Sunday, January 27, 2019

ഓർമകളിൽ ഒരു തുളസിക്കതിർ പോലെ!

അദ്ധ്യായം: സംഗമം 




ദൂരങ്ങൾ താണ്ടി ഞങ്ങളുടെ വാഹനം മുന്നോട്ട് പോവുകയാണ്. എൻറെ ഹൃദയം തുടിച്ച് തുള്ളുന്നു. എനിക്കറിയില്ല, എൻറെ മനസ്സിലെന്താണെന്ന്.  ഞാൻ പോകുന്നത് തുളസിയുടെ വീട്ടിലേക്കാണ്. കുട്ടേട്ടൻ ഉണ്ട് വഴികാട്ടിയായി. ഞാനെൻറെ പോക്കറ്റിൽ തപ്പി നോക്കി. ഉണ്ട്. ആ ഒറ്റക്കൊലുസ് അവിടെ തന്നെ ഉണ്ട്. ഇരുപത്തഞ്ചോളം വർഷമായി അതെൻറെ കയ്യിലുണ്ട്. ഞാനത്ഭുതപ്പെടാറുണ്ട്. മരണതുല്ല്യമായ ഒരു അപകടത്തിൽ പെട്ടിട്ടും അതെൻറെ കയ്യിൽ നിന്നും നഷ്ടപ്പെടാതിരുന്നത് എങ്ങിനെയാണെന്ന്. 

സമയം ഇപ്പോൾ വൈകുന്നേരമേ ആവുന്നുള്ളൂ. എന്നെ ഈ അവസ്ഥയിൽ കണ്ടാൽ എന്തായിരിക്കും തുളസിയുടെ പ്രതികരണം? സുനിൽ എന്നെ എങ്ങിനെയാണ് സ്വീകരിക്കുക. ഞങ്ങളെ തിരിച്ചറിയാൻ അദ്ദേഹത്തിനാവില്ലെ? ഞാൻ വീണ്ടും അവളുടെ ജീവിതത്തിലേക്ക് ഒരു ദുരന്തത്തിൻറെ കാരണമാവാനാണോ ഈ യാത്ര എന്ന് ഒരു വേള ഭയപ്പെട്ടു. വേണ്ടെന്ന് വച്ചാലോ എന്ന് തോന്നി. പക്ഷെ മനസ്സ് സമ്മതിക്കുന്നില്ല. ഇനി വയ്യ. ഒന്ന് കാണാതെ, അവളുടെ നാവു കൊണ്ട് അവൾക്ക് സുഖമെന്നെന്ന് ഒന്ന് കേൾക്കാതെ ഇനി വയ്യ. 

ഒരു നഗരത്തിൻറെ പ്രാന്തപ്രദേശത്ത് കൂടിയുള്ള തിരക്കേറെയില്ലാത്ത റോഡ്. അതിൽ നിന്നും കുട്ടേട്ടൻ ചൂണ്ടിക്കാണിച്ച മറ്റൊരു ചെറു റോഡിലേക്ക്. പിന്നെയും മുന്നോട്ട്. രണ്ടു മൂന്ന് കിലോമീറ്റർ കൂടി പോയി. എനിക്ക് മൂത്രമൊഴിക്കാൻ മുട്ടിയിട്ട് വയ്യ. ഞാൻ നൗഫലിനോട് വഴിയിലൊരു മസ്ജിദ് കണ്ടാൽ നിർത്താൻ പറഞ്ഞു. വീടിനു വെളിയിലറങ്ങിയാൽ എനിക്കെല്ലാറ്റിനും ബുദ്ധിമുട്ടാണ്. ഒരായിരം പരിമിതികളാണ് വീടിൻറെ പുറത്ത് ഞാൻ അനുഭവിക്കാറുള്ളത്. വീടാണെങ്കിൽ എൻറെ സൗകര്യം മാത്രം നോക്കി ഉണ്ടാക്കിയതാണല്ലോ? 

