Monday, December 17, 2018

ഓർമകളിൽ ഒരു തുളസിക്കതിർ പോലെ!


അദ്ധ്യായം: ഒറ്റക്കൊലുസ്



അന്ന് കുന്നിൻ മുകളിൽ വച്ചാണ് അവൾ ചോദിച്ചത്. ഞാനായിരുന്നു അവൾക്ക് പേരിട്ടിരുന്നതെങ്കിൽ, എന്ത് വിളിക്കുമായിരുന്നെന്ന്. നിന്നെ കുറച്ച് കൂടി പ്രകാശമുള്ളൊരു പേര് വിളിക്കാമായിരുന്നു ടീച്ചർക്ക്, എന്ന് ഞാനന്ന് പറഞ്ഞത് ഇപ്പോഴും മനസ്സിൽ കൊണ്ട് നടക്കുകയാണവൾ. ആ കണ്ണുകളിൽ രണ്ടു സാന്ദ്രനക്ഷത്രങ്ങൾ തിളങ്ങുന്നത് ഞാൻ കണ്ടു. അവളെൻറെ കണ്ണുകളുടെ ആഴങ്ങളിലേക്ക് സൂക്ഷിച്ച് നോക്കിയപ്പോൾ, എൻറെ മനസ്സിൻറെ തിരയിളക്കം അവളെങ്ങാനും കണ്ടാലോ എന്ന് പേടിച്ച്, ഞാൻ മുഖം വിദൂരതയിലേക്ക് തിരിച്ചു.

ആലോചിക്കുകയായിരുന്നു. എന്ത് പറയും? അന്ന് വെറുതെ ഒരു ഡയലോഗ് അടിച്ചതാണ്. ഒരു പഞ്ചിനു വേണ്ടി. അത് കുരിശായി മാറുമെന്ന് ആരോർത്തു? ചിന്തയിൽ മുഴുകിയിരിക്കെ, "എന്താണിത്ര ആലോചിക്കാൻ ?" എന്നവൾ ധൃതി കാണിച്ചു. ഞാൻ പതുക്കെ പറഞ്ഞു. 

"ആതിര എന്ന് വിളിക്കുമായിരുന്നു. അല്ലെങ്കിൽ ഹിമജയെന്നോ, മാളവികയെന്നോ വിളിക്കുമായിരുന്നു. ഇതൊന്നുമല്ല. ചിലപ്പോൾ അനാമിക എന്നാവാം. ഒരു പേര് കൊണ്ട് പോലും നിന്നെ അശുദ്ധയാക്കാതെ, അനാമിക എന്ന് മാത്രം." 

ഞാൻ ശങ്കയോടെ ഒളിക്കണ്ണിട്ട് അവളെ നോക്കി. ആ മുഖം പൂത്തു നിൽക്കുന്ന മയിൽക്കൊന്ന പോലെ തെളിഞ്ഞിരിക്കുന്നു. ഞാൻ മുഖം തിരിച്ച് ശോണിമ പടർന്ന് തുടങ്ങിയ സൂര്യനെ നോക്കി. ഞങ്ങൾക്ക് താഴേക്കിറങ്ങാനുള്ള നേരമായിത്തുടങ്ങിയിരിക്കുന്നു. 

ദിവസങ്ങൾ കഴിഞ്ഞു പോയി. ഓരോ ദിവസവും ഏതോ അത്ഭുതകഥയിലെ അദ്ധ്യായം പോലെ ഞങ്ങളിൽ പൂത്തുലഞ്ഞു നിന്നു. ഇനിയിപ്പോൾ കേവലം നാലഞ്ചു ദിവസങ്ങൾ മാത്രം. അവധികാലം കഴിയാറായി. മടങ്ങണം. സ്വന്തം ഭവനങ്ങളിലേക്ക്. എന്നെ കൂടുതൽ വിഷമിപ്പിച്ചത് മറ്റൊന്നാണ്. 

