Saturday, May 8, 2021

ചിലന്തിവലയിൽ ഒരു ചിത്രശലഭം!



അദ്ധ്യായം 51: പ്രായശ്ചിത്തം 


അതൊരു ചെറിയ ശവഘോഷയാത്രയായിരുന്നു. ഒരു ആംബുലൻസ്. അതിനെ പിന്തുടരുന്ന രണ്ടുമൂന്ന് പോലീസ് വാഹനങ്ങൾ. മിത്രയിലെ ഉയർന്ന സ്റ്റാഫുകളുടെ വാഹനങ്ങൾ. തൻറെ വാഹനത്തിൽ ചിന്താവിഷ്ടയായിരിക്കുന്ന സൂസൻ. ആ വാഹനം ഓടിക്കുന്നത് ഫെർണാണ്ടസ് ആയിരുന്നു. സൂസൻറെ മടിയിലേക്ക് തലചായ്ച്ച് ആദം.


ശ്മശാനത്തിൻറെ വാതിൽക്കൽ അത് നിന്നു.  ശവപ്പെട്ടിയും ചുമന്നുകൊണ്ട് ആളുകൾ ഗേറ്റ് കടന്നു. ഒരു ചെറിയ ആൾകൂട്ടം അതിനെ അനുഗമിച്ചു.


തൻറെ വാഹനത്തിൽ നിന്നിറങ്ങിയ സൂസൻ ആദമിനെ തന്നിലേക്ക് ചേർത്തു പിടിച്ചു. അവളുടെ അടുത്തേയ്ക്ക് സിവിൽ ഡ്രസ്സ് ധരിച്ച മീരാൻ ഹസ്സൻ വന്നു. ആദമിനെ മെല്ലെ കൈപിടിച്ച്, സൂസനോട് ഒന്നും സംസാരിക്കാൻ നിൽക്കാതെ സെമിത്തേരിയുടെ അകത്തേയ്ക്ക് നടന്നു.


ഒരു നെടുവീർപ്പോടെ സൂസൻ ആ ശ്മശാനത്തിലേക്ക് നോക്കി. പിന്നെ മെല്ലെ നടന്നു. പൊളിഞ്ഞു കിടക്കുന്ന കല്ലറയുടെ അരികിലൊന്നു നിന്നു. കറുത്ത  ഫലകത്തിൽ കൊത്തി വച്ചിരിക്കുന്ന ഫ്രെഡിയുടെ പേര് കണ്ടപ്പോൾ നെഞ്ചിലൊരു വിങ്ങൽ. 


താനറിഞ്ഞില്ലല്ലോ... ആ കല്ലറയ്ക്കകത്ത് തൻറെ പ്രിയപ്പെട്ടവനെ കൊല്ലാൻ ശ്രമിച്ചവനാണെന്ന്. 


ഇപ്പോൾ ആ കല്ലറയ്ക്ക് ചുറ്റിലും പോലീസുകാർ റിബ്ബൺ കെട്ടി വച്ചിരിക്കുന്നു. അവരുടെ പ്രൊസീജ്യറുകൾ ഇനിയും ബാക്കിയുണ്ടാവാം. 


അവൾ മെല്ലെ മുന്നോട്ട് നടന്നു. ലിസിയുടെ കല്ലറയ്ക്കടുത്ത് അവളൊന്നു നിന്നു. കുറച്ചപ്പുറത്ത് തന്നെയാണ് പുതിയ ശവക്കുഴി. ഇമ്മാനുവലിന്. അല്ല. ലാസറിന്. അവൻറെ മരണാനന്തര ശുശ്രൂഷയാണ് അവിടെ നടക്കുന്നത്. അടങ്ങാത്ത പകയുടെ ആ കനലുകൾ അണഞ്ഞു പോയി. തെറ്റിപ്പോയ കണക്കുകളുടെ പുസ്തകം ഇനിയില്ല. 


എല്ലാം കഴിഞ്ഞ് ആളുകൾ പിരിഞ്ഞു. തിരികെ മടങ്ങുന്ന സൂസനെയും കാത്ത് ഹസ്സനും ലീലാകൃഷ്ണനും കാത്തിരിക്കുന്നുണ്ടായിരുന്നു. അവരുടെ മുൻപിൽ സൂസൻ തലതാഴ്ത്തി നിന്നു.


