Tuesday, September 28, 2021

അളിയാ, അങ്ങോട്ടോടണ്ട. അവിടെ പെങ്ങളുണ്ട്‌!



ബഷീറും, കുഞ്ഞാപ്പുവും എല്ലാ അര്‍ത്ഥത്തിലും അളിയനളിയന്‍മാരാണ്‌. ബഷീറിൻറെ പെങ്ങളെ കെട്ടിയത്‌ കുഞ്ഞാപ്പുവും, കുഞ്ഞാപ്പുവിൻറെ പെങ്ങളെ കെട്ടിയത്‌ ബഷീറുമാണ്‌. ഒരു ഒന്നാന്തരം ബാര്‍ട്ടര്‍ കല്ല്യാണം. അക്കഥയിങ്ങനെ!


ബഷീറിൻറെ പെങ്ങള്‍ മൂനീറാബിക്ക്‌ കല്ല്യാണമുണ്ടാവുന്ന ദിവസത്തോളം കാത്തിരിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ വര്‍ഷാവര്‍ഷം വയസ്സങ്ങനെ കൂടിക്കൂടി പതിനെട്ടും കഴിഞ്ഞ് പോയി. മാത്രമല്ല, ആൾക്കത്ര സൗന്ദര്യവും ഉണ്ടായിരുന്നില്ല. അധികം ആകർഷകമല്ലാത്ത ഒരു ശരാശരി മുഖം. നിറമാണെങ്കിൽ കറുപ്പും. കറുപ്പിനേഴഴകുണ്ടെന്നൊക്കെ കവികള്‍ക്ക്‌ പാടാം. പക്ഷെ മുനീറാബിയെ പെണ്ണ് കാണാന്‍ വന്നവരില്‍ കവികളാരും ഇല്ലായിരുന്നു. 


കുഞ്ഞാപ്പുവിൻറെ പെങ്ങൾ ലൈലാബിയുടെ കഥ വേറെയാണ്. അവൾക്ക് കുട്ടിക്കാലത്ത് തോട്ടിലെ വെള്ളത്തിലെന്തോ നിഴലാട്ടം കണ്ട് പേടിച്ചതിൻറെ വക, ചില്ലറ മാനസിക പ്രശ്നമുണ്ടെന്ന് നാട്ടിലെല്ലാർക്കും അറിയാം. ആസ്ഥാന കല്ല്യാണം കലക്കി അലിക്കുട്ട്യാക്കാക്ക്‌ അവൾക്ക് വരുന്ന സകല കല്ല്യാണാലോചനകളിലും മണ്ണെണ്ണയൊഴിക്കാന്‍ ഇതൊരു തരമായി. ആ വകയില്‍ നട്ടുകാര്‍ക്ക്‌ കാണാനായി ആലിക്കുട്ട്യാക്കാൻറെ വീട്ടു മുറ്റത്ത്‌ വന്ന്‌ മാസത്തിലൊരു തവണയെങ്കിലും കുഞ്ഞാപ്പുവും അവൻറെ വീട്ടുകാരും വഴിപാടും നേര്‍ച്ചയുമിട്ട്‌ പോകും. ഒന്നു രണ്ടു തവണ ചെറ്യേ രീതിയിലുള്ള ശാരീരിക വിനോദ പരിപാടികളുമുണ്ടായിട്ടുണ്ട്. 

 

അങ്ങിനെ ബഷീറും കുഞ്ഞാപ്പുവും ഈ പെങ്ങന്മാരെ കെട്ടിച്ചുവിടാതെ സ്വന്തം കല്ല്യാണക്കാര്യം വീട്ടിലോ നാട്ടിലോ മിണ്ടാൻ വയ്യാതെ എടങ്ങേറായി നടക്കുന്ന കാലത്ത്, കുഞ്ഞാപ്പുവിൻറെ മണ്ടയിലാണാ ബുദ്ധി ഉദിച്ചത്‌. ഒരു മാറ്റക്കല്ല്യാണം. 


