Thursday, September 27, 2018

ഉറവ തേടുന്ന സ്വപ്നങ്ങൾ




ദിവസങ്ങൾ ഇരുപതായിരിക്കുന്നു ഈ നടത്തം. അവളുടെ പതറിയ നോട്ടം വരണ്ട ഭൂമിയുടെ അക്കരേയ്ക്ക് ഇഴഞ്ഞു നീങ്ങി. അറ്റം കാണുന്നില്ല. തിരിഞ്ഞു നോക്കി. അവിടെയും അറ്റമില്ല. എത്ര കാതം നടന്നു? അറിയില്ല. ഇനിയെത്ര നടക്കണം? അതും അറിയില്ല.  ഒന്നറിയാം. ഈ മരുഭൂമിക്കപ്പുറം, സങ്കല്പിക്കാൻ പോലുമാവാത്തത്ര ദൂരെ, അവരുണ്ട്. അത്ഭുത മനുഷ്യർ. അവരെ തേടി കണ്ടെത്തുക. അതാണ് ലക്ഷ്യം. ഗ്രാമത്തിലെ  അവസാനത്തെ ആളും മരിച്ചു വീഴുന്നതിൻറെ മുൻപെങ്കിലും  അതിനാവണം. 

വരൾച്ചയുടെ ചുട്ടുപഴുത്ത നാവ് നക്ഷത്ര കിണറും നക്കിത്തുടച്ചു. ഗ്രാമത്തിലെ ആരുടെ ഓർമയിലും അത് വറ്റിയിട്ടില്ല. വറുതിയുടെ കാലങ്ങളിൽ പോലും അവസാനത്തെ ഉറവ നീറിപ്പൊടിഞ്ഞു നിൽക്കും. ആ കിണറായിരുന്നു ഗ്രാമത്തിൻറെ ഹൃദയം. അതിനെ അവരെല്ലാം വിളിച്ചിരുന്നത് നക്ഷത്ര കിണർ എന്നാണ്. ലോകാരംഭം മുതൽക്കേ അതവിടെ ഉണ്ടത്രേ. പക്ഷെ ഈ വരൾച്ചയിൽ അതും ചത്തു പോയി.

വെള്ളം ശേഖരിച്ചു വച്ച വലിയ മരവീപ്പയുടെ അരികിൽ അവരൊത്തു കൂടി. കൂട്ടത്തിൽ ഏറ്റവും പ്രായം കൂടിയ ആൾ ദുർബലനായിരുന്നു. ശോഷിച്ച ശരീരത്തിൻറെ പുറത്തേക്ക് ചാടാൻ വെമ്പി നിൽക്കുന്ന അസ്ഥികളുള്ള അയാളായിരുന്നു ഗ്രാമമുഖ്യൻ. കിണർ പോലെ കുഴിഞ്ഞ കണ്ണുകളുള്ള അയാൾ പറഞ്ഞു. 

ഇനിയൊരു ഇരുപതോ അതിനടുത്ത ദിവസങ്ങൾക്കോ ഉള്ള വെള്ളമെ ഉണ്ടാവൂ.  അതും കുടിക്കാൻ മാത്രം. ഈ വരൾച്ച എല്ലാ ഗ്രാമങ്ങളെയും ഉണക്കിക്കളഞ്ഞിരിക്കുന്നു. പടിഞ്ഞാറുള്ള മരുഭൂമി കടന്നാൽ, അവിടെ അത്ഭുത മനുഷ്യരുണ്ട്. അവർ നമ്മളെ സഹായിക്കും. ആരെങ്കിലും ഈ മരുഭൂമി മുറിച്ചു കടക്കണം. അല്ലെങ്കിൽ എല്ലാരും മരിക്കും. ആര് പോകും?
  