സൂസൻ.... ഹസ്സൻ വിളിച്ചപ്പോൾ അവൾ നിറഞ്ഞു തുളുമ്പിയ കണ്ണുകളോടെ അവരെ നോക്കി. ആദമിനെ തന്നോട് ചേർത്ത് ഫെർണാണ്ടസ് വിഷാദം പൂണ്ട് നിന്നു.


ഫ്രെഡി...? ഹസ്സൻറെ ശബ്ദം അങ്ങേയറ്റം നേർത്തിരുന്നു.


ഒരു നെടുവീർപ്പായിരുന്നു സൂസനിൽ നിന്നാദ്യം ഉണ്ടായത്.


“മരണത്തിൻറെയും എൻറെയും വിളികൾക്കിടയിൽ... വഴിയറിയാതെ എവിടെയോ കുടുങ്ങിക്കിടക്കുന്നുണ്ട്... അവൻറെ ജീവൻ. ആ വെന്റിലേറ്ററൊന്ന് മാറ്റിയാൽ…”


സൂസൻ മുഴുവിപ്പിച്ചില്ല. അവളുടെ ചുണ്ടുകൾ വിതുമ്പി വിറച്ചു. ഹസ്സൻ ഒന്നുകൂടി അവളുടെ അരികിലെത്തി. അവളുടെ കണ്ണീർ ധാരയെ തൻറെ വിരലുകൾ കൊണ്ട് മുറിച്ചുകളഞ്ഞു. പിന്നെ മെല്ലെ പറഞ്ഞു.


“നീ... അല്ല.... നിങ്ങൾ... ആദമും നീയും ഒരുമിച്ച് വിളിക്കണം. വളരെ ശക്തമായി അവനെ തിരിച്ചു വിളിക്കണം. നിങ്ങളെ ഉപേക്ഷിച്ചു പോകാനാവില്ലവന്.”


അവൾ മെല്ലെ തലകുലുക്കി. തിരിച്ചു നടക്കാനൊരുങ്ങിയ ഹസ്സനെ അവൾ വിളിച്ചു. ഹസ്സൻ പളുങ്കുപോലെ തിളങ്ങുന്ന അവളുടെ കണ്ണുകളിലേക്ക് നോക്കി.


“സനൽ ഒറ്റയ്ക്കല്ല. ഞാനും കൂടിയാണ്. എനിക്കിത്തിരി സമയം തരണം. ആദമിനെ ഫ്രെഡിയുടെ കൈകളിൽ ഏൽപ്പിക്കാനുള്ള സമയം മാത്രം…”


എന്ത് പറയണം എന്നറിയാതെ ഹസ്സൻ പകച്ചിരുന്നു. അവളങ്ങിനെ ഒരു കുറ്റസമ്മതം നടത്തും എന്ന് പ്രതീക്ഷിച്ചതല്ലല്ലോ. ഹസ്സൻ പകച്ചു നിൽക്കെ ലീലാകൃഷ്ണങ്ങൾ അവർക്കിടയിലേക്ക് വന്നു. പുഞ്ചിരിച്ചുകൊണ്ട് സൂസൻറെ കണ്ണുകളിലേക്ക് നോക്കി.


"സനലോ? അവനെതിരെ കേസൊന്നും ഇല്ലല്ലോ? സൂസൻ പിച്ചും പേയും പറയാതെ പോയേ. ഫ്രെഡിയുടെ അടുത്തേയ്ക്ക് ചെല്ലൂ. എന്നിട്ട്... മരണത്തിൻറെ വായയിൽ നിന്നുമവനെ... ജീവിതത്തിലേക്ക് തിരിച്ചു വിളിക്കൂ. പകുതി വെന്ത ഹൃദയവുമായി രണ്ടു മൂന്ന് കൊല്ലം ജീവിച്ചില്ലേ. അത് മതി. മനുഷ്യൻറെ നിയമങ്ങൾക്ക്... സമയത്തെ തിരിച്ചുകൊണ്ടുവരാനാവില്ല. നീതി തേടിയലയുന്ന ആത്മാവിനേക്കാൾ എനിക്ക് കടപ്പാട്... മുറിഞ്ഞുപോയ ഹൃദയത്തിന് മരുന്ന് തേക്കനാണ്. ഈ തോൽവി കൊണ്ട്... ഞങ്ങളിലെ നീതിപാലകർ നാണിക്കുമെങ്കിലും... ഞങ്ങളെന്ന മനുഷ്യർ ജയിക്കട്ടെ. ജയിക്കില്ലേ..?"    


