Wednesday, December 5, 2018

പോരാട്ടവും! ചതിയും!


ഞാനാ ഹൃദയത്തിൽ നിക്ഷേപിച്ച,
പ്രണയത്തിൻറെ സാന്ദ്രചുംബനങ്ങൾ,
നീയെനിക്ക് തിരിച്ചു തരിക!  ഈ,
രാജകിങ്കരന്മാരെന്നെ തൂക്കുന്ന മുന്നേ!
നിൻറെ കറുത്ത ഹൃദയത്തിലവ
മോചനം തേടിക്കരയുകയാണിപ്പോൾ!
നിൻറെ വിഷചുംബനങ്ങളാൽ
ഞാനുറങ്ങിയപ്പോഴല്ലേ; തിന്മയുടെ
രാജകിങ്കരന്മാർക്കെന്നെ, ഈ വിധം
തളയ്ക്കുവാനായുള്ളൂ? ചതിയാണിത്!

രണാങ്കണങ്ങളിലൂടെ കബന്ധങ്ങൾ
ചാടിക്കടന്നെത്തിയിട്ടും, ഇന്നിവിടെ
പാടേ തോറ്റുപോയവനല്ലൊ ഞാൻ!
ആയുധങ്ങൾക്കറുക്കുവാനാവാത്ത
വീര്യത്തെ, വീഴ്ത്തി നീ, കേവലം വിഷ-
ലിപ്തനയന ബാണങ്ങളാലെത്ര നിസാരമായ്!
ഇന്നെൻറെ പ്രാണൻറെ വിളക്കൂതുവാനീ,
സൃഗാലകൂട്ടത്തിൻ കൂടെ കൂവുന്നു നീ!
ആർക്കുക.. ആർത്തട്ടഹസിക്കുക!
നിനക്കിനിയതിനു മാത്രമേയാവൂ!

ഹിമക്കുളിരിൽ, നിന്നുടലിൻറെ ചൂടും,
മധുരസമൂറുമാ രാഗസുധാലയലാസ്യവും;
ഹാ... കഷ്ടമേ.. ഞാനുറങ്ങിപ്പോയല്ലോ!
എന്തേ; എന്നകക്കണ്ണുകളടഞ്ഞതെന്തേ?
നിൻറെ കുടിലതന്ത്രങ്ങളെൻ മനസ്സി-
ന്നുള്ളറകൾ കുത്തിത്തുറക്കവേ;
ഞാനറിഞ്ഞില്ല, മണിയറയ്ക്കപ്പുറം,
കാതോർക്കുന്ന രാജകിങ്കരന്മാരുള്ളത്!
പാവനപ്രണയത്തിൻ പാൽപാത്രത്തിൽ,
എന്തിനീ ചതിയുടെ കാരസ്കരമരച്ചു നീ?

എന്റെ കണ്ണുകൾ തുരന്നെടുക്കുന്ന മുന്നേ,
നീയതിലേക്കൊന്ന് നോക്കണമായിരുന്നു!
എങ്കിൽ, പ്രണയത്തിൻറെ കോടമഞ്ഞ്
മൂടിയ, മൃദലമാമെൻ മനസ്സിലൊരേക
പുഷ്പമായ്, നീ നിന്നെ കാണുമായിരുന്നു!
എനിക്കറിയാം! നിന്നുഗ്ര ചതികളിൽ
നിന്നുമെൻ അകക്കണ്ണിനെ മറച്ചതാ
പ്രണയത്തിൻറെ കോടമഞ്ഞാണെന്ന്!
അതാണ്, നിന്നെത്തലോടിയോരെൻ
കരങ്ങളെ നിസാരമായ് ബന്ധിച്ചത്!

അറിയുക നീ,യീ രാജചാട്ടതന്നൊലികൾക്ക്
ഘനഗർജ്ജനത്തെക്കാളുഗ്രതയൊന്നുമില്ല!
ഓർക്കണം നീ,യതിന്ന് തിന്നുതീർക്കുമെൻ
ചർമതാപത്തിൽ നീയുറങ്ങിയ നാളുകൾ!
ഈ കൈവിലങ്ങെൻറെയടയാളമായ് മാറും;
നേരിൻറെ പാതയിലെ പോരാട്ടത്തിൻറെ
ഒരിക്കലും മരിക്കാത്ത ചുവന്ന അടയാളം!
അറുത്തുമാറ്റിയ ചൂണ്ടു വിരലുകൾക്കും
പിടിച്ചുകെട്ടിയ കൈകാലുകൾക്കും
മണ്ണിൽ ബാക്കിയാവുന്നയടയാളമായിടും!

ഈ ഘോരഘോഷങ്ങളിലൊളിക്കുക,
നീയിനി ലഹരി നുരയ്ക്കുന്ന
മുന്തിരിച്ചഷകത്തിൽ മുങ്ങിത്താഴുക!
ഉടയാടകൾ പറിച്ചെറിഞ്ഞുന്മാദനിർത്തം
ചവിട്ടുന്നവരോടൊത്താടിയടരുക!
ഭോഗിച്ചു ഭോഗിച്ച് മതിവരാത്തവർ,
ചവച്ച് തുപ്പും, വെറും ചണ്ടിയായ് മാറുക!
നേരിൻറെ നാമ്പുകളൊട്ടും മുളയ്ക്കാത്ത
നെഞ്ചുമായ് സുഖം തേടിയലയുക!
നീയലഞ്ഞലഞ്ഞൊടുങ്ങിത്തീരുക!

നാളെയീ നേരിൻറെ വീഥിയിലായിരം,
രക്തപുഷ്പങ്ങളായുയർത്തെഴുനേറ്റിടും.
ഞാനെൻറെ ശബ്ദമായിരം കണ്ഠങ്ങളിൽ
മൃഗരാജഗർജനം പോൽ ചേർത്ത് വെക്കും!
അന്നീ ചങ്ങലക്കണ്ണികളറ്റു  വീണിടും.
അധമരുടെ കോട്ടകൾ പിളർന്നേ പോയിടും.
അമ്പുകളേറ്റു മുറിയാത്തൊരായിരം,
അൻപുറ്റ നെഞ്ചുകളടാരിടി വന്നിടും!
അവിടെയെന്നടയാളക്കൂറ കാണുന്ന നീ,
അന്നൊളിക്കുവാൻ മാളം തിരഞ്ഞോടിടും!

ഇന്നു ഞാനീ മണ്ണിലലിഞ്ഞു ചേർന്നാലും,
ആളുന്ന പന്തമായെരിഞ്ഞു തീർന്നാലും,
അംഗങ്ങളോരോന്നുമറുത്തെടുത്താലും,
തീരില്ല ഞാനിവിടെ വെറുതെയിങ്ങനെ!
നേര് തേടിത്തിരഞ്ഞെത്തും പോരാളികൾ,
ഉഗ്രവീര്യത്താൽ പൊരുതിമരിക്കാനുറച്ചവർ!
അവിടെയാണെൻറെ ജീവൻറെയടയാളങ്ങൾ!
ഒരു നാളും താഴാത്ത നേരിൻറെ കൊടികൾ!
നാളത്തെ പുലരിയിലെൻറെ സൂര്യനുദിക്കും,
ഇരുളിൻറെ വേതാളങ്ങൾ കരിഞ്ഞ് പോയിടും! 

*** ശുഭം ***
*** ഭാര്യയാൽ വഞ്ചിക്കപ്പെട്ട ഒരു വിശുദ്ധ പോരാളിയെ ഓർക്കുന്നു.
*** നിങ്ങളുടെ അഭിപ്രായങ്ങൾ എന്താവട്ടെ.. തുറന്ന് പറയുക.

സസ്നേഹം
അബൂതി

19 comments:

  1. ഈ ഘോരഘോഷങ്ങളിലൊളിക്കുക,
    നീയിനി ലഹരി നുരയ്ക്കുന്ന
    മുന്തിരിച്ചഷകത്തിൽ മുങ്ങിത്താഴുക!

