അതിപ്പോ, ഓൾക്ക് കൊഴപ്പൊന്നൂല്ല.. അവിടൊരു ചെക്കനുണ്ട്... ഓന് മൂച്ചിപ്പിരാന്താണ്.. വേറെ കൊഴപ്പൊന്നൂല്ല..
കുഞ്ഞാപ്പു പറയുന്നത് സത്യമാണ്. മാലോരിൽ ചിലർ ശൈത്ത്വൻറെ ഉസ്താദുമാരാണ്. അല്ലെങ്കിൽ ആ പാവം സെയ്നബാക്ക് വന്ന കല്ല്യാണാലോചന, ആലിക്കുട്ടി സാഹിബിനിങ്ങനെ മുടക്കേണ്ട കാര്യമുണ്ടോ? നാട്ടിലെ പ്രമാണിയാണത്രെ. പ്രമാണി. ത്ഫൂ..
നാട്ടുകാരോട് വിവാഹം സംബന്ധിച്ച് അന്വേഷിക്കാൻ വന്നവരോട് അവളുടെ ഭ്രാന്തുള്ള അനിയൻറെ കാര്യമാണ് ആലിക്കുട്ടി സാഹിബ് പറഞ്ഞത്. ശരിയാണ്. അവന് ഭ്രാന്താണ്. ചങ്ങലയിൽ ആണെപ്പോഴും. അവൻറെ എല്ലാ കാര്യങ്ങളും അവൾ തന്നെയാണ് നോക്കുന്നത്. ഉമ്മ മുമ്പേ മരിച്ചു പോയി. ഉപ്പ പിന്നെ വേറെ കല്യാണമൊന്നും കഴിച്ചില്ല. ഖബർ കുഴിക്കലും പള്ളിയിലെ ഹൗദിലേക്ക് വെള്ളം നിറക്കലുമാണ് അദ്ദേഹത്തിന് പണി. പള്ളിക്കാടിൻറെ അടുത്ത് തന്നെയാണ് വീടും.
അന്നൊരിക്കൽ അനിയൻ മദ്രസ വിട്ടു വരുമ്പോൾ പള്ളിക്കാട്ടിലെ എരണിയുടെ ചുവട്ടിൽ പഴുത്തു വീണ കായകൾ പെറുക്കാൻ നിന്നതാണ്. തൊട്ടടുത്ത മൂടാത്ത ഖബറിൽ വീന്നൊരു പൂച്ചക്കുഞ്ഞ്, ആൾപെരുമാറ്റം കേട്ടോ എന്തോ, വല്ലാത്ത ശബ്ദമുണ്ടാക്കി. ഖബറിൽ നിന്നാണല്ലോ ഒച്ച കേൾക്കുന്നത് എന്ന് വിളിച്ചു കരഞ്ഞു കൊണ്ട് അവനോടി. പുസ്തകമൊക്കെ വലിച്ചെറിഞ്ഞ്. വീട്ടിലെത്തിയപ്പോഴേക്കും മനസ്സ് മറിഞ്ഞു പോയിരുന്നു. ഇപ്പോഴും ചങ്ങലയിൽ നിന്നും ഞൊടി നേരത്തേക്ക് മോചനം കിട്ടിയാൽ അവനോടും.
