Saturday, December 29, 2018

ഓർമകളിൽ ഒരു തുളസിക്കതിർ പോലെ!

മുൻ അദ്ധ്യായം: പുനർജനിയുടെ തുരങ്കം

അദ്ധ്യായം: യാത്ര 



നാലു  ചുമരുകൾക്കിടയിലേക്ക് ചുരുങ്ങപ്പെട്ടവൻറെ മനസ്സിൻറെ വ്യഥയുമായി ഞാൻ മല്ലടിക്കാൻ തുടങ്ങിയ അക്കാലം, മാനസികമായി തളർന്ന ഉമ്മയ്ക്ക് ഒരു സഹായമാവട്ടെ എന്ന് പറഞ്ഞാണ് ഇക്കാക്ക ആ സമയത്ത് ധൃതി പിടിച്ചൊരു കല്ല്യാണം കഴിച്ചത്. ബാബി ഒരു പുണ്യമായിരുന്നു. സഹോദരിമാരില്ലാത്ത എനിക്ക് അവർ ശരിക്കും ഒരു ഇത്താത്തയായിരുന്നു. നൗഫലിൻറെ ജനനത്തോട് കൂടി ജീവിതം കുറച്ചു കൂടി പ്രകാശമാനമായി. പിന്നീടൊരിക്കൽ എന്നെ നോക്കാൻ ഒരാള് വേണം, എൻറെ കണ്ണടഞ്ഞാൽ എൻറെ കുട്ടിക്ക് വേറെ ആരാ ഉള്ളത് എന്ന് പറഞ്ഞ്, ഉമ്മ എനിക്ക് പെണ്ണന്വേഷിക്കാൻ ഒരുമ്പെട്ടപ്പോൾ, വേദനയോടെ എനിക്ക് പറയേണ്ടി വന്നു, "തളർന്നത് എൻറെ കാലുകൾ മാത്രമല്ല ഉമ്മാ" എന്ന്. അന്ന് ഉമ്മയുടെ കണ്ണീരു കൊണ്ട് എൻറെ മുഖവും കയ്യും മടിത്തട്ടും നനഞ്ഞു കുതിർന്നു. 

ഇന്നിപ്പോൾ എന്നെ അതൊന്നും വിഷമിപ്പിക്കുന്നില്ല. ഞാൻ സന്തോഷവാനാണ്. ദുഃഖങ്ങളില്ലാത്ത മനുഷ്യരില്ലല്ലോ. ആഗ്രഹിച്ചതൊക്കെ നേടിയവരുമില്ല. സ്വന്തം കാല് ഛേദിക്കപ്പെട്ടപ്പോൾ ഒരു പ്രവാചകാനുയായി പറഞ്ഞു. "രണ്ട് കാലുകൾ തന്നവൻ തിരിച്ചൊന്നല്ലേ കൊണ്ട് പോയുള്ളൂ. അവന് സ്തുതി." അപ്പോഴദ്ദേഹത്തിൻറെ കൂട്ടുകാർ പറഞ്ഞത്. "അങ്ങയുടെ പൊന്നു മോൻ ഒട്ടകത്തിൻറെ ചവിട്ടേറ്റ് മരിച്ചു പോയിരിക്കുന്നു." അപ്പോഴും അദ്ദേഹം പറഞ്ഞു. "നാല് മക്കളെ തന്നവൻ അതിലൊരാളെ തിരിച്ചു കൊണ്ട് പോയി. മൂന്നു പേരെ എനിക്ക് മാറ്റി വച്ചാലോ. അവനു മാത്രമാണ് സ്തുതി." ഈ ചരിത്രം എന്നെ ഒരു പാട് പ്രചോദിപ്പിക്കുന്നുണ്ട്. 

എനിക്ക് ചുറ്റുപാടുകളിലേക്ക് നീട്ടാൻ കഴിയുന്ന രണ്ടു കണ്ണുകളുണ്ടല്ലോ? എനിക്ക് കാണാൻ കഴിയുന്നുണ്ട്. എന്നേക്കാൾ മനോവ്യഥയുണ്ണുന്ന മനുഷ്യ മനസ്സുകളെ. എല്ലാ അവസ്ഥയിലും പടച്ചവനെ സ്തുതിക്കുന്നവനാണ് പടച്ചവനെ അറിഞ്ഞവൻ.  ഞാൻ അത് മനസ്സിലാക്കുന്നു. ഞാൻ അത് തിരിച്ചറിയുന്നു. 

നൗഫൽ വളർന്നപ്പോഴാണ്, എനിക്ക് വീണ്ടും ചിറക് മുളച്ച് തുടങ്ങിയത്. സാമ്പത്തികമായി ഇന്ന് ഞങ്ങൾ വളരെ നല്ല നിലയിലുമാണ്. ഒരു മാരുതി ഓമ്നി എനിക്കായി സജ്ജീകരിച്ചു. പക്ഷെ നൗഫൽ ഫ്രീയാകുമ്പോൾ മാത്രമേ യാത്ര ചെയ്യാനാവൂ. പലപ്പോഴും ഞാൻ അവനോട് പറഞ്ഞിട്ടുണ്ട്. നമുക്ക് തമ്പാപ്ര വരെ ഒന്ന് പോയാലോ എന്ന്. എന്തോ അവൻ വലിയ താല്പര്യം കാണിക്കാറില്ല. വല്ല അഴകൊഴമ്പൻ കാരണവും പറഞ്ഞ് ആ യാത്ര മുടക്കും. ചിലപ്പോഴൊക്കെ എനിക്ക് ദേഷ്യം തോന്നും. എന്നാലും അവൻ അതൊന്നും ഗൗനിച്ചില്ല. 

അപ്പോഴൊക്കെ എൻറെ മനസ്സിൽ ഒരു ചോദ്യമുയരും. ഇവരെല്ലാം കൂടി എന്താണ് എന്നിൽ നിന്നും മറയ്ക്കുന്നത്? എന്തോ ഒരു വൃത്തികെട്ട സത്യം ഇവരൊക്കെ സമർത്ഥമായി എന്നിൽ നിന്നും മറയ്ക്കുന്നുണ്ട്. എന്തോ ഒന്ന്. തുളസിക്ക് സത്യത്തിൽ എന്താണ് സംഭവിച്ചത്? ആ ചോദ്യം എൻറെ നെഞ്ചിലെ കണൽക്കട്ടയിൽ നീലജ്വാലകളുണ്ടാക്കുന്നു. അതെൻറെ ഹൃദയത്തെ വേദനയുടെ വെണ്ണീറ് കൊണ്ട് മൂടുന്നു. എന്തെ ആരുമെന്നോട് ഒരല്പം പോലും കരുണ കാണിക്കാത്തത്?

ഈ വർഷം എനിക്കേറെ സുപ്രധാനമായതാണ്. ഞങ്ങൾ ഹജ്ജിനു പോവുകയാണ്. സ്വകാര്യ ഗ്രൂപ്പിൽ ആക്കിയത് എൻറെ സൗകര്യം നോക്കിയാണ്. അങ്ങിനെ ഞാനും ഒരു ഹാജിയാവും. ഞാൻ മക്കയെ സ്വപ്നം കാണാൻ തുടങ്ങി. പരിശുദ്ധ ഗേഹത്തിലെ കഅബയും ഹജറുൽ അസ്‌വദും സഫയും മർവ്വയും സംസം കിണറുമൊക്കെ എൻറെ സ്വപ്നങ്ങളെ അലങ്കരിക്കാൻ തുടങ്ങി. ഇനി മൂന്നു മാസം കൂടിയുണ്ട് യാത്രയ്ക്ക്.

പരിശുദ്ധ മദീനയിലെ പ്രവാചകൻറെ മസ്ജിദും, അവിടെയുള്ള സ്വർഗത്തിൻറെ കഷ്ണവുമൊക്കെ എന്നെ മാടി വിളിക്കുന്ന പോലെ. ഞാൻ എൻറെ മനസ്സ് ഒരു ഹജ്ജിനായി സജ്ജീകരിക്കുകയായിരുന്നു.

രാത്രിയിൽ ഉറക്കത്തിൽ ഒരു സ്വപ്നം കണ്ടാണ് ഞാനുണർന്നത്. ഇക്കഴിഞ്ഞ കാലങ്ങൾക്കിടയിലൊരിക്കൽ പോലും ഞാൻ തുളസിയെ സ്വപ്നം കണ്ടിരുന്നില്ല. പക്ഷെ ഇന്ന് ഞാൻ അവളെ കണ്ടിരിക്കുന്നു. ആ പഴയ ഇടവഴിയിൽ, കോരിച്ചൊരിയുന്ന മഴയത്ത് അവൾ ഒറ്റയ്ക്ക് നിൽക്കുന്നു. എന്നെയും കാത്തു നിൽക്കാമെന്ന് പറഞ്ഞ ആ മാവിൻ ചുവട്ടിൽ. അവളുടെ കണ്ണുകളിൽ ദുഃഖം തളം കെട്ടി നിൽക്കുന്നു. വിതുമ്പിക്കൊണ്ടവൾ എന്നോട് ചോദിക്കുന്നു. "എത്ര കാലമായി ഞാനിവിടെ ഇങ്ങിനെ ഒറ്റയ്ക്ക് നിൽക്കുന്നു. വരുമെന്ന് എന്നോട് പറഞ്ഞത് കളവായിരുന്നു അല്ലെ?" 

ഞെട്ടിയെഴുനേറ്റ ഞാൻ കിടക്കയിൽ കൈകുത്തിയിരുന്നു. വീൽചെയർ ചാർജ് ചെയ്യാൻ വേണ്ടി മാറ്റി വച്ചിരിക്കുകയാണ്. ഇനി ആരെങ്കിലും വന്നാലേ എനിക്കീ കിടക്കയിൽ നിന്നും ഇറങ്ങാനാവൂ. അല്ലെങ്കിൽ പിന്നെ ഇഴയണം. ഞാൻ തുറന്നു കിടക്കുന്ന ജാലകത്തിലൂടെ വെളിയിലേക്ക് നോക്കി. ഇരുട്ട് കട്ട കുത്തിയ ആ രാത്രിയിൽ, ഈ ഭൂമിയിലിനി ആകെ അവശേഷിക്കുന്ന ഒരാളെ പോലെ, ഞാൻ ആ ഇരുട്ടിലേക്ക് പകച്ച് നോക്കി. 

എൻറെ ഉള്ളിൽ ഒരു മഹാസാഗരം ഇരമ്പിയാർത്തു. അറിയാതെ കണ്ണുകളിൽ നിന്നും രണ്ടു ചാലുകൾ ഒഴുകിയിറങ്ങി. ഇന്നോളം എൻറെ ദുർവിധിയെ ഞാനിത്രയും വെറുത്തിട്ടില്ല. പടച്ചവനെ എനിക്ക് നീ രണ്ട് ചിറക് തരുമോ? ഈ തടവറയിൽ നിന്നും എനിക്കിഷ്ടമുള്ളിടങ്ങളിലേക്ക് പറക്കാൻ; ജീവനില്ലാത്ത എൻറെ ഈ കാലുകൾക്ക് പകരം. 

പടച്ചൻ ഒരു മാന്ത്രികനല്ല. അത് കൊണ്ട് തന്നെ എനിക്ക് മാന്ത്രിക ചിറകുകൾ മുളച്ചതുമില്ല. മനുഷ്യനായി ജനിച്ച എനിക്ക് ദൂരങ്ങൾ താണ്ടണമെങ്കിൽ കാലുകൾ തന്നെ വേണം. അവയ്ക്ക് ജീവനില്ലാത്തതു കൊണ്ട് ഞാൻ ഇഴഞ്ഞിഴഞ്ഞ് കട്ടിലിൽ നിന്നും ഇറങ്ങി. വീൽചെയറിലേക്ക് ആയാസപ്പെട്ട് കയറി. മേശയുടെ അരികിലെത്തി. വലിപ്പ് തുറന്ന്, ആ പാദസരം കയ്യിലെടുത്തു. ആദ്യമായി കാണുന്നത് പോലെ ഞാനതിലേക്ക് സൂക്ഷിച്ചു നോക്കി. ഓർമകൾ മനസ്സിൽ പതം പറഞ്ഞ് കരയുന്നു. 

ഹജ്ജിന് പോകുന്നതിൻറെ മുൻപ് മനുഷ്യരുമായുള്ള എല്ലാ ഇടപാടുകളും തീർക്കണം. ദ്രോഹിച്ചവരോട് മാപ് ചോദിച്ച് പൊരുത്തം വാങ്ങണം. കടവും സൂക്ഷിപ്പ് മുതലും തിരിച്ചു നൽകണം. യാതൊരു കടപ്പാടുമില്ലാതെ, ബാധ്യതയുമില്ലാതെ വേണം, അല്ലാഹുവിൻറെ വിളിക്കുത്തരം നൽകാൻ. അങ്ങിനെയെങ്കിൽ ഈ മുതൽ ഞാൻ തിരിച്ചേല്പിക്കണം. തുളസിയുടെ കയ്യിലേക്ക്. ഏറ്റവും ചുരുങ്ങിയത് കുട്ടേട്ടൻറെ കയ്യിലേക്കെങ്കിലും. ഇനി ആരെയും ഞാൻ കാത്തു നിൽക്കുന്നില്ല. ആരുടേയും സമ്മതമോ സഹായമോ തേടുന്നില്ല. നാളെ ഞാൻ പോവുകയാണ്. നൗഫൽ എന്നെ കൊണ്ട് പോയില്ലെങ്കിലും ഞാൻ പോകും. ഇഴഞ്ഞ് പോകേണ്ടി വന്നാൽ അങ്ങിനെയും. ഇനിയും ഈ ഭാരം എനിക്ക് സഹിക്കാൻ വയ്യ. ഇനിയും ഈ കനൽ ചൂടിൽ എനിക്ക് വേവാൻ വയ്യ.

എൻറെ മുൻപിൽ മുഖം കുനിച്ച് നിൽക്കുന്ന നൗഫലിനോട് ഞാൻ കടുത്ത സ്വരത്തിൽ പറഞ്ഞു. "ഇന്ന് നീ എന്നെ അവിടെ കൊണ്ട് പോയില്ലെങ്കിൽ ഇനി ഒരിക്കലും നിനക്കെന്നെ ഇങ്ങോട്ടും കൊണ്ടു പോകേണ്ടി വരില്ല. ഈ മുറി വിട്ട് എങ്ങോട്ടും ഞാൻ വരില്ല. നിനക്ക് തീരുമാനിക്കാം എന്നെ ജീവനോടെ ഈ മുറിയിൽ കുഴിച്ചു മൂടണോ, അതല്ല, ഒരേ ഒരു വട്ടം എന്നെ അങ്ങോട്ട് കൊണ്ട് പോവണോ എന്ന്." ഒരല്പ നേരത്തെ ആലോചനയ്ക്ക് ശേഷം അവൻ പറഞ്ഞു. "പോകാം. നമുക്ക് പോകാം...."

ഞങ്ങൾ പുറപ്പെട്ടു. വീട്ടിലാർക്കുമറിയില്ല എങ്ങോട്ടാണ് പോകുന്നതെന്ന്. നിലമ്പൂർ റോഡിലൂടെ പോയാൽ അങ്ങേയറ്റം നെല്ലിപ്പറമ്പ് വരെ പോകും, അപ്പുറത്തേക്ക് പോയിട്ട് ഇരുപത്തഞ്ച് വർഷമായി. ബാല്യം പിന്നിട്ട വഴികളിലൂടെ പോകുമ്പോൾ അത്ഭുതമോ, കൗതുകമൊ, മറ്റെന്തൊക്കെയോ ആയിരുന്നു എൻറെ ഉള്ളിൽ. മുഖച്ഛായ മാറിയ വഴികളും വഴിയരികുകളും. തൊട്ടു മുമ്പിലത്തെ അങ്ങാടിയെത്തിയപ്പോൾ മേനിയാകെ ഒരു കുളിർ പടർന്ന് പിടിക്കുന്നത് ഞാൻ അറിഞ്ഞു.  

എത്ര പ്രാവശ്യം ഞാൻ നടന്ന വഴിയാണിത്. ഇന്നിപ്പോൾ അതിൻറെ മുഖമാകെ മാറിയിരിക്കുന്നു. ചില അടയാളങ്ങൾ മാത്രമേ എനിക്ക് തിരിച്ചറിയാനായുള്ളൂ. തിരുമണിക്കര അമ്പലത്തിലേക്ക് പോകുന്ന പഴയ ചെമ്മൺ റോഡ് ഇന്ന് ടാർ ചെയ്തിരിക്കുന്നു. ഞങ്ങൾ മുന്നോട്ട് പോയി. അങ്ങാടി എത്തുന്നതിൻറെ മുൻപാണ് ചാരായഷാപ്പ് ഉണ്ടായിരുന്നത്. അതൊന്നും ഇപ്പോഴില്ല. പകരം ഒരു പുതിയ വീട് കാണാം. നേരെ എതിർ വശത്ത് ആ പഴയ ഇടവഴിയില്ല. ഒരു ചെറിയ റോഡാണ്.  പെട്ടെന്ന് ഒരു ഉൾവിളി ഉണ്ടായ പോലെ ഞാൻ നൗഫലിനോട് വാഹനം അതിലേക്ക് തിരിക്കാൻ പറഞ്ഞു. അവൻ ഒന്ന് മടിച്ചെങ്കിലും, വാഹനം അങ്ങോട്ട് തന്നെ എടുത്തു.

ഞാൻ നന്നായി ശ്വാസം ഒന്ന് ഉള്ളിലേക്ക് വലിച്ചെടുത്തു. കാറ്റിന് ആ പഴയ തണുപ്പില്ല. ചെറു കയറ്റം കയറി ഞങ്ങൾ തമ്പാപ്രക്കുന്നിൻറെ ചെരുവിലെത്തി. അവാച്യമായ  ഒരനുഭൂതിയാൽ എൻറെ ഓരോ രോമകൂപങ്ങളും  എഴുനേറ്റു. കാടും പടലും പിടിച്ചു കിടക്കുന്ന തഞ്ചാവൂരമ്മായിയുടെ വളപ്പിൻറെ അങ്ങേയറ്റത്ത് ഒരു ഇരുനില വീട് കാണാം. മക്കളാരെങ്കിലും ആവും. ഇപ്പുറത്ത് താരുണ്യമൊക്കെ നശിച്ച തമ്പാപ്രക്കുന്ന്. കശുവണ്ടിത്തോട്ടമൊന്നും ഇപ്പോഴില്ല. നിറയെ തെങ്ങുകളാണ്. 

എൻറെ ബാല്യമെത്ര ഓടിക്കളിച്ചിരിക്കുന്നു ഈ മണ്ണിൽ. ഈ വഴിയിലൂടെ കമ്മ്യൂണിസ്റ്റ് അപ്പയോടും കുറുന്തോട്ടിയോടും പൂച്ചെടികളോടും വർത്തമാനം പറഞ്ഞ് നടന്നിരിക്കുന്നു. എത്ര പൂമ്പാറ്റകളുടെയും തുമ്പികളുടെയും പിന്നാലെ നടന്നിരിക്കുന്നു. ഈ വഴി എത്ര സ്വപ്‌നങ്ങൾ കണ്ട് നടന്നു. ഈ വഴി ഞാനും തുളസിയും എന്തെല്ലാമോ സംസാരിച്ച് നടന്നിരുന്നു. ഇതേ ഇടവഴിയിലൂടെയാണല്ലോ മരിച്ചോ ഇല്ലയോ എന്നുറപ്പില്ലാതെ ഞാൻ അവളെയും കൊണ്ട് ഓടിപ്പിടഞ്ഞു പോയത്. ഓർമ്മകൾ മനം കുളിർത്ത മാമയിൽ പോലെ പീലി വിടർത്തുന്നു.

ആ പഴയ വീടൊന്നും ഇപ്പോൾ അവിടെ ഇല്ല. അതൊക്കെ ഇടിച്ച് പൊളിച്ച് പുതിയൊരു വീട് പണിതിരിക്കുന്നു. ആ മുറ്റത്ത് ഒരു പവിഴമുല്ല ഉണ്ടായിരുന്നു. ഇപ്പോഴവിടെ ഉണ്ടോ ആവൊ? ആ കുളമുണ്ടോ ആവൊ? എനിക്കാ തൊടിയിലൂടെ ഒക്കെ ഒന്നോടിക്കളിക്കാൻ വല്ലാത്ത ആഗ്രഹം. പക്ഷെ എനിക്കതിന് ഇനിയൊരിക്കലും സാധിക്കില്ലല്ലോ.

എൻറെ കണ്ണുകൾ ആ മാവ് തിരയുകയായിരുന്നു. ഇല്ല. അതവിടെ ഇല്ല. വഴി വീതി കൂട്ടിയപ്പോൾ മുറിച്ച് മാറ്റപ്പെട്ട അനേകം മരങ്ങൾക്കിടയിൽ അതവർക്ക് വെറും ഒരു മരം മാത്രമായിരുന്നല്ലോ? ശൂന്യമായ വഴിയിലൂടെ മുന്നോട്ട് പോയി ഞങ്ങൾ തുളസി പാമ്പ് കടിയേറ്റ് വീണു കിടന്ന ഭാഗത്തെത്തിയപ്പോൾ ഞാൻ വണ്ടി നിർത്താൻ പറഞ്ഞു. എനിക്കാകെ ശ്വാസം മുട്ടുന്നത് പോലെ. ഇവിടെ വച്ചാണല്ലോ ഒരു കാലസർപ്പം എൻറെ ജീവിതവും കൊത്തിയെടുത്ത് പോയത്. പച്ചച്ച് നിന്നിരുന്ന ഒരു ശാദ്വല തീരത്ത് നിന്നും മരുഭൂമിയിലേക്ക് വന്ന പോലെയാണിപ്പോൾ മനസ്സ്.  ഞാൻ നൗഫലിനോട് പറഞ്ഞു. "ചില അജ്ഞതകൾക്ക് അതിസുന്ദരമായ മനോഹാരിതയുണ്ട്." അവനൊന്നും മനസ്സിലായിരിക്കില്ല. പകച്ച ഒരു നോട്ടം കൊണ്ട് അവനെന്നോട് അങ്ങിനെ പറയുന്നു. ഞാൻ തുടർന്നു. "പോകാം. കുറച്ചപ്പുറത്താണ് അവരുടെ വീട്. നമുക്ക് അങ്ങോട്ട് പോകാം. "

ആ വീടിനൊരു മാറ്റവും വന്നിട്ടില്ല. ഗേറ്റ് പുതിയതാണ്. വാഹനം കടന്നു ചെല്ലുന്ന രീതിയിൽ വീട്ടിലേക്കുള്ള വഴി സൗകര്യപ്പെടുത്തിയിട്ടുണ്ട്. ഞങ്ങളുടെ വാഹനം പതുക്കെ കടന്ന് ചെല്ലുമ്പോൾ, മുറ്റത്ത് ഉണക്കാനിട്ട കൊപ്രയുടെ അടുത്ത് നിൽക്കുന്ന ആളെ ഞാൻ ഒരു രോമഹർഷത്തോടെ തിരിച്ചറിഞ്ഞു. അത് കുട്ടേട്ടനായിരുന്നു. വഴി തെറ്റി വന്ന ജരാനരകളുടെ പല്ലും നഖവുമേറ്റ്, അകാല വർദ്ധക്ക്യം ബാധിച്ച അദ്ദേഹം പകച്ചു കൊണ്ട് ഞങ്ങളുടെ വാഹനത്തിൻറെ നേരെ തുറിച്ച് നോക്കുന്നുണ്ടായിരുന്നു.

തുടരും 

3 comments:

  1. This comment has been removed by the author.

    ReplyDelete
  2. ഉത്കണ്ഠയുടെ ഉത്തുംഗശൃംഗങ്ങളിലേയ്ക്ക്......
    ആശംസകൾ

    ReplyDelete
  3. ഓർമ്മകൾ ...മനം കുളിർത്ത
    മാമയിൽ പോലെ പീലി വിടർത്തി ആടുകയാണിവിടെ ...!

    ReplyDelete