    ReplyDelete
  2. ഇന്നു ഞാനീ മണ്ണിലലിഞ്ഞു ചേർന്നാലും,
    ആളുന്ന പന്തമായെരിഞ്ഞു തീർന്നാലും,
    അംഗങ്ങളോരോന്നുമറുത്തെടുത്താലും,
    തീരില്ല ഞാനിവിടെ വെറുതെയിങ്ങനെ!
    nice lines keep going Dear

    ReplyDelete
    Replies
    1. നന്ദി താങ്കളുടെ വിലയേറിയ സമയത്തിനും വായനയ്ക്കും..

      Delete
  3. കാമുകി ആണെന്നാ ആദ്യ വായനയിൽ മനസ്സിൽ ഉടക്കിയത്.
    വഞ്ചനയുടെ ചരിത്രങ്ങൾ എന്നും രാജ വീഥികളിൽ പ്രകമ്പനം
    കൊണ്ടിട്ടുണ്ട്..തീക്ഷ്ണ ഭാവങ്ങൾ മനസ്സിൽ കൊണ്ടു.അപ്പോൾ
    എഴുത്തു ഗംഭീരം ആയി എന്നു ഉറപ്പിക്കാം.അഭിനന്ദനങ്ങൾ
    അബൂതി.....

    ReplyDelete
    Replies
    1. നന്ദി താങ്കളുടെ വിലയേറിയ സമയത്തിനും വായനയ്ക്കും..

      Delete
  4. പോരാട്ടവീരൃം ചോരാതെ കവിത നന്നായി.

    ReplyDelete
    Replies
    1. നന്ദി താങ്കളുടെ വിലയേറിയ സമയത്തിനും വായനയ്ക്കും..

      Delete
  5. ഇതൊരു 14-16 വരിയാക്കി കുറുക്കി എഴുതാമോ?

    ReplyDelete
    Replies
    1. ഒരുപാട് ഭാഗങ്ങൾ വെട്ടിക്കളഞ്ഞാൽ ചിലപ്പോൾ സാധ്യമായേക്കും..
      നന്ദി താങ്കളുടെ വിലയേറിയ സമയത്തിനും വായനയ്ക്കും..

      Delete
  6. ഒരിക്കലും തീരാത്ത വഞ്ചനാചരിതങ്ങൾ ...!

    ReplyDelete
    Replies
    1. നന്ദി
      വരവിനും വായനയ്ക്കും

      Delete
  7. Replies
    1. അതെ
      സാംസന്റെ കഥയാണ്...
      നന്ദി
      വരവിനും വായനയ്ക്കും

      Delete
  8. നാളെയീ നേരിൻറെ വീഥിയിലായിരം,
    രക്തപുഷ്പങ്ങളായുയർത്തെഴുനേറ്റിടും.
    ഞാനെൻറെ ശബ്ദമായിരം കണ്ഠങ്ങളിൽ
    മൃഗരാജഗർജനം പോൽ ചേർത്ത് വെക്കും!
    അന്നീ ചങ്ങലക്കണ്ണികളറ്റു വീണിടും.
    അധമരുടെ കോട്ടകൾ പിളർന്നേ പോയിടും.
    അമ്പുകളേറ്റു മുറിയാത്തൊരായിരം,
    അൻപുറ്റ നെഞ്ചുകളടാരിടി വന്നിടും!
    അവിടെയെന്നടയാളക്കൂറ കാണുന്ന നീ,
    അന്നൊളിക്കുവാൻ മാളം തിരഞ്ഞോടിടും!

    അതെ... ആ വിധി തടുക്കാനാവില്ല തന്നെ...

    ReplyDelete
    Replies
    1. നന്ദി വിനുവേട്ടാ
      വരവിനും വായനയ്ക്കും

      Delete
  9. ദുര്‍മ്മേദസ് ഉരുക്കി കളഞ്ഞാല്‍ സുന്ദരന്‍ കവിതയാകും

    ReplyDelete
    Replies
    1. നന്ദി
      വരവിനും വായനയ്ക്കും

      Delete
  10. allenkilum cash ullavar chathiyude vakthakkal aanallo.....

    ReplyDelete
    Replies
    1. നന്ദി
      വരവിനും വായനയ്ക്കും

      Delete