Monday, May 16, 2022

ഏക ശലഭം!


 


പിരിയുവാൻ മടിച്ചന്യോന്യം 

കോർത്ത വിരലുകൾ മെല്ലെ 

പിടഞ്ഞകലവേ,യറ്റുപോയ

യാത്രാമൊഴിയുടെ രക്തധാര, 

ഇനിയുമീ കണ്ണിൽ വറ്റിയില്ലാ!


നിന്നെ തേടിയലഞ്ഞ കണ്ണുകളും

മോഹിച്ചു കാത്തിരുന്ന മനസ്സും,

സ്വപ്‌നങ്ങൾ പോലുമന്യമായി, 

യിന്നൊരു വഴിയമ്പലത്തിൽ 

ചുരുണ്ടുകൂടിയുറങ്ങുന്നു സഖേ!


ഓർമ്മച്ചൂള പുകയുന്ന മനസ്സിൽ 

നീയെന്ന മായാമയൂരമാടവേ, 

നിൻറെ നൂപുരത്താളത്തിൽ, 

ഇനി ഞാനുറങ്ങട്ടെയൊരു തുണ്ട് 

രാവ് ബാക്കിയുണ്ടീ ജീവനിൽ!


നിൻറെയോർമ്മമരമുലയവേ

യടരുമൊരു ദളം മാത്രമാണോ;

ഞാനെങ്കിലുമെന്നിലാകെയും  

നിറഞ്ഞു നിൽക്കയാണിന്നും, 

നിന്നാർദ്ര രതിനിശ്വാസങ്ങൾ!


ഓർക്കുക വല്ലപ്പോഴുമെന്നെ നീ

നിനക്കോർമ്മിക്കുവാൻ മാത്രം 

ഒരു കുഞ്ഞുകവിത നിന്നുള്ളിൽ 

കോറിക്കടന്നു പോവുന്നു ഞാനീ  

മണൽ വീഥിയിലേക ശലഭമായ്! 


ശുഭം  

No comments:

Post a Comment