ലൈലാബി കാണാന്‍ ഐശ്വര്യാ റായിയുടെ ചേലൊന്നുമില്ലെങ്കിലും വല്ല്യ ബറക്കത്തു കേടില്ലാത്തതിനാലും, മുനീറാബി എന്ന കീറാമുട്ടി അങ്ങു മാറിക്കിട്ടുമെന്നതിനാലും ബഷീറിനാ ആലോചന ശരിക്കും ഒരു ഭൂട്ടാന്‍ സൂപ്പര്‍ ബംബര്‍ ലോട്ടറിയായിരുന്നു. ആ സന്തോഷത്തിലവൻ, "ആരെയും ഭാവ ഗായകനാക്കും" എന്ന ഗാനവും പാടി അതിലെയൊക്കെ നടന്നു.


എന്തായാലും കല്ല്യാണം നടന്നു. ഒരു "ബി" അങ്ങോട്ടു പോയപ്പോള്‍ വേറൊരു "ബി" ഇങ്ങോട്ടു വന്ന്‌, അതത് ഭവനങ്ങളില്‍ ഉണ്ടാകാമായിരുന്ന ശൂന്യതയില്ലാതാക്കിയതിൻറെ സന്തോഷത്തിലായിരുന്നു വീടും, വീട്ടുകാരും, നാടും, നാട്ടുകാരും. ഒരൊറ്റ ആള്‍ മാത്രം സങ്കടം കൊണ്ട്‌ നെടു വീര്‍പ്പിട്ടു. ആലിക്കുട്ട്യാക്ക. ഈ കല്ല്യാണം കലക്കാനാവാത്തതിൻറെ വിഷമത്തില്‍ അദ്ദേഹം സദ്യയ്ക്ക് വിളമ്പിയ കുട്ടൻ ബിരിയാണിയുടെ കുട്ടനിത്തിരി മൂപ്പു കൂടുതലാണെന്ന ദൂഷ്യം പറഞ്ഞ്‌ ഒരേമ്പക്കവും വിട്ട്‌ ആത്മനിര്‍വൃതിയടഞ്ഞു!


കാലം കഴിഞ്ഞു. സന്തോഷത്തിനൊട്ടും കുറവില്ലാതെ ഒരു അഞ്ചാറു വര്‍ഷം പിന്നിട്ടു. പ്രസവത്തിൻറെ കാര്യത്തില്‍ മൂന്നു പെറ്റ ലൈലാബിയോടൊരു മത്സരത്തിനു നില്‍ക്കാതെ, മുനീറാബി രണ്ടെണ്ണം മാത്രം പെറ്റു.


ബഷീറ്‌ പെയിന്റിംഗ് പണിയും, കുഞ്ഞാപ്പു വണ്ടിക്കച്ചോടവും സ്ഥലക്കച്ചോടവുംമൊക്കെയായി കഴിഞ്ഞു കൂടുന്നു. നല്ല പോലെ ഒത്തു വരുമ്പോള്‍ ചില കല്ല്യാണങ്ങളൊക്കെ നടത്തിക്കൊടുക്കാറുണ്ട്‌ കുഞ്ഞാപ്പു. ആ വകയിലൊരു കല്ല്യാണം പാപ്പിനിപ്പാറയില്‍ നിന്നും പാണായിയിലേക്ക്‌ നടത്തിക്കൊടുത്തതിൻറെ കൃത്യം മൂന്നാം ദിവസം!


അന്നൊരു ചൊവ്വാഴിച്ചയായിരുന്നു. തലേന്ന് മൂവ്വന്തി നേരത്ത്‌, കിണറ്റിന്‍ കരയിലേക്ക്‌ വെള്ളം കോരാന്‍ പോയ ലൈലാബിയുടെ മുന്നിലേക്ക്‌ ഒരു കറുത്ത പൂച്ച വട്ടം ചാടിയതിൻറെ ഫലമായി അവളൊന്ന്‌ പേടിക്കുകയും, ഒന്ന് നിലവിളിക്കുകയും ചൈതതൊഴിച്ചാല്‍ മറ്റനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. എങ്കിലും ഉറക്കം ശരിയാവാതെ ലൈലാബി തിരിഞ്ഞും മറിഞ്ഞുമൊക്കെ കിടക്കുന്നത്‌ ബഷീര്‍ ഉറക്കത്തിൻറെ മേല്‍ക്കൂരയിലെ നേര്‍ത്ത സുഷിരങ്ങളിലൂടെ കണ്ടിരുന്നു. അതവനൊട്ടു മൈൻഡ് ചെയ്തതുമില്ല! 


അതങ്ങിനെയാണ്‌. കണ്ടകശ്ശനി കുത്താന്‍ വരുമ്പോള്‍ ഓടുന്നതിനു പകരം നാമതിൻറെ കൊമ്പിൻറെ ചന്തവും നോക്കി നില്‍ക്കത്തേയുള്ളൂ!!


കാലത്തെണീറ്റ്‌ പല്ലുതേപ്പും കുളിയും നിസ്കാരവുമൊക്കെ കഴിഞ്ഞ ബഷീറ്‌ ഡൈനിംഗ്‌ ടേബിളിലെത്തിയപ്പോള്‍ മക്കള്‍ മൂന്നു പേരും തള്ള ചത്ത കോഴിക്കുട്ടികളുടെ കൂട്ട്‌, ഒരു മൂലയില്‍ ഒന്നായി ചേര്‍ന്ന്‌ നില്‍ക്കുന്നത് കണ്ടമ്പരന്നു. "എന്താടാ?" എന്ന ചോദ്യത്തിന്‌ മൂത്ത മകൻറെ മറുപടി "ഇമ്മ പറഞ്ഞതാ... ഇവിടിങ്ങിനെ നിന്നോളാൻ." 


അതെന്തിനാപ്പോ അങ്ങിനെ നിക്കാമ്പറഞ്ഞെതന്നു മനസ്സില്‍ ചോദിച്ച ബഷീറ്‌ അടുക്കള ഭാഗത്തേക്ക്‌ നോക്കി വിളിച്ചു.


“ലൈലാബ്യേ... ചായ. ഇജ്ജെന്താടീ കുട്ട്യാളെ മൂലക്കെ ചാര്യ ഒലക്ക മാതിരിങ്ങനെ നിര്‍ത്തീക്ക്ണത്‌?”


അടുക്കള ഭാഗത്ത്‌ നിന്ന്‌ പാദസരത്തിൻറെ കിലുക്കം. ലൈലാബി ഒരു കയ്യിലൊരു പത്രവും, അതിലെ ഭക്ഷണത്തിൻറെ മുകളില്‍ ഒരു ഗ്ലാസും, മറ്റേ കയ്യിലൊരു ഉലക്കയുമായി വന്നു. ആ വരവു കണ്ടപ്പോള്‍ ബഷീറാലോചിച്ചത്‌ "തെന്താപ്പൊരു പുതുമ?" എന്നായിരുന്നു.


പക്ഷെ ശരിക്കും നടുങ്ങിയത്‌ ലൈലാബി കൊണ്ടു വന്ന പാത്രത്തിലെ ഭക്ഷണം കണ്ടിട്ടാണ്. കുറേ ചരല്‍ മണ്ണായിരുന്നു. ഗ്ലാസ്സിലേക്ക് നോക്കിയപ്പോള്‍ കുറച്ച്‌ മണലും. ഇതു സംഗതി വക്കിടിഞ്ഞ കേസാണെന്ന്‌ ബഷീറിൻറെ മനസ്സ്‌ പറഞ്ഞു. അവന്‍ ലൈലാബിയെ ആകെയൊന്നു സൂക്ഷിച്ചു നോക്കി. പാറിയ തലമുടിയും, വശപെശക്‌ കണ്ണുകളും, ഇതു വരെ കഥകളിക്കാര്‍ കണ്ടെത്താത്ത ഭാവങ്ങള്‍ മിന്നിമറയുന്ന മുഖവും ചുണ്ടുകളും, അലങ്കോലമായ വസ്‌ത്രങ്ങളും!


ഇത്‌ കാര്യം തീരെ ശര്യല്ല. ഇത്‌ മിക്കവാറും പൂങ്കളയിലേക്കെടുക്കേണ്ടി വരുമെന്നു തന്നെ ബഷീര്‍ മനസ്സില്‍ കരുതി. ഇന്നലെ മൂവ്വന്തി നേരത്ത്‌ അവളൊന്നു പേടിച്ചിരുന്നല്ലോ എന്നും, കുട്ടിക്കാലത്ത്‌ ഇവളൊന്നു പേടിച്ചതിൻറെ ഫലമായി മാനസിക രോഗമുണ്ടായിരുന്നല്ലോ പടച്ചാനെ എന്നും ഓർത്തപ്പോൾ നേരിയ ഭയമുണ്ടായി. അതിനേക്കാൾ വലിയ ഭയം, അവളുടെ കയ്യിലൊരു ഉലക്കയുണ്ടല്ലോ എന്നോര്‍ത്തപ്പോഴായിരുന്നു.


ഇനി ഞാനെങ്ങാനും ഒലക്ക എന്നു പറഞ്ഞതോണ്ടാണോ പടച്ചോനെ ഇവളി ഒലക്കേം കൊണ്ടു വന്നത്‌ എന്നൊരു ന്യായമായ സംശയവും ബഷീറിനുണ്ടായി.


"ദാ.. മേം തിന്നോളീം..." എന്ന്‌ പറഞ്ഞ് അവളടുത്തു തന്നെ നിന്നു. ബഷീറ്‌ അവളുടെ മുഖത്തേക്കും കഥയറിയതെ നില്‍ക്കുന്ന കുട്ടികളുടെ മുഖത്തേക്കും മാറി മാറി നോക്കി.


"തെന്താ ലൈലാബ്യ അനക്ക്? ഇത്‌ മണ്ണലെ? ഞാനിതെങ്ങെനേ തിന്നാനാ?"


വളരെ ന്യായമായൊരു ചോദ്യം മാത്രമേ ബഷീറ്‌ ചോദിച്ചിട്ടുള്ളൂ. ലൈലാബി ഉലക്കയുമോങ്ങിക്കൊണ്ട്‌ ഒരു സിംഹിണിയെ പോലെ അലറി.


“മര്‍ര്യായ്ക്കത്‌ നക്കിക്കോളിംങ്ങള്‌. അല്ലെങ്കില്‍ ഒലക്കോണ്ട്‌ കുത്തിക്കേറ്റുഞ്ഞാന്‍”.


ൻറെ പടച്ചോനെ ഇത്‌ വല്ല്യ മുസീബത്തായല്ലോ എന്നാലോചിച്ച്‌ ബഷീറ്‌ വണ്ടറടിച്ച്‌ നില്‍ക്കുമ്പോഴാണ്‌, "ഓടിക്കോള്യടാ.. ഇമ്മാക്ക്‌ പിരാന്തായി" എന്നു പറഞ്ഞു മൂത്ത മകനും, പിന്നാലെ ബാക്കിയുളതുങ്ങളും കൂടി ആദ്യം അടുക്കളയിലേക്കും അവിടന്ന്‌ പുറത്തേക്കും ചാടി, കിണറ്റിന്‍ കരയിലെ വാഴക്കൂട്ടത്തില്‍ ഒളിച്ചത്‌.


ഇവിടെ നയപരമായ നീക്കമാണ് നല്ലതെന്ന് മനസ്സിലാക്കിയ ബഷീറ്‌ ലൈലാബിയോട്‌ ഇത്തിരി മയത്തില്‍ പറഞ്ഞു.


"അതേ.. ഞാന്‍ പല്ലു തേച്ചോന്നൊരു സംശയം.. ഇജ്ജിവടെ നിക്ക്‌.. ഞാനിപ്പൊ വരാട്ടൊ...”


