Sunday, July 17, 2022

സ്മാരകശിലകൾ




ഞാനിവിടെയുണ്ടായിരുന്നു.

പതറിപ്പകച്ച കുഞ്ഞിനെ പോൽ!

വാക്കുകൾ ചത്തൊടിങ്ങിയ 

മനസ്സിൻറെ രണഭൂവിലിനിയും,

വീഴാതെ നിൽക്കുന്നൊരേകാന്ത 

സ്വപ്നത്തിൻറെ പോര് പോൽ!


നീ നീട്ടിയ മന്ദസ്മിതത്തിൻറെ 

മയില്പീലി തൻ വർണ്ണങ്ങൾ 

കടംകൊണ്ട സ്വപ്നങ്ങളുമായി,

നിന്നോർമ്മകൾക്കന്യനായ്,

നിൻറെ സ്മൃതിമണ്ഡപത്തിൻറെ 

മുന്നിലൊരജ്ഞാതനെപ്പോൽ!


വിടപറഞ്ഞകലാനൊരുങ്ങാത്ത,  

മോഹമൊരു ശിലയായിരുന്നു!

കാലപ്രവാഹപ്പ്രഹരത്തിനൊന്നും  

പറിച്ചെറിയാനാവാത്ത ശില!


ഇപ്പോൾ വെയിലറ്റിരിക്കുന്നു;

ഇരുൾ വീണിരിക്കുന്നു.         

ഇനിയൊരു യാത്രാമൊഴിയെന്തിന്?

മായുമീ നിഴലിൻറെ കൂടെ 

ഞാനും മാഞ്ഞുപോവില്ലേ മൂകം!


നിന്നിൽ മഞ്ഞുപെയ്യിക്കാതെ 

കടന്നുപോയൊരെൻ വാക്കുകൾ, 

ഇനിയിവിടെയെൻറെ 

സ്മാരകശിലകളാവട്ടെ!


ഒരുനാളിലെന്നിലേക്ക് 

മടങ്ങുകിലവ നിനക്കായ്, 

എന്നെയടയാളപ്പെടുത്തട്ടെ! 


നേദിക്കാനാവാത്ത പുഷ്പങ്ങളാൽ;

എൻറെ വാടിയ സ്വപ്നങ്ങളാൽ;

ഞാനാ ശിലകളെയലങ്കരിക്കാം.

നിനക്കവ വേഗം തിരിച്ചറിയാനാവും!


പ്രയാസമൊട്ടുമേൽക്കാതെ 

നിനക്കന്നവ തിരിച്ചറിയാനാവും.

എൻറെ സ്മാരകശിലകളെ!

-End-

No comments:

Post a Comment