തൻറെ കൂപ്പിയ കൈകൾ ചുണ്ടോട് ചേർത്തുവച്ച് നിശബ്ദയായി സൂസൻ തേങ്ങി. അവളുടെ കവിളിലൂടെ ചാലിട്ട കണ്ണുനീർ കൈകളിലൂടെ ഒലിച്ചിറങ്ങി. അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ലീലാകൃഷ്ണനും ഹസ്സനും ഒരല്പനേരം നിന്നു. പിന്നെ അവർ തിരിഞ്ഞു നടന്നു. തങ്ങളുടെ വാഹനത്തിൽ കയറി പോയി. ഒരു ശിലാപ്രതിമ പോലെ സൂസൻ അപ്പോഴും അവിടെ നിന്നു. കൂപ്പിയ കൈകളോടെ. അവസാനം, ഫെർണാണ്ടസ് അവളുടെ അരികിലെത്തി. അവളുടെ ചുമലിൽ കൈവച്ചുകൊണ്ട് മെല്ലെ പറഞ്ഞു.


“മോളെ... വാ.. പോകാം.”


സൂസൻ അദ്ദേഹത്തെ നിറഞ്ഞ കണ്ണുകളോടെ നോക്കി. പിന്നെ വിതുമ്പിക്കൊണ്ട് ഒരു അച്ഛൻറെ ചുമലിലേക്കെന്ന പോലെ അദ്ദേഹത്തിൻ്റെ ചുമലിലേക്ക് ചാഞ്ഞു. പിടയുന്നൊരു പുഞ്ചിരിയോടെ ഫെർണാണ്ടസ് അവളുടെ ചുമലിൽ മെല്ലെ തഴുകിക്കൊണ്ടിരുന്നു. ഒന്നും പറയാതെ.


രണ്ടര മാസങ്ങൾക്ക് ശേഷം. പടിഞ്ഞാറിൻറെ ബലിക്കല്ലിൽ ആത്മബലി നടത്തിയ പകലിൻറെ ചുവന്ന അടയാളങ്ങളിലേക്ക് നോക്കിക്കൊണ്ട്, വീടിൻറെ മട്ടുപ്പാവിലിരിക്കുകയായിരുന്നു  ഫ്രെഡി. ഉദ്ധ്യാനത്തിലെ മാവിൻ കൊമ്പിലിരുന്ന് മൂളുന്ന മൂങ്ങയെ അവനൊന്ന് നോക്കി. പിന്നെയും കണ്ണുകൾ ചക്രവാളത്തോളം പറന്നു ചെന്നു.


ആരോഗ്യം ജീവിതത്തിൻറെ പടിവാതിലോളം വന്ന് എത്തിനോക്കിത്തുടങ്ങിയിട്ടേ ഉള്ളൂ. രണ്ടു പ്രാവശ്യം ഹൃദയത്തിൻറെ തുടിപ്പുകൾ കൈവെള്ളയിലെടുത്ത് തിരികെ തന്നതാണ് മരണം. ജീവിതമെന്ന മഹാപ്രഹേളികയിൽ, പൂരിപ്പിക്കാനിനിയും വിട്ടുപോയ  ഭാഗങ്ങളുണ്ടത്രെ!


ഇമ്മാനുവലിൻറെ കണ്ണുകളിലൊരിക്കലും ഞാൻ ലാസറിനെ കണ്ടില്ലല്ലോ എന്നോർത്തു. അത്ഭുതം തോന്നുന്നു. ഇപ്പോഴും തനിക്ക് കാണാം. അന്ന്... ബോട്ടപകടം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്ക് ശേഷം ലാസർ അവൻറെ അമ്മാവൻറെ കൂടെ വീട്ടിലേക്ക് വന്നത്. പേടിച്ചു വിറച്ച താൻ അപ്പച്ചൻറെ പിന്നിലൊളിച്ചു. എന്നിട്ടും ഞാൻ കണ്ടതാണ്. തിരികെ മടങ്ങുമ്പോൾ തിരിഞ്ഞു നോക്കിയ ലാസറിൻറെ കണ്ണിലെ തീ. കഷ്ടം. എനിക്കവനെ തിരിച്ചറിയാനായില്ലല്ലോ. അറിഞ്ഞിരുന്നെങ്കിൽ അവനോടൊരു വട്ടമെങ്കിലും മാപ്പു ചോദിക്കാമായിരുന്നു. ജീവനും ജീവിതവുമൊഴികെ അവനെന്താണ് വേണ്ടത് എന്ന് വച്ചാൽ കൊടുക്കാമായിരുന്നു. അവൻ എവിടെയെങ്കിലും സുഖമായി ജീവിക്കുന്നുണ്ടാവും എന്ന് കരുതി. ഇടയ്ക്കിടയ്ക്ക് ദുഃസ്വപ്നങ്ങളിൽ മാത്രം വരുന്ന നശിച്ച ഓർമ്മകളിൽ മാത്രം അവനൊതുങ്ങി. അറിഞ്ഞില്ലല്ലോ. അവനിവിടെ തൊട്ടടുത്ത്... എന്നെ കൊല്ലാൻ ഊഴം കാത്ത് കഴിയുന്നുണ്ടെന്ന്.


