ആരെൻറെ വീഥിയിൽ ഈ നീല രാവിൽ
ആലോലമാടി പാടുവാൻ വന്നു?
ആയിരം പൂക്കൾ വിരിച്ചു ചമയ്ക്കുവാൻ
ആർദ്ര വസന്തമണഞ്ഞതാണോ?
വാടിയ മനമലർ തഴുകിയുണർത്തുവാൻ
വനദേവതേ നീയിന്നു വന്നതാണോ?
തപ്തമോഹങ്ങളെ കുളിർ തൂവിയുറക്കുവാൻ
ആഷാഢ മേഘങ്ങൾ വന്നതാണോ?
വന്മല്ലിപ്പൂക്കളിൽ രോമാഞ്ചമുണർത്തുന്ന
രാപ്പാടി പാടുവാൻ വന്നതാണോ?
വിണ്ണിലെയാമ്പൽ കുളങ്ങളിൽ നീരാടി
ഈറൻ നിലാവിങ്ങു വന്നതാണോ?
പാതിയടച്ചോരെൻ ജാലക വാതിലിൽ
അരുമയായ് കൊഞ്ചി വിളിച്ചതാരോ?
അറിയില്ലെനിക്കെൻറെ വിജനമാം വീഥിയിൽ
ഒരു പദവിന്യാസം കേട്ടത് സത്യമാണോ?
അർദ്ധമയക്കത്തിന്നേതോ വിഭ്രാന്തി
മൂകമനസ്സിൽ മെല്ലെ ചിരിച്ചതാണോ?
എന്നിലെ മൗനഗഹനത്തിലൊരു കിളി
അറിയാതെ ചൂളം വിളിച്ചതാണോ?
ഒരു വട്ടം കൂടിയാ വിളിയൊന്ന് കേൾക്കാൻ
കാതോർത്ത് കാതോർത്ത് ഞാനിരിക്കെ;
എന്നുടെ ജാലക വിരിയൊന്നുലച്ചൊരു
ചെറുകാറ്റ് തിരികെ പോകയായി!
അരുതെന്നു പറയുവാനാവാതെൻ നൊമ്പരം
മിഴിവാർത്തു കൈവീശി നിൽക്കയായീ!
* ശുഭം *
പ്രണയ കവിതകളുടെ കൂട്ടപ്പൊരിയാണല്ലോ ...ഇവിടെ
ReplyDeleteതാങ്കളോട് ഉള്ള നന്ദി വെറുതെ പറഞ്ഞാൽ പോരാ..
Deleteഒരാളും തിരിഞ്ഞു നോക്കാത്ത എൻറെ പുതിയ പോസ്റ്റുകളിലെല്ലാം താങ്കളുടെ കമന്റ് മാത്രം ഉണ്ട്.അങ്ങേയറ്റം സന്തോഷം നൽകുന്ന ഒന്നാണത്.സുഖമാണോ മാഷെ.