അടുത്തൊരു നിസ്‌ക്കാരപ്പള്ളി കണ്ടപ്പോൾ നൗഫൽ അവിടെ നിർത്തി. അപ്പോൾ പിന്നെ അസർ നിസ്കാരവും അവിടന്നായി. ബാങ്ക് വിളിച്ചിട്ട് കുറച്ച് നേരമായിരുന്നു.  ചിലരൊക്കെ വല്ല്യ സഹതാപത്തോടെ നോക്കുന്നത് കണ്ടു. അത് കാണുമ്പോൾ എനിക്കെന്തോ പോലെയാണ്. 

പിന്നെയും യാത്ര തുടർന്നു. ഒരു അരമണിക്കൂർ നേരം കൂടി സഞ്ചരിച്ച് കാണും. കുട്ടേട്ടൻ ചൂണ്ടിക്കാണിച്ചു തന്ന ഒരു ടെറസ് വീടിൻറെ ഗേറ്റിൻറെ മുൻപിൽ ഞങ്ങളുടെ വണ്ടി നിന്നു. അദ്ദേഹം ഇറങ്ങിച്ചെന്ന് ഗേറ്റ് തുറന്ന്, ഞങ്ങളെ അകത്തേക്ക് വിളിച്ചു. മുറ്റത്തേക്ക് വണ്ടിയെത്തിയായപ്പോഴേക്കും ഒരു പതിനഞ്ച് വയസ്സ് തോന്നിക്കുന്ന പെൺകുട്ടി വീടിൻറെ ഉള്ളിൽ നിന്നും ഓടിവന്നു. ചിരിച്ചു കൊണ്ട് അവൾ കുട്ടേട്ടനോടെന്തോ ചോദിക്കുന്നു. ഞാൻ നോക്കിക്കാണുകയായിരുന്നു. തുളസിയുടെ അന്നത്തെ അതെ കോലം. എന്തൊരു സാമ്യം. ആ ചിരി പോലും അങ്ങിനെ ഉണ്ട്. 

എന്നേക്കാൾ പൊടിക്ക് പ്രായക്കൂടുതൽ തോന്നുന്ന ഒരാൾ ഇറങ്ങി വന്നു. എനിക്ക് എൻറെ എവിടെയൊക്കെയോ വിറയ്ക്കുന്ന പോലെ തോന്നി. സുനിലാണ് അത് എന്ന് തോന്നുന്നു. കുട്ടേട്ടനോട് സംസാരിച്ച അയാൾ പുഞ്ചിരിച്ച് കൊണ്ടാണ് വണ്ടിയിലേക്ക് നോക്കിയത്. അത് കണ്ടപ്പോൾ മനസ്സൊന്ന് തണുത്തു. അയാൾ പുഞ്ചിരിച്ച് കൊണ്ട് തന്നെ വണ്ടിയുടെ അടുത്തേക്ക് വന്നു. ഞാൻ വാഹനത്തിൻറെ ഡോർ തുറന്നു. നേരെ വന്ന് വാനിൻറെ ഉള്ളിലേക്ക് തലയിട്ട്, വലങ്കൈ കൊണ്ട് എൻറെ കയ്യിൽ പിടിച്ചു. പിന്നെ നിറഞ്ഞ പുഞ്ചിരിയോടെ ചോദിച്ചു. 

"വരാനെന്താ ഇത്രേം നേരം വൈകിയത്? എത്ര കൊല്ലമായി ഞങ്ങൾ നിങ്ങളെ കാത്തിരിക്കുന്നുണ്ടെന്ന് നിങ്ങൾക്കറിയുമോ? എനിക്കവളെ അങ്ങോട്ട് കൊണ്ട് വരാൻ പറ്റില്ലായിരുന്നു. അന്വേഷിച്ച് കണ്ടെത്തിയാൽ തന്നെ അവളെ അതെങ്ങനെയാണ് എഫക്റ്റ് ചെയ്യുക എന്ന് എനിക്കൊരു തിട്ടമില്ലായിരുന്നു. മാമൻ വിലക്കുകയും ചെയ്തിരുന്നു. എന്നാലും നിങ്ങൾക്ക് അവളുടെ വീടൊക്കെ അറിയാമായിരുന്നില്ലെ?"

സിരകൾ തണുത്തു പോയി. അറിയാതെ ഒഴുകിയ കണ്ണുനീരിൽ എൻറെ കവിൾ നനഞ്ഞു. വിറച്ച് കൊണ്ട് ഞാൻ പറഞ്ഞു. 

"ഞാനൊരു തടവിലല്ലേ? ഒന്ന് പുറത്തേക്കിറങ്ങണമെങ്കിൽ, എനിക്കാരുടെയെങ്കിലും സഹായം വേണ്ടെ? എന്നാലും, സാരമില്ല..... എനിക്ക് പേടിയുണ്ടായിരുന്നു. അവളുടെ അച്ഛൻ, പ്രകാശൻറെ പുലഭ്യം കേട്ട് തെറ്റ്ധരിച്ച പോലെ, നിങ്ങൾ എന്നെ തെറ്റ്ധരിക്കുമോ എന്ന്. നന്ദിയുണ്ട്. എന്നെ ഞാനായി തന്നെ നിങ്ങൾ മനസ്സിലാക്കിയതിന്." 

എനിക്കെന്തൊക്കെയോ പിന്നെയും പറയണം എന്നുണ്ടായിരുന്നു. അപ്പോഴേക്കും ഞാൻ അവളെ കണ്ടു. തുളസിയെ. വീട്ടിൽ നിന്നും ഒരു സാരിയൊക്കെ ഉടുത്തു വന്ന അവളെ കണ്ടപ്പോൾ ഞാൻ ശരിക്കും അമ്പരന്നു. ജീവതം അതിൻറെ ഉലയിൽ അവളെ നന്നായി ചുട്ടെടുത്തിട്ടുണ്ട് എന്ന് തോന്നുന്നു. ആളാകെ മാറിയിരിക്കുന്നു. എങ്കിലും ആ പഴയ തുളസിയുടെ ചില അടയാളങ്ങൾ ഇപ്പോഴും അവളിൽ അവശേഷിക്കുന്നുണ്ട്. പറഞ്ഞറിയിക്കാനാവാത്ത വികാരത്തിൻറെ ഒരാന്ദോളനത്തിൽ എൻറെ ഹൃദയം വിറ പൂണ്ടു.  വാഹനത്തിൽ നിന്നും പുറത്തേക്ക് ഇറങ്ങി വന്ന എന്നെ പകച്ച കണ്ണുകളോടെ ഒരല്പ നേരം തുളസി  നോക്കി നിന്നു. എൻറെ കണ്ണുകളിലേക്ക് അവൾ സൂക്ഷിച്ചു നോക്കി. നോക്കി നിൽക്കെ ആ കണ്ണുകൾ നിറഞ്ഞു വന്നു. ഒരേങ്ങലോടെ അവളോടി വന്ന് എൻറെ മടിത്തട്ടിലേക്ക് മുഖം പൂഴ്ത്തി. പിന്നോട്ടുരുണ്ട വീൽച്ചെയറിനെ പിടിച്ചു നിർത്തിയത് സുനിലാണ്. അവളുടെ ശബ്ദം വല്ലാതെ ഉയർന്നു. ഞാനും വല്ലാത്ത ഒരു വികാരത്തള്ളിച്ചയിലാണ്. എൻറെ കണ്ണുകൾ മാത്രമല്ല, നോക്കുമ്പോൾ മറ്റുള്ളവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഒരു മങ്ങിയ കാഴ്ച്ചയായി എനിക്ക്.

എത്ര നേരം അങ്ങിനെ കഴിഞ്ഞു എന്നെനിക്കറിയില്ല. ഞങ്ങൾക്കിടയിൽ നിമിഷങ്ങൾ കൊഴിഞ്ഞു പോകുന്നത് ആരുമറിഞ്ഞില്ല. അവളുടെ മിഴിനീരിനാൽ എൻറെ മടിത്തട്ട് മുഴുവൻ നനഞ്ഞെങ്കിലും എനിക്കതിൻറെ ഉഷ്ണം അനുഭവിക്കാനായില്ല. എനിക്കതിനാവില്ലല്ലോ? എൻറെ തളർന്നു പോയ കാലുകളെ നോക്കി പിന്നെയും പിന്നെയും അവൾ സങ്കടപ്പെട്ടു. ഒരായിരം വിശേഷങ്ങൾ ചോദിയ്ക്കാൻ എനിക്കും അവൾക്കുമുണ്ടായിരുന്നു. പക്ഷെ ഞങ്ങൾക്കിടയിൽ ചോദ്യങ്ങൾ നാണിച്ചു നിൽക്കുകയാണ്. ഒരു വേള അവൾ മോളെ എൻറെ മുന്നിലേക്ക് നിർത്തിക്കൊണ്ട് ചോദിച്ചു. 

