അദ്ധ്യായം 34 : ലിസി എന്ന പെൺകുട്ടി
"തൻറെ പേരെന്താ?" അവൾ മുഖമുയർത്തി ലാസറിൻറെ കണ്ണിലേക്ക് സൂക്ഷിച്ചു നോക്കി. കുറച്ചുനേരം അങ്ങിനെ നോക്കിക്കൊണ്ടിരുന്നു. പിന്നെ മിഴികൾ പിൻവലിച്ചുകൊണ്ട് പതുക്കെ പറഞ്ഞു. "ലിസി."
"താനെങ്ങിനെ ഈ..." ലാസറിൻറെ ചോദ്യം മുഴുവനാക്കാൻ അവൾ സമ്മതിച്ചില്ല. അവൻറെ ചുണ്ടുകൾക്ക് മീതെ തൻറെ വിരലുകൾ വച്ചു.
"ചോദിക്കരുത്. ഓർക്കാനിഷ്ടമല്ല. സുന്ദരിയാണെന്ന അഹങ്കാരത്തിനും... മുന്നും പിന്നും നോട്ടമില്ലാത്ത എടുത്തുചാട്ടത്തിനും കിട്ടിയ പ്രതിഫലം. ആരെയും കുറ്റം പറയാനില്ല. ഇനി വല്ല വൃത്തികെട്ട അസുഖവും വന്നു ചാവുന്ന വരെ... ഇങ്ങിനെ..."
ലാസർ ഒന്നും മിണ്ടിയില്ല. അവൾ നിറഞ്ഞു വന്ന കണ്ണുകൾ പുറങ്കൈ കൊണ്ട് തുടച്ചു. പിന്നെ ചുണ്ടിലൊരു കൃത്രിമച്ചിരിയുണ്ടാക്കി. ഒന്ന് കൂടി ലാസറിലേക്ക് പറ്റിച്ചേർന്നു, അവളെ മെല്ലെ തന്നിൽ നിന്നുമടർത്തികൊണ്ടവൻ ചോദിച്ചു.
"താനെൻറെ കൂടെ പോരുന്നോ?"
അവളുടെ കണ്ണുകളിൽ കൗതുകമാണാദ്യം തെളിഞ്ഞത്. പിന്നെ വിഷാദം നിറഞ്ഞൊരു പുഞ്ചിരിയോടെ പറഞ്ഞു.
"തമാശക്ക് ചോദിച്ചതാ? വേണ്ടാട്ടോ. അതൊന്നും വേണ്ട. ചക്കയരക്കിൽ പെട്ട ഈച്ചയെ പോലെയാണ് ഞങ്ങൾ. ഒരിക്കലും രക്ഷപ്പെടാനാവില്ല. ഒന്നുകിൽ ചാവുക. അല്ലെങ്കിലിങ്ങനെ ജീവിക്കുക. മരിക്കാനെനിക്ക് പേടിയാ. ഭയങ്കര പേടി."
അവളുടെ നെടുവീർപ്പിനൊരു അഗ്നിപർവ്വതത്തിൻറെ ചൂടുണ്ടായിരുന്നു. അവളെ മെല്ലെ തള്ളിമാറ്റിക്കൊണ്ട് ലാസർ എഴുനേറ്റു. അവനെന്തോ ഗാഢമായ ചിന്തയിലായിരുന്നു. ബാഗിൽ നിന്നൊരു ലുങ്കിയെടുത്തുടുത്തുകൊണ്ടവൻ നേരെ ബാത്ത്റൂമിലേക്ക് പോയി.
അവൾ ലാസറിൻറെ ബാഗിൽ നിന്നൊരു ഷർട്ടെടുത്തണിഞ്ഞു. ഒരു ബർമുഡ അരക്കെട്ടിൽ വച്ചുനോക്കി പാകമാവില്ലെന്ന് കണ്ടപ്പോൾ തിരികെ വച്ചു. വേറൊരു ലുങ്കിയെടുത്തു. ബാത്ത്റൂമിൽ നിന്നും പുറത്തു വന്ന ലാസർ അതുകണ്ടപ്പോൾ ഒന്ന് പുഞ്ചിരിച്ചു. ആ മുഖം കണ്ടാലറിയാം, അവനെന്തോ കടുത്ത ചിന്താകുഴപ്പത്തിലാണെന്ന്.
അവൾ ബാത്ത്റൂമിലേക്ക് പോയപ്പോൾ, അവൻ ജനാലയുടെ അരികിൽ ചെന്ന് നിന്നു. കർട്ടൺ ഒരു വശത്തേയ്ക്ക് മാറ്റി. താഴെ റോഡിലുടെ നഗരത്തിലെ കുത്തൊഴുക്കിലെ തുള്ളികളായി മാറിയ മനുഷ്യരേയും വാഹനങ്ങളേയും നോക്കി നിന്നു.
