Tuesday, October 30, 2018

പ്രണയലേഖനം


കാനനപൂക്കൾ വിരിഞ്ഞു നിൽപ്പൂ
അംഗനേ നിൻ ഹാസചാരുതയിൽ.
മാമയിൽ പീലി വിരിച്ചു നിൽപ്പൂ
മാമകചിത്തത്തിൽ നിന്നെക്കാണേ.
മാനത്തെ പൂന്തോപ്പിൻ കാവൽകാരീ
മധുവൂറും നിന്നോമൽ പൂ തരുമോ?
മാറത്തെ ചൂടുമായോടി വന്നീ
മഞ്ഞിൻ കുളിരിലെൻ മാറിൽ ചായൂ!

കണ്ടൊരുമാത്രയിലെൻറെയുള്ളിൽ
നൂറിതൾ പൂവായി നീ വിരിഞ്ഞു!
ഇന്ന് കൊതിപ്പു ഞാൻ നിന്നാർദ്രമാം
ഇതളിലൊരു തുള്ളിമുത്തായ്‌ ചേരാൻ!
ശാരികെ നിയെൻറെ ചാരെയിന്നീ 
പ്രണക്കതിർമണിയുണ്ണാൻ വായോ!
നീക്കാക്കും പൂവിന് പൂമണമായ്
മാറുവാനെന്നെ വിളിക്കുക നീ!

ഇന്നെൻറെ മൺവീണ നിന്നെയോർത്ത്
മീട്ടിക്കൊണ്ടെത്തി നിന്നാരാമത്തിൽ.
നിന്നുടെ സമ്മതം കാത്തു ഞാനീ
ഉദ്യാനവാതിൽക്കൽ കാത്തു നിൽക്കേ,
താവകമൗനമാമുലയിൽ നീയെൻ
ഉള്ളമുരുക്കി രസിക്കയാണോ?
എന്നുള്ളം കണ്ടിട്ടും കാണാത്ത പോൽ
എന്നെ തീ മാരിയിൽ നിർത്തയാണോ?

നിൻമാറിൽ  കൂമ്പിയ താമരയിൽ
തടവിൽ കഴിയുന്ന വണ്ടാണ് ഞാൻ.
ഒന്നുകിലെന്നെ നീ വിട്ടയക്കൂ
അല്ലെങ്കിലെന്നോട് ചേർന്നു നിൽക്കൂ.
അഞ്ജലികാരികേ പൂമുഖം ഞാൻ
ഒരുനാളും വാടാതെ കാത്തു കൊള്ളാം.
നിന്നോമൽ പൂമിഴിയൊട്ടും നനയാതെ
നിന്നെയെൻ മാറോട് ചേർത്തുകൊള്ളാം!

* ശുഭം *

1 comment:

  1. ഹേ പ്രണയിനി
    നിൻമാറിൽ കൂമ്പിയ താമരയിൽ
    തടവിൽ കഴിയുന്ന വണ്ടാണ് ഞാൻ.
    ഒന്നുകിലെന്നെ നീ വിട്ടയക്കൂ
    അല്ലെങ്കിലെന്നോട് ചേർന്നു നിൽക്കൂ...
    അഞ്ജലികാരികേ നിൻ പൂമുഖം ഞാൻ
    ഒരുനാളും വാടാതെ കാത്തു കൊള്ളാം.
    നിന്നോമൽ പൂമിഴിയൊട്ടും നനയാതെ
    നിന്നെയെൻ മാറോട് ചേർത്തുകൊള്ളാം!

    ReplyDelete