Tuesday, January 1, 2019

പകരാത്ത പ്രണയം.




ഗിരിശീർഷകത്തിലെ ചെമ്മലർ തേനുണ്ണുവാൻ, 
പ്രിയേ; മണ്ണിലെ സ്വർഗ്ഗത്തിലേക്കെന്നെയും കൂട്ടുക!
നമുക്കവിടെയാ സുതാര്യജലാശയക്കരയിലെ,
തോപ്പിലൊരുമിച്ച്  ആർദ്രമാം വസന്തം പുതച്ചിടാം!

അതിൽ, പുലരിപ്പൂവിൻറെ കനകകിരണങ്ങൾ
മന്ദമന്ദം ചുംബിച്ചുണർത്തുന്ന താമരപ്പൂക്കളുണ്ട്!
ഇക്കിളിയായി മാറുന്നയാമ്പൽപൂവിതളുകളെ
തഴുകിയുണർത്തുന്ന അലയൊലിയുടെ പാട്ടും!

വാനകന്യകേ; നീ കേൾക്കുവാൻ മാത്രമായെൻ
ഹൃദയത്തിലൊരിളം തെന്നൽ മുരളികയൂതവേ;
വശ്യമാമെൻ ഭാവനാ ചകോരങ്ങലുല്ലസിക്കുന്ന,
ദേവദാരുവിൻ ശിഖരത്തിലൂയലിടാം നമുക്ക്!

ഇന്നോളമിതൾ വിടർത്താത്തൊരേകദളപ്പൂ പോലെ 
മുഗ്ദ്ധകാമുകീ; നിൻറെ സമ്മതം വിടരാൻ വെമ്പവേ;
നിൻറെ മനോജ്ഞമധുരഹാസമാകുമാ സമ്മതം,
നിൻ ചൊടിയിൽ നിന്നും നുകരുവാനാണെനിക്കിഷ്ടം!

പ്രിയേ; ഇന്നോളമാർക്കും കൊടുക്കാത്തൊരാ
സമ്മതത്തിൻറെ മൃദുചുംബനം നീയെനിക്കേകുക!
നീയോടിവന്നെന്നെ പുൽകുന്ന തണുത്ത കാറ്റാവുക!
ആടകളില്ലാത്തൊരു രതിശില്പ ലാസ്യഭാവമാവുക!

പകരം, ഈ പൂർണചന്ദ്രിക ചിന്തുന്ന ചന്ദനക്കളഭം,
ആ മാറിലെയിക്കിളിയിലേക്കരുമയായ്  ചാലിച്ചിടാം!
നാഗം മാണിക്ക്യമെന്ന പോൽ ഞാൻ കാത്തൊരെൻ
പ്രണയം നിനക്ക് മാത്രമേകിടാം; ഞാനെന്നാത്മപ്രിയേ!

* ശുഭം  * 

2 comments: