Saturday, February 20, 2021

ചിലന്തിവലയിൽ ഒരു ചിത്രശലഭം!



അദ്ധ്യായം 29: പരിണാമം 


"ൻറെ കുട്ടിക്കൊരബദ്ധം പറ്റി. തീർത്താൽ തീരാത്ത സങ്കടമുണ്ട്. ആരുടെ നഷ്ടവും നമ്മളെക്കൊണ്ട് നികത്താനാവില്ല. നീയിവനെ കൊണ്ടുപോണം. സേവ്യറിൻറെ ആഗ്രഹം പോലെ നന്നായി പഠിപ്പിക്കണം. വല്ല്യ ആളാക്കണം."


സ്വന്തം കയ്യിലെ സഞ്ചി, ലാസറിൻറെ അമ്മാവൻറെ നേരെ നീട്ടി ഔതച്ചായൻ പറയുമ്പോൾ, ആ തൊണ്ടയിടറിയിരുന്നു. അയാൾക്ക് വലിയ ദുഃഖമുണ്ടായിരുന്നു. എന്നാൽ സ്വന്തം മകനെ വിധിക്ക് വിട്ടുകൊടുക്കാൻ അയാൾ തയ്യാറായില്ല. പണം വാരിയെറിഞ്ഞാണ് കേസൊക്കെ അയാളൊതുക്കിയത്. അത് വെറുമൊരു തോണിയപകടം മാത്രമായി. 


അപകട വിവരമറിഞ്ഞ് വന്നതായിരുന്നു ക്ലാരയുടെ അനിയൻ. സേവ്യറിൻറെയും ക്ലാരയുടെയും അടക്കം കഴിഞ്ഞു. സെമിത്തേരിയിൽ വച്ചേ ഔതച്ചായൻ അയാളോട് പറഞ്ഞിരുന്നു.


“പോയവര് പോയി. കേസിനും പുക്കാറിനുമൊന്നും പോകണ്ട. ലാസറിൻറെ ജീവിതം കരുപിടിപ്പിക്കാനുതകുന്നൊരു സംഖ്യ നൽകാം. അവനെ വീട്ടിലേക്ക് കൊണ്ടുപോയി സ്വന്തം മകനെപ്പോലെ വളർത്തുക. അമ്മയുമച്ഛനും  മരിച്ചുപോയ ദുഃഖം ഒരിക്കലുമവനറിയാതിരിക്കാൻ ശ്രദ്ധിക്കുക. മരിച്ചുപോയവർക്കും അതായിരിക്കും ഇഷ്ടം.” 


അയാൾ എതിർത്തൊനും പറഞ്ഞില്ല. അയാൾക്കറിയാം. കേസിനു പോയാൽ ഔതച്ചായൻ അതൊക്കെ പണം കൊടുത്ത് ഒതുക്കുമെന്ന്. അല്ലെങ്കിലും പൈസ കിട്ടുമെങ്കിൽ പിന്നെന്തിന് കേസിനു പോകണം? അതായിരുന്നു അയാളുടെ ചിന്ത.


കരഞ്ഞു കരഞ്ഞു തളർന്നിരിക്കുന്നു ലാസർ. രണ്ടു ദിവസം കഴിഞ്ഞപ്പോൾ അമ്മാവൻ അവനെയും കൂട്ടി ഔതച്ചായൻറെ വീട്ടിലെത്തി. അവിടെ വച്ചാണ് ലാസർ ഫ്രെഡിയെ ആദ്യമായി ശരിക്കും കാണുന്നത്. ഔതച്ചായൻറെ പിന്നിലൊളിച്ച ഫ്രെഡിയുടെ കണ്ണുകൾ നിറച്ചും ഭീതിയായിരുന്നു. ലാസറവനെ തുറിച്ചുനോക്കി. അവൻറെ ഉള്ളിൽ അമ്മച്ചിയുടെ  നിലവിളിയുയർന്നു. അകക്കണ്ണിൽ അമ്മച്ചിയുടെ വീർത്ത വയർ തെളിഞ്ഞു. പരസ്പരം കെട്ടിപ്പിടിച്ചു കിടക്കുന്ന  അപ്പച്ചനും അമ്മച്ചിയും.  


