Sunday, August 1, 2021

വിസ്മൃതിക്ക് ശേഷം!




ഓർമ്മകളോടിയകന്ന മനസ്സിന്നിരുട്ടിൽ 

ഞാനാരെന്ന ചോദ്യവും കൂടുകൂട്ടും! 


കണ്ണിൻറെ കാഴ്ചകൾക്കൊരു പേരിടാനാവാതെ

പ്രണയവും രക്തവും അന്യരാകും! 


ഏകാന്തതയുടെ ഉൾതുരുത്തിലേക്ക് നാം 

പിന്നെയും പിന്നെയും ചുരുട്ടപ്പെടും!


ഭീതിതന്നന്ധകാരപുതപ്പിനുള്ളിൽ നാം 

ആരെയുമറിയാതെ ഒറ്റയാവും!


ഞാനെന്ന ഭാവത്തിൻ അഭ്രപാളിയിൽ നാം

ആരെന്ന ചോദ്യചിഹ്നമാകും!  


സ്നേഹാക്ഷരങ്ങൾ ചാലിച്ച വാക്കുകൾ 

സാര ശൂന്യമായ് മാറ്റപ്പെടും!


വിസ്മൃതി രോഗമായ് മാറുമ്പോൾ മാത്രം 

നമ്മെ നമുക്ക് നഷ്ടമാവും!   


ഓർമ്മകൾ തന്നെ നമ്മളെന്ന് നാം 

ഓർമ്മകളന്യരാവോളമറിയതില്ല!


അന്നോളമീയോർമ്മകളൊക്കെയും നമ്മിലെ 

നമ്മളായ് നമ്മോട് ചേർന്നിരിക്കും!


അന്നോളം നമ്മളോർമ്മകൾ നൽകുമീ  

ദുഃഖങ്ങളോട് പരിഭവം ചൊല്ലും! 


അബൂതി

No comments:

Post a Comment