സൂസൻറെ കണ്ണീരിൽ ഞാനിതിനകം കുളിച്ചുകഴിഞ്ഞു. ജീവനോടെ തൊലി പൊളിച്ചെടുക്കുന്ന വേദനയോടെ അവൾ ലിസിയുടെ മരണം ഏറ്റു പറഞ്ഞു. കഷ്ടം. എനിക്കവളോട് നേരത്തെ പറയാമായിരുന്നു. ലിസി എനിക്കൊരു അനിയത്തിയോ കൂട്ടുകാരിയോ ഒക്കെയായിരുന്നെന്ന്. ഒരൽപം കൃസൃതിക്കുറുമ്പുള്ള ഒരു അനിയത്തിക്കുട്ടി.  അല്ലെങ്കിലൊരു കൂട്ടുകാരി. എൻറെ തെറ്റ്. എൻറെ വലിയ തെറ്റ്. ഇപ്പോഴും ഞാനതവളോട് പറഞ്ഞിട്ടില്ല. പറയുന്നില്ല. അവൾക്കത് താങ്ങാനാവില്ല. അവളുടെ ഉള്ളിൽ അതെൻറെ പിഴവിൻറെ അനന്തരഫലമായിരിക്കട്ടെ. സ്വന്തം പാപഭാരത്തെ... ആ തെറ്റിധാരണകൊണ്ടെങ്കിലും... അവൾ ലഘൂകരിക്കട്ടെ.


സൂസൻ ഇത് വരെ ചോദിച്ചിട്ടില്ല. ഈ വീട്ടിലിത്രയും രഹസ്യങ്ങളുണ്ടായിട്ടും... എന്തുകൊണ്ടെന്നോട് ഇത് വരെ പറഞ്ഞില്ലെന്ന്... ഇതുവരെ അവൾ ചോദിച്ചിട്ടില്ല.  പകരം ചോദിച്ചത്... എന്തെ അന്ന് തന്നെ അവളുടെ മുൻപിലെത്തിയില്ല എന്നാണു. ഉള്ളു പിടഞ്ഞു പോയി. നിന്നെയും എനിക്കന്ന് സംശയമുണ്ടായിരുന്നു എന്ന് പറയാനാവില്ലല്ലോ. ഞാനന്നേ വന്നിരുന്നെങ്കിൽ നമ്മളെയെല്ലാം ഇമ്മാനുവൽ കൊല്ലുമായിരുന്നില്ലേ എന്ന ചോദ്യം കൊണ്ടാണ് അവളിൽ നിന്നും രക്ഷപ്പെട്ടത്. ഉപായം കൊണ്ട് ഒരു ഓട്ടയടക്കൽ.


ഫ്രെഡിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. അതിനൊരു ആത്മനിന്ദയുടെ വരണ്ട നിറമുണ്ടായിരുന്നു. ഇന്നലെ ഇതേ സമയം ഇവിടെ ഇങ്ങിനെ ഇരിക്കുമ്പോൾ, സൂസൻ ഫ്രെഡിയുടെ വലതുഭാഗത്തൊരു കസേരയിട്ടിരിക്കുന്നുണ്ടായിരുന്നു. അവൾ അവനെ നോക്കി മെല്ലെ വിളിച്ചു.


“ഫ്രെഡീ....”


ഊം... അവൻ മൂളിക്കൊണ്ട് അവളെ നോക്കി. അവളുടെ കണ്ണുകളിൽ അസ്തമയ സൂര്യൻ രണ്ട് ചുവന്ന മുത്തു പോലെ തിളങ്ങുന്നുണ്ടായിരുന്നു. 


“ഫ്രെഡിയെന്താ എന്നോട് പറയാതിരുന്നത്?”


“എന്ത്?”


“ആ ബോട്ടപകടത്തെ പറ്റി?”


ഫ്രെഡി ചക്രവാളത്തിലേക്ക് മിഴികൾ നീട്ടി. അവൻറെ മുഖമാകെ വലിഞ്ഞുമുറുകി. 


“ദുഃസ്വപ്നമല്ലേ അത്...? ദുഃസ്വപ്നം! ഇപ്പോഴുമെനിക്ക് കേൾക്കാം.... അവരുടെ ആ നിലവിളി. ഹൊ... എങ്ങിനെയാ സൂസൻ ഞാനത് നിന്നോട് പറയേണ്ടത്? എനിക്കറിയില്ലായിരുന്നു... അതെങ്ങനെയാണ് നിന്നോട് പറയേണ്ടതെന്ന്.”


അവൾ കസേരയിൽ നിന്നെഴുന്നേറ്റ് അവനെ ചാരി നിന്നു. പിന്നെ അവൻറെ മുഖം മെല്ലെ തൻറെ വയറിലേക്ക് ചേർത്തു വച്ചു. കുറച്ച്  അങ്ങിനെ വച്ചപ്പോൾ, ഒരു ചൂട് തൻറെ വയറിലേക്ക് വ്യാപിക്കുന്നത് അവളറിഞ്ഞു. അവൾ മെല്ലെ അവൻറെ മുഖം താടിയിൽ പിടിച്ചുയർത്തി. ആ മുഖമാകെ നനഞ്ഞു കുതിർന്നിരുന്നു. അവൾ ആ മുഖമാകെ ചുംബനങ്ങൾ കൊണ്ട് തുടച്ചു.


ഒരു ഹുങ്കാര ശബ്ദമുണ്ടാക്കിക്കൊണ്ട് മൂങ്ങ ഫ്രെഡിയുടെ അടുത്തേയ്ക്ക് പറന്നു വന്നു. ചിന്തകളിൽ നിന്നുണർന്ന ഫ്രെഡി അതിനെ നോക്കി. ഫ്രെഡിയുടെ ചുറ്റും ഒന്ന് വലം വച്ച് മൂങ്ങ തിരികെ മാവിൻ കൊമ്പിലേക്ക് തന്നെ പറന്നു പോയി. ഫ്രെഡി അക്ഷമയോടെ ഗേറ്റിലേക്ക് നോക്കിക്കൊണ്ടിരുന്നു. ചക്രവാളത്തിൽ പകലിൻറെ അവസാന അടയാളവും മാഞ്ഞുകഴിഞ്ഞിരുന്നു. 


സൂസൻ എങ്ങോട്ടോ പോയിരിക്കുകയാണ്. എവിടേക്കാണെന്ന് പറഞ്ഞിട്ടില്ല. ചോദിച്ചപ്പോൾ വന്നിട്ട് പറയാമെന്ന് പറഞ്ഞു. അവളിപ്പോൾ ആ പഴയ പെണ്ണൊന്നും അല്ല. അനുഭവങ്ങൾ അവളെ ഒരുപാട് മാറ്റിയിരിക്കുന്നു. ഫ്രെഡി അറിയാതെ ഒന്ന് പുഞ്ചിരിച്ചു. എന്നിട്ടും ഇപ്പോഴും അടുക്കള അവൾക്ക് നിഷിദ്ധം തന്നെ. 


ഗേറ്റ് തുറന്ന് കാർ വരുന്നത് കണ്ടു. സൂസനാണ്. ഫ്രെഡി കസേരയിൽ നിന്നും പ്രയാസപ്പെട്ട് എഴുന്നേറ്റു. ശരീരത്തിൻറെ ആ പഴയ ഫ്ലെക്സിബിലിറ്റി തിരികെ കിട്ടിയിട്ടില്ല. സൂസൻ പറയുന്ന പോലെ, ഈ ശരീരം പഴയ ഫ്രെഡിയുടെ പേക്കോലം മാത്രമല്ലെ. 


ഫ്രെഡി പതുക്കെ ഹാളിലേക്ക് ഇറങ്ങിച്ചെന്നു. കാറിൻറെ മുൻവശത്തെ ഡോറുകൾ തുറന്ന്, സൂസനും ഹസ്സനും ഒരുമിച്ചാണ് ഇറങ്ങിയത്. കൗതുകത്തോടെ ഫ്രെഡി നോക്കി നിന്നു. സൂസൻ പിൻവശത്തെ ഡോർ തുറന്നു പിടിച്ച് പുഞ്ചിരിച്ചുകൊണ്ട് എന്തോ പറയുന്നു. 


അൻപത് വയസ്സെങ്കിലും കഴിഞ്ഞൊരു സ്ത്രീയുടെ നരച്ചുതുടങ്ങിയ തലയാണ് ആദ്യം കണ്ടത്. വേവലാതിയോ, അമ്പരപ്പോ ഒക്കെ പിടയ്ക്കുന്ന അവരുടെ കണ്ണുകൾ കണ്ടു. അവർക്കു പിന്നാലെ അറുപത് വയസ്സെങ്കിലും തോന്നിക്കുന്ന ഒരാൾ. മുടി നരച്ചിട്ടില്ല. പക്ഷെ ആ കണ്ണുകളിലും അങ്കലാപ്പിൻറെ ഒരു  മീൻ പിടയ്ക്കുന്നുണ്ട്. 


ഫ്രെഡി അത്ഭുതത്തോടെ അവരെ നോക്കി. സൂസൻ അവരോട് പുഞ്ചിരിയോടെ എന്തോ സംസാരിക്കുന്നു. പകച്ചു നിൽക്കുന്ന അവരെ ഹസ്സൻ എന്തോ പറഞ്ഞ് സമാധാനിപ്പിക്കുന്നു. ആരാണവർ?


വാതിൽ കടന്ന് സൂസൻ അവരെയും കൊണ്ട് അകത്തേയ്ക്ക് വന്നപ്പോൾ ആദം അവളുടെ അടുത്തേയ്ക്ക് ഓടിച്ചെന്നു. അവൻ മനസ്സിലാവാത്ത പോലെ പുതിയ അതിഥികളെ നോക്കി.


“ഇവരാരാണെന്ന് മനസ്സിലായോ?” സൂസൻ അത്ഭുതത്തോടെ തങ്ങളെ നോക്കുന്ന ഫ്രെഡിയോട് ചോദിച്ചു. ഒരു വരണ്ട പുഞ്ചിരി മാത്രമായിരുന്നു മറുപടി. ഫ്രെഡി ഹസ്സൻറെ മുഖത്ത് നോക്കി. അവിടെ ഇപ്പോഴും ഒരു ഗൂഢസ്മിതം. സൂസൻ ആ അമ്മയെ ചേർത്തു നിർത്തിക്കൊണ്ട് പറഞ്ഞു.


“ഇത് നമ്മുടെ ഇമ്മാനുവലിൻറെ അച്ഛനും അമ്മയുമാണ്. ഞാനവരെ ഇങ്ങോട്ട് കൊണ്ട് വന്നു. ഇനിയവർ ഇവിടെ നിന്നോട്ടെ. നമ്മുടെ കൂടെ.”


ഫ്രെഡി ആ മുഖങ്ങളിലേക്ക് നോക്കി. കൊട്ടാരം പോലുള്ള ആ വീടിൻറെ പളപളപ്പിൽ, തീരെ അപരിചിതമായ ചുറ്റുപാടിലേക്കെത്തിപ്പെട്ട രണ്ടു കൊച്ചു കുഞ്ഞുങ്ങളുടെ ഭാവമായിരുന്നു അവന് കാണാനായത്. ഫ്രെഡി മെല്ലെ മെല്ലെ അവരുടെ അടുത്തേയ്ക്ക് നടന്നു ചെന്നു. ബിജുവിൻറെ കൈ പിടിച്ചു. പിന്നെ ഇടറിയ ശബ്ദത്തോടെ പറഞ്ഞു.


“ഈ വീട്ടിലൊരു അച്ഛൻറെയും അമ്മയുടെയും... അല്ല... മുത്തശ്ശൻറെയും മുത്തശ്ശിയുടെയും കുറവുണ്ടായിരുന്നു. അതിപ്പോൾ തീർന്നു.” 


അവരൊന്നും പറഞ്ഞില്ല. നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചുമില്ല. എങ്കിലും ആ കണ്ണുകളിൽ ദയയുണ്ടായിരുന്നു. സ്നേഹമുണ്ടായിരുന്നു. 


മുറ്റത്തൊരു കാറ് വന്നു നിൽക്കുന്ന ശബ്ദം കേട്ടു. അത് ഡോക്ടർ റുഖിയ്യയും മക്കളുമായിരുന്നു. 


അവസാനിച്ചു.


1 comment:

  1. അപ്പോൾ അങ്ങനെ ഈ നീണ്ട കഥ അസ്സലായി പര്യവസാനിച്ചു ...

    ReplyDelete