"ഇവളുടെ പേരെന്താണെന്നറിയാമോ?" ഞാനൊന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. അറിയില്ലെന്ന് തലയാട്ടാൻ മറന്നു പോയി. ഞാനാ മോളുടെ ഓമന മുഖത്തേക്ക് നോക്കിയപ്പോൾ പുഞ്ചിരിച്ചു കൊണ്ട് അവളെന്നോട് പറഞ്ഞു. അനാമിക! ഹൊ.. ഹൃദയത്തിൽ ഒരായിരം ഗുൽമോഹർ ഒരുമിച്ച് പൂത്തു വിടർന്നു. രോമഹർഷങ്ങളുടെ വേലിയേറ്റത്തിൽ ശരീരം കുളിരു കോരി.

ഞാനെൻറെ കൈകൾ നീട്ടി ആ ഓമനക്കവിളിലൊന്നു തൊട്ടപ്പോൾ ആ മിഴികളിൽ നീരിളക്കം കണ്ടു.  പെട്ടെന്ന് അവൾ അവളുടെ കൈകൾ എൻറെ മുഖത്തേക്ക് നീട്ടി. എന്നിട്ട് ചോദിച്ചു. 

"അങ്കിളിന് ഈ മൈലാഞ്ചി ഏതാണെന്നറിയാമോ?" 

ഞാനത്ഭുതപ്പെട്ടു. എൻറെ ഉത്തരത്തിനൊന്നും അവൾ കാത്തു നിന്നില്ല. 

"അന്ന് അങ്കിൾ ഒടിച്ചു കൊടുത്ത മൈലാഞ്ചിക്കൊമ്പില്ലേ, അത് തമ്പാപ്രയിൽ ഇപ്പൊ വല്ല്യ മരമായിട്ടുണ്ട്. അതിൻറെ ഒരു കൊമ്പ് ഞാൻ കൊണ്ടുവന്ന് ഇവിടെ നട്ടതാ." ഓർമകൾ പീലിവിടർത്തുന്നു. ആദ്യമായി ഞാൻ തുളസിയെ കണ്ടപ്പോൾ അവൾക്ക് കൊടുത്തതാണ് ആ കൊമ്പ്. ഇരുപത്തഞ്ച് വർഷങ്ങൾക്ക് മുൻപ്. ഞാൻ പുഞ്ചിരിച്ചു കൊണ്ട് തുളസിയെ നോക്കി. ആ കണ്ണുകൾ എന്നോട് ചോദിക്കുന്നുണ്ടായിരുന്നു. കണ്ടില്ലേ; നിന്നെ ഞാൻ ഒരിക്കലും, ഒരു നിമിഷം പോലും മറന്നിട്ടില്ലെന്ന് നീയിപ്പോൾ കണ്ടില്ലേ?

ഞാൻ പോക്കറ്റിൽ നിന്നും ആ ഒറ്റക്കൊലുസെടുത്ത് മോൾക്ക് നേരെ നീട്ടി. 

"മോളിത് സൂക്ഷിക്കണം. നോക്കൂ, ഇത് വെറുമൊരു പാദസരമല്ല. നിൻറെ അമ്മയുടെ ജീവൻ കൂടിയാണ്. അന്ന് എൻറെ കയ്യിലിത് കിട്ടിയില്ലായിരുന്നെങ്കിൽ ആ ഇടവഴിയിൽ തീർന്നേനെ നിൻറെ അമ്മ. നിൻറെ അച്ഛൻ ചെയ്ത പുണ്യമാണ് ഇതെൻറെ കയ്യിലേക്കെത്തിച്ചത്.  നീയിത് സൂക്ഷിക്കുക. തലമുറകളിലേക്ക് പകരുന്ന ഓർമ്മകൾ പോലെ."

അവൾ വിറയ്ക്കുന്ന കൈകളോടെ അത് വാങ്ങുമ്പോൾ നിറഞ്ഞ കണ്ണുകൾ തുടയ്ക്കുകയായിരുന്നു കുട്ടേട്ടനും സുനിലും. അത് വാങ്ങിച്ച അനാമിക പെട്ടെന്ന് കുനിഞ്ഞ് എന്റെ കാൽ തൊട്ടു വന്ദിച്ചപ്പോൾ, അറിയാതെ ആ മൂർദ്ധാവിൽ കൈവച്ച് ഞാൻ മന്ത്രിച്ചു. എല്ലാ നന്മകളും നിനക്കുണ്ടാവട്ടെ... എല്ലാ നന്മകളും... പടച്ച തമ്പുരാൻ എന്നും നിനക്ക് കൂട്ടായിരിക്കട്ടെ...

മടങ്ങാൻ നേരമായിരിക്കുന്നു. പരിമിതികൾ തിരിച്ചു വിളിക്കുകയാണ്. നെഞ്ചിലെ അഗ്നികുണ്ഡം കെട്ടടങ്ങിയിട്ടുണ്ട്. മനസ്സ് ശാന്തമാണ്. ഹജ്ജിനു പോകുന്ന വിവരമൊക്കെ ഞാനവരോട് പറഞ്ഞു. യാത്ര ചോദിക്കുമ്പോൾ തുളസിയുടെ കൺകോണിലെ തിളക്കം ഞാൻ കണ്ടില്ലെന്ന് നടിച്ചു. ഇനിയിപ്പോൾ എപ്പോ വേണമെങ്കിലും അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ വന്നു കാണാമല്ലോ. വിവരങ്ങളിറയാമല്ലോ. ഇത്രയും നാൾ ഈ തീക്കനൽ കെടരുത് എന്നത് വിധിയുടെ നിശ്ചയമായിരിക്കാം. ഞാനങ്ങനെ ആശ്വസിക്കുന്നു. ആരെയും കുറ്റപ്പെടുത്താനോ, പരിഭവം പറയാനോ ഞാൻ നിൽക്കുന്നില്ല. ഇക്കണ്ടകാലമത്രയും ഈ കൂടിക്കാഴച്ച വൈകിപ്പിച്ച ഞങ്ങളുടെ ബന്ധുമിത്രാദികളോട് എനിക്ക് പരിഭവമൊന്നും തോന്നുന്നില്ല. വീണു പോയ രണ്ടു പേരെ കൂടുതൽ വേദനിപ്പിക്കണ്ട എന്ന് കരുതിയവർ, ഉള്ളിലെ സ്നേഹം കാരണമല്ലാതെ മറ്റൊന്നും കൊണ്ടല്ലല്ലോ, ഞങ്ങളെ പരസ്പരം അറിയിക്കാതിരുന്നത്? അവരോട് ക്ഷമിക്കാം. അങ്ങിനെ ക്ഷമിക്കാൻ കഴിയുമ്പോൾ മാത്രമേ, ഇപ്പഴത്തെ ഈ പുഞ്ചിരിക്ക് തിളക്കം കിട്ടൂ. 

വാഹനത്തിൻറെ അരികിൽ നിന്നും സുനിൽ മോളെയും കുട്ടേട്ടനെയും കൊണ്ട് മെല്ലെ മാറി നിന്നപ്പോൾ, നൗഫലും മെല്ലെ അവരുടെ കൂടെ പോയി. എനിക്ക് ഉള്ളിൽ ചിരിയാണ് വന്നത്. ഞങ്ങൾക്കെന്തോ സ്വകാര്യം പറയാനുണ്ടെന്നാണോ അവർ ധരിച്ചു വച്ചിരിക്കുന്നത്. ഇല്ലേ? ഉണ്ട്. ഒരു സ്വകാര്യം എനിക്ക് തുളസിയോട് ചോദിക്കാനുണ്ട്. ആ പുസ്തകത്തിൽ എനിക്കായി എന്താണ് അവൾ എഴുതി വച്ചിരുന്നത് എന്ന് അവളോട് ചോദിക്കണം എന്നുണ്ട്. പക്ഷെ, ചോദിക്കുന്നില്ല. അങ്ങിനെ ഇപ്പോൾ ചോദിച്ചറിയേണ്ട ഒന്നല്ല അത് എന്നെൻറെ മനസ്സ് പറയുന്നു. ചില അജ്ഞതകൾക്ക് അതിയായ സൗന്ദര്യമുണ്ട്. 

ഗേറ്റ് കടന്ന് റോഡുലേക്ക് വാഹനമിറങ്ങുമ്പോൾ ഞാനൊന്ന് തിരിഞ്ഞു നോക്കി. ശിലാപ്രതിമകൾ പോലെ ഞങ്ങളുടെ വാഹനവും നോക്കി കൈ ഉയർത്തി നിൽക്കുന്നു അവർ മൂന്നു പേരും. ആ സുഖകരമായ നിമിഷങ്ങളെ അലോസരപ്പെടുത്തിക്കൊണ്ട് മൊബൈൽ ബെല്ലടിച്ചു. ഉമ്മയാണ്. എങ്ങോട്ടാണ് പോയതെന്നറിയില്ലല്ലോ. സമയം ഇത്രയധികം ആവുകയും ചെയ്തു. "ദാ തിരിച്ചു വരികയാണ്" എന്ന് പറഞ്ഞു കൊണ്ട് ഫോൺ വെക്കുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷമുണ്ടായിരുന്നു. 

കുട്ടേട്ടനെ തമ്പാപ്രയിലേക്ക് വിട്ടു. തിരിച്ചു വീട്ടിലെത്തിയപ്പോൾ എന്നെയും കാത്ത് നിൽക്കുന്നുണ്ടായിരുന്നു, മൂത്ത മച്ചുനിച്ചി. പണ്ട് എന്നെ കെട്ടണം എന്ന് പറഞ്ഞു നടന്നവളാണ്. വീണുപോയപ്പോഴും എൻറെ കൂടെ ജീവിക്കാൻ തയ്യാറായവൾ ആണ് അവൾ. ആ വലിയ മനസ്സിൻറെയും സ്നേഹത്തിൻറെയും മുൻപിൽ എന്നും കൈകൂപ്പി നിൽക്കാനല്ലാതെ, എനിക്ക് അവളെ സ്വീകരിക്കാൻ പറ്റുമായിരുന്നില്ലല്ലോ. അവളുടെ വിവാഹമൊക്കെ കഴിഞ്ഞു, ഇപ്പോൾ കുട്ടികൾ മൂന്നായി. എന്നാലും ചിലപ്പോഴൊക്കെ വരും. വരുന്നത് എന്നോട് തല്ലു കൂടാനാണ്. അവളെ ശുണ്ഠി പിടിപ്പിക്കുക എന്നതിനേക്കാൾ രസകരമായ ഒരു കാര്യം ദുനിയാവിലില്ല. 

വേനലിൽ വിടരുന്ന ചില പൂക്കളുണ്ട്. അത് പോലെ ദുഃഖത്തിലും മനസ്സിനെ ചിരിപ്പിക്കുന്ന ചിലരുണ്ട് നമ്മുടെ ചുറ്റും, നമ്മുടെ പ്രിയപ്പെട്ടവരായി. ജീവിതത്തിൻറെ നീരൊഴുക്ക് തളം കെട്ടി നിൽക്കുമ്പോൾ, അവരാണ് മുന്നോട്ടേക്കുള്ള ആക്കം തരുന്നത്. ദുഃഖങ്ങളും നിരാശകളും, എത്ര കെട്ടി നിർത്തിയാലും ജീവിതം മുന്നോട്ട് തന്നെ പോകും. ആ ഒഴുക്കിനെ അനുകൂലമാക്കി നമ്മൾ അതിലൂടെ സഞ്ചരിക്കുക. ചിരിച്ചു കൊണ്ട്. ചിരിപ്പിച്ച് കൊണ്ട്.  കരയുമ്പോഴൊക്കെ നീരാഴങ്ങളിലേക്ക് മുങ്ങാം കുഴിയിട്ട്, മറ്റുള്ളവരിൽ നിന്നും കണ്ണുനീരൊളിപ്പിച്ച്.... 

* ശുഭം  *

13 comments:

  1. നന്മയുടെ സുഗന്ധം......
    ആശംസകൾ

    ReplyDelete
  2. ജീവിതം മുന്നോട്ട് തന്നെ പോകട്ടെ... ആശംസകൾ!

    ReplyDelete
  3. അപകടത്തോടെ ഒറ്റപ്പെട്ടുപോയ ഒരു ജീവിതത്തിൽ ജീവിതത്തിൽ നിന്നും അടർത്തിയെടുത്ത ഒരസുലഭ സന്ദർഭം ഹൃദയാർജ്ജമവമായിത്തന്നെ പകർത്തിയിരുന്നു. ഒപ്പം ബ്ലോഗിനെ മറക്കാത്ത എഴുത്ത് മനസ്സിന് അഭിനന്ദനങ്ങളും...

    ReplyDelete
    Replies
    1. ഒരുപാടു നാള് ശേഷം താങ്കളുടെ കമന്റ് കാണുമ്പോൾ വളരെയധികം സന്തോഷം തോന്നുന്നു
      നന്ദി നമസ്കാരം

      Delete
  4. നന്നായി എഴുതി,, വായനക്കാരനെ ഒപ്പം നടത്തിക്കുന്ന കഥയൊഴുക്ക്,, ഇഷ്ടപ്പെട്ടു,,

    ReplyDelete
  5. കുറെ കാലത്തിനു ശേഷമാണ് അബൂതിയെ വായിക്കുന്നത് ,, നല്ല കഥ വായിച്ച സന്തോഷത്തോടെ മടങ്ങുന്നു ,,

    ReplyDelete
  6. തിരക്ക് കാരണം വായന അല്പം അമാന്തിച്ചു .
    എല്ലാം ഒന്നിച്ചു വായിച്ചു ..ബാക്കി വിശദം ആയി
    പങ്കു വെക്കാം ....നല്ല കഥ ..അഭിനന്ദനങ്ങൾ അബൂതി..

    ReplyDelete
  7. വേനലിൽ വിടരുന്ന ചില പൂക്കളുണ്ട്. അത് പോലെ ദുഃഖത്തിലും മനസ്സിനെ ചിരിപ്പിക്കുന്ന ചിലരുണ്ട് നമ്മുടെ ചുറ്റും, നമ്മുടെ പ്രിയപ്പെട്ടവരായി. ജീവിതത്തിൻറെ നീരൊഴുക്ക് തളം കെട്ടി നിൽക്കുമ്പോൾ, അവരാണ് മുന്നോട്ടേക്കുള്ള ആക്കം തരുന്നത്. ദുഃഖങ്ങളും നിരാശകളും, എത്ര കെട്ടി നിർത്തിയാലും ജീവിതം മുന്നോട്ട് തന്നെ പോകും. ആ ഒഴുക്കിനെ അനുകൂലമാക്കി നമ്മൾ അതിലൂടെ സഞ്ചരിക്കുക. ചിരിച്ചു കൊണ്ട്. ചിരിപ്പിച്ച് കൊണ്ട്. കരയുമ്പോഴൊക്കെ നീരാഴങ്ങളിലേക്ക് മുങ്ങാം കുഴിയിട്ട്, മറ്റുള്ളവരിൽ നിന്നും കണ്ണുനീരൊളിപ്പിച്ച്....

    ReplyDelete
  8. വേനലിൽ വിടരുന്ന ചില പൂക്കളുണ്ട്. അത് പോലെ ദുഃഖത്തിലും മനസ്സിനെ ചിരിപ്പിക്കുന്ന ചിലരുണ്ട് നമ്മുടെ ചുറ്റും, നമ്മുടെ പ്രിയപ്പെട്ടവരായി
    “Touched”, nicely narrated
    All the very best and keep going !

    ReplyDelete