അവർക്ക് യാത്ര പോകേണ്ടി വരാറില്ല. ഗ്രാമത്തിലെ ആവതുള്ളവരെല്ലാം കൂടി കൃഷി ചെയ്യും. പയർ , വെണ്ട, യവം, വാഴ എന്നിവ. ആണുങ്ങൾ ഉടുമ്പുകൾ, മുയലുകൾ, കാട്ടുകോഴികൾ എന്നിവയെയൊക്കെ നായാടിപ്പിടിക്കും. കുട്ടികൾ ചെറു കിളികളെയും. വെറുതെ ഉണ്ടാവുന്ന വെള്ളക്കിഴങ്ങുകൾ മാന്തിയെടുക്കുന്നതും കുട്ടികളാണ്. എല്ലാം എല്ലാവർക്കും പങ്കുള്ളതാണ്.  എത്ര വലിയ അസുഖം വന്നാലും; ഒന്നുകിൽ അവരുടെ മരുന്നുകൾ കൊണ്ട് മാറുക. അല്ലെങ്കിൽ ആളെ കൊല്ലുക. അസുഖത്തിന് വേറെ വഴിയൊന്നുമില്ല. പരസ്പരം ശണ്ഠയുണ്ടായാൽ ഗ്രാമമുഖ്യൻറെ തീർപ്പ് വരെ അത് നീണ്ടേക്കാം. അതിനപ്പുറം പോവില്ല. ഒരസ്തമയത്തിൻറെ അപ്പുറത്തേക്ക് പിണക്കങ്ങൾക്ക് ആയുസില്ല. അവ വീർപ്പ് മുട്ടി ചത്ത് പോകും. 

അന്യരെ വളരെ അപൂർവമായേ കാണാറുള്ളൂ. കിഴക്ക് ദൂരങ്ങളിൽ വേറെയും ഗ്രാമങ്ങളുണ്ട്. വല്ലപ്പോഴും അവരിൽ ആരെങ്കിലും വരും. അത്യാവശ്യം ഉള്ളപ്പോൾ മാത്രം ഗ്രാമമുഖ്യനോ, അദ്ദേഹം ചുമതലപ്പെടുത്തുന്ന ആളോ അങ്ങോട്ട് പോകും.  ദിവസങ്ങളുടെ സഞ്ചാര ദൂരമുണ്ട് ഗ്രാമങ്ങൾക്കിടയിൽ. അവർ നടത്തുന്ന വലിയ യാത്ര അത് മാത്രമാണ്. 

പടിഞ്ഞാറ് ഭാഗത്ത് നിന്ന് അപൂർവം ചിലപ്പോൾ അത്ഭുത മനുഷ്യർ വരും. ഉരുണ്ട കാലുകളുള്ള, വല്ലാതെ നിലവിളിക്കുന്ന, ശ്വസിക്കാത്ത ജീവികളുടെ അകത്തും പുറത്തുമായി. അവർ കണ്ണിനു കൗതുകമുള്ളതും വെളിച്ചത്തിന് തിളക്കമുള്ളതുമായ സാധനങ്ങൾ കൊണ്ട് വരും. ചിലപ്പോഴൊക്കെ അതിൽ തിന്നുന്നതും ഉണ്ടാകും. ആവശ്യമുള്ളവർക്ക് അവർ അതെല്ലാം തരും. പിന്നെ മറ്റു ഗ്രാമങ്ങളിലേക്ക് പോകും. കുട്ടികൾ അവർ വരുന്നതും കാത്തിരിക്കാറുണ്ട്. സ്ത്രീകളും. 

ആളുകൾക്കിടയിൽ നിന്നും പിറുപിറുക്കലുയർന്നു. എങ്ങിനെ ഉയരാതിരിക്കും? പടിഞ്ഞാറുള്ള മരുഭൂമി വിലക്കപ്പെട്ട ഭൂമിയാണ്. ആത്മാവുകൾ നഷ്ടപ്പെട്ട കുറ്റിച്ചെടികളുടെ ഉണങ്ങിയ കമ്പുകൾ ചെറുകാറ്റിൽ വിറച്ചു നിൽക്കുന്നത് എങ്ങും കാണാം. ഉണങ്ങിനുരുമ്പിയ ഉണ്ടപ്പുല്ലുകൾക്കിടയിൽ ഇഴയാതെ മരണത്തിന് അടയിരിക്കുന്ന സർപ്പങ്ങളുണ്ട്. ചെന്നായ്ക്കളും കഴുതപ്പുലിയും കഴുകനും ജീവനറ്റ് പോകുന്നതിൻറെ മുൻപേ പിടച്ചിൽ നിന്ന ശരീരങ്ങൾ തിന്ന് തുടങ്ങും. അങ്ങിനെയുള്ള മരുഭൂമി കടന്നാരാണ് പോവുക? ആരെങ്കിലും ഇന്നോളം അതിൻറെ അറ്റം കണ്ടിട്ടുണ്ടോ? ആരുമില്ല!

