Tuesday, February 13, 2024

മോഹം!




നിൻറെ മൗനസാഗരത്തിൽ 

മുങ്ങിപ്പോയൊരെൻ 

ഭ്രാന്തിൻറെ പേരാണ് പ്രണയം!.

ആർദ്രനിലാവുള്ള രാവുകളും  

എൻറെ കിനാവീഥികളിൽ 

പൂത്തു നിന്ന രാഗന്ധികളും

എൻറെ മനസ്സിൽ നിൻറെ 

ഈറൻ മാറിടം വരയ്ക്കുന്നു!

ചുംബനം തേടിയ നിന്നധരവും 

പുണരാൻ കൊതിച്ച ഹൃദയവും

ഇന്നുമോർമ്മയുടെ   വരവീണ മീട്ടുന്നു!

കൊതിക്കയാണിന്നും ഞാൻ;

നീൾമിഴികളിൽ നീയൊളിപ്പിച്ച 

നിൻറെ പ്രണയത്തിൻറെ 

മാന്ത്രികചെപ്പിലൊരു മുത്തായ്‌ 

ഞാനൊന്നുകൂടി പുനർജനിച്ചെങ്കിൽ!

കാട്ടുകുതിരയെ പോലോടുമീ 

സമയസാഗരത്തിൻ്റെ തിരപ്പ്രഹരങ്ങൾ 

എൻറെ യൗവ്വനം ചെത്തിക്കളഞ്ഞിട്ടും 

മനസ്സിലൊരു കടിഞ്ഞാണില്ലാത്ത 

മോഹം നിന്നെയോർത്തു ചിനക്കുന്നു!

ഒരിക്കലീ പുൽമേടിൽ 

നമുക്കായി വസന്തം വരും

പൂക്കളും പൂമ്പാറ്റകളും 

നമുക്കിടയിൽ നമുക്ക് വേണ്ടി 

പരസ്പരം പ്രണയത്തെ കുറിച്ച് പാടും!

 

അബൂതി 

No comments:

Post a Comment