Friday, June 24, 2022

നിഷാദൻ



  

കാനൽ വീണിതളടർന്നൊരു 

കാനനപ്പൂവിൻറെയുള്ളിൽ, 

കനവായ് നുരഞ്ഞ കവിത മൂളി

കാടാകെയലഞ്ഞ നിഷാദൻ;

കാതോർത്തു കാതോർത്തു 

കാലമേറേക്കാത്തിരുന്നിട്ടും, 

കേട്ടതില്ലേറെ കേൾക്കാൻ 

കൊതിച്ചൊരാ കളഗാനം!


ഹരിതലതകൾ നടനമാടും

പവനഗാനമുണരും രജനികൾ

തഴുകിത്തലോടിപ്പോകവേ;

പ്രേമോന്മാദ ഗായകനേകനായ്  

കൽപ്പനാവനിയിലാകെപ്പാടി- 

യലഞ്ഞിടുന്നുണ്ടെന്നും തൻ 

പ്രേമോദാത്ത ലോലഗാത്രിയാം 

കാമിനിക്കുള്ള പാട്ടുമായ്!


ചൊടികളിൽ തേൻതൊട്ട 

മൃദുചുംബനത്തിന്നാർദ്രമാം  

ഹർഷപുളകങ്ങൾ പൂക്കുമുട-

ലിലുണർന്നാടിടുന്നുണ്ടൊരു, 

സുഖദസംഗമത്തിന്നോർമ്മക-

ളൊരേകാന്തദ്വിജകൂജനമ്പോ-   

ലുണണർത്തു പാട്ടിന്നീണമായ്! 


വാസരസ്വപ്ന വനവീഥിയാകെയും   

വസന്തം തേടിയ നിഷാദമാറിൽ,

വിരഹാഗ്നിയെരിഞ്ഞുപൊള്ളിയ 

വടുവൊരു ശ്രീവത്സമായ് മാറി!

വിരഹഗാന വീചികൾ കേട്ടുണർന്ന

വനമലരുകൾ തേൻ ചുരത്തി;

വനവീഥിയിലാകെയുന്മാദ 

വസന്തനൂപുരം കിലുങ്ങയായ്! 


അബൂതി 

No comments:

Post a Comment