പക്ഷെ ഇന്ന് ആരെങ്കിലും പോയല്ലേ പറ്റൂ. ആരാണ് പോവുക? അവരുടെ മിഴികൾ പരസ്പരം പരതി നടന്നു. അവസാനം അതെല്ലാം അവളിൽ ചെന്ന് നിന്നു. അവൾ കണ്ടു. തന്നിലേക്ക് തിരിഞ്ഞ കണ്ണുകളിൽ ആശയുടെ തിളക്കം. ജീവിക്കാനുള്ള  കൊതി. 

അവൾ ആരോഗ്യവതിയായിരുന്നു. കൂട്ടത്തിലെ ആണുങ്ങളേക്കാൾ കൂടുതൽ ആരോഗ്യം അവൾക്കാണെന്ന് എല്ലാവരും പറയും. അവളുടെ മാറിൽ ജലദൗർബല്ല്യം കാരണം വറ്റിത്തുടങ്ങിയ മുലകളിലേക്ക് തല ചായ്ച്ചു തളർന്ന് കിടക്കുന്നു, ആറു മാസം പ്രായമായ കുഞ്ഞ്. ആ കുഞ്ഞ് അവളുടെ ഗർഭത്തിലൂറി മൂന്നു മാസമായപ്പോഴേക്കും അവളുടെ ഭർത്താവിൻറെ ജീവനും കൊത്തിയെടുത്ത് ഒരു സർപ്പം എങ്ങോട്ടോ ഇഴഞ്ഞ് പോയി. 

നീണ്ട ഒരു ചുംബനത്തിന് പിന്നാലെ വിറയ്ക്കുന്ന കൈകളോടെ തൻറെ പിഞ്ചു കുഞ്ഞിനെ അവൾ ഗ്രാമമുഖ്യൻറെ മകളുടെ കയ്യിലേക്ക് കൊടുത്തു. പുലരി ഇരുട്ടിൻറെ മുഖശീല മാറ്റാൻ തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. ഗ്രാമം മുഴുവൻ അവളുടെ മുൻപിലുണ്ട്. ഭാണ്ഡം മുറുക്കി അവൾ നടന്നു തുടങ്ങിയപ്പോൾ മൂത്ത പുത്രൻ അവളുടെ അടുത്തേക്കോടിയെത്തി. കൂടെ വരാൻ ആ പതിനാലുകാരൻ വാശി പിടിച്ചു. അവൾ അവനെ തിരിച്ചയക്കാൻ ഒരുപാട് ശ്രമിച്ചു. അവൻ മടങ്ങിയില്ല. ഗ്രാമത്തിലെയാരും അവനെ തിരിച്ചു വിളിച്ചില്ല. അവൻ അവൾക്കൊരു ഊന്നുവടിയാകുമെന്ന് അവർ കരുതിയിരിക്കും. അവസാനം അവൾക്ക് സമ്മതിക്കേണ്ടി വന്നു.

പുലരും മുമ്പവർ നടത്തം തുടങ്ങും. വെയിൽ അസഹ്യമാവുന്നത് വരെ.  പിന്നെ ഏതെങ്കിലും കുറ്റിച്ചെടിയുടെ അടിലേക്ക് ചുരുളും. ആയാസകരമായിരുന്നു അത്. ചിലപ്പോഴൊക്കെ അപകടകരവും. വെയിലാറിത്തുടങ്ങിയാൽ പിന്നെയും നടക്കും. അസ്തമയ സൂര്യനാണ് ലക്ഷ്യം. അസ്തമിച്ചു കഴിഞ്ഞാൽ പരക്കുന്ന നാട്ടു വെളിച്ചത്തിലും നിലാവിലും അർദ്ധ രാത്രിയോളം നടക്കും. ചുറ്റുപാടുകൾ ഭയപ്പെടുത്താനോ, കാലുകൾ തളർന്ന് വീഴാൻ തുടങ്ങുമ്പോഴോ, അവർ വല്ല പാറയുടെയോ ഉണങ്ങിപ്രേതങ്ങളായ മരുഭൂ മരങ്ങളുടെയോ ചുവട്ടിൽ അഭയം തേടും. ജീവനും കൊത്തിയെടുത്ത് പറക്കാൻ തക്കം പാർത്തിരിക്കുന്ന മരണത്തെ ഭയന്ന് പാതി മിഴിയടച്ച് ഉറങ്ങും. അടുത്ത് വിറക് കൂട്ടിയിട്ട് കത്തിക്കും. ആ അഗ്നിയെ മാത്രം ഭയന്ന് അവരുടെ അടുത്തേക്ക് വരാതെ, ചെന്നായ്ക്കളും കഴുതപ്പുലികളും മുരണ്ടു കൊണ്ട് ദൂരെ നിന്നവരെ നോക്കി നിൽക്കും.

നേരം വെളുത്ത് അന്തിയാവുന്നതിൻറെ മുൻപ് ഒരു ചെറിയ വെള്ളക്കിഴങ്ങെങ്കിലും കണ്ടെത്തും. ചുട്ട് തിന്നാൻ. ചില ദിവസങ്ങളിൽ മുയലിനെ കിട്ടും. അന്ന് കുശാലാണ്.  ചെന്നായ്ക്കളെ ഭയക്കണം. കഴുതപ്പുലികളും കഴുകന്മാരും വീണു കഴിഞ്ഞാലേ അക്രമിക്കൂ. പാമ്പുകളെയാണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത്. വടി കൊണ്ട് മണ്ണിൽ തല്ലി ശബ്ദമുണ്ടാക്കിയാണ് നടത്തം. അത് പാമ്പുകൾ മാറാനാണ്. എന്നാലും മാറാതെ മരണവും ചുമന്ന് കാത്തിരിക്കുന്നുണ്ടാവും ചിലത്. 

ഇരുപതാം ദിവസമാണ്. അവൾക്ക് മുമ്പിലിപ്പോൾ പടിഞ്ഞാറും കിഴക്കും സമമാണ്.   കരുതിയിരുന്ന വെള്ളം ഇന്നലെ തീർന്നു. ദാഹിച്ചപ്പോഴെല്ലാം ഓരോ തുള്ളി മാത്രം കുടിച്ച്, കരുതി വച്ചതായിരുന്നു അത്.  അവസാന തുള്ളി മകനുള്ളതായിരുന്നു. മിനിഞ്ഞാന് വരെ അവൻ കൂടെയുള്ളത് ഒരാശ്വാസമായിരുന്നു. പക്ഷെ ഇന്നവനില്ല. ഈ മരുഭൂമിയിൽ ജ്വരം പിടിച്ച് വിറയ്ക്കുന്ന സ്വന്തം മകനെ നെഞ്ചോട് ചേർത്ത് അവളിലെ അമ്മ വാവിട്ട് നിലവിളിച്ചു.  അത് മരുഭൂമിയിലെ വക്രതയുള്ള കല്ലുകളിൽ തട്ടിത്തകർന്നു. പ്രിയപ്പെട്ടവരുടെ ചങ്കു പറിച്ചുള്ള നിലവിളിക്ക്, യമദൂതനെ തടുത്ത് നിർത്താനാവില്ലല്ലോ. ആ പ്രാണൻ അവളുടെ മടിയിൽ പിടഞ്ഞമർന്നു. അവളുടെ നെഞ്ചുപൊട്ടിയുള്ള കരച്ചിലിന് കൂട്ടായത് ചെന്നായ്ക്കളുടെ ഓരിയിടൽ മാത്രമായിരുന്നു. ശവത്തിൻറെ പങ്കുപറ്റാനെത്തിയ കഴുതപ്പുലികളുടെ കണ്ണുകൾക്ക് കനലിന്റെ തിളക്കമുണ്ടായിരുന്നു ആ രാത്രിയിൽ.

പുലർച്ചെ, സ്വന്തം കൈകൊണ്ട് ഇളകിയ മണ്ണ് മാന്തി അവളൊരു കുഴിയൊരുക്കി. അവൻറെ ശരീരം അതിലിട്ട് മൂടി. ആ മൺകൂനയിലേക്ക് തളർന്ന വീണവൾ അവിടെ വാടിയ തണ്ട് പോലെ കിടന്നു. ഒരു വല്ലാത്ത കാറ്റ് വീശുന്നുണ്ടായിരുന്നു അപ്പോൾ. കാറ്റിൽ ഉരുണ്ട പുൽച്ചെടികളിൽ ചിലത് മരുഭൂമിയിലൂടെ ഗതികിട്ടാത്ത ആത്മാക്കളെ പോലെ അലയുന്നു. പൊടിപടലങ്ങുയർത്തിയ ആ കാറ്റിൽ ചെന്നായ്ക്കളും കഴുതപ്പുലികളും ഏതൊക്കെയോ പൊത്തുകളിൽ പോയൊളിച്ചു. അവൾക്ക് ബോധം വന്നപ്പോൾ വൈകുന്നേരമായിരുന്നു.  മങ്ങിയ സൂര്യൻറെ നേരെ അവൾ വേച്ചു വേച്ചു നടക്കാൻ തുടങ്ങി. ഇടക്കിടയ്ക് ആ മൺകൂനയിലേക്ക് അവൾ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടക്കാനാവാതെ അവൾ നടന്നു കൊണ്ടേ ഇരുന്നു. അവൾക്കറിയാം. ഇനിയേത് നിമിഷവും കഴുതപുലികൾ ആ മൺകൂന മാന്തും. തൻറെ കുഞ്ഞിൻറെ ശരീരം പുറത്തേക്ക് വലിച്ചെടുക്കും. മാംസം അസ്ഥികളിൽ നിന്നും ചീന്തിയെടുക്കും. അവസാനം അവർ കടിച്ചാൽ പൊട്ടാത്ത ചില അസ്ഥികൾ മാത്രം ബാക്കിയാവും.

ഇരുപത്തൊന്നാമത്തെ പകൽ അസ്തമയത്തിൻറെ ചുവന്ന ബലിക്കല്ലിൽ തലതല്ലി തീരുകയാണ്. ഓരോ കാലടിയിലും വീഴാൻ പോകുന്നുണ്ട് അവളിപ്പോൾ. അവൾക്കുറപ്പാണ്. തൻറെ നഷ്ടപെട്ട കുഞ്ഞിനെ തേടുന്ന അമ്മയെ പോലെ മരണം തന്നെ തേടിക്കൊണ്ടിരിക്കുകയാണെന്ന്.  അടുത്ത കാലടിയിൽ ചിലപ്പോൾ താൻ മരിച്ചു വീണേക്കാം. ഗ്രാമത്തിലെ വെള്ളം തീർന്നിട്ടിപ്പോൾ രണ്ട് മൂന്ന് ദിവസമെങ്കിലും ആയിട്ടുണ്ടാകും. വൃദ്ധരും കുഞ്ഞുങ്ങളും ആദ്യം മരിച്ചു തുടങ്ങും. പിന്നെ പിന്നെ ഓരോരുത്തരായി ദാഹിച്ച് തൊണ്ട പൊട്ടി മരിക്കും. മരണ വെപ്രാളത്തിൽ ഒന്ന് പിടയാൻ പോലും അവർക്കാവില്ലല്ലോ.

ആ രാത്രിക്ക് ഭയങ്കരമായ കറുപ്പ് നിറമായിരുന്നു. വീണും മുട്ടിലിഴഞ്ഞുമൊക്കെ അവൾ തൻറെ മുന്നിലെ ചെറിയ മൺതിട്ടയിലേക്ക് വലിഞ്ഞു കയറി. ചെന്നായ്ക്കളും കഴുത പുലികളും ഇപ്പോൾ അവളോട് വളരെ അടുത്താണ് നിൽക്കുന്നത്. അവരെ എറിയുന്ന കല്ലുകൾക്ക് അവളിൽ നിന്നും കേവല ദൂരമേ താണ്ടാനാവുന്നുള്ളൂ. ആ ജീവികൾക്കറിയാം. ഒന്ന് പിടയാൻ പോലുമാവാതെ അവൾ ഉടനെ വീഴുമെന്ന്. പിന്നെ ആ ശരീരം തങ്ങൾക്കുള്ളതാണെന്ന്. 