ഉമ്മയുടെ തറവാട്, ഈ വീട്, വിൽക്കാൻ പോവുകയാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ കച്ചവടം നടന്നേക്കാം. ഇന്നലെ ഒരു പാർട്ടി വന്നു നോക്കിയിട്ടുണ്ട്. അമ്മാവന്മാരൊക്കെ ദൂരെ ഓരോരോ സ്ഥലങ്ങളിലാണ്. ആർക്കും ഇങ്ങോട്ട് വരണ്ട.  മിക്കവാറും ഇത് ഇവിടെയുള്ള എൻറെ അവസാനത്തെ അവധിക്കാലമാണ്. ഇനിയൊരു അവധിക്കാലത്ത് എനിക്ക് ചേക്കേറാൻ ഇവിടെയീ ചില്ലയുണ്ടാവില്ല. ഈ മണ്ണിലാഴത്തിൽ വേരോടിയ മനസ്സിനെ ഇവിടെ ഉപേഷിച്ച് പോകേണ്ടി വരുമോ, അതല്ല, വേരോടെ വലിച്ച് പറിച്ച് കൂടെ കൊണ്ട് പോകാനാവുമോ? എനിക്കറിയില്ല.

"ഞാൻ നാളെ പോവും ട്ടൊ." എൻറെ നേരെ പുസ്തകം നീട്ടുന്നതിനിടയിൽ അവൾ പറഞ്ഞു. ആ മിഴികളിലൊരു സാഗരമിരമ്പുന്നത് കാണാം. പുറത്തേക്ക് തള്ളാൻ കഴിയാത്തൊരു നെടുവീർപ്പ് എൻറെ നെഞ്ചിലും വിങ്ങുന്നുണ്ട്. ഞങ്ങളൊരുമിച്ച് ഇടവഴിയിലേക്ക് വന്നു. രണ്ടാൾക്കും ഒന്നും പറയാൻ കഴിയുന്നില്ല. വാക്കുകളൊക്കെ മനസ്സിൻറെ ഉള്ളിലെ ഏതോ ഗുഹകളിൽ പോയൊളിച്ച പോലെ. ഇടവഴിയിലേക്ക് ചില്ല നീട്ടിയ മുത്തശ്ശി മാവിൻറെ ചുവട്ടിൽ വെറുതെ ഒരല്പ നേരം നിന്നു. വളരെ പ്രയാസപ്പെട്ടാണ് ഞാൻ ചോദിച്ചത്.

"നാളെ എപ്പോഴാ പോകുന്നത്?"

"രാവിലെ പോകും. കൊറേ പോകാനില്ലെ?" അവളുടെ ശബ്ദത്തിനൊരു വിറയലുണ്ടായിരുന്നു. ഒന്നും പറയാനാവാതെ നിൽക്കുന്ന എന്നോടവൾ ചോദിച്ചു.

"നീയെപ്പോഴാ പോകുന്നത്?"

"പോണം.. എന്തായാലും പോണല്ലോ.. നാളെയോ മറ്റന്നാളോ.. ഈ .. ഈ.. ഇനിയിപ്പോ..." എന്താണ് പറയേണ്ടത് എന്നറിയാതെ ഞാൻ കുഴങ്ങി.

"അറിഞ്ഞില്ലേ? ഞങ്ങളിവിടെ വിറ്റു പോവുകയാണ്... നിനക്കറിയോ? ഈ കുന്നിലും, ഈ ഇടവഴിയിലുമൊക്കെയാണ് ഞാനോടിക്കളിച്ച് വളർന്നത്. പുതിയ വീട് വെക്കുന്ന വരെ ഞങ്ങൾ ഇവിടായിരുന്നു. എനിക്ക് ഒരു ആറ് വയസ്സുള്ളപ്പോഴാ ഇവിടന്ന് പോകുന്നത്. ഞാൻ പിന്നെയും എല്ലാ അവധിക്കും ഇവിടെ വരും.  ഒറ്റയ്ക്കായിരിക്കും. ഒറ്റയ്ക്ക്. എന്നാലും എനിക്കിവിടം വല്യ ഇഷ്ടമായിരുന്നു. ഇന്നിപ്പോ, കൂടുതൽ ഇഷ്ടപ്പെടാൻ ഒരു പിടി നല്ലയോർമകളുമുണ്ട്. പറഞ്ഞിട്ടെന്താ, അവർക്കാർക്കും ഇവിടെ നിൽക്കണ്ട. പോണോത്രെ. പോട്ടെ.. അല്ലാതെന്താ... ഇനിയിപ്പോ, നാളെ ഈ ഇടവഴിക്ക്, ഞാൻ വെറുമൊരന്യനല്ലെ?  ഞാൻ..."   

തുടരാനാവാതെ വിഷമിച്ചു ഞാൻ. അറിയാതെ കണ്ണിൽ നീര് പൊടിഞ്ഞിരിക്കുന്നു. ആ മുഖത്തൊരു ഘനഭാരമൊഴിയാൻ വെമ്പി നിൽക്കുന്നുണ്ട്. രണ്ടു തുള്ളികൾ, ആ കൺകോണിൽ പൊടിഞ്ഞു നിൽക്കുന്നുണ്ട്. 

എന്നിക്ക് അവിവേകമൊന്നും തോന്നരുതേ എന്ന് ഞാൻ പ്രാർത്ഥിച്ചു. അവളെ ഒന്ന് വാരിപ്പുണരാൻ സത്യത്തിലെൻറെ കൈകളും നെഞ്ചും വല്ലാതെ കൊതിക്കുന്നുണ്ട്. പ്രണയമെന്താണ് സൗഹൃദമെന്താണ് എന്ന് തിരിച്ചറിയാനാവാതെ ഞാൻ വലയുകയാണ്.

"അപ്പൊ.. ഇനി കാണില്ലേ?" ഒരു വേവലാതിയോട് അവൾ ചോദിച്ചു.

പിന്നെ.. കാണണ്ടെ.. ഞാൻ വരും. അടുത്ത അവധിക്ക്. നീ വരില്ലേ?  

"വരും... വരാതെ പിന്നെ. ഇവിടെ വരും. ഇവിടെ, ഈ മാവിൻ ചുവട്ടിൽ ഞാൻ നോക്കിയിരിക്കും."

കുറച്ചു നേരം ഞങ്ങൾ മൗനത്തിലൊളിച്ചു. അതിനൊരു അവസാനമിട്ടത് അവളാണ്.

"പിന്നെ.. എന്തൊക്കെ? എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു.. മറന്നു പോയി.. നിനക്കൊന്നും പറയാനില്ലേ?"

ഞാനാകെ പരവശനായിപ്പോയി. എന്താ പറയേണ്ടൂ, എന്താ ചെയ്യേണ്ടൂ എന്നറിയാത്തൊരവസ്ഥ. ഒരു സാദാ പൈങ്കിളിപ്പണ്ടാരക്കാമുകനാകാൻ വയ്യല്ലോ എനിക്ക്. പ്രയാസപ്പെട്ട്, ആത്മനിയന്ത്രണത്തോടെ ഞാൻ പറഞ്ഞു.

"പറയാനില്ലേന്നോ.. പിന്നേ... ഒരു കുന്നോളമുണ്ട്.  പക്ഷെ എന്താണോ പറയാനുള്ളത്, എനിക്കത് വാക്കുകളാക്കാൻ കഴിയുന്നില്ല... ഞാൻ ചിലപ്പോൾ ഇങ്ങിനെയാ.. മനസ്സ് ഭയങ്കരമായിട്ട് ബ്ലാങ്കായിപ്പോകും. സോറി.."

അവൾ വെറുതെ തലയാട്ടി. പിന്നെയും മൗനത്തിൽ പൊതിഞ്ഞ കുറച്ച് സമയം കഴിഞ്ഞു പോയി. അവസാനം അവൾ ചോദിച്ചു. 

"പോട്ടെ..."

ഞാൻ വെറുതെ തലയാട്ടുക മാത്രം ചെയ്തു. പോകാൻ വേണ്ടി അവളൊന്നു തിരിഞ്ഞു. പിന്നെ മെല്ലെ എൻറെ നേരെ നോക്കികൊണ്ട് പറഞ്ഞു. 

"ഒരു തുണ്ടം കടലാസ് ഞാനാ പുസ്തകത്തിൽ വച്ചിട്ടുണ്ട്. അതൊന്ന് നോക്കണം ട്ടൊ.. ഒന്നൂല്ല.. വെറുതെ...."

ഞാൻ അന്തം വിട്ടു നിൽക്കെ, അവൾ വേഗം തിരിഞ്ഞു നടന്നു. അവൾ കണ്ണുകൾ തുടക്കുന്നത് ഞാനറിഞ്ഞു. ഇടവഴിയുടെ അങ്ങേ അറ്റത്തെത്തിയിട്ടും അവൾ തിരിഞ്ഞു നോക്കിയതെ ഇല്ല. ആ വളവു തിരിഞ്ഞ് അവൾ പോയി. ആദ്യമായി കണ്ട അന്നത്തെ പോലെ. ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ അവൾ പോയി.

എന്തായിരിക്കും അവൾ ആ പുസ്തകത്തിൽ വച്ച കടലാസ് തുണ്ടിൽ എഴുതിയിട്ടുണ്ടാവുക? എനിക്കാകാംക്ഷ അടക്കാനാവുന്നില്ല. ഇടവഴിയിൽ നിന്നും വീട്ടിലേക്ക് ഒതുക്കിറങ്ങുമ്പോൾ അവിടെ നിലത്ത് വീണു കിടക്കുന്നു അവളുടെ ഒരു പാദസരം. ഞാനതെടുത്ത് ഇളയുമ്മയെ വിളിച്ചു കാണിച്ചു കൊടുത്തു. വേഗം അവൾക്ക് കൊണ്ട് കൊടുക്കാൻ പറഞ്ഞു അവർ. വീണ്ടുമൊരിക്കൽ കൂടി അവളെ കാണാമല്ലോ, സംസാരിക്കാമല്ലോ എന്നാലോചിച്ച് കൊണ്ടാണ് ഞാൻ തമ്പപ്രയിലേക്ക് പോകുന്നത്. 

എന്നാൽ കുറച്ചങ്ങോട്ട് ചെന്നപ്പോൾ, അവൾ ഇടവഴിയിൽ കമഴ്ന്ന് കിടക്കുന്നത് കണ്ട ഞാൻ വേവലാതിയോടെ ഓടിച്ചെന്നു. എൻറെ ഞരമ്പുകളിൽ രക്തം കട്ട പിടിക്കുന്ന പോലെ എനിക്ക് തോന്നി. ഞാനവളെ കുലുക്കി വിളിച്ചു. ഒരു ബോധവുമില്ല. നോക്കിയപ്പോൾ കണ്ടു. പദസാരമില്ലാത്ത വലങ്കാലിൻറെ  ഉപ്പൂറ്റിയിൽ ഒരു സർപ്പ ദംശനം. ഉറക്കെ നിലവിളിക്കണം എന്നുണ്ട് എനിക്ക്. പക്ഷെ ആവുന്നില്ലല്ലോ..

ആ ഇടവഴിയിൽ ശബ്ദമില്ലാതെ കേവലമൊരു പ്രതിമ പോലെ തലയിൽ കൈകൊടുത്ത് ഞാനവളുടെ ചാരെ നിന്നു.  

തുടരും  

5 comments: