Saturday, July 24, 2021

മായാവിപഞ്ചിക




പൂത്ത പൂമരങ്ങൾ 

വെയിൽ ചാഞ്ഞ സായന്തനങ്ങൾ 

ചേക്ക് തേടും പറവകൾ 

കവിൾ ചുവന്ന മേഘകന്യകമാർ 

യാത്രാമൊഴി മറന്ന സൂര്യൻ 

ലജ്ജയാൽ ശോണിമയാർന്ന ചക്രവാളം 

മൂവന്തിയിന്നെത്ര താരുണ്യവതിയെന്നോ?


വ്രീളാവിവശയായ രജനി 

ഇലച്ചാർത്തുകളിലൊളിക്കുന്ന ചന്ദ്രിക 

ഇണയെ തേടുന്ന രാപാടിയുടെ ഗാനം 

പരാഗപരിമളം ചൂടിയ പാരിജാതം

മുടിനിറയെ നക്ഷത്ര പൂക്കൾ 

നിഴലും നിലാവുമിണ ചേരും കുളിർ  

നിശീഥിനിക്കെന്തൊരു ഭംഗിയാണെന്നോ?


മനസ്സിലെ മാന്ത്രികച്ചെപ്പിനുള്ളിൽ 

മഞ്ചാടിമണി പോലെ നൂറു നൂറു സ്വപ്നങ്ങൾ 

പൂക്കളായ പൂക്കൾക്കൊക്കെ നിൻ മുഖം 

പാട്ടായ പാട്ടിനൊക്കെ നിൻ സ്വരം 

ഹൃദയമൊരു മൺവിളക്ക് പോലെ 

നീയോ അതിൽ തെളിയുന്നൊരു നാളവും 

പ്രിയേ; പ്രണയമെത്ര മനോഹരമാണെന്നോ?


മഞ്ഞലഞ്ഞ താഴ്വരയിലൊരു 

ദേവദാരു  പൂക്കുകകയായി 

സ്വരാജതിയും ശ്രുതിപ്പെട്ടിയുമായൊരു 

പൂങ്കുയിലുണർന്നു പാടുകയായി 

ഉഷസ്സൊരു നാട്ടുകന്യകയെ പോൽ 

മന്ദമെൻ സ്വപ്നവീഥിയിലണയുകയായി 

ആ പാദസരനാദത്തിനെത്രയിമ്പമെന്നോ?


മാനം കാണാത്ത മയിൽ പീലി പോലെ 

ഇതായെൻറെ സ്വപ്നവും പ്രണയവും 

മനസ്സിൻറെ ഈ ചുവന്ന താമരയിതളിൽ 

നിനക്കായി ഞാനെൻറെ പ്രണയം കുറിക്കാം 

ഈ പകല്കിനാവിൻറെ പാഴ്‌വരികളെങ്ങിനെയോ 

എൻ മനസ്സിൻറെ മായാവിപഞ്ചികയിലെന്നോ 

താനേ ശ്രുതി ചേർന്നെന്ന് നീയറിന്നുവോ?


അബൂതി      

No comments:

Post a Comment