Wednesday, November 17, 2021

അസർമുല്ല

 



അന്നെൻറെ മുറ്റത്ത് 

അസർമുല്ല പൂത്തപ്പോൾ 

പൂവിന് നിൻ മുഖമായിരുന്നു!

അന്നെൻ മനസ്സിലെ 

പൂങ്കുയിൽ പാടുമ്പോൾ 

പാട്ടിന് നിൻ സ്വരമായിരുന്നു!

അന്നെൻ കിനാവിൻറെ

ശലഭങ്ങൾ നീയെന്ന  

പൂവിനെ ചുറ്റി പറന്നിരുന്നു!

അന്നു ഞാൻ നിന്നിൽ 

നട്ടൊരു ചെമ്പകം 

ഇപ്പോഴും പൂക്കാറുണ്ടോ? 

മഴപെയ്തു തോർന്നിട്ടും 

പെയ്തൊരാ പൂമരം 

ഇന്നു നിന്നോർമ്മയിലുണ്ടോ?

നിന്നീൾ മിഴിയിലെ 

നീലോല്പനത്തിലെൻ 

പ്രേമാർദ്രമധുകരനിന്നുമുണ്ടോ?  

കളിവാക്ക് കേൾക്കുമ്പോൾ   

ഇണങ്ങാൻ പിണങ്ങുന്ന  

അനുരാഗക്കലഹത്തിൻ പാൽക്കിണം;

മനസിലെ കുളിരാറ്റിൽ 

നീരാടി രസിച്ചൊരാ 

മാസ്മര പ്രായത്തിൻ  ലാസ്യഭാവം;

പൂനിറം പോരാഞ്ഞ് 

നിൻ കവിൾ ശോണിമ 

ചാലിച്ചൊരുക്കിയ താരുണ്യവും;

ഓർമ്മകൾ പെയ്യുമെൻ 

മനസ്സിലിന്നോളം 

നീയെന്ന മോഹമുറങ്ങിയില്ല!

സാഗര നീലിമ  

നീന്തിയണഞ്ഞൊരാ  

പാല്നിലാ പുഞ്ചിരി മറന്നതില്ലാ!

പ്രിയവരമെഴുതിയ 

കവിതയിലെൻ പ്രിയേ 

അറിയാതെ നീമാത്രം നിറഞ്ഞു!

No comments:

Post a Comment