ഞാൻ കോളേജിലേക്ക് ദിവസവും പോയിവരുന്നത് അവരുടെ വീടിൻറെ മുൻപിൽ കൂടിയാണ്. മിക്കവാറും അവളാ മുറ്റത്ത് ഉണ്ടാവും. ഓലക്കൊടി വെട്ടിയിരിയുകയാവും. അല്ലെങ്കിൽ ഈർക്കിൽ ചൂല് ഉണ്ടാക്കുകയാവും. എന്നെ കാണുമ്പോൾ പണിയൊക്കെ നിർത്തി വേലിക്കിടയിലൂടെ നോക്കും. ചിരിച്ചു കൊണ്ട് എന്തെങ്കിലും ചോദിക്കും. കോളേജിലൊരുപാട് കുട്ടികളുണ്ടോ, ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കാറുണ്ടോ, പഠിക്കാൻ ബുദ്ധിമുട്ടുണ്ടോ, മാഷമ്മാരൊക്കെ എങ്ങിനെയാ, ടീച്ചർമാരൊക്കെ സുന്ദരികളാണോ, അങ്ങിനെ എന്തെങ്കിലുമുണ്ടാവും അവൾക്ക് ചോദിക്കാൻ. എൻറെ കയ്യിലെ വലിയ പുസ്തകങ്ങൾ കാണുമ്പോൾ ഇതൊക്കെ എങ്ങെനെയാ കാണാതെ പഠിക്കുന്നേ എന്നാവും അത്ഭുതം. അനക്ക് കോളേജില് കമ്പക്കാരിയുണ്ടോടാ എന്നൊരിക്കൽ ചോദിച്ചപ്പോൾ, മഞ്ഞക്കറ വീണ പല്ല് വെളുക്കെ കാട്ടി ഞാനൊന്ന് ചിരിച്ചു.
എന്താ സെയ്നാ.. എന്നെയൊക്കെ ആർക്കാ ഇഷ്ടാവാ.. മോട്ടോർ സൈക്കിളില്ല. നല്ല ഹെയർ സ്റൈലില്ല. പല്ല് തന്നെ കണ്ടില്ലേ.. സ്വർണം പൂശ്യേത്. പെങ്കുട്ട്യാള്ക്കൊക്കെ നല്ല പൈസയുള്ള ചെത്ത് ആങ്കുട്ട്യാളെ പറ്റൂ..
ഉം.. അവളൊന്ന് മൂളി. ആ മുഖത്തൊരു കുസൃതിച്ചിരിയുണ്ടായിരുന്നു. നീയെന്നോട് കള്ളം പറയുകയാണല്ലേ എന്നൊരു ഭാവം. ചിലപ്പോൾ അവൾ വീട്ടുകാര്യങ്ങളോ നാട്ടുകാര്യങ്ങളോ ചോദിക്കും. ഞാൻ എന്റെ വഴിയേ നീങ്ങിത്തുടങ്ങുമ്പോൾ അവൾ തൻറെ ജോലിയിലേക്കും തിരിയും.
മാവും, ആഞ്ഞിലയുമൊക്കെ അതിരിട്ടു നിൽക്കുന്ന, പൂക്കളും, തുമ്പിയും, പൂമ്പാറ്റയും, വേലിയിൽ കൊരുത്തു കിടക്കുന്ന അപ്പൂപ്പൻ താടികളുമൊക്കെയുള്ള ഇടവഴിയുടെ അങ്ങേ അറ്റത്ത് പന്നിപ്പാറയിൽ വലിയ ആഞ്ഞിലയുടെ തണലിൽ അവനിരിക്കുന്നുണ്ടാവും. കുഞ്ഞാപ്പു. അവൻറെ സ്ഥിരം പാട്ടുമായി. ആൾക്ക് ചെറിയൊരു മാനസിക വിഭ്രാന്തിയുണ്ട്. എങ്കിലും അവൻറെ ആ പാട്ട് മനോഹരമാണ്. നാട്ടിലെ കൊച്ചു കുട്ടികൾക്ക് വരെ ആ പാട്ടറിയാം. അതിൻറെ ഈണവും താളവുമറിയാം.
ഞാൻ കുടിച്ചത് മുഹബത്തിൻറെ മുന്തിരിക്കള്ള്
അത് പകർന്നു തന്നത് നിൻചെടിയിലെ താമര ചെണ്ട്
കരളിനുള്ളില് പിടപിടക്കണ പരൽ മീൻ കണ്ണ്
അത് കണ്ടമുതൽക്കീ ഖൽബിനുള്ളിലൊരറവണ മുട്ട്.
നേരം പുലരുമ്പോളിക്കിളി കൂട്ടി വിളിച്ചുണർത്തണ കനവ്
കനവിലെൻറെ മണിയറയിലെ പുതുക്കപ്പെണ്ണിൻ കുളിര്.
പുതുക്കപ്പെണ്ണിൻറെ ചുണ്ടിലുണ്ടൊരു തേൻ തുളുമ്പുന്നിശല്
അത് മനസ്സിനുള്ളിൽ ഞാൻ വളർത്തുന്ന പൂങ്കുയിൽ പാട്ട്.
പാവം കുഞ്ഞാപ്പു. നല്ല വിദ്യാഭ്യാസമൊക്കെ ഉണ്ടായിരുന്നു. നാട്ടിലെ തന്നെ ഒരു പെൺകുട്ടിയുമായി പ്രേമം. നാട്ടുമ്പുറങ്ങളിലൊക്കെ പ്രണയം ഭൂകമ്പങ്ങളുണ്ടാക്കും. പെണ്ണിൻറെ ആങ്ങളയുടെ ഒരു കൈതെറ്റ്. ശിരസ്സിൽ അസ്ഥാനത്താണ് അടി കൊണ്ടത്. പിന്നെ ഇതാ അവസ്ഥ. ആ പെണ്ണിപ്പോൾ വേറെ ഒരുത്തനെ കെട്ടി മുന്നാലെണ്ണം പെറ്റു. ഇപ്പോൾ ഇങ്ങോട്ടൊന്നും അധികം വരാറില്ല. വന്നാലും കുഞ്ഞാപ്പുവിനെ കാണാതിരിക്കാൻ നോക്കും. കണ്ടാൽ കുഞ്ഞാപ്പു തുറിച്ചു നോക്കി കൊണ്ടങ്ങിനെ നിൽക്കും. കുറെ നോക്കി നിന്ന്, പിന്നെ തൻറെ പാട്ടും പാടി അവനെങ്ങോട്ടെങ്കിലും പോകും. അവളോടാരാക്ഷരം ചോദിക്കാനോ പറയാനോ നിൽക്കില്ല.
പന്നിപ്പാറയാണ് കക്ഷിയുടെ സ്ഥിരം വേദി. എന്നെ കാണുമ്പോൾ എന്തെങ്കിലുമൊക്കെ ചോദിക്കും. സാധാരണ ചോദിക്കുന്ന ചോദ്യം, ടാ, നീ കള്ള് കുടിച്ചിട്ടുണ്ടോ, മുഹബത്തിൻറെ മുന്തിരിക്കള്ള്, എന്നാണ്. സ്ഥിരം ചോദ്യമായതിനാൽ ഞാനെൻറെ ഉത്തരം ഒരിളം ചിരിയിലൊതുക്കും. എൻറെ മൗനത്തിൽ അവൻ തുടരും.
ഉം... കുടിക്കണം. അതിനൊരു വല്ലാത്ത ലഹരിയുണ്ട്. കുടിച്ചാൽ പിന്നെ നമ്മൾ ഉന്നക്കായ പൊട്ടിയ പോലെയാണ്. ഒരു കനമില്ലാതെ അങ്ങിനെ പറന്ന് നടക്കും.
ചിലപ്പോഴവൻ പണം ചോദിക്കും. എൻ്റെ കയ്യിൽ മിക്കവാറും ഉണ്ടാവില്ല.
അൻറെ ബാപ്പ ഫോറീനിലൊക്കെ ആയിട്ടെന്താടാ അൻറെ കയ്യിൽ പൈസയൊന്നൂല്ലത്തത്?
കേളിക്ക് നായാട്ടും, കൂട്ടാൻ മത്തനിലയുമാണ് കുഞ്ഞാപ്പൂ.
അത് കേൾക്കുമ്പോൾ അവനൊന്ന് പൊട്ടിച്ചിരിക്കും. പിന്നെ ആ ചിരിയുടെ അലകൾ അവൻറെ പാട്ടിലേക്ക് വഴിമാറും.
ശങ്കരൻ ഞങ്ങളുടെ നാട്ടിൽ പറ്റെ ചെറുപ്പത്തിൽ വന്നു കൂടിയതാണ്. ഒരു പത്തു പതിനഞ്ച് കൊല്ലം മുൻപ്. കിട്ടുന്ന എന്ത് ജോലിയും ചെയ്യും. നാട്ടുകാർക്കെല്ലാം നല്ല മതിപ്പാണ്. കുഞ്ഞാപ്പുവും ശങ്കരനും ചെറുപ്പം മുതലേ നല്ല കൂട്ടാണ്. അതിപ്പോഴും അങ്ങിനെ തന്നെ ആണ്. രണ്ട് കൊല്ലം മുൻപ് ഒരു വെള്ളിയാഴ്ച ജുമുഅ കഴിഞ്ഞ് സ്വന്തം നാട്ടിലേക്ക് പോകാൻ അങ്ങാടിയിൽ ബസ്സ് കാത്തു നിൽക്കുന്ന പള്ളിയിലെ ഉസ്താദിൻറെ മുമ്പിൽ വന്ന് അവൻ പറഞ്ഞു.
ഉസ്താദേ, ഇച്ച് മുസ്ലിമാകണം..
ഉസ്താദ് സൂക്ഷിച്ചൊന്ന് നോക്കി. ദെന്താപ്പൊ, ഇങ്ങിനെ ഒരു തോന്നല്? എടാ.. ഇജ്ജ് ശരിക്കും അലോയ്ച്ചോ?
ഉവ്വെന്ന് അവൻ തലയാട്ടി. ന്നാ പിന്നെ പൊന്നാനീക്ക് പൊയ്ക്കോ. ഉസ്താദ് പറഞ്ഞു. പൊന്നാനിയിൽ പോയി തിരിച്ചു വരുമ്പോൾ, ശങ്കരൻറെ പേര് നൂറുദ്ദീൻ എന്നായിരുന്നു. എങ്കിലും നാട്ടുകാരിൽ പലരും പിന്നെയും അവനെ ശരങ്കരാ എന്ന് തന്നെ വിളിച്ചു. അവൻ മാത്രമായിരുന്നല്ലോ മാറിയത്. അവൻറെ ചുറ്റും ഉള്ളവർക്കൊന്നും ഒരു മാറ്റവും ഉണ്ടായിട്ടില്ലല്ലോ. അങ്ങിനെ രണ്ടു വർഷം അവൻ ഞങ്ങൾക്കിടയിൽ നൂറുദ്ദീനായി താമസിച്ചു. ആരാണ് അവനെ മതം മാറാൻ പ്രേരിപ്പിച്ചത് എന്ന് ഇന്നും ആർക്കും അറിയില്ല. പടച്ചോൻറെ ചില ഹിക്ക്മത്തുകൾക്ക് ഉത്തരം തേടിയാൽ നമ്മൾ കുഴയുകയേ ഉള്ളൂ.
അങ്ങിനെയിരിക്കെ ആരുടെ മൂർദ്ധാവിൽ നിന്നോ ഒരാലോചന പൊട്ടിപ്പുറപ്പെട്ടു. സൈനബയുടെ പുതുമാരനായി നൂറുദ്ദീനായാലെന്താ? കേട്ടപ്പോൾ പുതുമഴക്ക് മീൻ തുള്ളുന്ന പോലെ മനസ്സൊന്ന് തുള്ളി. ആഹ. എന്ത് രസമുള്ള വാർത്ത. അനുസരണയില്ലാത്ത എൻറെ മുടിയിൽ പിടിച്ചു വലിക്കുന്ന ഈ കാറ്റിനു പോലുമുണ്ടല്ലോ അതിൻറെ ഒരു സന്തോഷം.
വൈകുന്നേരം ക്ലാസ് കഴിഞ്ഞു വരുമ്പോൾ പന്നിപ്പാറയിൽ ഇരുന്നു പാടുന്ന കുഞ്ഞാപ്പു എന്നോട് പൈസയുണ്ടോ എന്ന് ചോദിച്ചു. എന്തത്ഭുതം കാരണമാണാവോ, ഒരഞ്ചു രൂപയുണ്ടായിരുന്നു. അതവന് കൊടുത്തു. അവൻ നോട്ടിലെക്കും എൻറെ മുഖത്തേക്കും മാറി മാറി നോക്കി. പിന്നെ തലയാട്ടിക്കൊണ്ട് പാടാൻ തുടങ്ങി.
ആ പാട്ട് എൻറെ പിന്നിൽ നേർത്തു നേർത്തില്ലാതാവുമ്പോൾ പോക്കുവെയിലിൽ തിളങ്ങുന്ന തെങ്ങോലകളോട് കൊഞ്ചുകയായിരുന്നു അതിലൂടെയൊക്കെ കുളിരും കൊണ്ട് ഓടിനടക്കുന്നൊരു കൊച്ചു കാറ്റ്. പറവകൾ കൂട് തേടിപ്പറക്കാൻ തുടങ്ങിയിരിക്കുന്നു. തൊടികളിൽ മേഞ്ഞു നടക്കുന്ന ആടുകൾ ഓടി നടന്ന് കണ്ണിൽ കണ്ട ഇലകളൊക്കെ കടിക്കുകയാണ്. ചുവന്ന തുമ്പികളും ചെറിയ ചാരനിറമുള്ള ശലഭങ്ങളും എങ്ങുമുണ്ട്. തൊട്ടടുത്തെവിടെ നിന്നോ ഒരു ചകോര കൂജനം കേട്ടു. ഈ ഭൂമി എത്ര സുന്ദരിയാണെന്നും, എത്ര സംഗീതാത്മകമാണെന്നും ഉള്ളിലിരുന്നാരോ മന്ത്രിക്കുന്നു .
സെയ്നബയുടെ മുഖത്തിന് അസ്തമയ സൂര്യൻറെ ചുവപ്പുണ്ടായിരുന്നു. കണ്ണുകളിൽ നാണമുണ്ടായിരുന്നു. അവളുടെ ആ വരണ്ട പുഞ്ചിരി എവിടെയോ പോയിരിക്കുന്നു. ഇപ്പോൾ ചുണ്ടിനൊരു നനവുണ്ട്. ഒരു പക്ഷെ അവളും മുഹബത്തിൻറെ മുന്തിരിക്കള്ള് കുടിച്ചു തുടങ്ങിയിട്ടുണ്ടാവും. ഇപ്പോൾ എൻറെ മനസ്സിലും എന്തെന്നില്ലാത്തൊരു സന്തോഷമുണ്ട്. മുഹബ്ബത്തിൻറെ മുന്തിരിക്കള്ള് കുടിക്കാതെ തന്നെ.
ആലിക്കുട്ടി സാഹിബിൻറെ മനസ്സ് ദുഷിച്ചതാണ്. അല്ലെങ്കിൽ, വൈകുന്നേരം അങ്ങാടിയിൽ പത്താള് കൂടിയൊരു സഭയിൽ വച്ച് സെയ്നബയുടെ ബാപ്പാനോട്, അയാളാ ചോദ്യം ചോദിക്കില്ലല്ലോ?
അല്ലെടാ, അനക്ക് ഈ കണക്കൻ കൂട്യ ആളെ കൊണ്ട് തന്നെ വാണോ, ഓളെ കല്ല്യാണം?
പാവം. ആ മനുഷ്യൻ രക്തരഹിത മുഖത്തോടെ അയാളെ തുറിച്ചു നോക്കി. ഈ വൃത്തികെട്ട ചോദ്യം എന്നോട് ചോദിക്കപ്പെട്ടല്ലോ എന്ന് സങ്കടപ്പെട്ടിട്ടുണ്ടാവും. ആരുമൊന്നും മിണ്ടാതെ നിന്നു. ക്ഷുഭിത യൗവനം എൻറെ രക്തത്തിന് ചൂട് പിടിപ്പിച്ചു. എന്തോ പറയാൻ തുനിഞ്ഞപ്പോളാണ്, എന്നെ അമ്പരിപ്പിച്ച് കൊണ്ട് കുഞ്ഞാപ്പു ചായക്കടയുടെ അകത്ത് നിന്നും വിളിച്ചു പറഞ്ഞു.
ഇവിടെ ഇപ്പൊ ആരാ ആദം നബിൻറെ പേരക്കുട്ട്യാള്? വല്ല കണക്കനോ, ചെറുമനോ, പാണനോ മാർഗം കൂടീട്ട് ഉണ്ടായതാ ഇവിടെല്ലാരും. അല്ലാതെ മാനത്തൂന്ന് വന്നോലൊന്നും ഇവിടാരൂല്ല.
എനിക്കാ മറുപടി പെരുത്ത് ഇഷ്ടമായി. ആൾക്കൂട്ടത്തിൽ വച്ച് തുണിയുരിക്കപ്പെട്ടവനെ പോലെ ആലിക്കുട്ടി സാഹിബിൻറെ നിർത്തം കണ്ടപ്പോൾ സന്തോഷം പിന്നെയും അധികരിച്ചു. കുഞ്ഞാപ്പൂന്ന് നൊസ്സുള്ളത് കൊണ്ട് മൂപ്പർക്കൊന്നും തിരിച്ചങ്ങോട്ട് പറയാനും വയ്യ. നാന്നായി. അങ്ങിനെ തന്നെ വേണം.
നാടും നാട്ടുകാരും കാത്തിരുന്ന ആ സുദിനം വന്നണഞ്ഞു. സെയ്നബയുടെ വീട്ടിൽ എല്ലാവർക്കും തിരക്കായിരുന്നു. ഞങ്ങൾ കുറെ പേര് ചേർന്ന് അവളുടെ അനിയനെ അപ്പുറത്തൊരു വീട്ടിലേക്ക് മാറ്റി. സെയ്നബയുടെ കണ്ണുകയിൽ നീര് പൊടിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു അപ്പോൾ. ആ ചെറിയ വീട്ടിലെ ഒരു മുറി ഞങ്ങൾ ഒരു മണിയറയായി അണിയിച്ചൊരുക്കി. നൂറുദ്ദീൻ അങ്ങാടിയിലെ ഒരു ഒറ്റമുറിയിലാണ് താമസം. അങ്ങോട്ട് പെണ്ണിന്നെ പറഞ്ഞയക്കാൻ പറ്റില്ലല്ലോ.
നാട്ടിലെ ചില പെൺകുട്ടികൾ ചേർന്ന് അവൾക്ക് മയിലാഞ്ചിയിട്ട് കൊടുത്തു. ഒപ്പന പാടി. കാര്യമെന്തൊക്കെ പറഞ്ഞാലും ആലിക്കുട്ടി സാഹിബിൻറെ വക ഒരഞ്ചു പവൻ സ്വർണമുണ്ടായിരുന്നു. കൂട്ടത്തിൽ അവളുടെ ബാപ്പ നയിച്ചുണ്ടാക്കിയത് കൂടിയായപ്പോൾ പത്തുപതിനഞ്ച് പവനോളം സ്വർണം വിവിധ ആഭരണങ്ങളായി അവളണിഞ്ഞിട്ടുണ്ട്. പെട്രോൾ മാക്സിന്റെ വെളിച്ചത്തിൽ അവളുടെ ചുവന്ന തട്ടത്തിലെ ഗിൽറ്റുകൾ വെട്ടിത്തിളങ്ങി. അതിനേക്കാൾ തിളക്കമുണ്ടായിരുന്നു ആ കണ്ണുകൾക്ക്.
പുതുമാരൻ വന്നു. നിക്കാഹ് കഴിഞ്ഞു. സദ്യയും കഴിഞ്ഞു. പുതുക്കപ്പെണ്ണിന് ഇറക്കമില്ലാത്ത കല്ല്യാണമാണ്. ഇനി വേറെ ചടങ്ങുകളൊന്നും ഇല്ല. അസർ ബാങ്ക് കൊടുത്തു. ആളുകളൊക്കെ പിരിഞ്ഞു തുടങ്ങി. ഇനി മേശ, കസേര, ചെമ്പ്, പാത്രങ്ങൾ എന്നിവയൊക്കെ തിരിച്ചു കൊണ്ട് കൊടുക്കണം. എൻറെ കൂട്ടുകാർ ഓരോന്നായി അത് മാനുപ്പയുടെ ടെമ്പോയിൽ കയറ്റുകയാണ്. പുതുമാരനും കുഞ്ഞാപ്പുവും കൂടെയുണ്ട്. ഞാൻ അതിന് നിന്നില്ല. അവരോടൊക്കെ യാത്ര പറഞ്ഞ് പോന്നു. ഉമ്മയ്ക്ക് നല്ല സുഖമില്ല. ഉമ്മ കല്ല്യാണത്തിനും വന്നിട്ടില്ല.
മഗ്രിബിന് ബാങ്ക് കൊടുത്തതെ ഉള്ളൂ. ഒരു അശനിപാതം പോലെയായിരുന്നു ആ വാർത്ത എത്തിയത് . വാടകയ്ക്കെടുത്ത സാധനങ്ങളൊക്കെ കൊടുത്തു മടങ്ങി വരവെ, പള്ളിയിറക്കത്തിൽ വച്ച് ടെമ്പോയുടെ ബ്രൈക്ക് പോയി, താഴെ ചോലയിലേക്ക് വീണു. ടെമ്പോയിൽ എന്റെ നാല് കൂട്ടുകാരും പുതുമാരനും കുഞ്ഞാപ്പുവും ഉണ്ട്. എന്താണ് കഥയെന്ന് ആർക്കുമറിയില്ല. വടം കെട്ടി ആളുകൾ താഴേക്ക് ഇറങ്ങുന്നേ ഉള്ളൂ. പോലീസും ഫയർ ഫോയ്സും വന്നു കൊണ്ടിരിക്കുന്നെ ഉള്ളൂ.
ഞങ്ങളുടെ കൊച്ചു ഗ്രാമത്തിലെ മിക്ക വീടുകളിൽ നിന്നും കൂട്ടക്കരച്ചിലുയർന്നു. ഒരു കൊച്ചു ഗ്രാമത്തിൽ ഒരാൾ മറ്റെല്ലാവർക്കും ആരെങ്കിലുമൊക്കെ ആവും. സ്ത്രീകളും കുട്ടികളും അടക്കം എല്ലാവരും സംഭവസ്ഥലത്തേക്ക് ഓടിയെത്തി. ആ ആൾക്കൂട്ടത്തിൽ കല്ലിൽ കൊത്തിവച്ച പോലെ അവളുടെ മുഖമുണ്ടായിരുന്നു. സെയ്നബയുടെ. ആ വിഷാദലീന വദനം എന്നിൽ നൊമ്പരത്തിൻറെ സൂചിമുനകളാഴ്ത്തി.
രാത്രി പത്തു മണിയായപ്പോഴേക്കും കുഞ്ഞാപ്പു ഒഴികെ ഉള്ള എല്ലാവരെയും മുകളിൽ എത്തിച്ചു. ഭാഗ്യം. ആർക്കും വലിയ പരിക്കൊന്നും ഇല്ല. പ്രാഥമിക ചികിത്സ മതിയാവുന്നതാണ്. ആളുകൾക്കിടയിലൊക്കെ ആശ്വാസത്തിൻറെ നെടുവീർപ്പുകൾ ഉതിരുമ്പോൾ ഒരു വൃദ്ധയുടെ കണ്ണുകളിൽ മാത്രം വേവലാതിയുടെ വേലിയേറ്റമായിരുന്നു. അത് കുഞ്ഞാപ്പുവിൻറെ ഉമ്മയായിരുന്നു. ഈ ഭൂമിയിൽ കുഞ്ഞാപ്പുവിനെ വേണ്ടുന്ന ഒരേ ഒരാൾ.
പിന്നെയും ഒരു മണിക്കൂറിലധികം എടുത്തു അവനെ മുകളിലെത്തിക്കാൻ. ഒരു വശം ചെരിഞ്ഞു വീണ അവൻറെ ഉമ്മയെ താങ്ങിയെടുക്കുമ്പോൾ എൻറെ കൈ വിറക്കുന്നുണ്ടായിരുന്നു. പള്ളിക്കാട്ടിലെ പൂച്ചെടികളുലച്ചു കൊണ്ടൊരു കാറ്റങ്ങോട്ടോടിവന്നു.ഒരു നിമിഷം വിതുമ്പി നിന്ന ആ കാറ്റ്, അനാഥമായൊരു പാട്ടിനെയും മാറോട് ചേർത്തു കൊണ്ട് എങ്ങോട്ടോ ഒഴുകിപ്പോയി. ആരോ അടക്കം പറയുന്നത് കേട്ടു. ഒരു കണക്കിന് നന്നായി. ഓൻറെ ഉമ്മ മരിച്ചാ പിന്നെ, ഓനാരാ ഉള്ളത്? മേപ്പട്ടും കീപ്പട്ടും ഉള്ളീനൊക്കെ ഓനെ മാണോ?
കാലുകൾ വലിച്ചു വച്ചു കൊണ്ട് ഞാൻ ഇടവഴിയിലൂടെ നടന്നു. പള്ളിക്കാട്ടിൽ നിന്നൊരു ചോദ്യം എന്നെ തേടി വരുന്നുണ്ടോ? ടാ, നീ മുഹാബത്തിൻറെ മുന്തിരിക്കള്ള് കുടിച്ചിട്ടുണ്ടോ? ഞാൻ നടത്തത്തിന് ഒന്ന് കൂടി വേഗത കൂട്ടി. അറിയാതെ നിറഞ്ഞു വരുന്ന കണ്ണുകൾ മുന്നിലെ കാഴ്ച്ചകളെ മങ്ങിയതാക്കി. പന്നിപ്പാറയും കഴിഞ്ഞു പോയപ്പോൾ അറിയാതെ ഒന്ന് നിന്നു. വെറുതെ, ആശയോടെ ഒന്ന് തിരിഞ്ഞു നോക്കി. ഇല്ല. ആ ആഞ്ഞില മരത്തിൻറെ തണലിൽ ആരുമില്ല. എനിക്ക് തോന്നിയതാണ്. കാതുകൾക്ക് മറക്കാൻ കഴിയാത്ത ഒരു ഗാനം മാത്രം ഉള്ളിലെ ഏതോ സങ്കടപ്പക്ഷി അപ്പോഴും പതുക്കെ പാടുന്നുണ്ടായിരുന്നു. മുഹബത്തിൻറെ മുന്തിരിക്കള്ളിൻറെ ലഹരി നുരയുന്ന ഒരു പാട്ട്.
* ശുഭം *
പ്രിയരേ; നിങ്ങളുടെ അഭിപ്രായങ്ങൾ തുറന്നു പറയാൻ മടിക്കരുതേ.
സസ്നേഹം
valare lalithamaya oru katha..
ReplyDeleteപഴയ കാലത്തിന്റെ ഓർമ്മയിൽ ബ്ലോഗ് തുറന്ന് കഥ വായിക്കുമ്പോൾ വല്ലാത്തൊരു നോസ്റ്റാൾജിയ,, കഥ നന്നായിരിക്കുന്നു,, സുഹൃത്തേ ഇനിയങ്ങോട്ട് നമുക്ക് തുടങ്ങാം,, പഴയതുപോലെ എല്ലാം തിരികെ പിടിക്കണം...
ReplyDeleteഗുഡ്
ReplyDeleteഅബൂതി... പഴയ ബ്ലോഗ് കാലം കൂടി ഓര്മ്മിപ്പിച്ചൂട്ടോ ഈ കഥ. നന്നായിട്ടുണ്ട്
ReplyDeleteമുഹബത്തിൻറെ മുന്തിരിക്കള്ള് കുടിച്ചലുള്ള നൊമ്പരങ്ങൾ തീര്ത്താലും തീരാത്തവയാണ്
ReplyDeleteനന്നായിട്ടുണ്ട്..........ഈ കഥ
ReplyDeleteഇനിയും നല്ല എഴുത്തുകള്ക്കായി കാത്തിരിക്കുന്നു........