ബാത്ത്റൂമിൽ നിന്നുമിറങ്ങി വന്ന ലിസി അവൻറെ പിറകിലൂടെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു. "എന്താ.. പിണക്കമായോ? രക്ഷപെടാനാഗ്രഹമില്ലാഞ്ഞിട്ടല്ല. നടക്കില്ല. കൊല്ലുമ്പോൾ അവരൊരു ദയയും കാട്ടില്ല. കണ്ടിട്ടുണ്ട് ഞാൻ. രക്ഷപെടാൻ നോക്കിയ ഒരു പാവത്തിനെ... ഹൊ... ഓർക്കുമ്പോളിപ്പോളും നെഞ്ചിലൊരു തീയാണ്."
ലാസർ മെല്ലെ തിരിഞ്ഞു. കനൽ പോലെ തിളങ്ങുന്ന നീർത്തുള്ളികളൂറിയ അവളുടെ കണ്ണുകളിൽ നോക്കിക്കൊണ്ട് ചോദിച്ചു. "ഞാൻ നിന്നെ രക്ഷപെടുത്തിയാലോ?"
അവൾ ഭീതിയും തമാശയും സമാസമം ചേർത്തൊന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു. പിന്നെ അവൻറെ മാറിലേക്ക് ഇറുകിച്ചേർന്നു. ഒരല്പനേരത്തിന് ശേഷം മന്ത്രിക്കുംപോലെ പറഞ്ഞു. "ആശ കൊണ്ടായുസ്സിന് കോട്ടം വരുത്താതെ പൊയ്ക്കൊള്ളൂ. എന്നെ മറന്നേക്കൂ. നന്ദിയോടെ ഞാനോർത്തോളാം. എന്നും... എപ്പോഴും."
"ഈ സിറ്റിയിൽ നിന്നും പുറത്തു പോയാൽ പോരെ? നാട്ടിലെത്തിയാൽ പിന്നെയാരെ പേടിക്കാനാണ്?" ലാസറിൻറെ ചോദ്യം കേട്ടപ്പോൾ അവൾ ഭീതിയോടെ തല വെട്ടിച്ചു.
"ഈ ലോകത്തിൻറെ ഏത് കോണിൽ പോയാലും... അവരുടെ ആളുകൾ തേടിയെത്തും. വേണ്ട. എന്നെപ്പോലൊരാൾക്ക് വേണ്ടി... നിങ്ങൾ നിങ്ങളുടെ ജീവനപകടപ്പെടുത്തേണ്ട. നിങ്ങളെപ്പോലൊരാളുടെ കൂടെ ജീവിക്കാനൊന്നുമുള്ള ഭാഗ്യമൊന്നും... എനിക്കില്ല."
ലാസർ അവളെ തുറിച്ചു നോക്കി. അവളെ മെല്ലെ തൻറെ ശരീരത്തിൽ നിന്നുമടർത്തിമാറ്റി, മുഖത്തു നോക്കാതെ പറഞ്ഞു.
"ഒരുമിച്ചു ജീവിക്കാനൊന്നുമല്ല ഞാൻ വിളിച്ചത്..."
അവളുടെ മുഖത്ത് നിരാശ പടർന്നു. എങ്കിലും അതവൾ ഒരു പുഞ്ചിരിയിലൊളിപ്പിച്ചു.
"സോറി... കല്യാണം കഴിഞ്ഞിരിക്കുമല്ലേ? ഞാനതോർത്തില്ല. അപ്പോൾ വെപ്പാട്ടിയായിട്ടാണോ? എന്നാലും സാരമില്ല."
ലാസറൊന്നു ചിരിച്ചു. "കല്യാണമൊന്നും കഴിഞ്ഞിട്ടില്ല."
അവളുടെ മുഖത്ത് പുച്ഛമോ പരിഹാസമോ ഒക്കെ നിഴലിച്ചു. "അല്ലെങ്കിലും... ഭാര്യയായി കന്യകമാര് തന്നെ വേണമല്ലോ... നിങ്ങളാണുങ്ങൾക്ക്."
ലാസർ അവളെ രൂക്ഷമായൊന്നു നോക്കി. ഒരു കൂസലുമില്ലാതെ അവളും. പതുക്കെപ്പതുക്കെ ലാസർ അതിനൊരു തമാശ ഭാവം നൽകി. ഒരു കുസൃതിച്ചിരിയോടെ അയാൾ പറഞ്ഞു.
"ഞാൻ തർക്കിക്കുന്നില്ല. ഞാനൊരു ഭൂലോക പെണ്ണുപിടിയനൊന്നുമല്ല. വല്ലപ്പോഴും... ഇതുപോലെ ചിലരുമായി. വിവാഹത്തെക്കുറിച്ചൊന്നും ഞാനാലോചിച്ചിട്ടില്ല. എനിക്കൊരു വലിയ ലക്ഷ്യമുണ്ട്. നീ കൂടെയുണ്ടെങ്കിൽ അതിൽ പകുതി വിജയിക്കാൻ... എളുപ്പമാവുമെന്നൊരു തോന്നൽ. വെറുതെ വേണ്ട. ഇതൊരു ജോലിയാണ്. നിനക്ക് സ്വപ്നം പോലും കാണാൻ കഴിയാത്തൊരു സംഖ്യ കിട്ടും. പിന്നീടൊരിക്കലും നിനക്കീ പണിക്ക് പോകേണ്ടി വരില്ല. ആരുടേയും വെപ്പാട്ടിയാവേണ്ടിയും വരില്ല. അവര് വിടുമോ ഇല്ലയോ എന്നതൊന്നും എനിക്കൊരു വിഷയമല്ല. നിനക്ക് സമ്മതമാണോ? അത് മാത്രമാണെൻറെ ചോദ്യം."
അവൾ അമ്പരപ്പോടെ അയാളെ നോക്കി. അല്പനേരത്തെ ആലോചനയ്ക്കു ശേഷം അവൾ പറഞ്ഞു. "എനിക്ക് സമ്മതമാണ്. പക്ഷെ..."
"അത് മതി. കൂടുതൽ ആലോചിക്കേണ്ട. നാളെ ഒരു മീറ്റിങ്ങുണ്ട്. വാ ഉറങ്ങാം." അവളെയും ചേർത്തുപിടിച്ചുകൊണ്ടവൻ ബെഡിലേക്ക് മലർന്നു.
പിറ്റേന്ന് രാവിലെ ലാസർ മീറ്റിംഗ് കഴിഞ്ഞ് തിരികെയെത്തുമ്പോൾ, ലോബിയിൽ ക്ലാവർ കാത്തിരിക്കുന്നുണ്ടായിരുന്നു. അയാൾ ലിസിക്ക് വേണ്ട വസ്ത്രങ്ങൾ കൊണ്ട് വന്നതാണ്. ലാസർ അയാളെ റൂമിലേക്ക് ക്ഷണിച്ചു. തൻറെ സ്വതസിദ്ധമായ വഷളൻ ചിരിയുമായി അയാൾ ലാസറിനു പിന്നാലെ വന്നു.
ലാസർ നീട്ടിയ മദ്യം വാങ്ങി ഒറ്റവലിക്ക് മോന്തി ചിറി തുടച്ചുകൊണ്ടയാൾ പറഞ്ഞു. "സാറായതോണ്ടാ... ഇല്ലെങ്കിൽ ഞാൻ വരികേല." അയാൾ ലിസിയെ ഒന്നു ചുഴിഞ്ഞുനോക്കിക്കൊണ്ട് ചോദിച്ചു. "നമ്മുടെ അളെങ്ങിനെയുണ്ട് സാറെ?"
ലാസർ ലിസിയെ ഒന്ന് നോക്കി. അവളുടെ മുഖത്താകെ വെറുപ്പ് കലർന്നൊരു അസഹ്യതയുണ്ടായിരുന്നു. "ഇവൾ മിടുക്കിയല്ലേ..."
"ആണേ..." ക്ലാവർ വിരൽ ചൂണ്ടി. "അല്ലെങ്കിലും സാറിനീ ക്ലാവർ പോക്ക് കേസൊന്നും കൊണ്ട് തരില്ല."
കാൽമുട്ടുകളിലേക്ക് മുട്ടുകൈകൾ കുത്തിക്കൊണ്ട് ലാസർ മുന്നോട്ടാഞ്ഞിരുന്നു. "ക്ലാവറിനോട് ഞാനൊരു കാര്യം ചോദിക്കട്ടെ..?"
"സാറൊരു നൂറു കാര്യം ചോദിക്ക് സാറേ..." ഗ്ലാസ്സിലേക്ക് വീണ്ടും മദ്യമൊഴിക്കുന്നതിനിടയിൽ ക്ലാവർ പറഞ്ഞു.
ലാസർ ലിസിയെ നോക്കിക്കൊണ്ട് ചോദിച്ചു. "ഇവളെ എനിക്കിങ്ങ് സ്ഥിരമായി തരാവോ?"
പാമ്പ് കടിച്ച പോലെ ക്ലാവറൊന്ന് ഞെട്ടി. മദ്യം ഗ്ലാസിൽ നിന്നും പുറത്തേയ്ക്ക് പോയി. അയാൾ മദ്യക്കുപ്പി വച്ച് ലാസറിനെയും ലിസിയെയും മാറി മാറി നോക്കി. ലിസിയുടെ മുഖഭാവം ദയനീയമായിരുന്നു. ലാസർ ക്ലാവറിനോട് നേരിട്ടങ്ങിനെ ചോദിക്കുമെന്ന് അവൾ കരുതിയിരുന്നില്ല. എന്തെങ്കിലും ഒരു പ്ലാനുണ്ടാക്കി ഒളിച്ചുകൊണ്ടു പോവുകയായിരിക്കും എന്നാണു അവൾ കരുതിയത്.
ക്ലാവർ ആലോചനയിലാണ്. അയാളെ തന്നെ സൂക്ഷിച്ചു നോക്കിയിരിക്കുകയാണ് ലാസർ. ക്ലാവർ പതുക്കെ മദ്യഗ്ലാസെടുത്ത് ഒരിറക്ക് കുടിച്ചു.
"തല പോണ കേസാണല്ലോ സാറെ. സാറിന്റേം... ഇവൾടേം... എന്റേം. മൂന്നു തലകൾ പോകും. അത് വിട് സാറെ. സാറിനോടുള്ള ഇഷ്ടംകൊണ്ട് പറയുകയാ."
ലാസർ ഭാവവ്യത്യാസമൊന്നുമില്ലാതെ ചോദിച്ചു. "ഒരു വഴിയുമില്ലേ? ഒന്നാലോചിച്ചുനോക്ക്. നിനക്കും ഗുണമുണ്ടാവും."
"എൻറെ സാറെ... ഗുണത്തിൻറെ കാര്യമൊക്കെ അവിടെ നിക്കട്ടെ. ദാ.. ഈ കാണുന്ന മണ്ടത്തലയുണ്ടെങ്കിൽ... ദാ.. ഇത് പോലെ കള്ള് കുടിച്ച്... പെണ്ണും പിടിച്ച് അർമാദിച്ച് ജീവിക്കാം. ഇല്ലെങ്കിലോ...? സാറീ പറഞ്ഞ ഗുണം കൊണ്ടൊരു കാര്യവുമുണ്ടാവില്ല."
ലാസറൊന്നും പറഞ്ഞില്ല. അവനും ക്ലാവറും ഒരേ പോലെ ആലോചനയിലേക്ക് വീണു. ലിസി ഭയത്തോടെ അവരെയും നോക്കിയിരുന്നു.
തനിക്കങ്ങിനെ ഒരു പ്ലാനുണ്ടെന്ന് ഇവനറിയണ്ട. ഒരു വെറും ചോദ്യമായി മാത്രമേ ഇവന് തോന്നാൻ പാടുള്ളു. അല്ലെങ്കിൽ ഇവിടെ നിന്ന് ലിസിയെയും കൊണ്ടൊന്നനങ്ങാൻ പോലും പറ്റില്ല. എങ്ങിനെയെങ്കിലും നാട്ടിലേക്കിവളെ എത്തിച്ചാൽ... ബാക്കി വരുന്നിടത്ത് വച്ച് നോക്കാം.
ലാസറങ്ങിനെ ഓരോന്നാലിച്ചിരിക്കെ പെട്ടന്ന് ഗ്ലാസിൽ ബാക്കിയുള്ള മദ്യം ഒറ്റവലിക്ക് കുടിച്ച്, പുറങ്കൈ കൊണ്ട് ചിറിതുടച്ച് ക്ലാവർ പറഞ്ഞു.
"ഒരു വഴിയുണ്ട് സാറെ. ഒരേ ഒരു വഴി. വേറെ ഏത് വഴിയായാലും... ജീവനോടെ രക്ഷപ്പെടില്ല. നിങ്ങളിവിടെ പോയൊളിച്ചാലും... അവർ വരും. നിങ്ങളെ കൊന്ന് ഇവളെ പിടിച്ചോണ്ട് വരും. എന്നിട്ട് മറ്റുള്ള പെണ്ണുങ്ങളുടെ മുന്നിലിട്ട് ചിത്രവധം നടത്തും. പക്ഷെ... ഒരു വഴിയുണ്ട്. പിന്നീടൊരിക്കലും ആരും ഇവളെയോ സാറിനെയോ തിരഞ്ഞു വരാത്തൊരു വഴി."
ലാസറും ലിസിയും വിടർന്ന കണ്ണുകളോടെ ക്ലാവറിനെ നോക്കിയിരിക്കെ, ക്ലാവർ കുപ്പിയിൽ നിന്നും ഗ്ലാസിലേക്ക് മദ്യം പകർന്നു.
തുടരും
അതാണ് ലിസി!
ReplyDeleteവായിച്ചു ...
ReplyDelete