അവൻറെ നെഞ്ചിലപ്പോൾ ഫ്രെഡിയോട് എന്തെന്നില്ലാത്ത വെറുപ്പ് തോന്നി. ഔതച്ചായൻ കൊടുത്ത പണസഞ്ചിയും വാങ്ങി  മടങ്ങുന്ന അമ്മാവൻറെ കൈവിരൽ തുമ്പിൽ പിടിച്ച, ലാസർ പിന്നെയും പിന്നെയും തിരിഞ്ഞുനോക്കി. അവൻറെ കണ്ണുകളിൽ ഭീതി നിറഞ്ഞ ഫ്രെഡിയുടെ കണ്ണുകൾ മാത്രം നിറഞ്ഞു നിന്നു.


നൂറിൻറെ ഇരുപത്തിയഞ്ച് കെട്ടുകൾ. രണ്ടര ലക്ഷം രൂപ. ലാസറിൻറെ അമ്മാവൻറെയും അമ്മാവിയുടെയും കണ്ണുകൾ തിളങ്ങി. ഇനി ഈ അഞ്ച് സെന്റും വീടും കൂടി ആർക്കെങ്കിലും കൊടുത്ത് കിട്ടുന്ന കാശ് വാങ്ങിക്കണം. ഇവിടെ ഈ മലമോളിൽ ആർക്കു വേണ്ടിയാണിത്? 


അന്ന് വൈകീട്ട് തന്നെ അവർ ലാസറിനെയും കൊണ്ടാ നാട് വിട്ടു. അമ്മാവൻറെ വീട്ടിൽ ജീവിതം നരക തുല്ല്യമായിരുന്നു. ദയയുടെ ഒരു കണിക പോലും അവനവിടെ കണ്ടില്ല. ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് അമ്മാവൻറെ വക അടിയായിരുന്നു. അമ്മായിയും മോശമൊന്നുമായിരുന്നില്ല. ഔതച്ചായാൻ കൊടുത്ത പണം അവർ സ്വന്തമാക്കി. കരുതിയത് പോലെ, സേവ്യറിൻറെയും ക്ലാരയുടെയും വീടും സ്ഥലവും വിൽക്കാൻ പറ്റിയില്ല. ആകെയുള്ള അവകാശി മൈനറായതിനാൽ അതിന് പറ്റില്ലത്രേ. അതറിഞ്ഞയന്നു മുതൽ അമ്മായിയുടെ ദേഷ്യം ആകാശത്തോളമുയർന്നു. 


ആരെയോ ബോധിപ്പിക്കാൻ അവരവനെ സ്‌കൂളിൽ വിട്ടിരുന്നു. പക്ഷെ പഠിക്കാനുള്ള അന്തരീക്ഷമൊന്നും ആ വീട്ടിലില്ലായിരുന്നു. കണ്ണീരും കയ്യുമായി പാവം ലാസർ ദിവസങ്ങൾ കഴിച്ചുകൂട്ടി. അപ്പച്ചനെയും അമ്മച്ചിയേയും ഓർക്കുമ്പോഴൊക്കെ അവൻറെ ഉള്ളിലേക്ക് ഫ്രെഡിയുടെ മുഖം കൂടി കടന്നു വരും. അവൻ കാരണമാണ് തനിക്കീ ദുരിതമെല്ലാം ഉണ്ടായതെന്ന് അവനറിയാം. അവനത് മാത്രമേ അറിയാമായിരുന്നുള്ളു.


വർഷങ്ങൾ കഴിഞ്ഞുപോയി. ലാസറിന് പതിനൊന്ന് വയസ്സായി. അന്നൊരിക്കൽ ഒരു നിസാരകാര്യത്തിന് അവനെ അമ്മാവൻ പൊതിരെ തല്ലി. ലാസറിൻറെയുള്ളിൽ ലോകത്തിനോട് മുഴുവൻ പകയായി. അന്ന് രാത്രി ഉറങ്ങുന്ന അമ്മാവൻറെ നെഞ്ചിലൊരു കത്തി കുത്തിയിറക്കി അവൻ ഇരുട്ടിലേക്ക് ഓടിയിറങ്ങി. 


അവനെവിടെയും നിന്നില്ല. കാലിൽ കല്ലുകൾ തട്ടി ചോരയൊലിച്ചിട്ടും, അവൻ നിന്നില്ല. അവനോടിക്കൊണ്ടേയിരുന്നു. എങ്ങോട്ടെന്നോ എവിടേക്കെന്നോ അവനറിഞ്ഞില്ല. കുറെ ഓടിയപ്പോൾ റോഡരികിലെ ഒരു ചായക്കടയുടെ  അരികിൽ നിർത്തിയിരുന്ന ലോറിയിലേക്കവൻ ആരും കാണാതെ വലിഞ്ഞു കയറി. കുറച്ചുകഴിഞ്ഞപ്പോൾ അവനെയും കൊണ്ടാ ലോറി മുന്നോട്ട് കുതിച്ചു. ഏതൊക്കെയോ വഴികളിലൂടെ പോകുന്ന ആ ലോറിയിൽ ലാസർ തളർന്നുറങ്ങിപ്പോയി.


മുഖത്തേയ്ക്ക് വെള്ളം വീണപ്പോഴാണ് അവൻ കണ്ണ് തുറന്നത്. ചുട്ടുപൊള്ളുന്നത് പോലെ പനിക്കുന്നുണ്ടായിരുന്നു. മങ്ങിയ കാഴ്ചയിലും അവൻ ചിരിക്കുന്നൊരു മുഖം കണ്ടു. അയാൾ അവനോട് ചോദിച്ചു.


“നീയാരാ? എന്താ പേര്?”


ലാസർ എന്തോ പറയാൻ തുനിഞ്ഞപ്പോഴേക്കും ബോധം മറഞ്ഞു. പിന്നെ കണ്ണ് തുറന്നപ്പോൾ ഒരു കട്ടിലിൽ കിടക്കുകയായിരുന്നു. അടുത്തു തന്നെ നേരത്തെ കണ്ട ആളുണ്ടായിരുന്നു. കൂടെ മൂക്കുത്തി ധരിച്ചൊരു കറുത്ത സ്‌ത്രീയും. രണ്ടു പേരുടെയും മുഖത്ത് അവൻ കണ്ടത് പുഞ്ചിരി മാത്രമായിരുന്നു. അവൻ പേടിയോടെ അവരെ നോക്കിയപ്പോൾ, ആ സ്ത്രീ അവൻറെ കവിളിൽ തഴുകിക്കൊണ്ട് ചോദിച്ചു.


“മോൻറെ പേരെന്താ?” 


അവനൊന്നും പറയാതെ, പേടിയോടെ ചുറ്റിലും നോക്കി. ദാരിദ്ര്യത്തിൻറെ എല്ലാ അടയാളങ്ങളുമുള്ളൊരു വീട്ടിലെ മുറിയായിരുന്നു അത്. അമ്മാവനെ കത്തികൊണ്ട് കുത്തിയതും, ഇരുട്ടിലേക്കിറങ്ങിയോടിയതും അവനോർത്തു. അമ്മാവൻ ചത്തിട്ടുണ്ടാവുമോ? പോലീസുകാർ തന്നെ പിടിക്കാൻ വരുമോ? അവൻ പേടിച്ചു വിറയ്ക്കാൻ തുടങ്ങി. ആ സ്ത്രീ അവൻറെ തലഭാഗത്തിരുന്നു. മെല്ലെ മുടിയിഴകളിൽകൂടി തഴുകിക്കൊണ്ടിരുന്നു. 


“മോൻ പേടിക്കണ്ടാട്ടൊ? ഇത് ഞങ്ങളുടെ വീടാ. മോൻ വീട് വിട്ടോടി വന്നതാ? എന്താ...? അച്ഛൻ തല്ലിയോ?” 


അവരങ്ങനെ ചോദിക്കാനൊരു കാര്യമുണ്ടായിരുന്നു. അവൻറെ ശരീരമാസകലം, മൃഗീയമായി അടിയേറ്റ പാടുകളുണ്ടായിരുന്നു. ലാസർ മെല്ലെ, അല്ലെന്നർത്ഥത്തിൽ തല വെട്ടിച്ചു. 


“മോൻറെ അച്ഛനുമമ്മയുമെന്ത്യേ?” ആ സ്ത്രീ ചോദിച്ചു.


അവൻറെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. “മരിച്ചുപോയി.  കൊറേ മുമ്പ്...”


“അയ്യോ...” ആ സ്ത്രീ സങ്കടത്തോടെ പറഞ്ഞു. “മോനെ ആരാ ഉപദ്രവിച്ചേ?”


അവനൊന്നും പറഞ്ഞില്ല. അവൻറെ കണ്ണുകൾ നിറഞ്ഞു വന്നു.  ഓർക്കാനിഷ്ടമില്ലാത്തതെന്തോ അവനിലുണ്ടെന്ന് അവർക്ക് മനസ്സിലായി. 


“കഷ്ടം... ആരായാലൂം മനുഷ്യപറ്റില്ലാത്ത ജന്തുക്കള്.” ആ സ്ത്രീ രോഷത്തോടെ പറഞ്ഞു. അപ്പോഴാണ് കൂടെയുണ്ടായിരുന്നയാൾ ചോദിച്ചത്. "മോന് ഞങ്ങളെ മനസ്സിലായോ?"


ഇല്ലെന്നവൻ തലയാട്ടിയപ്പോൾ അയാൾ പറഞ്ഞു. “മോൻ കയറിയ ലോറിയില്ലേ? അതിൻറെ ഡ്രൈവറാ ഞാൻ. നീയെവിടെന്നാ അതിൽ കയറിയത്?”


അവനൊന്നും പറഞ്ഞില്ല. അവൻറെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. അയാൾ പിന്നെ ഒന്നും ചോദിച്ചില്ല. വാത്സല്യത്തോടെ അവൻറെ തലയിൽ തലോടിക്കൊണ്ടിരുന്ന സ്ത്രീ പറഞ്ഞു.


“മോനിനി എങ്ങോട്ടും പോണ്ട. ഞങ്ങളുടെ കൂടെ നിന്നോ. മോൻറെ പേരെന്താ?”


ലാസർ ഒന്നാലോചിച്ചു. സ്വന്തം പേര് പറയാൻ അവന് പേടിയുണ്ടായിരുന്നു. പോലീസുകാരെങ്ങാനുമറിഞ്ഞാലോ? വേറൊരു പേരവൻ ആലോചിച്ചപ്പോൾ അവൻറെ മനസ്സിലേക്ക് വന്നത് ഇമ്മാനുവലെന്നായിരുന്നു. ഒരല്പനേരം ആലോചിച്ച് അവൻ പതുക്കെ വിറച്ചു വിറച്ചു പറഞ്ഞു. 


“ഇമ്മാനുവൽ...”


"ഇമ്മാനുവൽ. നല്ല പേരാണല്ലോ." അയാൾ പറഞ്ഞു. അവൻ ആശ്വാസത്തോടെ അയാളെ നോക്കിയപ്പോൾ ബീഡിക്കറ വീണ പല്ലുകൾ പുറത്തുകാണുന്ന വിധം അയാളൊന്നു ചിരിച്ചു.  


"മോനിനി ഞങ്ങളുടെ കൂടെ നിന്നോ. ഞങ്ങളുടെ സ്വന്തം മകനായിട്ട്. ട്ടൊ?


ബൈജു എന്നായിരുന്നു അയാളുടെ പേര്. ഭാര്യ ഉമ. മക്കളില്ലായിരുന്നു. ഉണ്ടാവുകയുമില്ല. അവരുടെ കണ്ണിൽ, ദൈവം അവർക്കു കൊടുത്ത വരദാനമായിരുന്നു ഇമ്മാനുവൽ. അവരവനെ സ്വന്തം മകനെ പോലെ വളർത്തി. സ്‌കൂളിലയച്ചു.  പുതിയ പുതിയ ഉടുപ്പുകളും കളിപ്പാട്ടങ്ങളും വാങ്ങിച്ചുകൊടുത്തു. അങ്ങിനെ ഉമ അവന് ഉമയമ്മയായി. ബൈജു ബൈജുവച്ഛനും!


പക്ഷെ, അവൻറെയുള്ളിൻറെ ഉള്ളിൽ, എന്നും എപ്പോഴും ലാസറുണ്ടായിരുന്നു. കെട്ടിപ്പിടിച്ചു മരിച്ചുകിടക്കുന്ന അപ്പച്ചനും അമ്മച്ചിയുമുണ്ടായിരുന്നു. അമ്മച്ചിയുടെ വീർത്ത വയറും, അതിൽ നിന്നും തന്നെ ഇച്ചായീന്ന് വിളിക്കുന്ന മേരിയുമുണ്ടായിരുന്നു. എന്നാൽ അവനതൊന്നും ആരോടും പറഞ്ഞില്ല. പുറത്തുകാണിച്ചതുമില്ല. ബൈജുവച്ഛനെ പോലെ ഒത്തിരി വലുതായിട്ട് വേണം, ഫ്രെഡിയെ കൊല്ലാൻ പോകാൻ. അവനെ വെള്ളത്തിൽ മുക്കിക്കൊല്ലണം. അതായിരുന്നു അവൻറെ കുഞ്ഞുമനസ്സിലെ സ്വപ്നം. അമ്മാവൻ ചത്തിട്ടുണ്ടാവും എന്നവനുറപ്പിച്ചു. അത്കൊണ്ട് തന്നെ കുറെ കാലം അവൻ പോലീസിനെ പേടിച്ചിരുന്നു. പതുക്കെ പതുക്കെ അതില്ലാതെയായി. അവർ താമസിക്കുന്ന കുഗ്രാമത്തിലേക്ക് ഒരു പൊലീസുകാരൻറെ മണം പോലുമെത്തിയതുമില്ല. കുറച്ചു കാലം കഴിഞ്ഞപ്പോൾ, അവിടെ അവൻറെ മനസ്സിനെ അലട്ടുന്ന ഒന്നുമില്ലായിരുന്നു. ഫ്രെഡിയെന്ന ചിന്തയൊഴികെ വേറൊന്നും.


അവൻ പഠിക്കാൻ മിടുക്കനായിരുന്നു. വിദ്ധ്യാലയത്തിലെ മുഴുവൻ അദ്ധ്യാപകരുടെയും ഇഷ്ടം, അവൻ പിടിച്ചു പറ്റി. SSLC നല്ല മാർക്കോടെ ജയിച്ചു. ആ ദിവസം, ബൈജുവും ഉമയും അഭിമാനത്തോടെ അവനെ ചേർത്തു പിടിച്ചു. അയൽക്കാർക്കൊക്കെ പായസം വച്ചുകൊടുത്താണ്, ഉമ അതാഘോഷിച്ചത്. അങ്ങിനെ ഉമയമ്മയുടേയും ബൈജുവച്ഛൻറെയും മകൻ ഇമ്മാനുവൽ, പട്ടണത്തിലെ കോളേജിലേക്ക് പോകാൻ തുടങ്ങി. 


പക്ഷെ, അപ്പോഴും അവൻറെ ഉള്ളിൽ ആരും കാണാതെ ലാസർ ഒളിച്ചിരുന്നു. തൻറെ പക, പിന്നെയും പിന്നെയും ജ്വലിപ്പിച്ചുകൊണ്ട്!!


തുടരും

          

2 comments: