങിപ്പോയ ജീവിതങ്ങൾ 


ബസ്സിൽ സേവ്യറിൻറെ മടിയിലിരുന്ന് പുറത്തേയ്ക്ക് നോക്കിയിരിക്കുകയായിരുന്നു ലാസർ. അരികിലിരിക്കാനായിരുന്നു അവനു മോഹം. അരികിൽ ക്ലാര ഇരിക്കുന്നതിനാൽ അതിനായില്ല. അമ്മച്ചിയുടെ മടിയിൽ ഇരിക്കാനൊന്ന് ചിണുങ്ങി നോക്കിയെങ്കിലും, വയറ്റിലെ കുഞ്ഞാവയ്ക്ക് വേദനിക്കുമെന്ന് പറഞ്ഞപ്പോൾ, വിഷമത്തോടെയാണെങ്കിലും അവൻ അപ്പച്ചൻറെ മടിയിലിരിക്കാമെന്നു സമ്മതിച്ചു.


ക്ലാര ഒരു ചെറുനാരങ്ങയും മണപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. കല്ല്യാണം കഴിഞ്ഞ് തിരികെ മടങ്ങുകയാണവർ. വഴിയരികിലെ എല്ലാ കാഴ്ചകളും ലാസറിന് കൗതുകമായിരുന്നു. അവൻറെ എല്ലാ കൗതുകങ്ങളും   ചോദ്യങ്ങളായി സേവ്യറിൻറെ മുൻപിൽ അവതരിപ്പിക്കപ്പെട്ടു.


അവൻറെ ചില ചോദ്യങ്ങൾ കേൾക്കുമ്പോൾ സേവ്യർക്കും ക്ലാരയ്ക്കും ചിരി വരും. പക്ഷെ, സേവ്യർ എന്തൊക്കെയോ ഉത്തരങ്ങൾ പറയുന്നുണ്ടായിരുന്നു.


ബസ്സ് അടുത്തുള്ള പട്ടണത്തിലെത്തി. ഇനി പുഴയുടെ ഇക്കരെ വരെ ജീപ്പിനോ, റിക്ഷാ വണ്ടിക്കൊ പോകണം. ജീപ്പാവുമ്പോൾ  പുഴക്കരയോളം പോകും. റിക്ഷാവണ്ടിയായാൽ കുറച്ച് നടക്കണം. പൈസയും ജാസ്തിയാവും. എന്നിട്ടും സേവ്യർ റിക്ഷാ വണ്ടിയാണ് തിരഞ്ഞെടുത്തത്. ജീപ്പിലായാൽ, അത് കുത്തിക്കുലുങ്ങി ക്ലാരയ്ക്ക് വലിയ ബുദ്ധിമുട്ടാവും.


ലാസർ റിക്ഷാവണ്ടിയിൽ ഒരു രാജാവിനെ പോലെ ഇരുന്നു. അവൻറെ ഗമ ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. 


പഞ്ചായത്തു വഴിയിലൂടെ പതുക്കെ നടക്കുകയാണ് അവർ മൂന്നു പേരും. വൈകുന്നേരമാവുന്നെ ഉള്ളൂ. വഴിവക്കിൽ വച്ച് ക്ലാര ഒന്ന് ഓക്കാനിച്ചു. ബസ്സിൽ നിന്നേ തുടങ്ങിയ മനം പിരട്ടലായിരുന്നു. ഇത് വരെ പിടിച്ചു നിന്നു. സേവ്യർ അവളുടെ മുതുക് തഴുകിക്കൊണ്ടിരിക്കുകയായിരുന്നു. അത് വഴി വന്ന ഒരാൾ ലോഹ്യം ചോദിച്ചു.


“അല്ലാ... അവനിങ്ങോട്ട് പോരാനായില്ലേ സേവ്യറേ?” 


സേവ്യർ ഒന്ന് ചിരിച്ചുകാണിക്കുക മാത്രം ചെയ്തു. അയാൾ പോയപ്പോൾ വല്ലാത്ത ആശയക്കുഴപ്പത്തിൽ, ലാസർ പതുക്കെ ചോദിച്ചു.


“ആരാണമ്മച്ചീ? ആരാ വരാനായത്?”


ക്ലാര പുഞ്ചിരിച്ചു. “അത് കുഞ്ഞാവയാണ് മോനെ.” 


അവനു പിന്നെയും സംശയം 


“അപ്പൊ കുഞ്ഞാവ ആണാണോ?”


സേവ്യർ ഉറക്കെ ചിരിച്ചുപോയി. അവൻറെ തലയിൽ വിരലോടിച്ചുകൊണ്ട് പറഞ്ഞു. "അതിപ്പോ നമുക്കറിയില്ലല്ലോ മോനെ... കർത്താവ് തരുന്നത് സ്വീകരിക്കാനല്ലേ പറ്റൂ."


ആ മറുപടിയിൽ അവൻറെ കുഞ്ഞുമുഖം അത്ര പ്രകാശിച്ചില്ല. എങ്കിലും അവനൊന്നും പറഞ്ഞില്ല. ക്ലാര ചോദിച്ചു.   "മോനിഷ്ടല്ലേ... കുഞ്ഞാവ ആണാകുന്നത്?"


അവന് സംശയം വേറൊന്നായിരുന്നു. "എന്താ പേരിടാ?"


സേവ്യറാണ് ചോദിച്ചത്. “മോനെന്ത് പേരാ ഇഷ്ടം?”


“മേരി....” ലാസറിൻറെ നിഷ്കളങ്കമായ മറുപടി. 


സേവ്യർ: “ആൺകുട്ടിയാണെങ്കിലോ?”   


ലാസർ  അൽപനേരം ആലോചിച്ചു നോക്കി. അവനു പേരൊന്നും കിട്ടിയില്ല. അവൻ നിരാശയോടെ കൈമലർത്തിക്കാണിച്ചു. 


“ന്നാ... നമുക്ക് ഇമ്മാനുവലെന്ന് വിളിക്കാം. ഇഷ്ടായോ?”


അവൻറെ കുഞ്ഞുമുഖം തെളിഞ്ഞു. ഇമ്മാനുവൽ. ഇമ്മാനുവൽ. അവനാ പേര് പറഞ്ഞു ശീലിക്കുന്ന പോലെ ഉരുവിട്ടുകൊണ്ടിരുന്നു.


അവർ പുഴക്കടവിലെത്തിയപ്പോൾ തോണി അക്കരെയ്ക്ക് പുറപ്പെട്ടു കഴിഞ്ഞിരുന്നു. പാലം പണി ഉടനെ ഉണ്ടാവുമെന്നൊക്കെ നാട്ടിൽ വർത്തമാനമുണ്ട്. പുഴ നിറഞ്ഞൊഴുകുകയാണ്. അവർ നോക്കി നിൽക്കെ ഒരു സ്പീഡ് ബോട്ട് താഴേക്ക് പോയി. വലിയ ഓളങ്ങളുണ്ടായപ്പോൾ തോണിയൊന്നുലഞ്ഞു.


"ആ... ഔത മാപ്ലയുടെ ചെക്കനല്ലേ അതോടിക്കുന്നത്?"


അവരുടെ അരികിലുണ്ടായിരുന്നയാൾ ആരോടെന്നില്ലാതെ ചോദിച്ചു.


“ആ... ഫ്രെഡിക്കുഞ്ഞാണ്... കൂടെയുള്ളത് ഔതച്ചായൻറെ അളിയനാ. പുള്ളി വന്നാ പിന്നെ ഈ ചെക്കനേം കൊണ്ട് ഉള്ള ശിക്കാറിന് മുഴുവൻ പോകും. ഇതിപ്പോ പാമ്പിൻ കയത്തിൽ ചൂണ്ടയിടാനാവും. പൈസക്കാരുടെ ഓരോ പിരാന്ത്.”


മറ്റെയാളൊന്ന് ചിരിച്ചു കാണിക്കുക മാത്രം ചെയ്തു. തോണി തിരികെയെത്തി. ആളുകളിറങ്ങിക്കഴിഞ്ഞ് അവർ കയറി. അകെ അഞ്ചാറ് പേരെ ഉണ്ടായിരുന്നുള്ളൂ. തോണിക്കാരൻ പിന്നെയും ആരെങ്കിലും വന്നെങ്കിലോ എന്ന് കാത്തു നിന്നപ്പോൾ സേവ്യറാണ് പറഞ്ഞത്.


"ഹ... ഒന്ന് തുഴയെൻറെ ദേവസ്യേ. പെണ്ണിന് വേണ്ടത്ര പോര." 


മനസ്സില്ലാ മനസ്സോടെ ദേവസ്യ തുഴഞ്ഞു. പുഴയുടെ നടുക്കെത്തിയിരുന്നു. നല്ല അടിയൊഴുക്കുള്ള സമയമാണ്. മലമുകളിലെവിടെയെങ്കിലും മഴ പെയ്തുകാണും. പുഴയാകെ കലക്കവെള്ളമായിരുന്നു. അപ്പോഴാണ് ഒരു ഇരമ്പൽ കേട്ട് അവർ നോക്കിയത്.


സ്പീഡ് ബോട്ട് തിരികെ വരുന്നുണ്ട്. അതൊരു ലക്കും ലഗാനുമില്ലാതെ വരികയാണ്. വരുന്നതാണെങ്കിൽ തോണിയുടെ നേരെയും. ആ വരവ് കണ്ടപ്പോൾ ഒരന്ധാളിപ്പോടെ ദേവസ്യ ഉറക്കെ വിളിച്ചു പറഞ്ഞു.


“ബോട്ട് നിർത്തെടാ ചെക്കാ....”


ബോട്ടിൽ ഫ്രെഡി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമ്മാവൻ ഇറങ്ങിയപ്പോൾ വെറുതെ ഒന്നൊറ്റയ്‌ക്കോടിക്കാൻ തുനിഞ്ഞതാണവൻ. നേരെ മുൻപിൽ തോണി കണ്ടപ്പോൾ അവൻ ആകെ അങ്കലാപ്പിലായി. പാമ്പിനെ പോലെ ബോട്ട് അങ്ങോട്ടുമിങ്ങോട്ടും വെട്ടി. പിന്നെ തോണിയുടെ നേരെ ചീറിവന്നു. അതിനെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ വെട്ടിത്തിരിഞ്ഞ് നേരെ കരയിലേക്ക് ഓടിക്കയറി. കരയിലെ പാറക്കൂട്ടത്തിലേക്ക് ഫ്രെഡി തെറിച്ചുപോയി.


തോണിയിൽ നിന്നും നിലവിളിയുയർന്നു. ദേവസ്യ എത്ര ശ്രമിച്ചിട്ടും, തോണി മുഴക്കോലിൽ നിന്നില്ല. അങ്ങോട്ടുമിങ്ങോട്ടും രണ്ടുമൂന്നാലവർത്തി ആടിയുലഞ്ഞ തോണി മറിഞ്ഞു. ക്ലാരയുടേയും ലാസറിൻറെയും നിലവിളി വെള്ളത്തിൽ മുങ്ങിപ്പോയി. 


ആഴത്തിലേക്ക് ആണ്ടു പോവുകയായിരുന്നു ലാസർ. അവൻ കണ്ണ് തുറന്നു പിടിച്ചിരുന്നു. കലക്കവെള്ളത്തിൽ ഒന്നും കാണാൻ വയ്യ. ഒരു കൈ  നീണ്ടു വന്നു. അവൻറെ മുടിയിൽ പിടിച്ചു മേലോട്ട് വലിച്ചു. വെള്ളത്തിൻറെ മുകളിലേക്ക് തലയുയർത്തിയ ലാസർ ചുമച്ചു കൊണ്ട് നോക്കിയപ്പോൾ സേവ്യറിൻറെ മുഖം കണ്ടു. 


സേവ്യർ അവനെയും കൊണ്ട് കരയിലേക്ക് നീന്തി. അവിടെ നിന്ന ഒരാളിൻറെ കൈകളിലേക്ക് അവനെ ഏൽപ്പിച്ച് വേപഥുവോടെ പുഴയിലാകെ നോക്കി. കുറച്ചു താഴെ ഇലഞ്ഞിക്കയത്തിലൊരു കൈ ഉയർന്നു വന്നു. അതൊരു ചെകുത്താൻ കയമാണ്.  ഒത്തിരി ജീവനുകളെടുത്ത കയം. ആ കൈ ക്ലാരയുടേതാണെന്ന് സേവ്യർ ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു. 


പിന്നെ ഒട്ടും അമാന്തിച്ചില്ല.   തൻറെ പിന്നിൽ  വിറച്ചു നിലവിളിക്കുന്ന ലാസറിനെ ഒന്ന് തിരിഞ്ഞു നോക്കി. പിന്നെ ഇലഞ്ഞിക്കയത്തിലേക്ക് ആഞ്ഞു നീന്തി. ലാസർ നോക്കി നിൽക്കെ ഇലഞ്ഞിക്കയത്തിലേക്ക് സേവ്യർ മുങ്ങാം കുഴിയിട്ടു. 


ആളുകൾ നോക്കി നിന്നു. ലാസർ അപ്പച്ചനെയും അമ്മച്ചിയേയും വിളിച്ചു കരഞ്ഞു കൊണ്ടേയിരുന്നു. സേവ്യർ മുങ്ങിയിട്ട് കുറെ നേരമായി. ഓടിക്കൂടിയ നാട്ടുകാർ ഒരു തീർപ്പിലെത്തിയിരുന്നു. പക്ഷെ ലാസർ മാത്രം, പുഴയിലേക്ക് നോക്കി ഉറക്കെയുറക്കെ അവരെ വിളിച്ചുകൊണ്ടിരുന്നു. അവൻറെ വിളികൾ പുഴയുടെ അക്കരയിലേക്കോടിച്ചെന്ന്, അവനിലേക്ക് തന്നെ തിരികെയെത്തി.


കണ്ടു നിൽക്കുന്നവരുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ദേവസ്യ മെല്ലെ അവൻറെ തോളിൽ പിടിച്ച് പുഴക്കരയിലെ ഒരു കല്ലിലിരുത്തി. അവൻറെ കണ്ണിൽ നോക്കാതെ പറഞ്ഞു. "അവര് വരും മോനെ... അവര് വരും..."


വൈകുന്നേരമാണ് അവർ വന്നത്. പോലീസും, ഫയർഫോയ്സും, മുങ്ങൽ വിദഗ്‌ദ്ധരും ഒക്കെക്കൂടിയുള്ള ഒരുപാട് നേരത്തെ പരിശ്രമത്തിനൊടുവിൽ. പരസ്പരം പുണർന്ന്,  മരണത്തിലുമൊന്നായി, സേവ്യറും ക്ലാരയും.


ലാസർ തേങ്ങിക്കരഞ്ഞുകൊണ്ടവരെ രണ്ടു പേരെയും മാറി മാറി വിളിച്ചു. കണ്ടു നിന്നവർക്ക് എങ്ങിനെ അവനെ ആശ്വസിപ്പിക്കണമെന്നറിയില്ലായിരുന്നു. അനാവൃതമായ ക്ലാരയുടെ വലിയ വയർ, ആരോ ഒരാൾ ഒരു തുണികൊണ്ട് മറച്ചു. 


തുടരും

     

2 comments: