Tuesday, May 31, 2022

പരിണാമങ്ങളിലൂടെ!



ഓർമ്മകളുടെ വസന്തപുസ്തകത്തിലെ പവിഴമല്ലിക്ക് അവളുടെ മുഖമായിരുന്നു. കല്പനയുടെ മുല്ലക്കാവിലെ ദേവത. സ്വപ്നങ്ങളുടെ അഭ്രപാളിയിൽ വസന്തവർണ്ണങ്ങളാൽ ചിത്രങ്ങളെഴുതിയവൾ. പകല്കിനാവിലെ രാജകുമാരി!


എന്ന്, എപ്പോൾ, എങ്ങിനെ എന്നീ ചോദ്യങ്ങൾ അപ്രസക്തമാണ്. മനസ്സിലേക്കവൾ മന്ദം മന്ദം കടന്നുവന്നത്, സ്കൂൾ വരാന്തയിൽ നിന്നാണ്.  തിരിച്ചറിയാനാവാത്ത പ്രായത്തിൽ തന്നെ.


ഇടിച്ചുകയറി മിണ്ടാനും, കൂട്ടുകൂടാനും ആവതില്ലാത്തൊരു അന്തർമുഖനായിരുന്നു ഞാൻ. എന്നിട്ടും അവളോട് മിണ്ടാനും കൂട്ടു കൂടാനും വഴികൾ കണ്ടെത്തി. സമയവും.  


സ്കൂളിൽ നിന്നും വീട്ടിലേക്ക് ഒരുപാട് വഴികളുണ്ടായിരുന്നു. അതിലേറ്റവും വളഞ്ഞതും ദീർഘമായതും അവളുടെ വീടിൻറെ അടുത്തു കൂടിയുള്ളതായിരുന്നു. എന്നിട്ടും ആ വഴിയാണ് ഞാനേറെയിഷ്ടപ്പെട്ടത്. സൗഹൃദത്തിൻറെ ചില വെള്ളിരേഖകൾ എപ്പോഴൊക്കെയോ മാനത്ത് തെളിഞ്ഞു. അതിൽ പങ്കുവെക്കപ്പെട്ട മിഠായികളുടെ മധുരവും, ചെമ്പകപ്പൂക്കളുടെയും ഇലഞ്ഞിപ്പൂക്കളുടെയും മണവുമുണ്ടായിരുന്നു. 


കുഞ്ഞുതാമശകളും വഴക്കുകളുമൊക്കെയായി എത്ര പെട്ടെന്നാണ് സ്കൂൾകാലം ഓടിപ്പോയത്. ഒരായിരം വട്ടം അവളോട് പറയാനൊരുങ്ങിയിട്ടും പറയാനാവാതെ പോയ ഇഷ്ടമെന്ന വാക്ക്, നെഞ്ചിൽ ചുട്ടുപഴുത്തു നിന്നു. 


യാത്രാമൊഴിപോലും നൽകാതെ ആൾക്കൂട്ടത്തിലേക്കവൾ അലിഞ്ഞില്ലാതാവുന്നത് വെറുതെ നോക്കിനിന്നു. എങ്കിലും മറക്കുവാനരുതാത്തൊരിഷ്ടം ഉള്ളിലിരുന്ന് പതം പറഞ്ഞു. മറക്കാനാവില്ലെന്ന്. പരസ്പരം പങ്കുവെച്ച ചില നിമിഷങ്ങളെങ്കിലും, മധുരമെങ്കിലും, പൂമണമെങ്കിലും അവളിൽ മായാതെ, മങ്ങാതെ നിൽക്കും. ഈ ജീവവീഥിലെ ഏതെങ്കിലുമൊരു വഴിയമ്പലത്തിൽ ഞങ്ങൾ കണ്ടുമുട്ടാതിരിക്കില്ല.  അന്നവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് രണ്ടു നക്ഷത്രങ്ങളാവാതിരിക്കില്ല. അതായിരുന്നു സ്വപ്നത്തിൻറെ പരിണാമം.


ഒരു ഓട്ടോഗ്രാഫിലവളുടെ കയ്യക്ഷരം വാങ്ങിച്ചെടുക്കാൻ പോലും സമ്മതിക്കാത്ത ദാരിദ്ര്യം, എന്നെ നഗരവീഥിയിലെത്തിച്ചു. ഒരിക്കൽ തലയിലൊരു കുട്ട മധുരനാരങ്ങയുമായി റോഡരികിലൂടെ നടക്കുമ്പോൾ, അവൾ എതിരെ വരുന്നത് കണ്ട ഞാനെന്തിനായിരുന്നു മുഖം തിരിച്ചതെന്ന് ഇന്നുമറിയില്ല.  അത്തരം ഒളിക്കലുകൾ പിന്നെയും നടന്നു. ഭീരുവായിരുന്നു ഞാനെന്ന് മാത്രം എനിക്ക് നന്നായറിയാം.


ജീവിതത്തിൻറെ യാത്ര വിചിത്രമായ വഴികളിലൂടെയായിരുന്നു. കടൽ കടന്ന ജീവിതം മണൽക്കാട്ടിൽ കൂട് കൂട്ടി. വർഷങ്ങളുടെ മലവെള്ളപ്പാച്ചിലിന്, അവളെ  ഉള്ളിൽ നിന്നൊഴുക്കിക്കളയാനായില്ല. 


പതിറ്റാണ്ടുകൾക്ക് ശേഷവും നഗരത്തിലെ ഏതൊരാൾക്കൂട്ടത്തിലും ഞാനാ മുഖം തിരഞ്ഞു. കണ്ടെത്താനായില്ല. ഒരിക്കൽ കാണുമെന്നും. ആ കൂടിക്കാഴ്ച ഞങ്ങൾക്കൊത്തിരി സന്തോഷം നൽകുമെന്നും വെറുതെ ആശിച്ചു. മറക്കുവാനരുതാത്തൊരു സ്വപ്നത്തിൻറെ പാഥേയമായി, ആയൊരാശയെങ്കിലും ബാക്കി വേണമായിരുന്നെനിക്ക്.


ഫെയ്‌സ്ബുക്കിൽ അക്കൗണ്ട് തുറന്ന അന്നുമുതൽ ഞാനവളുടെ പേര് തിരിച്ചും മറിച്ചും തിരഞ്ഞുനോക്കി. ഫലമൊന്നും കിട്ടിയില്ല. എങ്കിലും ഞാൻ അന്വേഷിച്ചുകൊണ്ടിരുന്നു. ഒരിക്കൽ കൂടെ പഠിച്ചൊരു കൂട്ടുകാരനെ അവിചാരിതമായി കണ്ടു. അങ്ങിനെ വർഷങ്ങൾക്ക് ശേഷം അവളെക്കുറിച്ചറിഞ്ഞു. 


ഞാനവളെത്തിരഞ്ഞലഞ്ഞ അതേ നഗരത്തിൽ, സ്വന്തമായൊരു സ്ഥാപനവുമായി അവളുണ്ട്. മനസ്സ് വല്ലാത്തൊരു അവസ്ഥയിൽ തുടിച്ചു. ഒന്ന് കാണാൻ, സംസാരിക്കാൻ ഒരവസരമുണ്ടല്ലോ. ഇല്ലാത്ത കാരണമുണ്ടാക്കി ജോലിസ്ഥലത്ത് നിന്നും നാട്ടിലേക്ക് വിമാനം കയറി. 


മനസ്സ് പിടയുകയായിരുന്നു. കാണുമ്പോൾ അവൾ തിരിച്ചറിയുമോ?  ഒറ്റനോട്ടത്തിലെന്തായാലുമില്ല. പതിറ്റാണ്ടുകളുടെ വെട്ടിത്തിരുത്തലുകൾ കഴിഞ്ഞ ഉടൽ അവളെങ്ങിനെ തിരിച്ചറിയാൻ? എന്നാലും അവൾക്കെന്നെ ഓർമ്മയുണ്ടാവും. ജീവിതത്തിൽ ഇടയ്‌ക്കിടെയെങ്കിലും അവൾക്കെന്നെ ഓർക്കാതിരിക്കാനാവുമോ?


അവളൊരുപാട് മാറിയിരിക്കുന്നു. ശരീരം കൊണ്ട് മാത്രമല്ല. മനസ്സ് കൊണ്ടും. അവളുടെ കണ്ണുകളിലെ ആ പ്രകാശമൊക്കെ എവിടെയാണ് കളഞ്ഞു പോയതാവോ?


പരിചയമുണ്ടോ എന്ന ചോദ്യത്തിലേക്കവൾ അപരിചിതത്വത്തിൻറെ കൂർത്ത നോട്ടമെറിഞ്ഞു. സ്കൂളിൽ കൂടെ പഠിച്ചതാനെന്ന് പറഞ്ഞപ്പോൾ, പ്രയാസപ്പെട്ടവൾ ഓർത്തെടുത്ത നാലഞ്ചു പേരുകളിലെൻറെ പേരിലായിരുന്നു. അവസാനം മുഷിച്ച ശബ്ദം. ഓർക്കുന്നില്ല. സമയം കളയാതെ ആരാണെന്ന് പറയൂ. 


ഒരു പേരുകൊണ്ടവൾ എന്നെ ഓർത്തെടുക്കുമെന്നും, ആ ഓർമ്മകൾ അവളെ അത്ഭുതപ്പെടുത്തുമെന്നും സന്തോഷിപ്പിക്കുമെന്നും വെറുതെ ആശിച്ചു. ഒരു പിടി ചെമ്പകപ്പൂക്കളും, ഇലഞ്ഞിപ്പൂക്കളുമൊക്കെ മനസ്സിൽ സുഗന്ധം പരത്തി. 


ഇല്ല. ഒന്നുമുണ്ടായില്ല. തുരുമ്പെടുത്ത ഓർമ്മയിൽ നിന്നവൾ വളരെ പ്രയാസപ്പെട്ടാവണം എന്നെ തിരിച്ചറിഞ്ഞത്. ആ... മനസ്സിലായി. എന്തൊക്കെയുണ്ട് വിശേഷങ്ങൾ? എന്ത് ചെയ്യുന്നു? 


അതിനേക്കാൾ മുഷിപ്പുളവാക്കിയതൊന്നും, നിർവികാരമായതൊന്നും, നിസ്സംഗമായതൊന്നും,  ഞാനിന്നോളം കേട്ടിട്ടില്ല. എത്ര കുറഞ്ഞ വാക്കുകൾകൊണ്ടവളെന്നെ വെറുമൊരന്യനാക്കി. ഇത്രമാത്രം ജീവനില്ലാത്ത ഓർമ്മകളാണോ ഞാനവൾക്ക് നൽകിയത്? ആയിരിക്കും. അവളുടെ ഓർമ്മയിലെവിടെയും ഞാനില്ല. എൻറെ ചെമ്പകപ്പൂക്കളില്ല. ഇലഞ്ഞിപ്പൂക്കളില്ല. മിഠായി മധുരമില്ല. ആ ഓർമ്മയുടെ അടയാളങ്ങളൊന്നുമില്ല. ഒന്നും.


സുഖമായിരിക്കുന്നു. നീയിവിടെയുണ്ടെന്നറിഞ്ഞപ്പോൾ ഒന്ന് കാണണമെന്ന് തോന്നി ചുമ്മാ വന്നതാണ്. നിൻറെ പണി നടക്കട്ടെ. കണ്ടതിൽ സന്തോഷം.


ഞാനും വാക്കുകൾക്ക് വല്ലാതെ പിശുക്കി. മനസ്സിലെ ചെമ്പകപ്പൂക്കളും ഇലഞ്ഞിപ്പൂക്കളും വാടിക്കരിഞ്ഞ് ചാരമായി. തിരികെ മടങ്ങുമ്പോൾ എന്തിനെന്നറിയാതെ ഒന്ന് തിരിഞ്ഞു നോക്കി. അവൾ വെറുതെ നോക്കി നിൽക്കുന്നു.


ഇന്നവളുടെയടുത്ത് ഏതോ ഒരപരിചിതൻ വന്നു. അയാൾ പോകുന്നു. അത്ര മാത്രം. അത്ര മാത്രമേ ആ മുഖത്തെനിക്ക് വായിച്ചെടുക്കാനായുള്ളൂ.


എൻറെ ചുണ്ടിലൊരു തമാശയുടെ വരണ്ട പുഞ്ചിരി വിടർന്നു. നമ്മുടെ ഉള്ളിൽ നമുക്ക് ഏറെ പ്രിയപ്പെട്ടവരായിരിക്കുന്നവരിൽ പലർക്കും നമ്മളാരുമായിരിക്കില്ല എന്നതിനേക്കാൾ വലിയ തമാശയെന്താണ്. പരിഹാസം കലർന്നൊരു നെടുവീർപ്പ് നെഞ്ചിൽ നിന്നകന്നു. കൂടെ പൂമണമുള്ളൊരു പിടി ഓർമ്മയും, ഒരു കിനാവിൻറെ വസന്ത വർണ്ണങ്ങളും.


ജാലകത്തിലൂടെ വെറുതെ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു ഞാൻ. ഒരു തെങ്ങോലത്തുമ്പത്തിരിക്കുന്ന പെൺകിളിയെ ആകർഷിക്കാനായി ചിറകുകൾ വിടർത്തിപ്പിടിച്ചും കൂട്ടിപ്പിടിച്ചും പലവിധ ശബ്ദങ്ങളുണ്ടാക്കുന്ന ആൺകിളിയിലെൻറെ നോട്ടം തങ്ങിനിന്നു. 


ജീവിതം പകുത്തവൾ കാലൊച്ച കേൾപ്പിക്കാതെ വന്നെന്നെ വട്ടം പിടിച്ചു. ചൂടുള്ള ശ്വാസമെൻറെ മുതുകിൽ വീണപ്പോൾ ഒരു രോമഹർഷത്തോടെ തിരിഞ്ഞു നിന്നു. 


ഊം....? കുസൃതി നിറഞ്ഞൊരു മൂളൽ. ഒന്നുമില്ലെന്ന് കണ്ണടച്ച് കാണിച്ചു. സുഹൃത്തിനെ കണ്ടുവോ?  ഞാൻ തലകുലുക്കിക്കൊണ്ട് മന്ത്രിച്ചു. ഓർത്തിരിക്കാൻ വേണ്ടതൊന്നും ഞങ്ങൾ കൈമാറിയിരുന്നില്ല. അതുകൊണ്ട് ഓർമ്മകളൊന്നുമില്ലാത്തിടത്തു നിന്നും ഞാനോടി രക്ഷപ്പെട്ടു.


അവളൊന്നു പുഞ്ചിരിച്ചു. അതേയ്... ബന്ധങ്ങളായാലും ഓർമ്മകളായാലും ഇടയ്ക്കിടെ നനച്ചുകൊടുത്തില്ലെങ്കിൽ ഉണങ്ങിപ്പോകും. 


ഞാനൊന്ന് മൂളി.  പിന്നെ അവളെ എന്നിലേക്ക് ചേർത്തുക്കൊണ്ട് പറഞ്ഞു. സ്വയം നനയുന്ന ചില ബന്ധങ്ങളുണ്ടെടോ. ഇല്ലേ? 


അവളൊന്നും പറഞ്ഞില്ല. മെല്ലെയെൻറെ നെഞ്ചിലേക്ക് മുഖം ചേർത്തു. ഞങ്ങളുടെ മുറിക്ക് പുറത്ത് നിന്നും മോളുടെ കലപില കേട്ടപ്പോൾ അവൾ മെല്ലെ അകന്നു. ഞാൻ വീണ്ടും പുറത്തേയ്ക്ക് കണ്ണുകൾ നീട്ടി. ഇപ്പോൾ കിളികൾ  പരസ്പരം കൊക്കുരുമ്മുകയായിരുന്നു.


ശുഭം.  

No comments:

Post a Comment