അവൾ പുല്ലുകളും കമ്പുകളും കൂട്ടിവച്ചു. കല്ലുകൾ ഉരച്ചുരച്ച് ഉള്ളം കയ്യിൽ നിന്നും രക്തം കിനിഞ്ഞു തുടങ്ങിയപ്പോഴാണ് തീ അനുഗ്രഹിച്ചത്. വരണ്ടു വിണ്ട ചുണ്ടുകളിൽ  പൊടിഞ്ഞ രക്തം   ഉണങ്ങി കട്ട പിടിച്ചിരിക്കുന്നു.  അവളെ ഇപ്പോൾ ഏതൊരു മനുഷ്യൻ കണ്ടാലും പേടിച്ചു വിറയ്ക്കും. അത്രയ്ക്ക് ഭീകരമായിരുന്നു ആ രൂപം. 

ശരിക്കൊന്ന് ശ്വാസം വിടാൻ പോലും ശക്തിയില്ലാതെ, വിറച്ചു കൊണ്ടവൾ  അനന്തതയിലേക്ക് ഇരുട്ടിലൂടെ മിഴികൾ നീട്ടി. അവളൊരു കാഴ്ച കണ്ടു. അത്ഭുതപ്പെടുത്തുന്നൊരു കാഴ്ച. അവളുടെ കണ്ണുകൾ വികസിച്ചു വലുതായി. മേലാകെ പടർന്ന് പിടിക്കുന്ന ഒരു കുളിരോടെ അവളത് കണ്ടു. ദൂരെ പ്രകാശത്തിൻറെ ഒരു സാഗരം. അവളിൽ ശ്വാസം തിക്കാൻ തുടങ്ങി.  

അതെ! അത് തന്നെയാണ് അത്ഭുത മനുഷ്യരുടെ സ്ഥലം. അവിടെക്കാണല്ലോ ഞാനെത്തിപ്പെടേണ്ടത്. അവൾ കരഞ്ഞു കൊണ്ട് ചിരിച്ചു. ഉറക്കെയുറക്കെ. ചുറ്റിലും കോട്ട കെട്ടിയ ഇരുട്ടിലേക്ക് അക്ഷമയോടെ തുറിച്ച് നോക്കിക്കൊണ്ട് അവൾ ഉറങ്ങാതെ കാത്തിരുന്നു.

എല്ലാ കണ്ണുകളും പടിഞ്ഞാറോട്ടായിരുന്നു. വരണ്ട ഭൂമിയുടെ അപ്പുറത്തേക്ക്. ദുർബലമായ ജീവൻ നെഞ്ചിൽ നിന്നും പറന്നകലാൻ തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണ്. ഇന്ന് ഇരുപത്തി മൂന്നാമത്തെ ദിവസമാണ്. മരവീപ്പയിൽ നിന്നും അവസാന തുള്ളി വെള്ളവും തുടച്ചെടുത്തിട്ട് നാല് ദിവസമായി. കരഞ്ഞു കരഞ്ഞ് കുഞ്ഞുങ്ങൾക്ക് ശബ്ദം നഷ്ടപ്പെട്ടിരിക്കുന്നു. ചുരണ്ടിയെടുക്കുന്ന വെള്ളകിഴങ്ങ് പിഴിഞ്ഞാൽ നാലോ അഞ്ചോ തുള്ളി വെള്ളം കിട്ടും. അത് കുഞ്ഞുങ്ങളുടെ ചുണ്ട് നനച്ചു കൊടുക്കാൻ പോലും തികയുന്നില്ല. ഇപ്പോഴിപ്പോൾ അത് പിഴിയാനുള്ള ശേഷി പോലും ആർക്കുമില്ല. ഇന്നലെ മുതൽ എല്ലാവരും പടിഞ്ഞാറേക്ക് മാത്രം നോക്കിയിരിക്കുകയാണ്. അല്ലെങ്കിലും അവൾ പോയതിൻറെ ശേഷം അവരിൽ ആരെങ്കിലും പടിഞ്ഞാറേക്ക് നോക്കിക്കൊണ്ടിരിക്കാതിരുന്നിട്ടില്ല.

വൈകുന്നേരം സൂര്യൻ ഒന്ന് കൂടി ജ്വലിച്ചു. അവരിലെ ജീവൻറെ അവസാന തുടിപ്പും ചുട്ടെടുക്കാനെന്ന പോലെ. പകുതി കണ്ണുകൾ തുറന്നിരിക്കുകയായിരുന്ന ഒരു കുട്ടിയാണ് ആദ്യം കണ്ടത്. ദൂരെ, അങ്ങ് ദൂരെ, മരുഭൂമിയയുടെ അക്കരെ, മേഘങ്ങൾ പോലെ പൊടിപടലങ്ങൾ. അവൻ കൈ ചൂണ്ടിയിടത്തേക്ക് മറ്റുള്ളവരും നോക്കി. അതെ. അതവർ തന്നെ. അത്ഭുത മനുഷ്യർ. അവരെല്ലാം ഒരാരവത്തോട് കൂടി ചാടിയെഴുന്നേറ്റു. ചിരിച്ചു കൊണ്ടും കരഞ്ഞ് കൊണ്ടുമവർ പരസ്പരം പുണർന്നു. ചിലരൊക്കെ മരുഭൂമിയിലേക്ക് ഓടിച്ചെന്നു. സിംഹത്തിൻറെ വായയിൽ നിന്നും രക്ഷപ്പെട്ടൊരു മാൻകിടാവിനെ പോലെയായിരുന്നു അവരുടെ മനസ്സപ്പോൾ. പിന്നെയും ഒരുപാട് നേരം അവർക്ക് നോക്കി നിൽക്കേണ്ടി വന്നു; അത്ഭുത മനുഷ്യരെ ഉള്ളിൽ ചുമന്ന് വരുന്ന, ഉരുണ്ട കാലുകളുള്ള, ശ്വസിക്കാത്ത, നിലവിളിക്കുന്ന വലിയ വലിയ ആ ജീവികൾ, അവരുടെ കാഴ്ചയിലേക്ക് പ്രവേശിക്കാൻ.  ഒന്നല്ല. രണ്ടല്ല. മൂന്നല്ല. അവരുടെ ഉണങ്ങിയ ഗ്രാമത്തിലേക്ക് ജീവൻറെ നീരുമായി ഒരുപാട് ജീവികൾ വരുന്നുണ്ടായിരുന്നു. 

വിറച്ചു കൊണ്ടാണവൾ അതിലൊരു ജീവിയുടെ വയറ്റിൽ നിന്നും പുറത്തേക്ക് വന്നത്. ഒരു തടിച്ച അത്ഭുത സ്ത്രീയുടെ കൈകൾ അവൾക്ക് ബലം നല്കുന്നുണ്ടായിരുന്നു. അവൾ തൻറെ ഗ്രാമത്തിലെ സന്തോഷമുള്ള മുഖങ്ങളിലേക്ക് നോക്കി. ഗ്രാമമുഖ്യൻറെ മകളുടെ കൈകളിൽ വാടിയ തണ്ട് പോലെ കിടക്കുന്ന തൻറെ കുഞ്ഞിനെ അവൾ കണ്ടു. ഒരു പിടച്ചിലായിരുന്നു. കുപ്പിച്ചില്ല് കിലുങ്ങുന്നത് പോലെ കരഞ്ഞു കൊണ്ടവളോടി. കണ്ണീരോടെ കുഞ്ഞിനെ വാരിയെടുത്ത് ഒരായിരം ചുംബനങ്ങൾ കൊണ്ട് പുതച്ചു. ജീവൻറെ മണമുള്ള  ചുംബനങ്ങളുടെ പുതപ്പ് കൊണ്ട്.

*ശുഭം*

4 comments:

  1. പ്രിയ വായനക്കാരെ
    കുറെ കാലങ്ങൾക്ക് ശേഷമുള്ള രചനയാണ്‌. കുറ്റങ്ങളും കുറവുകളും ക്ഷമിക്കുക. നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുമല്ലോ..

    സസ്നേഹം
    അബൂതി

    ReplyDelete
  2. വരൾച്ചയുടെ തീക്ഷണത ശരിക്കും അറിയുന്നു ഈ എഴുത്തിലൂടെ....നല്ല കഥ.

    ReplyDelete
  3. വീണ്ടും നല്ലൊരു കഥയുമായി
    വന്നതിൽ സന്തോഷിക്കുന്നു കേട്ടോ

    ReplyDelete