ലൈലാബി തുറിച്ചു നോക്കി നിൽക്കെ, ഇനിയും നിന്നാല്‍ അവളെന്തെങ്കിലും പറയും എന്നു മനസ്സിലാക്കി ബഷീറ്‌ കിട്ടിയ തടിയും കൊണ്ടവിടന്നു മെല്ലെ വീടിൻറെ പുറത്തേക്ക്‌ തെന്നി. വെളിയില്‍ വന്ന്, ഇനിയിപ്പോയെന്തു ചെയ്യുമെന്നാലോചിച്ചു നില്‍ക്കുമ്പോഴാണ്‌, ഇടവഴിയില്‍ നിന്നും കലായിയും ചാടിക്കടന്നു വരുന്ന കുഞ്ഞാപ്പുവിനെ കണ്ടത്‌. ഇവനിതെങ്ങിനെയറിഞ്ഞു എന്നാലോചിച്ചു നില്‍ക്കുന്ന ബഷീറിൻറെ അടുത്തേക്ക്‌ പേപട്ടിയെ പോലെ കിതച്ചോടി വരികയാണ്‌ കുഞ്ഞാപ്പു.


ആ ഓട്ടത്തിൻറെ പിന്നില്‍ ബഷീർ കരുതിയ പോലെ, പെങ്ങളുടെ വിവരമറിഞ്ഞോടി വരുന്ന സഹോദര സ്നേഹമായിരുന്നില്ല. വേറൊരു അൽകുൽത്ത് മുസീബത്തായിരുന്നു.


പാപ്പിനിപ്പാറയില്‍ നിന്നും പാണായിയിലേക്ക്‌ കെട്ടിച്ചു വിട്ട നാടന്‍ പെണ്‍ക്കിടാവിന്‌ സ്വന്തം നാട്ടിലൊരു നാടന്‍ ലൈനുള്ള കാര്യം ഗണിച്ചെടുക്കാന്‍ കുഞ്ഞാപ്പു ജോത്സ്യനൊന്നുമല്ലായിരുന്നു. ആ പാവത്തിന്‌ അത്‌ മണത്തറിയാനുള്ള മൂക്കുമില്ലായിരുന്നു.


പെണ്ണ്‌, കെട്ടിയ ചെക്കനെ കൊണ്ട്‌ തന്നെ ഒന്നു തൊടീക്കുക പോലും ചെയ്യാതെ, വീട്ടീന്ന്‌ കൊടുത്ത സ്വര്‍ണത്തിൻറെ പുറത്ത്‌, ചെക്കന്‍ ഹണിമൂണ്‍ ട്രിപ്പടിക്കാന്‍ വച്ചിരുന്ന പൈസയുമെടുത്ത്, നാട്ടിലെ കമുകൻറെ കൂടെ കെട്ടിയോനൊരു കത്തും കുറിച്ചു വച്ച്‌ വളരെ മാന്യമായി നാടു വിട്ടത്, ഇന്നലെ ഏതാണ്ട് ലൈലാബി പേടിച്ച നേരത്താണ്.


ചെക്കന്‌ പണം പോയവിഷമത്തെക്കാൾ കൂടുതൽ, രണ്ടു ദിവസം തൻറെ കയ്യില്‍ കിട്ടിയിട്ടാ പണ്ടാറത്തിനെ കൈവിരലു കൊണ്ടെങ്കിലുമൊന്നു തൊടാന്‍ പോലും പറ്റാത്തതിൻറെ ചൊരുക്കായിരുന്നു. അങ്ങിനെ നേരം പരപരാന്ന്‌ വെളുത്തപ്പോള്‍ ചെക്കനും ചെക്കൻറെ മസിലുള്ള ചില കൂട്ടുകാരും കുടുംബക്കാരും ചേര്‍ന്ന്‌  ഇടനിലക്കാരനായ കുഞ്ഞാപ്പുവിനെ അച്ചാറിടാനെത്തിയപ്പോള്‍, അവരുടെ കയ്യില്‍ നിന്നും സ്വന്തം ജീവനും വാരിക്കൂട്ടി നൂറെ നൂറ്റിപ്പത്തിലോടി വരുന്ന വരവായിരുന്നു അത്. 


ബഷീറിനെന്തെങ്കിലും പറയാനിടം കിട്ടുന്നതിൻറെ മുമ്പ്‌ "ആരു ചോയ്ച്ചാലും ഞാനിവിടുണ്ടെന്നു പറയല്ലേ" എന്നും പറഞ്ഞ് വീടിൻറെ അകത്തേക്കോടുന്ന കുഞ്ഞാപ്പുവിനോട്‌ ബഷീറ്‌ പിന്നില്‍ നിന്നും വിളിച്ചു പറഞ്ഞു. 


"അളിയാ അങ്ങോട്ടോടണ്ട.. അവിടെ പെങ്ങളുണ്ട്‌."


ആരു കേള്‍ക്കാന്‍.. കേട്ടാല്‍ തന്നെ, ൻറെ പെങ്ങളല്ലേ, എന്നേ കുഞ്ഞാപ്പു കരുതൂ. അവൻറെ അപ്പോഴത്തെ കണ്ടീഷനതാണല്ലോ?


അടുക്കള വാതില്‍ വഴി അകത്തേക്ക്‌ ചാടിക്കയറിയ കുഞ്ഞാപ്പു ചെന്നു പെട്ടതോ, ഉലക്കയുമായി ബഷീറിനെ കാത്തിരിക്കുന്ന ലൈലാബിയുടെ മുമ്പില്‍. ചിലരങ്ങിനെയാണ്‌. അടി കിട്ടാനുള്ളിടത്തേക്ക്‌ അങ്ങോട്ട്‌ ചെന്ന്‌ യഥേഷ്ടം വാങ്ങിക്കും.


സംഗതിയുടെ ഗുട്ടന്‍സ്‌ പിടി കിട്ടാതെ വണ്ടറടിച്ചു വീടിൻറെ വെളിയില്‍ നില്‍ക്കുന്ന ബഷീറും, കുഞ്ഞാപ്പുവിനെ ഓടിച്ചു കൊണ്ടു വന്ന ചെക്കനും കൂട്ടരും ഒരുമിച്ചാണ്‌ വീടിൻറെ അകത്തു നിന്നും  മുനിസിപ്പാലിറ്റി സൈറൺ പോലുള്ള കുഞ്ഞാപ്പുവിൻറെ കാറല്‍ കേട്ടത്‌. 


ചെക്കനും കൂട്ടരും കാര്യമൊന്നും മനസ്സിലാവാതെ “തെന്താപ്പ കഥ” എന്നാലോചിക്കുകയായിരുന്നെങ്കിലും ബഷീറിന്‌ ഏകദേശം കാര്യങ്ങളുടെ കിടപ്പു വശമൊക്കെ മനസ്സിലായി. അടുത്ത നിമിഷം വീടിൻറെ  വെളിയിലേക്ക്‌ ചോരയൊലിച്ച്‌ മുഖം മുഴവനും ചുവന്നു പോയ കുഞ്ഞാപ്പു ചാടി വീണു. കഴുത്തിനേറു കൊണ്ട കോഴിയെ പോലെ ഇഷ്ടനൊന്നു വട്ടം കറഞ്ഞി വീട്ടു മുറ്റത്തിൻറെയൊരു കോണില്‍ വീണു.


പിന്നാലെ ഉലക്കയുമായി ചാടി വീണ ലൈലാബിയെ കണ്ട്‌ ബഷീറിനെക്കാള്‍ നടുങ്ങിയത്‌ ചെക്കനും കൂട്ടരുമായിരുന്നു. വീട്ടുമുറ്റത്ത്‌ ബഷീറിനെക്കൂടാതെ ഒരഞ്ചാറ്‌ ഇരകളെ കൂടി വേറെ കണ്ടപ്പോള്‍ ലൈലാബിക്ക്‌ സന്തോഷമായി.


“കൊല്ലുഞ്ഞാന്‍. നായിൻറെ മക്കളെ..” എന്നലറി അവരുടെ അടുത്തേക്ക്‌ ഉലക്കയും ഉയര്‍ത്തിപ്പിടിച്ച്‌ പാഞ്ഞു വന്നതാണവള്‍. വീടിൻറെ കഴുക്കോലില്‍ നിന്നും മുറ്റത്തെ തെങ്ങിലേക്ക്‌ വലിച്ചു കെട്ടിയ അഴയില്‍ തടഞ്ഞ ഉലക്ക, അവളുടെ തലയിലേക്ക്‌ ശക്‌തിയായി വീണു. അതിൻറെ ആഘാതത്തില്‍ അവള്‍ താഴെ വീഴുകയും ചൈതു.


ബഷീറ്‌ രംഗം മുതലാക്കി ലൈലാബിയുടെ മേല്‍ ചാടി വീണു. ഒരു വിധം അവളെ പിടിച്ചൊതുക്കാന്‍ നോക്കി. ലൈലാബിക്ക് നല്ല ആരോഗ്യമുണ്ടായിരുന്നു. അപ്പോഴും സംഗതിയുടെ ഗുട്ടന്‍സ്‌ പിടി കിട്ടാതെ നില്‍ക്കുന്ന ചെക്കനോടും കൂട്ടരോടും ബഷീർ വിളിച്ചു പറഞ്ഞു. 


“കുറുക്കനാമനെ കിട്ട്യാതിരിങ്ങനെ നോക്കി നിക്കാതെ ഒന്നു വന്ന്‌ പിടിക്കിം മൊയ്‍ന്താളെ.”


പെട്രോൾ മാക്സ് കണ്ട തവളകളെ കൂട്ട് കണ്ണും മിഴിച്ചു നിൽക്കുകയായിരുന്ന അവർ പെട്ടെന്ന് ബഷീറിൻറെ കൂടെ കൂടി ലൈലാബിയെ പിടിച്ചൊതുക്കി. അതിനിടയിലാണ് അവരുടെ കൂട്ടത്തിലൊരുത്തൻ മുറ്റത്തൊരു കോണില്‍ ചോരയൊലിപ്പിച്ചു കിടക്കുന്ന കുഞ്ഞാപ്പുവിനെ ശ്രദ്ധിച്ചത്‌.


ആ കിടത്തം കണ്ടപ്പോൾ തന്നെ, ആ ചെങ്ങായിൻറെ കാര്യം പരുങ്ങലിലാണെന്ന്‌ അവർക്ക് മനസ്സിലായി. അങ്ങിനെ അവരും ഓടിക്കൂടിയ നാട്ടുകാരും ചേര്‍ന്ന്‌ കുഞ്ഞാപ്പുവിനേയും വാരിക്കൊണ്ട്‌ അവര്‍ വന്ന ജീപ്പില്‍ ജില്ലാ ആശുപത്രിയിലേക്കോടി. 


ഹൈദറു കാക്കാൻറെ ഉന്തിയാല്‍ മാത്രം സ്റ്റാര്‍ട്ടാവുന്ന ജീപ്പാരൊക്കെയോ കൂടി ഉന്തിസ്റ്റാര്‍ട്ടാക്കി ലൈലാബിയെ അതിലേക്ക്‌ വലിച്ചിട്ട്‌ ബഷീറും ചിലരും കൂടി പൂങ്കളയിലേക്കും പോയി. 


ആശുപത്രിയില്‍ ചെന്ന കുഞ്ഞാപ്പുവിന് രക്‌തം വേണമെന്നും, പാമ്പു കടിക്കാനായി അത് O- ആയതുകൊണ്ടും,  അപ്പോള്‍ അവിടെ ചെക്കനു മാത്രമേ ആ ഗ്രൂപ്പുണ്ടായിരുന്നുള്ളൂ എന്നതു കൊണ്ടും, കൊച്ചു വെളുപ്പാങ്കാലത്ത്‌ തല്ലി കയ്യും കാലുമൊടിക്കാന്‍ വന്ന ചെക്കന്‍ കുഞ്ഞാപ്പുവിന്‌ രക്‌തം കൊടുത്തതാണ്‌, ശരിക്കും പറഞ്ഞാല്‍ ഈ കഥയിലെ ഒരു ഇത്.


ശുഭം 

No comments:

Post a Comment